അഞ്ചുപേര്‍ക്ക് ജീവിതം നല്‍കി ജിബിന്‍ യാത്രയായി
അഞ്ച് സഹജീവികള്‍ക്ക് പുതുജീവന്‍ നല്‍കി ജിബിന്‍ യാത്രയായി. ക്ലാപ്പന പറയകടവില്‍ കളത്തേല്‍ പുത്തന്‍വീട്ടില്‍ ജിബിന്‍ (20) ആണ് അവയവദാനത്തിലൂടെ മരണത്തിലും പ്രകാശംപരത്തി കടന്നുപോയത്. ബൈക്കപകടത്തില്‍
മസ്തിഷ്‌കമരണം സംഭവിച്ച ജിബിന്‍ ജോയിയുടെ കരളും വൃക്കകളും കണ്ണുകളുമാണ് ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍
വ്യാഴാഴ്ച ശസ്ത്രക്രിയയിലൂടെ എടുത്തത്. ഒരാഴ്ച മുമ്പുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍
കഴിയവെ ജിബിന് വ്യാഴാഴ്ച മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നു. ജിബിന്റെ ഹൃദയവും ദാനംചെയ്യാന്‍ അച്ഛനമ്മമാര്‍ ഒരുക്കമായിരുന്നെങ്കിലും യോജിക്കുന്ന സ്വീകര്‍ത്താക്കളില്ലാത്തതിനാല്‍ മറ്റ് അവയവങ്ങളാണ് മെഡിസിറ്റിയിലെ ട്രാന്സ്പ്ലാന്റേഷന് വിഭാഗത്തില്‍ ഡോ. ബേബി മാത്യു, ഡോ. ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള
വിദഗ്ദ്ധസംഘം നീക്കംചെയ്തത്.
മത്സ്യത്തൊഴിലാളിയായ കരുനാഗപ്പള്ളി
ക്ലാപ്പന കളത്തേല്‍ പുത്തന്‍വീട്ടില്‍ ജോയിയുടെയും വത്സലയുടെയും
മകനാണ് ജിബിന്‍. ഈമാസം 11നാണ് ജിബിന് ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. അമ്മയുടെ വീട്ടില്‍പ്പോയി മടങ്ങുംവഴിയായിരുന്നു അപകടം. എതിരെവന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍
നിയന്ത്രണം വിട്ട് വഴിയരികിലെ മതിലില്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജിബിനെ ആദ്യം ജില്ലാ ആസ്പത്രിയിലും
പിന്നീട് മെഡിസിറ്റി അത്യാഹിതവിഭാഗത്തിലും പ്രവേശിപ്പിച്ചു. ഡോക്ടര്‍മാരുടെ പരിശ്രമങ്ങള്‍ക്കും അച്ഛനമ്മമാരുടെ പ്രാര്‍ഥനകള്‍ക്കും വിടനല്‍കി ജിബിന്‍ യാത്രയായെങ്കിലും അവയവം ദാനംചെയ്യണമെന്ന് മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. കൊച്ചിയിലെ അവയവമാറ്റ ശസ്ത്രക്രിയയുടെ വാര്‍ത്തകള്‍ നല്‍കിയ പ്രചോദനമായിരുന്നു ഇവരുടെ മനസ്സില്‍. ജിബിന്റെ അവയവങ്ങള്‍ ദാനംചെയ്യാന്‍
ഒരുക്കമാണെന്ന് അവര്‍ അപ്പോള്‍ത്തന്നെ മെഡിസിറ്റി ട്രാന്സ്പ്ലാന്റേഷന് വിഭാഗത്തെ അറിയിക്കുകയായിരുന്നു. മൃതസഞ്ജീവനി പദ്ധതിയനുസരിച്ച്
അവയവങ്ങള്‍ക്കായി കാത്തിരിക്കുന്ന
സ്വീകര്‍ത്താക്കളിലേക്ക് വിവരം കൈമാറുകയും ചെയ്തു.ജിബിന്റെ ശരീരത്തില്‍നിന്ന് നീക്കംചെയ്ത
കിഡ്‌നി മെഡിസിറ്റിയില്‍ത്തന്നെ ചികിത്സയില്‍ കഴിയുന്ന വൃക്കരോഗിയായ സുധീറിന് യോജിക്കുമോ എന്ന് തിരിച്ചറിയുന്നതിനുള്ള പരിശോധനകള്‍ മെഡിസിറ്റിയില്‍ നടക്കുകയാണ്. വൃക്ക യോജിക്കുന്നെങ്കില്‍ ഉടന്‍തന്നെ അതിനായി ശസ്ത്രക്രിയ
നടത്തും. ജിബിന്റെ മറ്റ് ആന്തരാവയവങ്ങള്‍ കിംസിലേക്കും തിരുവനന്തപുരം
മെഡിക്കല്‍ കോളേജിലേക്കുമാണ് കൊണ്ടുപോകുന്നത്.
ബംഗളൂരുവിലേക്ക് മടങ്ങാന്‍ ഒരാഴ്ചമാത്രം ശേഷിക്കെയാണ് ജിബിനെ മരണം കവര്‍ന്നെടുത്തത്.
െബംഗളൂരുവില്‍ ജോലിചെയ്തിരുന്ന ജിബിന്‍ ഓണാവധിക്ക് നാട്ടില്‍ എത്തിയതായിരുന്നു.
ക്ലാപ്പന ഷണ്‍മുഖവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് പ്ലസ്ടു കഴിഞ്ഞശേഷം നല്ലൊരു ജോലി എന്ന സ്വപ്‌നവുമായാണ് ജിബിന്‍ െബംഗളൂരുവിലേക്ക്
വണ്ടികയറിയത്. വെല്‍ഡിങ്, ഫാബ്രിക്കേഷന്‍ ജോലികളുമായി കുടുംബത്തിന്
താങ്ങായിരുന്ന ജിബിന്റെ അപ്രതീക്ഷിത
വിയോഗത്തിനിടയിലും മകന്റെ അവയവം ദാനംചെയ്യാന്‍ മാതാപിതാക്കളായ
ജോയിയും വത്സലയും തീരുമാനിക്കുകയായിരുന്നു. മകന്‍ പോയെങ്കിലും
അവനിലൂടെ മറ്റുള്ളവര്‍ക്ക് നന്മയുണ്ടാകുമെങ്കില്‍ അതായിരിക്കും
ജിബിനുവേണ്ടി ഇനി ചെയ്യാവുന്ന
വലിയകാര്യമെന്ന് ജോയി പറയുന്നു. അവയവദാനം ചെയ്യുന്നത് പുണ്യപ്രവൃത്തിയായി കാണുകയാണ് ഈ അച്ഛന്‍. ആര്‍.എസ്.പി.യുടെ വിദ്യാര്‍ഥിപ്രസ്ഥാനമായ പി.എസ്.യു.വിന്റെ കരുനാഗപ്പള്ളി നിയോജകമണ്ഡലം
കമ്മിറ്റി ജോയിന്റ് സെക്രട്ടറിയായിരുന്നു ജിബിന്‍. !സൗദിയില്‍ ജോലിചെയ്യുന്ന ജോബിന്‍ ഏകസഹോദരനാണ്.
ജിബിന്റെ ശവസംസ്‌കാരം ശനിയാഴ്ച മൂന്നിന് ക്ലാപ്പന സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.
Prof. John Kurakar

No comments:
Post a Comment