Pages

Tuesday, September 1, 2015

കഠാരരാഷ്‌ട്രീയം അവസാനിപ്പിക്കുക

കഠാരരാഷ്ട്രീയം അവസാനിപ്പിക്കുക
John Kurakarരാഷ്ട്രീയ പാർട്ടികൾ പകയുടെയും വിദ്വേഷത്തിന്റെയും തീക്കനലുകള്‍ ആളിപ്പടര്‍ത്താനുള്ള ശ്രമം അവസാനിപ്പിക്കണം . കാസര്‍കോഡും തൃശൂരും ഓണനാളില്‍ രണ്ടു ജീവനാണ്‌ കഠാരമുനയില്‍ കോര്‍ത്തെടുക്കപ്പെട്ടത്‌. കാസര്‍ഗോഡ്‌ സി.പി.എം. പ്രവര്‍ത്തകനും തൃശൂര്‍ കൊടകരയില്‍ ബി.ജെ.പി. പ്രവര്‍ത്തകനുമായിരുന്നു ഇരകള്‍.  കണ്ണൂരില്‍ വീടുകള്‍ക്കു നേരേ ബോംബേറുണ്ടാകുകയുംഏഴു പേര്‍ക്കുകൂടി വെട്ടേല്‍ക്കുകയും ചെയ്‌തു. ഏതാനും ദിവസം മുന്‍പ്‌ വര്‍ക്കലയില്‍ ബി.എസ്‌.പി. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചിരുന്നു. പട്ടാമ്പിയില്‍ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകനും ദാരുണമായി കൊലക്കത്തിക്കിരയായി. ഇരു ചേരികളിലുള്ള പലരും അറസ്‌റ്റിലായിക്കഴിഞ്ഞു. കണ്ണൂരില്‍ അഴീക്കോടുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തു. തൊടുപുഴയില്‍ ബി.ജെ.പി. - സി.പി.എം. സംഘര്‍ഷത്തില്‍ രണ്ടു ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കു ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന്‌ സ്‌ഥലത്ത്‌ സംഘര്‍ഷാവസ്‌ഥ തുടരുകയാണ്‌.കാസര്‍കോഡ്‌ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ സി.പി.എം. ഹര്‍ത്താല്‍ നടത്തി. തൃശൂര്‍ സംഭവത്തില്‍ കൊടകര, പുതുക്കാട്‌ എന്നിവിടങ്ങളില്‍ ബി.ജെ.പിയും ഹര്‍ത്താല്‍ നടത്തി. ഓണപ്പിറ്റേന്നു തന്നെ രണ്ടിടത്തും ജനജീവിതം താറുമാറായതു മിച്ചം.
കണ്ണൂരില്‍ പകയുടെ പുതുനാമ്പുകള്‍ പൊട്ടിമുളയ്‌ക്കുന്നതിനെ വളര്‍ത്തിയെടുക്കാനുള്ള ശ്രമം  രാഷ്ട്രീയക്കാർ ഉപേക്ഷിക്കണം . . ചോരയ്‌ക്കു പകരം ചോര എന്ന രാഷ്‌ട്രീയ നയം  കേരളത്തിന്റെ ശാപമായി മാറിയിട്ട്‌ കാലമേറെയായി. ടി.പി. ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന്‌ കഠാരരാഷ്‌ട്രീയത്തിനെതിരേ പൊതുവികാരത്തിന്റെ അലമാലകള്‍ എങ്ങും ഉയര്‍ന്നിരുന്നു. പക്ഷേ, അതു കെട്ടടങ്ങിയതോടെ കണ്ണൂരും പാലക്കാടും കാസര്‍കോഡുമെല്ലാം ജീവനുകള്‍ അരിഞ്ഞു വീഴ്‌ത്തപ്പെട്ടു. കഠാരരാഷ്‌ട്രീയത്തിന്‌ അറുതിവരുത്താന്‍ ആത്യന്തികമായി കഴിയുക പാര്‍ട്ടികളെ നയിക്കുന്നവര്‍ക്കു തന്നെയാണ്‌.വിദ്യാഭ്യാസത്തിലും സാക്ഷരതയിലും  മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനത്ത്  രാഷ്‌ട്രീയ കൊലപാതകമെന്ന നിഷ്‌ഠുരതയെ പടിക്കു പുറത്താക്കാന്‍ കഴിയാത്തത്‌ ഒരു  ദയനീയ അവസ്ഥ തന്നെയാണ് .രാഷ്ട്രീയ -സാമൂഹ്യ അവബോധം അണികളിൽ സൃഷ്ടിക്കാൻ  നേതാക്കൾക്ക്  ഇപ്പോഴും  കഴിഞ്ഞിട്ടില്ല .അക്രമ രാഷ്ട്രീയം ഒരിക്കലും വളരില്ല .ലോകത്ത് നടക്കുന്ന മാറ്റങ്ങൾ ഉൾകൊള്ളാൻ കഴിയാത്ത പാർട്ടികളും  വളരില്ല .കഠാരരാഷ്‌ട്രീയത്തിൻറെ  കാലം കഴിഞ്ഞു  .


പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: