Pages

Wednesday, October 28, 2015

കേരള ഹൗസില്‍ പ്രശ്നമുണ്ടാക്കിയ സംഘടനയ്ക്കെതിരെ നടപടിയെടുക്കണം

കേരള ഹൗസില്പ്രശ്നമുണ്ടാക്കിയ സംഘടനയ്ക്കെതിരെ നടപടിയെടുക്കണം:
സിപിഐ എം

പശുവിറച്ചി വിളമ്പിയെന്ന് ആരോപിച്ച് ഡല്‍ഹി കേരള ഹൗസില്‍ കുഴപ്പമുണ്ടാക്കിയ ഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ക്കു എതിരായി കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. ഈ സംഭവത്തില്‍ ഡല്‍ഹി പൊലീസിന്റെ നടപടി ഇന്ത്യന്‍ ഭരണഘടന വ്യവസ്ഥ ചെയ്യുന്ന ഫെഡറല്‍ ഘടനയുടെ നഗ്നമായ ലംഘനമാണ്. സംസ്ഥാന സര്‍ക്കാരുകളുടെ, ദേശീയ തലസ്ഥാനത്തുള്ള വസ്തുവകയ്ക്കുനേരെയുള്ള കടന്നുകയറ്റവുമാണ് പൊലീസ് നടപടിയെന്ന് പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.കാന്റീനില്‍ പശുവിറച്ചി വിളമ്പിയോ എന്ന് പരിശോധിക്കാനെന്ന പേരില്‍ കേരള ഹൗസില്‍ ഡല്‍ഹി പൊലീസ് നടത്തിയ റെയ്ഡിനെ പിബി ശക്തിയായി അപലപിച്ചു. ഡല്‍ഹിയില്‍ പോത്തിറച്ചി വില്‍പന നിയമപരമാണെന്ന് എല്ലാവര്‍ക്കുമറിയാം; ഈ ഇറച്ചി പാചകം ചെയ്യുന്നതും നിയമവിരുദ്ധമല്ല.
അതുകൊണ്ട് തന്നെ ഡല്‍ഹി പൊലീസിന്റെ റെയ്ഡ് നിയമവിരുദ്ധമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഡല്‍ഹി പൊലീസ്. ബീഫ് ഉപയോഗത്തിനെതിരായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍, നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ രക്ഷാകര്‍തൃത്വത്തില്‍ ആര്‍എസ്എസ് കെട്ടഴിച്ചുവിട്ടിരിക്കുന്ന പ്രചാരണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സംഭവം. രാഷ്ട്രീയ, തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി രാജ്യത്ത് ഉടനീളം വര്‍ഗീയ ധ്രുവീകരണം ശക്തമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിത്.

കേരള സര്‍ക്കാര്‍ ഡല്‍ഹി പൊലീസിന്റെ നിയമവിരുദ്ധ സമ്മര്‍ദ്ദത്തിനു വഴങ്ങുന്നതും കേരള ഹൗസ് കാന്റീന്‍ ഭക്ഷണവിഭവങ്ങളില്‍നിന്ന് പോത്തിറച്ചി ഒഴിവാക്കുന്നതുമാണ് തുടക്കത്തില്‍ കണ്ടത്. ഇത് തികച്ചും അപലപനീയമാണ്.ഡല്‍ഹി പൊലീസിന്റെ നടപടി ഒരിക്കലും അംഗീകരിക്കാനാവില്ല. സംഭവത്തെക്കുറിച്ച് ഡല്‍ഹി സര്‍ക്കാര്‍ ഉചിതമായ അന്വേഷണം നടത്തുകയും ഉത്തരവാദികള്‍ക്ക് എതിരായി കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് പിബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Prof. John Kurakar

No comments: