Pages

Monday, November 9, 2015

രാജിയല്ലാതെ മാണിക്ക് മറ്റ് പോംവഴിയില്ല:

രാജിയല്ലാതെ മാണിക്ക് മറ്റ് പോംവഴിയില്ല:

അഴിമതി ആരോപണത്തിന് വിധേയനായ ഒരു മന്ത്രി രാജി വെക്കണമെന്ന് ഹൈക്കോടതി വ്യക്തമായ സൂചന നല്‍കുന്നത് ആദ്യമായിട്ടാണ്. ഇത്തരം പരാമര്‍ശങ്ങള്‍ കോടതികള്‍ സാധാരണ നടത്താറില്ലെങ്കിലും തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ 'പ്രഥമദൃഷ്ട്യാ തെളിവ്' ഹൈക്കോടതിക്ക് കണക്കിലെടുക്കേണ്ടി വന്നു.ആര്‍ ബാലകൃഷ്ണപിള്ള മന്ത്രിയായിരുന്നപ്പോള്‍ പഞ്ചാബ് മോഡല്‍ പ്രസംഗവും കെ.പി.വിശ്വനാഥന്‍ മന്ത്രിയായിരുന്നപ്പോള്‍ ഉണ്ടായ ചന്ദനക്കടത്ത് കേസിലും മന്ത്രി രാജിവെക്കണമെന്ന് പരോക്ഷമായിട്ടു മാത്രമേ ഹൈക്കോടതി പറഞ്ഞിരുന്നുള്ളൂ. 
       പഞ്ചാബ് മോഡല്‍ പ്രസംഗം വിഘടനവാദത്തെ അനുകൂലിക്കുന്നതിനാല്‍ ഭരണഘടനയുടെ പ്രതിജ്ഞാലംഘനമായി കരുതാമെന്നതിനാല്‍ മന്ത്രിയുടെ രാജി ഉചിതമാണെന്നുള്ള പരാമര്‍ശമായിരുന്നു അന്ന് ഹൈക്കോടതി നടത്തിയത് (1986). കെ.പി.വിശ്വനാഥന്റെ കേസിലും (1996) മന്ത്രിക്കെതിരെ പ്രത്യക്ഷമായ പരാമര്‍ശങ്ങള്‍ ഇല്ലായിരുന്നു. എന്നാല്‍ രണ്ട് കേസുകളിലും മന്ത്രിമാര്‍ രാജിവെച്ചു.ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം.മാണിയുടെ സത്യസന്ധത ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു എന്ന വ്യക്തമായ പരാമര്‍ശം ഹൈക്കോടതി നടത്തിക്കഴിഞ്ഞു. സത്യസന്ധതയെ മുന്‍നിര്‍ത്തിയുള്ള ആദ്യത്തെ രാജിപരാമര്‍ശമാണ് ഹൈക്കോടതി അതിന്റെ ചരിത്രത്തില്‍ നടത്തിയിട്ടുള്ളത്-മന്ത്രി രാജിവെക്കുന്നത് അഭികാമ്യമാണെന്നുള്ള പരാമര്‍ശം തന്നെയാണത്. അതിനാല്‍ മന്ത്രിയുടെ രാജിയല്ലാതെ പോംവഴിയില്ല.
     മാണിക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലവിലുണ്ട് എന്ന ഉറച്ച നിഗമനത്തിലാണ് തുടരന്വേഷണം ഉത്തരവിട്ടുകൊണ്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി വിധി പുറപ്പെടുവിച്ചിട്ടുള്ളത്. അങ്ങനെയൊരു നിഗമനം വിജിലന്‍സ് കോടതി കൈക്കൊണ്ടിട്ടുള്ളത് ഹൈക്കോടതി വിലയിരുത്തിയാണ് തുടരന്വേഷണം ശരിവെച്ചത്.
മാണി കോഴവാങ്ങി എന്നുള്ളതിന് പ്രത്യക്ഷവും സാഹചര്യതെളിവും ഉണ്ടെന്നുള്ള പരാമര്‍ശം തിരുവനന്തപുരം വിജിലന്‍സ് കോടതി നടത്തിയിരുന്നു. ആ പരാമര്‍ശം ഹൈക്കോടതി തള്ളിയിട്ടില്ല. അതിനാല്‍ ഒരു നിമിഷംപോലും മന്ത്രി അധികാരത്തില്‍ തുടരാന്‍ പാടില്ല. കോഴവാങ്ങി എന്നുള്ളതിന് പ്രത്യക്ഷതെളിവ് ആവശ്യമില്ലെന്നും വിജിലന്‍സിന് കോടതി പറഞ്ഞിരുന്നു.

                              Prof. John Kurakar


No comments: