ഗാന്ധിജിയും റസ്കിനും അവസാനത്തെ ആളും
നൂറ്റിപതിനൊന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ്,
1904 ല്‍ ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്‌ബര്‍ഗില്‍നിന്നും ഡര്‍ബനിലേക്ക് മഹാത്മാഗാന്ധി നടത്തിയ
24 മണിക്കൂര്‍ നീണ്ട തീവണ്ടിയാത്ര ഇതിഹാസം സൃഷ്‌ടിച്ചു. അതിനിടയിലുള്ള രാത്രി താന്‍ ഒരുപോള കണ്ണടച്ചില്ലെന്ന് അദ്ദേഹം ആത്മകഥയില്‍ സാക്ഷ്യപ്പെടുത്തുന്നു. അതിനുകാരണം തന്റെ സ്‌നേഹിതന്‍ ഹെന്റിപൊളാക്ക് സമ്മാനിച്ച ഒരു കൊച്ചുപുസ്‌തകമായിരുന്നു. ബ്രിട്ടീഷുകാരനായ കലാനിരൂപകനും സാമൂഹികചിന്തകനുമായിരുന്ന ജോണ്‍ റസ്‌്കിന്‍ (1819 1900) എഴുതിയ ഈ അവസാനത്തെ ആളിന് എന്ന ചെറുപുസ്‌തകമായിരുന്നു ഗാന്ധിജി കൈയില്‍ വായനയ്‌ക്ക് കരുതിയിരുന്നത്.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ വിദൂരമായ തുടക്കംകുറിച്ച സംഭവങ്ങളിലൊന്നായിരുന്നു മഹാത്മജിയുടെ ഈ യാത്രയും വായനയും ഉറക്കമിളപ്പും. നാലുവര്‍ഷങ്ങള്‍ക്കുശേഷം ഈ പുസ്‌തകം 'സര്‍വോദയ' എന്നപേരില്‍ അദ്ദേഹംതന്നെ തന്റെ മാതൃഭാഷയായ ഗുജറാത്തിയിലേക്ക് മൊഴിമാറ്റം നടത്തി. തന്റെ മനസില്‍ നാളുകളായി രൂപപ്പെട്ടുകൊണ്ടിരുന്ന ചില ആശയങ്ങളാണ് റസ്‌കിന്റെ ഉപന്യാസത്തില്‍ വ്യക്‌തമായി അദ്ദേഹം കണ്ടെത്തിയത്. ബ്രിട്ടീഷ് വ്യാവസായികവിപ്ലവം, മുതലാളിത്ത സാമ്പത്തിക വ്യവസ്‌ഥ, അമിതമായ നഗര - യന്ത്രവല്‍ക്കരണം തുടങ്ങിയവയെ നിശിതമായി വിമര്‍ശിക്കുന്ന ആ പുസ്‌തകം തന്റെമേല്‍ ഇന്ദ്രജാലം പ്രയോഗിച്ച് രുപാന്തരപ്പെടുത്തിയെന്നും അതില്‍ പറഞ്ഞിരിക്കുന്നു. ആദര്‍ശങ്ങള്‍ നടപ്പില്‍വരുത്താന്‍ താന്‍ തീരുമാനിച്ചുവെന്നും ഗാന്ധിജി രേഖപ്പെടുത്തി. മൂന്നു തത്ത്വങ്ങളാണ് പുസ്‌തകത്തിന്റെ ചുരുക്കമായി അദ്ദേഹം സൂചിപ്പിച്ചത്.
1.
ഒരു വ്യക്‌തിയുടെ ക്ഷേമം നിലനില്‍ക്കുന്നത് എല്ലാവരുടെയും ക്ഷേമത്തിലാണ്.
2.
ഒരു അഭിഭാഷകന്റെ ജോലിയും ബാര്‍ബറുടെ ജോലിയും ഒരേ മൂല്യമുള്ളതാണ്. എല്ലാവര്‍ക്കും അവരവരുടെ പ്രയത്നത്തില്‍നിന്ന് ഉപജീവനം തേടാനുള്ള അവകാശമുണ്ട്. 3. മണ്ണില്‍ കിളയ്‌ക്കുന്നവന്റെ ജീവിതമാണെങ്കിലും കരകൗശലപ്പണിക്കാരന്റെ ജീവിതമാണെങ്കിലും അദ്ധ്വാനിക്കുന്ന ജീവിതമാണ് യോഗ്യമായ ജീവിതം.
ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ ആരംഭിച്ച ഫീനിക്‌സ് കൃഷിയിടത്തില്‍ ഈ ആശയങ്ങള്‍ നടപ്പിലാക്കി ഒരു പുതിയ സാമൂഹിക സാമ്പത്തിക വ്യവസ്‌ഥ കൈവരുത്താന്‍ ശ്രമിച്ചു. ഭാരതത്തെ മുഴുവന്‍ ഇങ്ങനെയൊരു സോഷ്യലിസ്‌റ്റ് ആശ്രമമാക്കി മാറ്റണമെന്ന സ്വപ്‌നമായിരുന്നു തന്റെ പില്‍ക്കാല സ്വാതന്ത്ര്യസമരത്തിന് അടിവരയിട്ടത്.
ജോണ്‍ റസ്‌കിന്‍ പുസ്‌തകത്തിന് പേരിട്ടത് ക്രിസ്‌തു പറഞ്ഞ ഒരു കഥയില്‍നിന്നാണ്. തന്റെ മുന്തിരിത്തോട്ടത്തില്‍ ജോലിചെയ്യാന്‍ ഒരു ഗൃഹസ്‌ഥന്‍ കൂലിപ്പണിക്കാരെ തേടുന്നു. അതിരാവിലെ ചിലര്‍ വഴിക്കവലയില്‍ പണിയന്വേഷിച്ച് നില്‍ക്കുന്നത് കണ്ട് അവരെ വിളിച്ചു. ന്യായമായ ദിവസക്കൂലിയായി ഒരു വെള്ളിക്കാശ് പറഞ്ഞൊത്തു. അവര്‍ ദിവസംമുഴുവന്‍ തോട്ടത്തില്‍ പണിതു. പക്ഷേ, അതിനിടയില്‍, മൂന്നു മണിക്കൂര്‍ ഇടവിട്ട് പണിതേടി വന്നവരെയൊക്കെ വിളിച്ച് ഉടയവന്‍ തോട്ടത്തിലേക്ക് വിട്ടു.ഏറ്റവും അവസാനം, പണിയവസാനിക്കുന്നതിന് ഒരു മണിക്കൂര്‍മുമ്പ് മാത്രം തൊഴില്‍ തേടിയവരെയും അതേ തോട്ടത്തില്‍ പണിക്ക് നിയോഗിച്ചു. എല്ലാംകഴിഞ്ഞ് കൂലി കൊടുത്തപ്പോള്‍ അവസാനംവന്നവര്‍ മുതല്‍ കൂലി കൊടുക്കാന്‍ കാര്യസ്‌ഥനോട് പറഞ്ഞു. ആദ്യം പണിക്ക് വന്നവര്‍ നോക്കില്‍നില്‍ക്കെ ഏറ്റവും അവസാനംവന്ന് ഒരു മണിക്കൂര്‍മാത്രം ജോലി ചെയ്‌തവരുള്‍പ്പെടെ എല്ലാവര്‍ക്കും ഓരോ വെള്ളിക്കാശ് കൊടുത്തു. ആദ്യവസാനം പണിതവര്‍ പ്രതീക്ഷിച്ചത് തങ്ങള്‍ക്ക് ആനുപാതികമായി കൂടുതല്‍ കിട്ടുമെന്ന്.
തോട്ടമുടമയ്‌ക്ക് എതിരേ അവര്‍ പിറുപിറുക്കുകയും ഇക്കാണിച്ചത് അനീതിയാണെന്ന് കഠിനമായി പരാതിപ്പെടുകയു ചെയ്‌തു. ദിവസം മുഴുവന്‍ അദ്ധ്വാനഭാരവും ചൂടുംവെയിലുമേറ്റ് പണിതവര്‍ക്കും വെയിലാറിക്കഴിഞ്ഞ് വെറും ഒരു മണിക്കൂര്‍മാത്രം നിരങ്ങിയിട്ട് പോയവര്‍ക്കും ഒരേ കൂലികൊടുക്കുന്നത് എന്ത് നീതിയാണെന്ന് അവര്‍ ചോദിച്ചു. വീട്ടുകാരന്‍ പറഞ്ഞു. 'ഞാന്‍ നിങ്ങളോട് ഒരനീതിയും പ്രവര്‍ത്തിച്ചില്ലല്ലോ. നാം തമ്മില്‍ പറഞ്ഞൊത്തിരുന്ന കാശ് ഞാന്‍ നിങ്ങള്‍ക്ക് തന്നു. ഈ അവസാനം വന്നവര്‍വരെയുള്ള മറ്റുള്ളവര്‍ക്ക് എന്തുകൊടുക്കണമെന്നത് എന്റെ ഇഷ്‌ടമാണ്. എന്റെ ഔദാര്യംകണ്ട് നിങ്ങളെന്തിനാണ് പരാതിപ്പെടുന്നത്.
നീതിയെക്കുറിച്ചുള്ള നമ്മുടെ ഇപ്പോഴത്തെ ധാരണവച്ചുനോക്കിയാല്‍ സമൂഹത്തില്‍ വലിയ പുകിലുണ്ടാക്കാവുന്ന നടപടിയാണിത്. ഒരേ ജോലിക്ക് ഒരേകൂലി, ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മനുഷ്യനീതിയുടെ മാനദണ്ഡമായി കാണുന്ന ലോകത്ത് ഇത് ഒരു അസംബന്ധ കഥയായി കണക്കാക്കാം. അവസാനംവന്നവര്‍ ജോലിചെയ്യാന്‍ വിമുഖരോ അലസന്മാരോ അല്ല എന്ന് കഥയില്‍ വ്യക്‌തമാക്കുന്നുണ്ട്. അവരെ ആരും വിളിച്ചില്ല, ജോലിചെയ്യാനുള്ള അവസരം കൊടുത്തില്ല എന്ന് വീട്ടുകാരനോടും അവര്‍ പറയുന്നു. അവര്‍ക്കും ഒരുദിവസത്തെ കൂലി കൊടുത്തവന് അത്രയും നീതികരണമുണ്ട്.
റസ്‌കിനെ പ്രചോദിപ്പിച്ചത് ഏറ്റവും അവസാനം വന്നവര്‍ക്ക് ലഭിച്ച കരുതലാണ്. ആരും പരിഗണിക്കാതെ, അവസരങ്ങള്‍ നിഷേധിക്കപ്പെട്ട് തള്ളപ്പെടുന്നവര്‍ക്ക് ഒരളവില്‍ നീതി ലഭിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ മണ്ണിന്റെ അവകാശികളായ കറുത്ത വര്‍ഗക്കാരും പ്രവാസികളായ ഇന്ത്യാക്കാരും വെള്ളക്കാരായ കൊളോണിയല്‍ ഭരണകര്‍ത്താക്കളില്‍നിന്ന് അനുഭവിച്ച കടുത്ത വംശീയവര്‍ണ വിവേചനവും ചൂഷണവും ക്രൂരമായ അപമാനവും അനീതിയും നേരിട്ടുകണ്ടനുഭവിച്ച മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന ഭാരതീയ യുവാവിന്റെ പ്രക്ഷുബ്‌ധമായ മനസില്‍ നീതിയെക്കുറിച്ചും സമത്വാധിഷ്‌ഠിതമായ പുതിയൊരു മനുഷ്യസാമൂഹിക ക്രമത്തെക്കുറിച്ചും ചുട്ടുപൊള്ളുന്നൊരു ദര്‍ശനമുണ്ടായി. അതിന്റെ ജ്വാലയാണ് നമ്മുടെ സ്വാതന്ത്ര്യസമരത്തിലേക്ക് പിന്നെ കത്തിപ്പടര്‍ന്നത്. പൂര്‍ണമായ അഹിംസയിലൂടെ നാം സമരലക്ഷ്യം നേടണമെന്ന് നമ്മെ ബോധ്യപ്പെടുത്താന്‍ അദ്ദേഹം കിണഞ്ഞു പരിശ്രമിച്ചു.
അഹിംസയുടെ തിയറിയും പ്രാക്‌ടിക്കലും തേടി വിദേശത്തൊന്നും അന്വേഷിക്കേണ്ടിവന്നില്ല ഗാന്ധിജിക്ക്. നമ്മുടെ ഭാരതീയ പൈതൃകത്തില്‍തന്നെ അതുണ്ടായിരുന്നു. ഹിംസയൂടെ രൂപംപുണ്ട ചാതുര്‍വര്‍ണ്യവും പൗരോഹിത്യവും ഉച്ചനീചത്വങ്ങളും യുഗങ്ങളായി കരിച്ചുകളഞ്ഞ മനുഷ്യാന്തസിന്റെ ചാരംമൂടി അത് കിടന്നിരുന്നു എന്നുമാത്രം. ഗാന്ധിജി എഴുതി:
'മഠയന്മാരായ ചില ഇന്ത്യാക്കാര്‍ ബോംബ് എറിയുന്നതിനാലാണ് ആഹ്‌ളാദിക്കുന്നത്. പക്ഷേ, ഈ രാജ്യത്തുള്ള എല്ലാ ബ്രിട്ടീഷുകാരെയും അങ്ങനെ കൊന്നുവെന്നിരിക്കട്ടെ, കൊലയാളികളാവും അപ്പോള്‍പിന്നെ ഇന്ത്യയുടെ ഭരണകര്‍ത്താക്കളാകുന്നത്. യജമാനന്മാര്‍ മാറുന്നു എന്ന വ്യത്യാസമേ രാജ്യത്തിനുണ്ടാവുകയുളളു. ഇംഗ്ലീഷുകാര്‍ക്കെതിരേ ഇപ്പോള്‍ എറിയുന്ന ബോംബ് അപ്പോള്‍ എറിയപ്പെടുന്നത് ഇന്ത്യാക്കാര്‍ക്കെതിരേ ആവുമെന്ന് മാത്രം. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ
69-ാം വാര്‍ഷികത്തില്‍ പുതിയ വര്‍ഗീയതകളും വൈരങ്ങളും ബോധപൂര്‍വം നാം ഉരുത്തിരിക്കുമ്പോള്‍ രാഷ്‌ട്രപിതാവിന്റെ വാക്കുകള്‍ക്ക് പുതിയ അര്‍ഥം കൈവരുന്നു.
ജോണ്‍ റസ്‌കിന്റെ മുഖ്യശ്രദ്ധകളിലൊന്ന് സമ്പത്തിന്റെ ഉപയോഗം സംബന്ധിച്ചായിരുന്നു. കോളനികളില്‍നിന്ന് ചൂഷണം ചെയ്‌തെടുത്ത വിഭവശേഷിയും വ്യവസായവിപ്ലവം സൃഷ്‌ടിച്ച ഉല്‍പാദനക്ഷമതയും ചേര്‍ന്ന് ബ്രിട്ടന്‍ സൃഷ്‌ടിച്ച സമ്പത്തിനെക്കുറിച്ച് റസ്‌കിന്‍ എഴുതി എല്ലാ സമ്പത്തിന്റെയും ഉപഭോഗം ആത്യന്തികമായി ഉല്‍പ്പാദിക്കേണ്ടത് നന്നായി പ്രാണവായു ശ്വസിക്കുന്ന, തിളങ്ങുന്ന കണ്ണുകളുള്ള സന്തുഷ്‌ട ഹൃദയമുള്ള മനുഷ്യജീവികളെയാണ്.
-
No comments:
Post a Comment