Pages

Monday, August 31, 2015

മധുരപാനീയങ്ങളിൽ മധുരമില്ല പക്ഷെ മരണമുണ്ട്‌!

മധുരപാനീയങ്ങളിൽ മധുരമില്ല
 പക്ഷെ മരണമുണ്ട്!
വലിയശാല രാജു

ഇന്ന്‌ മധുരപാനീയങ്ങൾ കുട്ടികളുടെ ഏറ്റവും ഇഷ്ട ഭക്ഷണപദാർഥമാണ്‌. മുതിർന്നവരും ഒട്ടും പിറകിലില്ല. മധുര പാനീയത്തിലെ മധുരം, മണം, കളർ ഇവയൊക്കെയാണ്‌ കുട്ടികളെ ആകർഷിക്കുന്നത്‌. കൃത്രിമ രാസപദാർഥങ്ങൾകൊണ്ടാണ്‌ ഈ പാനീയങ്ങൾ നിർമ്മിക്കപ്പെടുന്നത്‌. പലതും വിഷങ്ങളാണ്‌. പലതരം പഴച്ചാറുകൾ എന്നെല്ലാം ലേബലിൽ പറയുമെങ്കിലും വിവിധ കെമിക്കലുകൾ ചേർത്ത്‌ അത്തരം രുചികൾ നിർമ്മിക്കാവുന്നതാണ്‌. ഉദാഹരണത്തിന്‌ മീഥൈൽ ബ്യൂട്ടിറേറ്റ്‌ എന്ന രാസവസ്തുവിന്‌ പൈനാപ്പിളിന്റെ മണവും രുചിയും നൽകാൻ കഴിയും. സിട്രോൾ ചെറു നാരങ്ങയുടെയും അമെയിൽ അസറ്റേറ്റ്‌ വാഴപ്പഴത്തിന്റെയും മീഥൈൽ ആന്ത്രാനിലേറ്റിന്‌ മുന്തിരിയുടെയും രുചി പ്രദാനം ചെയ്യാൻ കഴിയും. പാനീയങ്ങൾ ചീത്തയാവാതെ ഇരിക്കുന്നതിന്‌ വേറെയും രാസപദാർഥങ്ങൾ ചേർക്കാറുണ്ട്‌. ഇവയെ പ്രിസർവേറ്റീവുകൾ എന്നുപറയും. സോഡിയം സൾഫേറ്റ്‌, സോഡിയം മെറ്റാ ബൈ സൾഫേറ്റ്‌, പൊട്ടാസ്യം മെറ്റാ ബൈ സൾഫേറ്റ്‌ പൊട്ടാസ്യം സൾഫേറ്റ്‌ എന്നിവയൊക്കെയാണ്‌ സാധാരണ ചീത്തയാവാതിരിക്കാനായി ചേർക്കുന്നത്‌. മധുരത്തിന്‌ പഞ്ചസാരയെക്കാൾ നൂറിരട്ടി മധുരമുള്ള സാക്കറിൻപോലെയുള്ള പദാർഥങ്ങളാണ്‌ ഉപയോഗിക്കുന്നത്‌. പഞ്ചസാരയെക്കാൾ ആയിരം ഇരട്ടി മധുരമുള്ള പദാർഥങ്ങളുമുണ്ട്‌. പലതും ശരീരത്തിലെത്തിയാൽ മാരകമായ തകരാറുകൾ ഉണ്ടാക്കുന്നവയാണ്‌.
              മധുരപാനീയങ്ങൾ മനുഷ്യശരീരത്തിൽ കേട്‌ വരുത്താത്ത ഒരു അവയവവുമില്ല. തലച്ചോറ്‌, ഹൃദയം, കരൾ, ത്വക്ക്‌, കണ്ണുകൾ, നഖം, മുടി, പല്ല്‌ ഈ ലിസ്റ്റ്‌ നീണ്ടുപോകും. മധുരപാനീയങ്ങൾ കേടുവരുത്താത്ത മനുഷ്യശരീരത്തിന്റെ ഭാഗമേത്‌ എന്ന്‌ ചോദിക്കുന്നതായിരിക്കും ഭംഗി.
അമേരിക്കയിലെ ടഫ്സ്‌ സർവകലാശാലയിൽ ഇന്ത്യൻ വംശജ ഗീതാഞ്ജലി സിങ്ങിന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണമാണ്‌ പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്‌. നമ്മെ ഞെട്ടിക്കുന്നതാണ്‌ പലതും. മധുരപാനീയങ്ങളുടെ നിരന്തരോപയോഗം മൂലം പ്രതിവർഷം രണ്ടുലക്ഷം പേർ ലോകത്ത്‌ മരണപ്പെടുന്നതായി ഗവേഷണം പറയുന്നു. മെക്സിക്കോയിലാണ്‌ ഏറ്റവും കൂടുതൽ പേർ മരിക്കുന്നത്‌. അമേരിക്ക രണ്ടാം സ്ഥാനത്തുണ്ട്‌. കുട്ടികളെയും യുവാക്കളെയുമാണ്‌ ഇത്‌ വ്യാപകമായി ബാധിക്കുന്നത്‌. ദരിദ്രരാജ്യങ്ങളിൽ മധുരപാനീയങ്ങളുടെ ഉപയോഗം വളരെ കൂടുതലാണ്‌. സമ്പന്നരാജ്യങ്ങൾ ഇതുമൂലമുള്ള മരണനിരക്ക്‌ ഓരോ വർഷവും കുറച്ചുകൊണ്ടുവരുമ്പോൾ തെക്കേ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ വൻകരയിലെ പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾ അതിവേഗം ഇതുമൂലമുള്ള മരണനിരക്ക്‌ ഉയർത്തുകയാണ്‌. 75 ശതമാനമാണ്‌ മധുരപാനീയങ്ങൾ കുടിച്ചുള്ള ഇവിടങ്ങളിലെ മരണനിരക്ക്‌. 45 വയസിന്‌ താഴെയുള്ളവരിലാണ്‌ രോഗങ്ങൾ കണ്ടുവരുന്നത്‌. പെട്ടെന്നുള്ള മരണകാരണം മറ്റുപല രോഗങ്ങൾ മൂലമായിരിക്കുമെന്നതിനാൽ ഒരിക്കലും വില്ലൻ മധുരപാനീയമാണെന്നുള്ള വിവരം പറത്തുവരാറില്ല.
രുചിയുടെ അഞ്ചാം തമ്പുരാൻ
             ലോകമാകെ നിറഞ്ഞ ജങ്ങ്ഫുഡുകളും (ചവറ്‌ ഭക്ഷണം) അതീവ രുചിയുള്ള കോളകളുടെയും അതിവ്യാപനത്തിന്‌ കാരണം അഞ്ചാം രുചിയെന്ന്‌ പറയുന്ന ഒരു പ്രത്യേക രുചിക്കൂട്ടിന്റെ ഉത്ഭവത്തോടെയാണ്‌. ഐക്യരാഷ്ട്രസഭപോലും ഇവ ചേർത്തുള്ള ഭക്ഷണപദാർഥങ്ങളെ അനാരോഗ്യകരമായ ഭക്ഷണത്തിന്റെ പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്‌.
ശരീരശാസ്ത്രപരമായി നമ്മുടെ അടിസ്ഥാന രുചികൾ മധുരം, ഉപ്പ്‌, കയ്പ്പ്‌, പുളി എന്നിവയാണ്‌. ആരോഗ്യം നിലനിർത്താൻ ആവശ്യമായ ആഹാരം കഴിക്കാൻ വേണ്ടിയാണ്‌ നാല്‌ സ്വാദുകൾ നൽകിയിരിക്കുന്നത്‌.
നാല്‌ രുചി കൂടാതെ അഞ്ചാമതായി ഉണ്ടാക്കിയ കൃത്രിമ രുചിയാണ്‌ മോണോ സോഡിയം ഗുട്ടാമേറ്റ്‌ (എംഎസ്ജി). ഇതാണ്‌ അജിനോ മോട്ടോ അഥവാ ജപ്പാൻ ഉപ്പ്‌ എന്ന പേരിൽ അറിയപ്പെടുന്നത്‌. ജപ്പാൻകാരനായ കിക്കുനോ ഇക്കെട എന്ന കെമിസ്റ്റാണ്‌ 1908 ൽ ഇത്‌ കണ്ടുപിടിച്ചത്‌.


             അഞ്ചാമത്തെ രുചി യഥാർഥത്തിൽ ഒരു രുചിയല്ല. രുചിയുടെ അനുഭവം മാത്രമാണ്‌ തരുന്നത്‌. ശരീരശാസ്ത്രപരമായി ഇത്‌ നമ്മുടെ നാവിലെ സ്വാദ്‌ മുകുളങ്ങളെ ഉത്തേജിപ്പിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. പുതിയ രുചിക്കൂട്ട്‌ കാട്ടുതീപോലെയാണ്‌ ലോകമെങ്ങും വ്യാപിച്ചത്‌. ഹോട്ടലുകളും മധുരപാനീയ വ്യവസായങ്ങളും തഴച്ചുവളർന്നു. പക്ഷെ, ലോകജനതയുടെ ആരോഗ്യം തളർന്നുതുടങ്ങി. ഇത്‌ കണ്ടെത്താൻ അരനൂറ്റാണ്ട്‌ വേണ്ടിവന്നു. 1960 ൽ ഡോക്ടർ ഓൽവി സോഡിയം മോണോ ഗുട്ടാമേറ്റ്‌ (അജിനോമോട്ടോ) മനുഷ്യശരീരത്തിലുണ്ടാക്കുന്ന ഗുരുതരമായ അപകടങ്ങളെ പുറത്തുകൊണ്ടുവരുംവരെ ഇതാരും അറിഞ്ഞില്ല.
ലോകത്ത്‌ മിക്കരാജ്യങ്ങളിലും മോണോ സോഡിയം ഗുട്ടാമേറ്റ്‌ എന്ന ജപ്പാൻ ഉപ്പ്‌ നിരോധിത പട്ടികയിലാണ്‌. പലപ്പോഴും നമ്മുടെ വീടുകളിൽ കുട്ടികൾ ഭക്ഷണത്തിന്‌ മുന്നിലിരുന്ന്‌ ‘ഇതിന്‌ ഹോട്ടൽ ഭക്ഷണം പോലെ രുചിയില്ല’ എന്ന്‌ പറയുന്നത്‌ കേട്ടിട്ടില്ലേ! ഹോട്ടൽ ഭക്ഷണങ്ങളിലെ അജിനോമോട്ടോ ആണ്‌ അതിന്‌ കാരണം. രുചിച്ച്‌ കഴിക്കാം അതോടൊപ്പം അതിവേഗം മരണത്തെയും പുൽകാം.

           2003 ൽ പുലിറ്റ്സർ സമ്മാന ജേതാവ്‌ മൈക്കിൾ മോസ്‌ വിവാദപരമായ ഒരു കണ്ടെത്തൽ നടത്തി. അത്‌ ന്യൂയോർക്ക്‌ ടൈംസിൽ അദ്ദേഹം വിശദമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഭക്ഷണങ്ങളിലെ മധുരം, ഉപ്പ്‌, കൊഴുപ്പ്‌ എന്നിവ ചേർക്കുമ്പോൾ അത്‌ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു രുചിക്കൂട്ടായി മാറുമെന്നും ഇത്‌ സ്ഥിരമായി കഴിക്കുന്നവർക്ക്‌ കൊക്കൊയ്ൻ പോലുള്ള മയക്കുമരുന്നുകൾ കഴിക്കുന്ന അവസ്ഥയിലുള്ള ഒരു ഉന്മാദം സൃഷ്ടിക്കപ്പെടുമെന്നും അവർ ഇത്തരം രുചികൾക്ക്‌ അടിമപ്പെടുമെന്നുമാണ്‌ മൈക്കിൾ മോസിന്റെ വിലയിരുത്തൽ.നമ്മുടെ മിക്ക ഭക്ഷണങ്ങളിലും ഈ മൂന്നിനം ചേരുവകൾ പ്രവർത്തിക്കുന്നുണ്ട്‌. അതുകൊണ്ടാണ്‌ അത്തരം ഭക്ഷണങ്ങൾ വീണ്ടും കഴിക്കാനുള്ള ആസക്തി നമ്മിലുണ്ടാക്കുന്നത്‌. അജിനോമോട്ടോ ചേർത്ത ഭക്ഷണം കഴിക്കുന്നതുപോലെതന്നെ ഈ മൂന്നിനം ചേരുവയും മനുഷ്യശരീരത്തിൽ ഭയാനകമായ അപകടം ക്ഷണിച്ചുവരുത്തുമെന്നുള്ള പുലിറ്റ്സർ സമ്മാന ജേതാവിന്റെ വെളിപ്പെടുത്തൽ പിൽക്കാലത്ത്‌ ശരിയാണെന്ന്‌ തെളിയിക്കപ്പെട്ടു
.
Prof. John Kurakar

No comments: