ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ മുന്‍കരുതലുകള്‍
ഡോ. ജോര്‍ജ് തയ്യില്‍
വികസ്വരരാജ്യങ്ങളിലെ കുട്ടികള്‍ക്ക് വാതപ്പനിമൂലമുളള സ്വയാര്‍ജിത ഹൃദ്രോഗം ഉണ്ടാകുന്നു.അപകടഘടകങ്ങളെ നിയന്ത്രിച്ചാല്‍ ഹൃദ്രോഗസാധ്യത 80-85 ശതമാനം വരെ കുറയ്‌ക്കാം.മുതിര്‍ന്നവര്‍ 45 മിനിറ്റും കുട്ടികള്‍ ഒന്നരമണിക്കൂറും ദിവസേന വ്യായാമപദ്ധതികളിലേര്‍പ്പെടണം.
പുകവലിക്കാത്ത മുതിര്‍ന്നവരും കുട്ടികളുമായി ആറു ലക്ഷംപേര്‍ പ്രതിവര്‍ഷം പാസിവ് സ്‌മോക്കിങ് മൂലം മരണപ്പെടുന്നു.
ലോകത്തുള്ള പകുതി കുട്ടികളും പുകയിലപ്പുകകൊണ്ട് വിഷലിപ്‌തമായ അന്തരീക്ഷ വായു ശ്വസിച്ച് ജീവിക്കുന്നു.എല്ലാ ജീവിതമേഖലകളിലും തൊഴില്‍രംഗത്തും വിനോദ സ്‌ഥലങ്ങളിലും ഹൃദയാരോഗ്യത്തിന് ഹാനികരമാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം.
പുകവലിക്കാത്ത മുതിര്‍ന്നവരും കുട്ടികളുമായി ആറു ലക്ഷംപേര്‍ പ്രതിവര്‍ഷം പാസിവ് സ്‌മോക്കിങ് മൂലം മരണപ്പെടുന്നു.
ലോകത്തുള്ള പകുതി കുട്ടികളും പുകയിലപ്പുകകൊണ്ട് വിഷലിപ്‌തമായ അന്തരീക്ഷ വായു ശ്വസിച്ച് ജീവിക്കുന്നു.എല്ലാ ജീവിതമേഖലകളിലും തൊഴില്‍രംഗത്തും വിനോദ സ്‌ഥലങ്ങളിലും ഹൃദയാരോഗ്യത്തിന് ഹാനികരമാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം.
ഹൃദ്രോഗം മൂലം മരിക്കുന്നവരില്‍ ഭൂരിപക്ഷം പേരും സാമ്പത്തികമായി താഴെക്കിടയിലുള്ള രാജ്യങ്ങളിലുളളവരാണ്. അതില്‍ ഭൂരിപക്ഷംപേരും ജോലിചെയ്യുന്ന പ്രായത്തിലുള്ളവരാണെന്ന വസ്‌തുത വേള്‍ഡ്‌ഹാര്‍ട്ട് ഫെഡറേഷനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ഇന്നു ഹൃദ്രോഗബാധ മറ്റ് മഹാമാരികളെയെല്ലാം കവച്ചുവയ്‌ക്കുംവിധമുള്ള ഒരു മാരകരോഗമായി മാറിക്കഴിഞ്ഞു എന്നാണ് ലോകാരോഗ്യ സംഘടനയുടെ താക്കീത്. എല്ലാ ഇരുപത് സെക്കന്റിലും ഒരു ഹാര്‍ട്ടറ്റാക്ക് ഉണ്ടാകുന്നു. ഓരോ മിനിട്ടിലും അറ്റാക്കിനോടനുബന്ധിച്ച് മരണം സംഭവിക്കുന്നു. താമസിയാതെ ലോകത്തെ ഹൃദ്രോഗികളില്‍ 60 ശതമാനവും ഇന്ത്യാക്കാരായിത്തീരുമെന്നാണു കണക്കുകൂട്ടല്‍. ഏതാണ്ട് 50 ശതമാനം ഇന്ത്യക്കാരും സസ്യാഹാരികളായിട്ടും ലോകത്ത് ഏറ്റവുംകൂടുതല്‍ ഹൃദ്രോഗികളുള്ളൊരു രാജ്യമായി മാറുകയാണ് ഇന്ത്യ. കഴിഞ്ഞ 30 വര്‍ഷങ്ങളിലെ കണക്കുകള്‍ അവലോകനം ചെയ്‌താല്‍, ഹൃദ്‌രോഗം ഇന്ത്യയില്‍ വര്‍ധിച്ചത് 300 ശതമാനമാണ്. ഇന്ത്യയിലെ ഇതര സംസ്‌ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ ഏറ്റവുംകൂടുതല്‍ ഹൃദ്‌രോഗികളുള്ള നാടാണ് കേരളം. മലയാളികളുടെ കൊളസ്‌റ്ററോള്‍ നിലവാരം അപകരമാംവിധം വര്‍ധിക്കുന്നതായി ഈയടുത്തകാലത്ത് നടന്ന പല ഗവേഷണങ്ങളും സൂചിപ്പിക്കുന്നു. ഒരുദിവസം മലയാളി കഴിച്ചുതീര്‍ക്കുന്നത് 5000 ടണ്‍ മാംസാഹാരമാണ്. കേരളത്തിലെ മൃഗസംരക്ഷണവകുപ്പ് 2011 ല്‍ നടത്തിയ നിരീക്ഷണങ്ങള്‍പ്രകാരം ഇന്ത്യയില്‍ ഏറ്റവും അധികം മാംസം ഉപയോഗിക്കുന്ന സംസ്‌ഥാനവും കേരളംതന്നെ. മൂന്നു ദശകങ്ങളിലെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ കായികമായ അധ്വാനത്തിലേര്‍പ്പെടുന്ന മലയാളികളുടെ സംഖ്യ ഗണ്യമായി കുറയുന്നതായി കാണുന്നു. ഒപ്പം ഫാസ്‌റ്റ്‌ഫുഡും ഫ്രൈയും പൊരിച്ചതും വറുത്തതും ആര്‍ത്തിയോടെ കഴിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും ചെയ്യുന്നു.
സ്വന്തം പറമ്പില്‍ കൃഷി ചെയ്‌ത് വിഷം പുരളാത്ത പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ താല്‍പ്പര്യവും സമയവും നഷ്‌ടപ്പെട്ട മലയാളികള്‍ എളുപ്പത്തില്‍ ലഭിക്കുന്ന ഭക്ഷണസാധനങ്ങളെ അഭയംപ്രാപിച്ചുതുടങ്ങി. അങ്ങനെ സസ്യാഹാരം മാംസവിഭവങ്ങള്‍ക്ക് വഴിമാറി. ഫലമോ ഇന്ത്യയിലെ ഇതര സംസ്‌ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏതാണ്ട് 50 ശതമാനം മലയാളികള്‍ക്കും കൊളസ്‌റ്ററോള്‍ അധികരിച്ച് കാണുന്നു. 2013 ല്‍ നടന്ന പഠനത്തിന്റെ വെളിച്ചത്തില്‍ 30 വയസ് കഴിഞ്ഞ സിംഹഭാഗം കേരളീയരും കൊളസ്‌റ്ററോള്‍ രോഗികളാണെന്ന് തെളിയുന്നു. 14 വയസില്‍ താഴെയുള്ള കുട്ടികളിലും കൊളസ്‌റ്ററോള്‍ ക്രമംതെറ്റി കാണുന്നു. അമിതവണ്ണമുള്ള കുട്ടികളുടെ എണ്ണവും ക്രമാതീതമാകുന്നു.30 ശതമാനം കേരളീയര്‍ക്ക് അമിതരക്‌തസമ്മര്‍ദ്ദവമുണ്ട്. ഇതില്‍ 50 ശതമാനം ആള്‍ക്കാര്‍ക്കുപോലും തങ്ങള്‍ക്ക് ഉയര്‍ന്ന പ്രഷറുണ്ടെന്ന അവബോധമില്ല. ഇനി അറിവുണ്ടെങ്കില്‍തന്നെ വെറും 20 ശതമാനംപേരാണ് കൃത്യമായി പ്രഷറിന് മരുന്ന് കഴിച്ച് പരിധികള്‍ പാലിക്കുന്നത്. 60 വയസിന് മേലുള്ള 60 ശതമാനത്തിലേറെ മലയാളികള്‍ക്ക് അമിത രക്‌തസമ്മര്‍ദ്ദമുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ജീവിതചര്യകളിലെ പിശകുകള്‍ തിരുത്തി ആരോഗ്യപൂര്‍ണമായ ജീവിതശൈലി അവലംബിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഹാര്‍ട്ടറ്റാക്കുണ്ടാകുന്നവരില്‍ 90 ശതമാനം ആള്‍ക്കാരും തീവ്രപരിചരണവിഭാഗത്തില്‍ അകപ്പെടുമ്പോഴാണ് തങ്ങള്‍ക്കുണ്ടായ രോഗാവസ്‌ഥയുടെ കാഠിന്യത്തെയും പ്രത്യാഘാതങ്ങളെയുംപറ്റി ചിന്തിക്കുന്നത്. തീവ്രപരിചരണവിഭാഗത്തില്‍ നടത്തുന്ന പരിശോധനയിലൂടെയാണ് തങ്ങള്‍ക്ക് വര്‍ധിച്ച കൊളസ്‌റ്ററോളും ഉയര്‍ന്ന രക്‌തസമ്മര്‍ദ്ദവും നിയന്ത്രിക്കപ്പെടാത്ത പ്രമേഹവുമൊക്കെയുണ്ടെന്ന് മനസിലാക്കുന്നത്. ഈ രോഗാവസ്‌ഥകള്‍ നേരത്തെ കണ്ടുപിടിച്ച് സമുചിതമായ ചികിത്സാപദ്ധതികള്‍ സമയോചിതമായി ആരംഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ താനകപ്പെട്ട മാരകാവസ്‌ഥയില്‍നിന്ന് രക്ഷപ്പെട്ട് നില്‍ക്കാമായിരുന്നെന്ന് വ്യാകുലപ്പെട്ട് അവര്‍ തളരുന്നു.
എന്നാല്‍ ജീവിതത്തിന്റെ പടയോട്ടത്തില്‍ ഇടംവലം നോക്കാതെ മുന്നോട്ട് കുതിക്കുമ്പോള്‍ ജീവനെ താങ്ങിനിര്‍ത്തുന്ന പല സുപ്രധാനഘടകങ്ങളെപറ്റി ഓര്‍ക്കാന്‍ ആര്‍ക്കും സമയമില്ല. ആരോഗ്യ കാര്യത്തില്‍ പലരും ഉദാസീനരാണ്. പെട്ടെന്നു മരിച്ചുവീഴുമെന്നു പറഞ്ഞാലും അങ്ങനെയൊന്നും കുലുക്കംതട്ടാത്ത അവസ്‌ഥാ വിശേഷത്തിലെത്തികഴിഞ്ഞു നമ്മള്‍. മരിച്ചുവീഴുന്നതിനു തൊട്ടുമുമ്പാണ് ചെയ്യാമായിരുന്ന പലതിനെയും പറ്റിയോര്‍ത്ത് വിഷണ്ണരാകുന്നത്.
(ലേഖകന്‍ എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയിലെ ഹൃദ്രോഗവിദഗ്‌ധനും ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയുടെ മുന്‍ സംസ്‌ഥാന പ്രസിഡന്റുമാണ്)
Prof. John Kurakar
No comments:
Post a Comment