Pages

Sunday, September 13, 2015

കാരുണ്യ ചികിത്സാപദ്ധതി മലയാളിയുടെ നന്മയുടെ പ്രതീകമാണ്

കാരുണ്യ ചികിത്സാപദ്ധതി 
മലയാളിയുടെ നന്മയുടെ പ്രതീകമാണ്

John Kurakar                കേരള  സർക്കാർ പാവപെട്ടവർക്കുവേണ്ടി നൽകുന്ന  ഏറ്റവും നല്ല ഒരു  പദ്ധതിയാണ്  'കാരുണ്യ" ചികിത്സാ സഹായ നിധി.  നാലുവർഷം മുൻപ്  തുടക്കമിട്ട ഈ  പദ്ധതിയിലൂടെ ഇതിനകം  ഒരുലക്ഷത്തി പതിനോരായിരത്തി നൂറ്റിപതിനൊന്നു രോഗികൾക്കു സഹായം നൽകാൻ കഴിഞ്ഞുവെന്നത് ചരിത്രനേട്ടം തന്നെയാണ്. ധനമന്ത്രി കെ.എം.  മാണി അഭിനന്ദനം അർഹിക്കുന്നു .  എണ്ണൂറു കോടി രൂപയാണ്   സഹായമായി  ഇതിനകം  വിതരണം  ചെയ്തത്. മാരകരോഗം  പിടിപെട്ട് ചികിത്സയ്ക്കു വക കാണാതെ വിധിയെ  പഴിച്ചു കഴിയേണ്ടിവരുന്ന സാധാരണക്കാർക്ക്  കാരുണ്യ ഇന്ന്  മൃതസഞ്ജീവനിയാണ്. സർക്കാരിൽ നിന്ന്   നിസാരമായ  ഏതെങ്കിലും ഒരു  സേവനം  ലഭിക്കണമെങ്കിൽ പോലും ഏറെ കടമ്പകൾ  കടക്കേണ്ടിവരും. ഒപ്പം തന്നെ  അഴിക്കുന്തോറും   മുറുകുന്ന ചുവപ്പുനാടകളും  സാധാരണക്കാരുടെ  മുന്നിലെ വെല്ലുവിളിയാണ്. ഈ  വൈതരണികളൊന്നുമില്ലാതെ ചികിത്സ തേടുന്ന  ആശുപത്രികളിൽ കാലതാമസമില്ലാതെ രണ്ടുലക്ഷം  രൂപ വരെയുള്ള  ചികിത്സാ സഹായം നേരിട്ട്  എത്തുമെന്നതാണ്   കാരുണ്യയുടെ  ഏറ്റവും വലിയ സവിശേഷത.. നിശ്ചിത നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് അപേക്ഷ സമർപ്പിക്കണമെന്നുമാത്രം .  നാലുവർഷം കൊണ്ടുതന്നെ  ഒരു ലക്ഷത്തി പതിനോരായിരത്തിലധികം പേർ പദ്ധതിയുടെ  ഗുണഭോക്താക്കളായി  എന്നതു തന്നെ കാരുണ്യയുടെ നടത്തിപ്പു മികവിന് തെളിവാണ്.
          ചികിത്സാ സഹായ നിധിക്കുവേണ്ട പണം  കണ്ടെത്തുന്നതിന്  ആരംഭിച്ച  'കാരുണ്യ" ഭാഗ്യക്കുറി കൊച്ചുകുട്ടികൾക്കു പോലും  ഇന്ന്  ഏറെ പരിചിതമാണ്.  കാരുണ്യയിൽ നിന്നുള്ള ലാഭം  അപ്പാടെ ചികിത്സാനിധിയിലേക്കാണ്  എത്തുന്നത്.  എന്നാൽ സഹായം തേടുന്ന  അപേക്ഷകരുടെ  സംഖ്യ വർദ്ധിച്ചതോടെ  കാരുണ്യയിലൂടെ ലഭിക്കുന്ന  വരുമാനം  മാത്രം പോരെന്ന സ്ഥിതിയായി. അങ്ങനെയാണ്  'കാരുണ്യ പ്ളസ് " എന്ന  പേരിൽ    മറ്റൊരു ഭാഗ്യക്കുറി  ഏർപ്പെടുത്തിയത്.  പ്രതിമാസം ഇരുപതു കോടി രൂപയുടെ സഹായമാണ്  ഇപ്പോൾ നൽകിവരുന്നത്. എന്നാൽ ആവശ്യം  പൂർണമായും നിറവേറ്റണമെങ്കിൽ  മുപ്പതുകോടി  രൂപയെങ്കിലും വേണമെന്നതാണു  സ്ഥിതി. ഇതിനായി പൊതുമേഖലാ -കോർപറേറ്റ്   സ്ഥാപനങ്ങളുടെ  സഹായം തേടാനാണ്  സർക്കാരിന്റെ ശ്രമം. സാമൂഹ്യ ബാദ്ധ്യതകൾ  നിറവേറ്റാനായി  ഇത്തരം സ്ഥാപനങ്ങൾക്ക്  പ്രത്യേക ഫണ്ടുകളുണ്ട്. അതിൽ നിന്ന് ഒരു നിശ്ചിത വിഹിതം കാരുണ്യയ്ക്കു കൈമാറിയാൽ  അർഹരായ കൂടുതൽ  പേർക്ക്  ചികിത്സാസഹായം  എത്തിക്കാനാവും. വൃക്ക -ഹൃദയ രോഗങ്ങൾ, തലച്ചോറ്, കരൾ  എന്നിവയുടെ  ശസ്ത്രക്രിയകൾ  ഹീമോഫീലിയ എന്നീ  രോഗങ്ങൾക്കാണ്   ആദ്യകാലത്ത്  സഹായം നൽകിയിരുന്നതെങ്കിൽ  ഇപ്പോൾ കൂടുതൽ  രോഗങ്ങൾ പട്ടികയിൽ  ഉൾപ്പെടുത്തിയിട്ടുണ്ട്. ചികിത്സയ്ക്ക് ഏറെ പണം  വേണ്ടിവരുന്ന  താലിസീമിയ,  സിക്കിൾസെൽ, അനീമിയ നട്ടെല്ലു രോഗങ്ങൾ  എന്നിവ ഇതിലുൾപ്പെടുന്നു. ചികിത്സാ  സഹായം കൂടാതെ ജനറൽ - താലൂക്ക്  ആശുപത്രികളിലും  മെഡിക്കൽ  കോളേജുകളിലും വൃക്കരോഗികൾക്കായി  ധാരാളം ഡയാലിസിസ്  യൂണിറ്റുകൾ  കാരുണ്യ ഫണ്ട്  സഹായത്തോടെ  പ്രവർത്തിക്കുന്നുണ്ട്.
            ലഭ്യമായ വരുമാനംകൊണ്ട്  രണ്ടറ്റവും  കൂട്ടിമുട്ടിക്കാൻ  പാടുപെടുന്ന കുടുംബങ്ങളെ  സംബന്ധിച്ച്   മാരകരോഗം   പിടിപെട്ടാലുള്ള  അവസ്ഥ  വിവരണാതീതമാണ്. ഉള്ളതെല്ലാം വിറ്റുപെറുക്കിയും  കിട്ടാവുന്നിടത്തുനിന്നെല്ലാം  കടം വാങ്ങിയും ആശുപത്രി ബില്ലടച്ചു കഴിയുമ്പോഴേക്കും  അക്ഷരാർത്ഥത്തിൽ   പെരുവഴി തന്നെയാകും  പലർക്കും ശരണം. ചികിത്സ മാത്രമല്ല, രോഗനിർണയം പോലും താങ്ങാനാവാത്ത തരത്തിൽ ചെലവേറിക്കൊണ്ടിരിക്കുകയാണ്. സ്പെഷ്യാലിറ്റി ചികിത്സകളേറെയും സ്വകാര്യ മേഖലയുടെ  കൈപ്പിടിയിലായപ്പോൾ ചെലവ്  എല്ലാ പരിധികളും കടന്ന് ആകാശത്തോളം  ഉയർന്നുകഴിഞ്ഞു. മാരകരോഗങ്ങൾക്ക് സർക്കാർ ആശുപത്രികളിൽ  ചികിത്സാ സൗകര്യങ്ങൾ  പരമാവധി  വർദ്ധിപ്പിക്കുകയെന്നതാണ്  ചെലവ് കുറയ്ക്കാനുള്ള  ഒരു മാർഗം. എന്നാൽ ആവശ്യത്തിനു മരുന്നു  പോലും എത്തിക്കാൻ  കഴിയാത്ത അവസ്ഥയിലാണ്  ആരോഗ്യവകുപ്പ്.  ഏതു കഠിനരോഗവും  പാവപ്പെട്ടവന്  തീരാശാപമായി  മാറുന്നത്  അതുകൊണ്ടാണ്. കാരുണ്യ പോലുള്ള  സഹായ  പദ്ധതികളും  വ്യക്തികളും സംഘടനകളും  കൈയയച്ചു  നൽകുന്ന സംഭാവനകളുമാണ് പലപ്പോഴും സാധാരണക്കാരന്  പ്രാണൻ നിലനിറുത്താൻ സഹായകമാകുന്നത്.  ജീവിതം വഴിമുട്ടി  കഷ്ടത്തിലാകുന്ന രോഗികൾക്ക്  കാരുണ്യ പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും  പ്രതീകമായി മാറിക്കഴിഞ്ഞു. എല്ലാ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും  അവരുടെ ലാഭത്തിൻറെ  ഒരു വിഹിതം കാരുണ്യ ചികിത്സാ പദ്ധതി കൾക്കായി നീക്കി വയ്ക്കണം


പ്രൊഫ്‌. ജോണ്‍ കുരാക്കാർ    

No comments: