Pages

Monday, August 31, 2015

MM KALBURGI ( എം എം കലബുര്‍ഗി വചന സാഹിത്യത്തെ നെഞ്ചോടു ചേര്‍ത്ത മനുഷ്യസ്നേഹി)

എം എം കലബുര്‍ഗി വചന സാഹിത്യത്തെ നെഞ്ചോടു ചേര്ത്ത മനുഷ്യസ്നേഹി

വചന സാഹിത്യത്തെ നെഞ്ചോടു ചേര്‍ത്ത  മനുഷ്യസ്നേഹികന്നഡ ഭാഷയിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും പുരോഗമന സാംസ്കാരിക പ്രവര്‍ത്തകനും ചിന്തകനുമായിരുന്ന എം എം കലബുര്‍ഗി ഇനി ഓര്‍മ്മ മാത്രം. ഹംപി കന്നഡ യൂണിവേഴ്സിറ്റി വൈസ്ചാന്‍സലറായി സേവനമനുഷ്ഠിച്ച അദ്ദേഹം വചന സാഹിത്യത്തെ നെഞ്ചോട് ചേര്‍ത്ത മനഷ്യ സ്നേഹിയായിരുന്നു. സമൂഹത്തിന്റെ പുനരുദ്ധാരണത്തിന് ആ സാഹിത്യത്തിലെ തത്വദര്‍ശനങ്ങള്‍ ഫലപ്രദമാണെന്ന് തിരിച്ചറിഞ്ഞ കര്‍ണാടക സര്‍ക്കാര്‍ അത് ഇന്ത്യന്‍ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താനുള്ള ചുമതല അദ്ദേഹത്തെയാണ് ഏല്‍പ്പിച്ചത്. മലയാളത്തില്‍ കലബുര്‍ഗി തെരഞ്ഞെടുത്ത രണ്ടായിരത്തിയഞ്ഞൂറ് വചനങ്ങള്‍ ഞങ്ങള്‍ പരിഭാഷപ്പെടുത്തുകയുണ്ടായി.
തിരുവനന്തപുരത്ത് മൂന്ന് ദിവസം ഒന്നിച്ച് കഴിഞ്ഞതിന്റെ ഓര്‍മ പച്ചപിടിച്ച് കിടപ്പുണ്ട്. കായകവേ കൈലാസം എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിത ദര്‍ശനം. അധ്വാനത്തിലാണ് ഈശ്വരന്‍ കുടികൊള്ളുന്നതെന്ന് പറയുമായിരുന്നു. വൈസ്ചാന്‍സലര്‍ പദവിയില്‍നിന്നും വിരമിച്ച ശേഷം കന്നഡ ഭാഷയെയും പ്രാചീന കാവ്യങ്ങളെയും പരിപോഷിപ്പിക്കുന്ന ശ്രമത്തിലായുരുന്നു. പാണ്ഡിത്യ ഗരിമ ഒട്ടും കാട്ടാതെയാണ് ഇടപഴുകിയത്. എഴുത്തിലും ചിന്തയിലും ഇടതുപക്ഷ ബോധം പുലര്‍ത്തിയ അദ്ദേഹത്തിനെതിരെ ജാതിവാദികള്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. ബസവേശ്വരനെ കുറിച്ചുള്ള ചില അപ്രിയസത്യങ്ങളാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
വിഗ്രഹാരാധനയെ ചോദ്യംചെയ്താണ്് അതിനെ നേരിട്ടതും. മനഷ്യന്റെ ആന്തരികവും ബാഹ്യവുമായ ജീവിതങ്ങള്‍ തമ്മില്‍ പൊരുത്തപ്പെടണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യന് വേണ്ടത് രണ്ടേ രണ്ട് കാര്യങ്ങളാണെന്ന് പറയുമായിരുന്നു. ഹംബളിയും കമ്പളിയും. അതായത് ലഘു ഭക്ഷണവും നാണം മറയ്ക്കാനുള്ള തുണ്ട് തുണിയും. ആവശ്യങ്ങള്‍ ലഘൂകരിച്ച് പൊതുസമൂഹത്തോട് സംവദിക്കണം എന്നും കലബുര്‍ഗി സൂചിപ്പിച്ചു. വെള്ളംപോലെ സമ്പാദിച്ചാലും തീര്‍ഥംപോലെ ശ്രദ്ധിച്ച് ചെലവഴിക്കണമെന്നതും അദ്ദേഹത്തിന്റെ ഉപദേശമാണ്. ധൈഷണികമായി നെയ്തെടുത്ത ജീവിതദര്‍ശനം കൊണ്ടും തത്വചിന്താപരമായ ആഴംകൊണ്ടും കന്നഡ ഗവേഷകരുടെ മുന്നണി സ്ഥാനത്തു നിലകൊള്ളും അദ്ദേഹം. ഹംപി യുണിവേഴ്സ്റ്റിയിലെ രണ്ടാമത്തെ വൈസ് ചാന്‍സലറാായിരുന്നു കലബുര്‍ഗി.

നാടന്‍ കലകള്‍ക്ക് മതിയായ പ്രോത്സാഹനം നല്‍കിയതോടോപ്പം മാതൃഭാഷയുടെ നിലനില്‍പ്പിന് വേണ്ടിയും ഒട്ടേറേ കര്‍മപരിപാടികള്‍ ആസൂത്രണംചെയ്തു. ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേക്ക് കുട്ടികളെ അയക്കുന്നതിനെതിരെ എന്നും ശബ്ദിച്ചിരുന്നു. പൊതുവിദ്യാലയങ്ങള്‍ സാഹചര്യം മെച്ചപ്പെടുത്തിയാല്‍ കുട്ടികളെ കന്നഡ സ്കൂളിലയക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകുമെന്നും പറഞ്ഞു. മടിവാള അപ്പയുടെയും ഗുരമ്മയുടെയും ആ മകന്‍ ബസവണ്ണയെപേലെ ചിന്തയിലും പ്രവര്‍ത്തനത്തിലും വിപ്ലവബോധം സൂഷിച്ചു. ജാതി ദുഷ്ടമായ സമൂഹത്തിനെതിരെയാണ് എന്നും പ്രതികരിച്ചത്. എഴുത്തുകാരനെന്നതുപോലെ നല്ല പ്രഭാഷകനുമാണ് കലബുര്‍ഗി. അസാമാന്യ ചാതുരിയോടെയാണ് സമുദായത്തിന്റെ ചെയ്തികളെ വിമര്‍ശിച്ചത്. ഒരുപക്ഷേ അനന്തമൂര്‍ത്തിക്കും മറ്റും നേരിടേണ്ടിവന്ന വെല്ലുവിളികള്‍ അദ്ദേഹത്തിനുമുണ്ടായി. എഴുപത്തിയേഴ് വര്‍ഷത്തെ ജീവിതത്തിനിടയില്‍ ആത്മാര്‍ഥതയും സമര്‍പ്പണവുംകൊണ്ട് ശ്രമിച്ചത് മനഷ്യപ്പറ്റുള്ള സാമൂഹ്യജീവിതം തിരിച്ചുപിടിക്കാനാണ്. കാരുണ്യമില്ലാത്ത മതം എന്ത് മതം എന്ന് ഒരു വചനത്തില്‍ പറയുന്നു. അദ്ദേഹത്തിന്റെ ആകസ്മിക മരണത്തിലും ഇതാണ് ആവര്‍ത്തിക്കാനുള്ളത്. കാരുണ്യരഹിതമായ മതവിശ്വാസംകൊണ്ടെന്തു കാര്യം
Prof. John Kurakar

No comments: