Pages

Thursday, October 1, 2015

ഗുരു പറഞ്ഞതും നടേശന്‍ ചെയ്യുന്നതും.

ഗുരു പറഞ്ഞതും നടേശന്ചെയ്യുന്നതും.

വി.എസ്‌. അച്യുതാനന്ദന്
mangalam malayalam online newspaper                 ആലപ്പുഴ ജില്ലയിലെ കണിച്ചുകുളങ്ങരയില്‍ സി.പി.എം. സംഘടിപ്പിച്ച വര്‍ഗീയവിരുദ്ധ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ നടത്തിയ ഉദ്‌ഘാടനപ്രസംഗത്തിന്റെ പൂര്‍ണരൂപം
െഹെന്ദവവര്‍ഗീയത അടിസ്‌ഥാനപ്രമാണമാക്കിയ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഭരണം രാജ്യത്തു നിലവില്‍ വരികയും സാമൂഹികജീവിതത്തിന്റെ എല്ലാ മേഖലകളിലും അവര്‍ ജാതി- മത വിഭാഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുകയും ആണ്‌. ഈ വര്‍ഗീയ െവെതാളികന്മാരുമായി കൂട്ടുകൂടി ഭരണത്തിന്റെ ആനുകൂല്യങ്ങള്‍ നുണയാനുള്ള നീക്കത്തിലാണ്‌ ചില സാമുദായിക സംഘടനാ നേതാക്കള്‍. അക്കൂട്ടത്തില്‍ നവോത്ഥാന നായകനായ ശ്രീനാരായണ ഗുരു സ്‌ഥാപിച്ച എസ്‌.എന്‍.ഡി.പി. യോഗ നേതൃത്വവും ഉള്‍പ്പെടുന്നുവെന്നത്‌ അങ്ങേയറ്റം ആശങ്കയുയര്‍ത്തുകയാണ്‌. യോഗത്തന്റെ വരേണ്യവര്‍ഗ നേതൃത്വം തങ്ങളുടെ സ്വാര്‍ഥതാല്‍പ്പര്യത്തിനായി എസ്‌.എന്‍.ഡി.പിയെ സംഘപരിവാറിന്റെ സഖ്യകക്ഷിയാക്കാനുള്ള ശ്രമത്തിലാണ്‌. അതുകൊണ്ട്‌ ശ്രീനാരായണ ദര്‍ശനങ്ങള്‍ സംബന്ധിച്ച്‌ അര്‍ഥപൂര്‍ണമായ സംവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്‌.
                           നിരവധി മതങ്ങള്‍, ഓരോ മതത്തിലും വിവിധ ജാതികള്‍, ഓരോ ജാതികളിലും നിരവധി ഉപജാതികള്‍ ഒക്കെ ചേര്‍ന്നതാണ്‌ ഇന്ത്യന്‍ സമൂഹം. ഭാഷ, വേഷം, ഭക്ഷണം, വിശ്വാസപ്രമാണങ്ങള്‍, ആചാരാനുഷ്‌ഠാനങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ എണ്ണിയാലൊടുങ്ങാത്ത െവെവിധ്യങ്ങളാണ്‌ രാജ്യത്ത്‌ നിലനില്‍ക്കുന്നത്‌. െദെനംദിന ജീവിതത്തിന്റെ എല്ലാതലങ്ങളിലും െവെവിധ്യങ്ങള്‍ വച്ചുപുലര്‍ത്തുന്ന ഒരു ജനതയെ ഒരേ ചരടില്‍ കോര്‍ത്തിണക്കാനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും മതനിരപേക്ഷ സങ്കല്‍പ്പം ഏറ്റവും അനിവാര്യമാണ്‌. ഏതെങ്കിലുമൊരു മതമോ മതവിഭാഗമോ അവഗണിക്കപ്പെടുകയോ ഏതെങ്കിലുമൊന്നിന്‌ ആവശ്യത്തിലേറെ പരിഗണന ലഭിക്കുകയോ ചെയ്‌താല്‍ അത്‌ വ്യത്യസ്‌ത മതവിഭാഗങ്ങള്‍ തമ്മിലുള്ള സ്‌പര്‍ധയ്‌ക്കും ഏറ്റുമുട്ടലിനും കാരണമാവും. സ്വാതന്ത്ര്യപ്രാപ്‌തിയോടുകൂടി രാജ്യം രണ്ടായി വിഭജിക്കപ്പെട്ടതിന്റെ മുറിവുകള്‍ ഉണ്ടായത്‌ ഇത്തരത്തിലുള്ള മതസ്‌പര്‍ധയുടെ ഫലമായിട്ടായിരുന്നു. ഈ അനുഭവങ്ങളുടെ കൂടി വെളിച്ചത്തിലാണ്‌ മതനിരപേക്ഷ സങ്കല്‍പ്പത്തിന്‌ നമ്മുടെ ഭരണഘടനയില്‍ പരമപ്രാധാന്യം ലഭിച്ചത്‌.
Image result for Vellappally Natesan                       ഇത്തരത്തിലുള്ള മതനിരപേക്ഷത ഭരണനടപടികളിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും മാത്രമല്ല, നാനാജാതി-മതസ്‌ഥരുടെ െദെനംദിന ജീവിതത്തിലും പ്രതിഫലിക്കേണ്ടതുണ്ട്‌. മതപരമായ കാര്യസാധ്യത്തിന്‌ രാഷ്‌ട്രീയത്തെയും രാഷ്‌ട്രീയമായ നേട്ടങ്ങള്‍ക്ക്‌ മതത്തെയും കരുവാക്കുന്നത്‌ ഒരുപോലെ എതിര്‍ക്കേണ്ടതാണെന്നാണ്‌ െദെവത്തിനുള്ളത്‌ െദെവത്തിനും സീസറിനുള്ളത്‌ സീസറിനും എന്ന പ്രയോഗത്തിന്റെ അര്‍ഥം. മതത്തിന്റെ പേരില്‍ രാഷ്‌ട്രീയം കളിച്ചാല്‍ അത്‌ ഉണ്ടാക്കുക ഉണങ്ങാത്ത മുറിവുകളും തീരാത്ത വേദനകളുമാണ്‌.
19-ാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലുമാണല്ലോ ശ്രീനാരായണഗുരു തന്റെ ജീവിതവും ചിന്തകളും കൊണ്ട്‌ കേരളത്തെ ഉണര്‍ത്തിയത്‌. ശ്രീനാരായണഗുരു ജീവിച്ച കാലത്തെ കേരളം രൂപത്തിലോ ഭാവത്തിലോ ഇന്നത്തെ കേരളമായിരുന്നില്ല. തിരുവിതാംകൂറും കൊച്ചിയും മലബാറുമായി വിഭജിക്കപ്പെട്ട ഇവിടെ മൂന്നുതരത്തിലുള്ള ജീവിതക്രമങ്ങളും ആചാരാനുഷ്‌ഠാനങ്ങളുമാണ്‌ നിലനിന്നിരുന്നത്‌.
                          ജനാധിപത്യാവകാശങ്ങളൊന്നുമില്ലാതെ, രാജ- ദിവാന്‍ ഭരണത്തിന്റെ കെടുതികളില്‍ വീര്‍പ്പുമുട്ടിക്കഴിഞ്ഞ കര്‍ഷകരും തൊഴിലാളികളും അടക്കമുള്ള സാധാരണക്കാര്‍ ഭരണാധികാരികളുടെയും ജന്മി-ഭൂപ്രഭൂക്കളുടെയുംമുതലാളിമാരുടെയും ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും അടിപ്പെട്ടുകഴിഞ്ഞ കാലമായിരുന്നു അത്‌. ജാതി-മതചിന്തകളും അതുമായി ബന്ധപ്പെട്ട ഉച്ചനീചത്വങ്ങളും കൊടികുത്തിവാണിരുന്ന അക്കാലത്ത്‌ സവര്‍ണനും അവര്‍ണനും തമ്മില്‍ മാത്രമായിരുന്നില്ല ഉച്ചനീചത്വങ്ങള്‍ നിലനിന്നിരുന്നത്‌. ഒരേ ജാതിയില്‍ തന്നെ പെട്ട വിവിധ ഉപജാതികള്‍ക്കിടയിലും തൊട്ടുകൂടായ്‌മയും തീണ്ടിക്കുടായ്‌മയും ഉണ്ടായിരുന്നു. സവര്‍ണരല്ലാത്ത ആളുകള്‍ക്ക്‌ പൊതുവഴിയിലൂടെ നടക്കാന്‍ അവകാശമുണ്ടായിരുന്നില്ല. ഇതിനെതിരായ ജനകീയ പ്രതിഷേധത്തിന്റെ വലിയ രൂപങ്ങളാണല്ലോ െവെക്കം സത്യഗ്രഹവും ഗുരുവായൂര്‍ സത്യഗ്രഹവും. അവര്‍ണ ജാതിയില്‍പ്പെട്ട കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസാവകാശം ഇല്ലായിരുന്നു. സാധാരണക്കാരായ പുരുഷന്മാര്‍ക്ക്‌ മേല്‍മീശവച്ചു നടക്കാനും സ്‌ത്രീകള്‍ക്ക്‌ മാറുമറച്ചു നടക്കാനും കഴിയുമായിരുന്നില്ല. നരനുനരന്‍ അശുദ്ധവസ്‌തു എന്ന്‌ കവി പാടിയത്‌ ഇത്തരം ദുര്‍നീതികള്‍ കണ്ടാണ്‌.
                    ഇത്തരമൊരു ജീര്‍ണിച്ച കാലത്തില്‍നിന്ന്‌ അവര്‍ണ ജനവിഭാഗങ്ങളെ സമുദ്ധരിച്ച്‌ അവരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക്‌ െകെപിടിച്ചുയര്‍ത്താനാണ്‌ ശ്രീനാരായണഗുരു തന്റെ ജീവിതം ഉഴിഞ്ഞുവച്ചത്‌. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അദ്ദേഹം പകര്‍ന്നു നല്‍കിയ ദര്‍ശനങ്ങളും ആപ്‌തവാക്യങ്ങളും പുതിയ മനുഷ്യനെക്കുറിച്ചും പുതിയ ജീവിതത്തെക്കുറിച്ചുമുള്ള സ്വപ്‌നങ്ങളാണ്‌ പങ്കുവച്ചത്‌. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ആപ്‌തവാക്യത്തിലൂടെ, മതങ്ങള്‍ക്കു മുകളില്‍ ഗുരു മനുഷ്യനെ പ്രതിഷ്‌ഠിച്ചു. ജാതിയോ മതമോ ആചാരാനുഷ്‌ഠാനങ്ങളോ അല്ല മനുഷ്യനെ മനുഷ്യനും മഹാനുമാക്കുന്നത്‌ എന്ന ഉറച്ച വിശ്വാസത്തില്‍ ഊന്നിയതാണ്‌ ഗുരുദര്‍ശനം. മനുഷ്യനെ വേര്‍തിരിക്കുന്ന സങ്കുചിതത്വങ്ങള്‍ക്കപ്പുറത്ത്‌ മാനവികതയുടെ വിശാലമായ ലോകമാണ്‌ ഗുരു കാട്ടിത്തന്നത്‌. എസ്‌.എന്‍.ഡി.പി. യോഗരൂപീകരണത്തിലും ഗുരുവിന്റെ ഈ വീക്ഷണമാണ്‌ പ്രതിഫലിച്ചിരുന്നത്‌. അതില്‍നിന്ന്‌ യോഗം വ്യതിചലിച്ചപ്പോഴൊക്കെ ഗുരു താക്കീതും മുന്നറിയിപ്പും നല്‍കി. ഇതൊക്കെ മറച്ചുവച്ച്‌ എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്‌ ശ്രീനാരായണ ഗുരു ഈഴവ ഗുരു ആണെന്നാണ്‌. ചരിത്രപ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്‌ഠ നടത്തിയപ്പോള്‍പ്പോലും ഗുരു പറഞ്ഞത്‌ നാം പ്രതിഷ്‌ഠിച്ചത്‌ നമ്മുടെ ശിവനെയാണെന്നാണ്‌. അല്ലാതെ ഈഴവ ശിവനെയെന്നല്ല.
                          എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന മഹാകവി കുമാരനാശാന്‍ പാടിയത്‌ ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ എന്നാണ്‌. ഇതിനും ഏഴു വര്‍ഷം മുമ്പ്‌ ശ്രീനാരായണ ഗുരു ചരിത്രപ്രസിദ്ധമായ ഒരു വിളംബരം നടത്തിയിട്ടുണ്ട്‌. 1916 ല്‍ ആലുവ അെദെ്വതാശ്രമത്തില്‍ നടത്തിയ ആ വിളംബരത്തിനു നല്‍കിയ തലക്കെട്ട്‌ നമുക്ക്‌ ജാതിയില്ല എന്നായിരുന്നു. ഇതൊക്കെ വല്ലപ്പോഴും വായിക്കുന്നതു കൊണ്ട്‌ അപകടമൊന്നും ഉണ്ടാവില്ലെന്ന്‌ ഞാന്‍ കുറച്ചുദിവസം മുമ്പ്‌ നടേശനെ ഓര്‍മിപ്പിച്ചിരുന്നു. എന്നാല്‍ അതൊന്നും വായിക്കാന്‍ നടേശന്‍ കൂട്ടാക്കിയതായി തോന്നുന്നില്ല. വായിച്ചിരുന്നെങ്കില്‍ ഇപ്പോഴും ശ്രീനാരായണ ദര്‍ശനങ്ങളെപ്പറ്റി അബദ്ധപഞ്ചാംഗം വായിക്കുമായിരുന്നില്ല. രാമസന്തതികളാണോ അതോ ജാരസന്തതികളാണോ ഡല്‍ഹി ഭരിക്കുന്നത്‌എന്ന വൃത്തികെട്ട ചോദ്യംചോദിച്ച്‌, ഒടുവില്‍ മാപ്പിരന്ന്‌ പ്രതിഷേധങ്ങളില്‍നിന്ന്‌ രക്ഷപ്പെട്ട ഒരു കേന്ദ്രമന്ത്രിയുണ്ടല്ലോ-സാധ്വി നിരഞ്‌ജന്‍ ജ്യോതി. അവരെയാണ്‌ അദ്ദേഹം ഇത്തവണ ചതയദിന സന്ദേശം നല്‍കാന്‍ ആനയിച്ചത്‌. അവര്‍ ഇവിടെ വന്നു പറഞ്ഞതെന്താണെന്ന്‌ ഞാന്‍ നിങ്ങളോട്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ.കേരളീയ സാമൂഹിക ജീവിതത്തിലെ ഏതെല്ലാം പ്രവണതകള്‍ക്ക്‌ എതിരേയാണോ ഗുരു തന്റെ ദര്‍ശനങ്ങള്‍ കൊണ്ടും ജീവിതം കൊണ്ടും പോരാടിയത്‌, അത്തരം പ്രവണതകള്‍ക്ക്‌ കരുത്തുപകരാനായി ഗുരുദര്‍ശനത്തെ അടിയറവയ്‌ക്കാന്‍ ശ്രമിക്കുകയാണ്‌. ഇത്‌ ഒരു കാരണവശാലും അനുവദിച്ചുകൂടാ. ജാത്യഭിമാനത്തിന്റെയും ഹിന്ദുത്വ അജന്‍ഡയുടെയും അന്യമതസ്‌പര്‍ധയുടെയും പേരില്‍ അഭിരമിക്കുന്ന സംഘപരിവാര്‍ തത്വസംഹിത, ജാതി-മത ചിന്തകളെ പൊരുതിപ്പരാജയപ്പെടുത്തിയ ഗുരൂവിന്റെ ദര്‍ശനങ്ങളോട്‌ എങ്ങനെയാണ്‌ യോജിക്കുക? ഇന്ത്യന്‍ സാമൂഹികജീവിതത്തിലെ ഇരുളടഞ്ഞ വശമായ ചാതുര്‍വര്‍ണ്യത്തെ ഗുരു ശക്‌തമായി എതിര്‍ത്തു. ജാതിയത ഹൃദയത്തില്‍ സൂക്ഷിക്കുന്ന സംഘപരിവാര്‍ ഹിന്ദുത്വവും ജാതിവ്യവസ്‌ഥയുടെ ജീര്‍ണതകളെ കടപുഴക്കിയെറിഞ്ഞ ഗുരുദര്‍ശനവും തമ്മില്‍ എങ്ങനെ യോജിക്കും? പരസ്‌പരം യോജിക്കാത്തതിനെ യോജിപ്പിക്കാന്‍ നടേശന്‌ എന്തിനാണ്‌ വ്യഗ്രത? സ്വകാര്യ-സ്വാര്‍ഥ താല്‍പ്പര്യം മാത്രമാണ്‌ അതിനു പിന്നില്‍. ഈഴവരുടെ താല്‍പ്പര്യത്തിനായാണ്‌ താന്‍ ഏറെ ക്ലേശങ്ങള്‍ സഹിച്ച്‌ ജനറല്‍ സെക്രട്ടറിയായിരിക്കുന്നതെന്നാണ്‌ നടേശന്‍ പറയുന്നത്‌.
ഇവിടെ ചില ചോദ്യങ്ങള്‍ക്ക്‌ നടേശന്‍ ഉത്തരം നല്‍കേണ്ടതുണ്ട്‌. കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി എസ്‌.എന്‍.ഡി.പി. യോഗത്തിന്റെയും എസ്‌.എന്‍. ട്രസ്‌റ്റിന്റെയും മേധാവിയാണ്‌ നടേശന്‍. എസ്‌.എന്‍. ട്രസ്‌റ്റിനു കീഴില്‍ പതിമൂന്ന്‌ കോളജുകളും എസ്‌.എന്‍.ഡി.പി. യോഗത്തിനു കീഴില്‍ രണ്ട്‌ കോളജുകളുമുണ്ട്‌. നടേശന്‍ നേതൃത്വത്തില്‍ വിരാജിക്കുന്ന ഈ കാലയളവില്‍ ഈ കോളജുകളില്‍ രണ്ടായിരത്തി ഇരുന്നൂറിലധികം അധ്യാപക-അനധ്യാപക നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌. കഴിഞ്ഞ നാലു വര്‍ഷം മാത്രം മുന്നൂറ്റിരണ്ട്‌ നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്‌. 25 ലക്ഷം മുതല്‍ 40 ലക്ഷം രൂപ വരെയാണ്‌ ഓരോ നിയമനത്തിനും വാങ്ങിക്കൊണ്ടിരിക്കുന്നത്‌. അതായത്‌, കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ത്തന്നെ നൂറു കോടി രൂപയെങ്കിലും വാങ്ങിയിട്ടുണ്ട്‌.
                      ഇങ്ങനെ വാങ്ങിയ കോഴയ്‌ക്ക്‌ കണക്കുണ്ടോ? ഇത്‌ യോഗത്തിന്റെയും എസ്‌.എന്‍. ട്രസ്‌റ്റിന്റെയും വരുമാനത്തില്‍ ചേര്‍ത്തിട്ടുണ്ടോ? അതിന്റെ നികുതി നല്‍കിയിട്ടുണ്ടോ? ഇതൊന്നുമില്ലെങ്കില്‍, ഇങ്ങനെ െകെപ്പറ്റിയിട്ടുള്ള കോടികള്‍ എന്തു ചെയ്‌തുവെന്ന്‌ നടേശന്‍ പരസ്യമായി പറയണം. അത്‌ സാധാരണ ശ്രീനാരായണ ഭക്‌തരെങ്കിലും അറിയണമല്ലോ. ഈ പണമെല്ലാം സ്വിസ്‌ ബാങ്കിലും മറ്റും നിക്ഷേപിച്ചിരിക്കുകയാണെന്നുണ്ടോ? അതുകൊണ്ടാണോ, സ്വിസ്‌ ബാങ്കിലെ കള്ളപ്പണം പിടിച്ചെടുക്കുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞപ്പോള്‍ നടേശന്‍ വല്ലാതെ വിരണ്ടു പോയത്‌? അതുകൊണ്ടാണോ മോഡിയെയും അമിത്‌ ഷായെയും കൂട്ടുപിടിക്കാന്‍ നടേശന്‍ പാടുപെടുന്നത്‌?
ഇത്‌ കോളജുകളിലെ നിയമനത്തിന്റെ കാര്യമാണ്‌. ഇതുപോലെ തന്നെയാണ്‌ എസ്‌.എന്‍. ഡി.പി. യോഗത്തിന്റെ കീഴിലുള്ള സ്‌കൂളുകളിലെ നിയമനവും കോഴയും. സ്‌കൂളുകളിലും കോളജുകളിലും മാനേജ്‌മെന്റ്‌ സീറ്റില്‍ നടത്തുന്ന വിദ്യാര്‍ഥി പ്രവേശനത്തിനും കോഴ വാങ്ങുന്നുണ്ട്‌. അത്‌ പതിനായിരങ്ങളുടേതാണെന്നേയുള്ളൂ. ഈഴവര്‍ക്കുവേണ്ടിയാണ്‌ നടേശന്‍ എല്ലാം ചെയ്യുന്നതെന്നാണല്ലോ പറയുന്നത്‌? ഒരു ചോദ്യത്തിന്‌ നടേശന്‍ മറുപടി പറയണം. ഈഴവരിലെ ആര്‍ക്കെങ്കിലും ഒരാള്‍ക്ക്‌ കോഴ വാങ്ങാതെ നിയമനം നല്‍കിയിട്ടുണ്ടോ? നടേശന്റെ ഈ കച്ചവടം അറിയാത്തവരായി ആരാണുള്ളത്‌? എത്ര കാലം നടേശന്‌ ശ്രീനാരായണീയരെ പറ്റിക്കാന്‍ കഴിയും? സ്വന്തം വേലത്തരങ്ങള്‍ക്ക്‌ മറയിടാനാണ്‌ നടേശന്‍ സംഘപരിവാറിനെ കൂട്ടുപിടിക്കുന്നത്‌ എന്ന കാര്യം എല്ലാവര്‍ക്കും ബോധ്യപ്പെട്ടുവരികയാണ്‌. അല്ലാതെ, ശ്രീനാരായണീയര്‍ക്കു വേണ്ടി സംഘപരിവാറിനോട്‌ കൂട്ടുകൂടാന്‍ കഴിയില്ല. കാരണം, ശ്രീനാരായണ ദര്‍ശനം സംഘപരിവാര്‍ അജന്‍ഡയ്‌ക്ക്‌ തീര്‍ത്തും എതിരാണ്‌. അരുതാത്ത കാര്യത്തിനായി നടേശന്‍ ഇനിയും മണ്ടിപ്പാഞ്ഞു നടക്കരുതെന്നാണ്‌ സ്‌നേഹബുദ്ധ്യാ എനിക്ക്‌ ഉപദേശിക്കാനുള്ളത്‌.

                 ഏകലോകം വിഭാവനം ചെയ്‌ത ശ്രീനാരായണഗുരു മുഴുവന്‍ കേരളത്തിന്റെയും ഗുരുവാണ്‌. ഇത്‌ നമ്മുടെ ഏറ്റവും വലിയ അഭിമാനവുമാണ്‌. അതുകൊണ്ടുതന്നെ ഗുരുവിനെ ചില കള്ളികളില്‍ തളച്ചിടാനുള്ള പ്രതിലോമകരമായ പ്രവൃത്തികളെ നാം നേരിടേണ്ടതുണ്ട്‌. വ്യവസ്‌ഥാപിതമായ ഒരു മതത്തിലും താന്‍ വിശ്വസിക്കുന്നില്ലെന്ന്‌ ആവര്‍ത്തിച്ചു പ്രഖ്യാപിച്ച ക്രാന്തദര്‍ശിയാണ്‌ ഗുരു. മനുഷ്യന്‍ എന്ന ജാതി മാത്രമേ മനുഷ്യര്‍ക്കുള്ളു എന്ന്‌ സംശയത്തിനിടം നല്‍കാതെ അദ്ദേഹം രേഖപ്പെടുത്തി. മനുഷ്യാണാം മനുഷ്യത്വം ജാതി എന്നായിരുന്നു ഗുരു പഠിപ്പിച്ചത്‌. മനുഷ്യരുടെ ജാതി മനുഷ്യത്വമാണെന്നാണ്‌ അദ്ദേഹം ഇതിലൂടെപറഞ്ഞുവച്ചത്‌. ഈ നവോത്ഥാന സന്ദേശം ഏറ്റുവാങ്ങി മുന്നേറുകയെന്ന വര്‍ഗീയവിരുദ്ധ സന്ദേശമാണ്‌ വര്‍ത്തമാനകാല കേരളത്തിന്റെ കൊടിയടയാളമാക്കേണ്ടത്‌.

Prof. John Kurakar

No comments: