സുഭാഷ്ചന്ദ്ര ബോസിൻറെ ക്ഷണികജീവിതത്തിലെ ക്ഷണികദാമ്പത്യം
രാജ്യത്തിനുവേണ്ടി പാഞ്ഞുകത്തിയപ്പോള്‍ പ്രണയത്തിന്റെയും വിവാഹത്തിന്റെയും ലോകങ്ങള്‍ക്കുകൊടുക്കാന്‍ നേതാജിക്ക് സമയമില്ലായിരുന്നു. ഒടുവില്‍ ക്ഷണികമായ ഒരു ദാമ്പത്യത്തില്‍ അദ്ദേഹം ഭര്‍ത്താവും അച്ഛനുമായി.സമരങ്ങളില്‍നിന്നും സമരങ്ങളിലേക്കുള്ള യാത്രയില്‍ സ്വന്തം ജീവിതത്തിലെ പല കാര്യങ്ങളും ബോസ് മറന്നുപോയിരുന്നു. വിവാഹം അദ്ദേഹത്തിന്റെ അജന്‍ഡയില്‍ ഇല്ലായിരുന്നു. സംന്ന്യാസത്തോടും ഏകാന്തതയോടുമുള്ള അഭിനിവേശം അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ കലര്‍ന്നിരുന്നു. പക്ഷേ, ഒടുവില്‍ അദ്ദേഹം വിവാഹിതനായി. ഓസ്ട്രിയക്കാരിയായ എമിലി ഷെങ്കല്‍ ആയിരുന്നു ഭാര്യ. അവര്‍ക്ക് ഒരു മകളും പിറന്നു; അനിത.
1934ല്‍ വിയന്നയില്‍വെച്ചാണ് ബോസ് ആദ്യമായി എമിലി ഷെങ്കലിനെ കാണുന്നത്. 'ഇന്ത്യന്‍ സ്ട്രഗിളി'ന്റെ ആമുഖത്തില്‍ അദ്ദേഹം പരാമര്‍ശിക്കുന്ന ഏകവ്യക്തി എമിലിയാണ്. അദ്ദേഹം എഴുതി: 'In conclusion, I have
to express my thanks to Fraulein E. Schenkal who assisted me in writing
this book and to all those friends who have been of help to me in many ways.'
ആ ബന്ധം പതുക്കെ വളര്‍ന്നു. 1934 നവംബര്‍ 30ന് അദ്ദേഹം റോമില്‍ വെച്ച് എമിലിക്ക് എഴുതി: ‘I am always a bad
correspondent, but not a bad man i hope'.....പിന്നീട് അവര്‍ നിരന്തരം എഴുത്തുകള്‍ കൈമാറി. Letters to Emilie Schenkal എന്നപേരില്‍ ഈ കത്തുകള്‍ പുസ്‌കതമായിട്ടുണ്ട്. വിപ്ലവകാരിയായ നേതാജിയുടെ മറ്റൊരു മുഖം ഇതില്‍ കാണാം.
തന്റെ പ്രസിദ്ധമായ അന്തര്‍വാഹിനി യാത്രയ്ക്ക് തൊട്ടുമുമ്പ് 1943 ഫിബ്രവരി 8ന് മൂത്ത സഹോദരന്‍ ശരത്ചന്ദ്ര ബോസിന് എഴുതിയ കത്തില്‍ നേതാജി എഴുതി: 'ഞാന്‍ വീണ്ടും അപകടത്തിന്റെ പാതയിലേക്കിറങ്ങുകയാണ്. പക്ഷേ, ഇത്തവണ വീടിന്റെ ദിശയിലാണ് യാത്ര. ഈ പാതയുടെ അവസാനം കാണുമോ എന്നകാര്യം എനിക്കറിയില്ല. ഞാന്‍ ഇവിടെവെച്ച് വിവാഹം കഴിച്ചു. ഒരു മകളുമുണ്ട്. എനിക്ക് ജീവിതംമുഴുവന്‍ അങ്ങ് നല്‍കിപ്പോന്ന സ്‌നേഹം എന്റെ അഭാവത്തില്‍ അവര്‍ക്ക് നല്‍കുക.' മൂന്നു മാസം മാത്രമായിരുന്നു
മകള്‍ക്ക് അപ്പോള്‍ പ്രായം.അനിത പിന്നീട് ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട മിത്രമായി. പല തവണ ഇവിടെ വന്നു. തന്റെ അച്ഛന്‍ മരിച്ചു എന്നുതന്നെയാണ് ആ മകള്‍ വിശ്വസിക്കുന്നത്.
Prof. John Kurakar

No comments:
Post a Comment