പ്രാർഥിക്കാം, ശബ്ദമലിനീകരണമില്ലാതെ
ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം
വലിയ മെത്രാപ്പൊലീത്ത
ഇതുപോലെ എല്ലാ മതങ്ങളും അവയുടെ പ്രവർത്തനഫലം സമൂഹത്തിനുമേൽ എങ്ങനെ പ്രതിഫലിക്കുന്നെന്നു ചിന്തിച്ചാൽ കേരളം അനുഗ്രഹിക്കപ്പെടും. മഹല്ല് ഫെഡറേഷന്റെ ഈ വലിയ കാൽവയ്പ് മാതൃകയാക്കി എല്ലാ മതങ്ങളും എല്ലാ രംഗങ്ങളിലും ധീരമായ നേതൃത്വം നൽകണം. അപ്പോൾ കേരളത്തിൽ സമാധാനവും സന്തോഷവും പരസ്പര ബഹുമാനവും വർധിക്കും.മതം മനുഷ്യനു നൽകേണ്ടതു മനുഷ്യത്വമാണ്. എന്നാൽ, ഇന്നു മതങ്ങളുടെ പ്രവർത്തനങ്ങൾ പലതും മനുഷ്യനെ മനുഷ്യത്വത്തിൽനിന്ന് അകറ്റുന്ന വിധം അധഃപതിച്ചിരിക്കുന്നു. ശബ്ദമലിനീകരണമുണ്ടാക്കുന്ന പ്രവൃത്തികൾ നിർത്തുകയും പ്രേരിപ്പിക്കാതിരിക്കുകയും സമൂഹത്തിന്റെ സ്വസ്ഥത വീണ്ടെടുക്കുകയും ചെയ്യുന്ന നടപടികളുണ്ടാകണം. തന്റെ പ്രവർത്തനം മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്നു ചിന്തിക്കണം.
ഈ കുറിപ്പ് ഒരു പത്രവാർത്തയായി മാത്രം കരുതിയാൽ പോരാ. കേരളത്തിന്റെ ഇന്നത്തെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായി കാണണം. അതിന് എല്ലാ ജനങ്ങളെയും ഈശ്വരനാമത്തിൽ വെല്ലുവിളിക്കുന്ന ധീരമായൊരു ആശയമാണു ശബ്ദമലിനീകരണത്തിനെതിരെ ഉയരുന്നത്. മനുഷ്യനെ മനുഷ്യനാക്കാനാണു മതങ്ങൾ.
മനുഷ്യത്വം നശിപ്പിക്കുന്ന എല്ലാ പ്രവർത്തനങ്ങളിൽനിന്നും മാറി നിൽക്കണം. അവയെ ദൈവനാമത്തിൽ ശക്തമായി എതിർക്കണം. എതിർക്കുന്നവരോടു സഹകരിക്കണം. അത് ഇന്നിന്റെ വലിയ ആവശ്യമായി ഞാൻ കാണുന്നു. അതിനായി എല്ലാ മതങ്ങളെയും ക്ഷണിക്കുന്നു.ശബ്ദമലിനീകരണം ജീവിതനാശത്തിന്റെ വലിയൊരു മുഖാന്തിരമാണ്. കൊലപാതകത്തെ എതിർക്കുന്നതു പോലെ ശബ്ദമലിനീകരണത്തെയും എതിർക്കേണ്ടത് എല്ലാ കേരളീയന്റെയും ധർമമാണ്. ഈ മലിനീകരണത്തോടുള്ള
എതിർപ്പ് കേരള പുരോഗതിയുടെ അജൻഡയിൽ പ്രധാന ഇനമായി മതങ്ങളും സംഘടനകളും സാമൂഹിക നേതാക്കളും സ്വീകരിക്കണം.
ഈ ദോഷത്തിന്റെ വലിയൊരു അടിമയായ എന്നെക്കൊണ്ടു പരസ്യമായി ഈ പ്രസ്താവന നടത്തിക്കാനുണ്ടായ ദർശനം ദൈവദർശനമായി ഞാൻ കാണുന്നു. ഞാൻ ഈ പറഞ്ഞ കാര്യത്തിനായി പ്രവർത്തിക്കാൻ ദൈവം എന്നെ ശാക്തീകരിക്കട്ടെയെന്നു പ്രാർഥിക്കുന്നു.മാരാമൺ കൺവൻഷൻ പോലെ വലിയ ജനക്കൂട്ടം എത്തുന്ന പരിപാടികളിൽ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്നു പറയാനാവില്ല. എന്നാൽ, ശബ്ദശല്യത്തെ സാമൂഹിക ദോഷമായി കണ്ട് പരിഹാരം എന്ത്, എങ്ങനെ എന്ന് എല്ലാ മതങ്ങളും സംഘടനകളും ഗൗരവമായി ചിന്തിച്ചു പ്രവർത്തിക്കണം.ചില വാർത്തകളിൽ കാണാറുണ്ട്, പത്രം പ്രസിദ്ധീകരിച്ച വാർത്ത കാരണമാണു സർക്കാർ തീരുമാനമെടുത്തതെന്നും മറ്റും. അതുപോലെ ശബ്ദമലിനീകരണത്തിൽനിന്നു കേരളം വിടുതൽ നേടാനുള്ള ഈ ആശയത്തെ ദൈവം ആശീർവദിക്കട്ടെ
Prof. John Kurakar
No comments:
Post a Comment