Pages

Monday, August 24, 2015

ഓണത്തിനുചമ്പക്കുളത്തിന്റെ ജൈവ പയർ തയ്യാർ

ഓണത്തിനുചമ്പക്കുളത്തിന്റെ
 ജൈവ പയർ തയ്യാർ
ഓണത്തിന് സദ്യവട്ടം ഒരുക്കാനുള്ള പച്ചക്കറി ഇനങ്ങളിൽ ചമ്പക്കുളം പയറിന് പ്രിയമേറുന്നു. ക‍ഞ്ഞിക്കുഴി പയറാണെന്നു തോന്നിക്കുന്ന നീളവും വണ്ണവും ഉള്ളതാണു ചമ്പക്കുളം പയറ്.ഇവിടെ വടക്കേ അമിച്ചകരി, കണ്ടങ്കരി, തെക്കേക്കര പ്രദേശങ്ങളിലെ ഇരുന്നൂറോളം നെൽകർഷകരാണു പയർ കൃഷിചെയ്യുന്നത്. ഓണം ലക്ഷ്യമിട്ട് ഇവിടെനിന്ന് അടുത്ത അഞ്ച് ദിവത്തിനുള്ളിൽ 300 ക്വിന്റൽ പയറ് വിപണിയിലെത്തും. രണ്ടാഴ്ചകൊണ്ട് 600–700 ക്വിന്റൽ പയറ് ആണു വിപണിയിലെത്തിച്ചത്.നെൽകൃഷി ചെയ്യുമ്പോൾ പുറംബണ്ടിലും പാട വരമ്പത്തും പയറോ പാവലോ പടവലമോ വെള്ളരിയോ കൃഷി ചെയ്യാമെങ്കിലും കുട്ടനാടൻ കർഷകർ അതിനു മെനക്കെടാറില്ല. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ചില കർഷകർ കൃഷി ചെയ്യുന്നുണ്ടെങ്കിലും പുറംബണ്ടും പാടവരമ്പും പൂർണമായി എല്ലാ കർഷകരും പ്രയോജനപ്പെടുത്താറില്ല.
ഓരോ കർഷകനും സ്വന്തം ഭൂമിയിൽ നെൽകൃഷി ചെയ്ത ശേഷമുള്ള ഭാഗം തരിശിടുകയാണ് പതിവ്. പക്ഷേ ചമ്പക്കുളം പഞ്ചായത്തിൽപ്പെട്ട കൊക്കണം, അഞ്ഞൂറ്റും, പടച്ചാൽ, എഴുകാട്, അറുന്നൂറ്, വളയം പാടശേഖരങ്ങളുടെ പുറംബണ്ടും വരമ്പും പയറിന്റെ വിളഭൂമിയാക്കി കർഷകർ പുതിയ കാർഷിക വിപ്ലവം നടപ്പാക്കിയിരിക്കുകയാണ്.വടക്കേ അമിച്ചകരി പുനയാർ വീട്ടിൽ പരേതനായ ജോസഫ് ജോസഫ് ദീർഘകാലം പച്ചക്കറി കൃഷി നടത്തി. അദേഹവും മറ്റ് ചില സുഹൃത്തുക്കളുമാണ് കൊക്കണം പാടത്തിന്റെ പുറംബണ്ടിൽ പയറു കൃഷിക്കു തുടക്കമിട്ടത്. ഇപ്പോൾ ജോസഫ് ജോസഫിന്റെ മകൻ ഷാജി ഉൾപ്പെടെ 64 കർഷകർ കൊക്കണം പാടത്തിന്റെ പുറംബണ്ടിലും വരമ്പത്തുമായി പയറ് കൃഷി ചെയ്യുന്നു. കൃഷിപ്പണിയും സംരക്ഷണവുമെല്ലാം കർഷകർ തന്നെ ചെയ്യുന്നതിനാൽ കൃഷി നഷ്ടത്തിലല്ലെന്നു കോതോലിത്തറ വീട്ടിൽ രാജപ്പൻ (53) പറയുന്നു.
ഭൂമി കിളച്ച് തടം പിടിച്ച് നീറ്റുകക്ക ഇടുന്നതാണ് ആദ്യത്തെ ജോലി. മണ്ണിലെ അമ്ലപ്രശ്നം പരിഹരിക്കാനാണിത്. അതോടൊപ്പം പയറ് വളർന്ന് കയറാനുള്ള പന്തലിടും. 100 ചുവട് പയറ് പടർത്താൻ‌ 50 കിലോ കമ്പി വേണം. വലിച്ച് കെട്ടാനുള്ള മുളയും വലയും കരുതണം. വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും ചേർത്തു വിത്ത് പാകും.ഓരോ കൃഷി കഴിയുമ്പോഴും അടുത്ത കൃഷിക്കുള്ള വിത്ത് സംഭരിച്ചുവെയ്ക്കുകയാണ് പതിവ്. ജൈവവളവും കോഴിവളവും എല്ലുപൊടിയും ചാണകവും സമയാസമയങ്ങളിൽ ഇട്ടുകൊടുക്കും. ഒരു ചാക്ക് ചാണകത്തിന് 140 രൂപ പ്രകാരം തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ചെടി വളർന്ന് 60 ദിവസം കഴിയുമ്പോൾ മുതൽ പയറ് പറിച്ചുതുടങ്ങും. പയറ് 5–6 കിലോ വീതമുള്ള കെട്ടുകളാക്കണം. ചെടിക്ക് 120 ദിവസം പ്രായമാകുന്നതുവരെ ഒന്നിട വിട്ടുള്ള ദിവസങ്ങളിൽ വിളവെടുക്കാം. ഓരോ പതിനഞ്ചാം ദിവസവും വളപ്രയോഗവും നടത്തണം.

എന്നാൽ കൃഷിയുടെ സംരക്ഷണത്തിനും വളർച്ചയ്ക്കുംവേണ്ടി പഞ്ചായത്തോ കൃഷിഭവനോ സഹായിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രമോഷനൽ കൗൺസിലിന്റെ നേതൃത്വത്തിൽ കർഷകർ ചേർ‌ന്ന് സംഘടിപ്പിച്ച രാമങ്കരി വിപണിയിലാണ് പയർ കൊടുക്കുന്നത്. വിപണിയിൽ 30 രൂപ പ്രകാരമായിരുന്നു ഇന്നലെ പയർ കൊടുത്തത്.
Prof. John Kurakar

No comments: