Pages

Monday, July 6, 2015

JULY-6 - WORLD ZOONOSES DAY

JULY-6

WORLD ZOONOSES DAY

ഭയപ്പെടുത്തുന്ന തെരുവുകള്

World Zoonoses Day is observed on July 6 every year to emphasize and bring the problem awareness amongst people, and teach them to take right action.Approximately 150 zoonotic diseases are known to exist. Wildlife serves as a reservoir for many diseases common to domestic animals and humans. Persons working with wildlife should be alert to the potential for disease transmission from animals. Neither animal handlers nor the general public have reason to be alarmed or frightened but everyone should respect the potential for disease transmission and use sound preventive measures. Generally, disease can be easily prevented than treated. Nowadays, there is effective prevention through advance measures in medical science and vaccination.ഇന്ന് ലോക ജന്തുജന്യരോഗദിനം. പേവിഷത്തിനെതിരെ ലൂയിപാസ്ചര്‍ കണ്ടുപിടിച്ച പുതിയ വാക്സിന്‍ 1885 ജൂലൈ ആറിനാണ് ജോസഫ് മീസ്റ്റര്‍ എന്ന ബാലനില്‍ പരീക്ഷിച്ച് വിജയം കണ്ടത്. ഈ ദിനം ജന്തുജന്യരോഗദിനമായി കണക്കാക്കുന്നു.മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്കു പകരുന്ന രോഗങ്ങളാണ് (തിരിച്ചും) ജന്തുജന്യരോഗങ്ങള്‍ അഥവാ സൂണോസിസ്. നമ്മുടെ സംസ്ഥാനം വിവിധതരം ജന്തുജന്യരോഗഭീഷണിയിലാണ്. എലിപ്പനി, പന്നിപ്പനി (എച്ച്1എന്‍1), പക്ഷിപ്പനി (എച്ച്5എന്‍1), കുരങ്ങുപനി (ക്യാസന്നൂര്‍ ഫോറസ്റ്റ് ഡിസീസ്), അപൂര്‍വരോഗമായ കറുത്തപനി (കലാ അസാര്‍), പേവിഷബാധ (റാബീസ്) തുടങ്ങിയ രോഗങ്ങളൊക്കെ വാര്‍ത്തകളില്‍ നിറയുമ്പോള്‍ ജനം ആശങ്കയിലാണ്. എബോളരോഗം, ആന്ത്രാക്സ്, ഭ്രാന്തിപ്പശുരോഗം, ബ്രൂസല്ലോസിസ്, ക്ഷയം, സിസ്റ്റിസര്‍ക്കോസിസ്, നാടവിരബാധ, ഭക്ഷ്യവിഷബാധ (സാള്‍മൊണെല്ല) തുടങ്ങി മുന്നൂറിലധികം ജന്തുജന്യരോഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
എന്നാല്‍, ജന്തുജന്യരോഗങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം ഓര്‍മയിലെത്തുന്നത് പേവിഷബാധയാണ്. ലോകജന്തുജന്യരോഗത്തിന് തുടക്കംകുറിച്ചതും ഇതുതന്നെ. പ്രകടമായ രോഗലക്ഷണങ്ങള്‍ കാണിച്ചുകഴിഞ്ഞാല്‍ ഒരാളെയും രക്ഷിക്കാന്‍ ഒരു വൈദ്യശാസ്ത്രത്തിനുമാകില്ല. (ചില അപവാദങ്ങള്‍ വിസ്മരിക്കുന്നില്ല). ലോകത്ത് ഓരോ പത്തു മിനിറ്റിലും ഒരാള്‍വീതം പേവിഷബാധയേറ്റു മരിക്കുന്നു. വര്‍ഷം 55,000 പേവിഷബാധാമരണം. ഇന്ത്യയില്‍ മരണം 25,000നും 30,000നുമിടയില്‍. ഇതിലധികവും 15 വയസ്സിനുതാഴെയുള്ളവര്‍ (30-60 ശതമാനം). ഇന്ത്യയില്‍ ഓരോ രണ്ടു സെക്കന്‍ഡിലും ഒരു നായകടി. നൂറ്റമ്പതിലധികം രാജ്യങ്ങളില്‍ പേവിഷബാധ നിലനില്‍ക്കുന്നു. 15 കോടിയിലധികം ആളുകള്‍ വര്‍ഷംതോറും പേവിഷ ചികിത്സ തേടുന്നു. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല.
സംസ്ഥാനത്ത് 95 ശതമാനവും പേവിഷപ്പകര്‍ച്ച നായകടിയിലൂടെയാണ്; തൊട്ടടുത്ത് പൂച്ചയുണ്ട്. (കുറുക്കന്‍, കീരി, പെരുച്ചാഴി, കുരങ്ങ് എന്നിവയുടെ കടിയും അപകടം തന്നെ. എന്നാല്‍, അണ്ണാന്‍, നാട്ടെലി, ചുണ്ടെലി, ഗിനിപ്പന്നി, മുയല്‍ എന്നിവ കടിച്ചാല്‍ പേവിഷ ചികിത്സ ആവശ്യമില്ല.) ഒടുവിലത്തെ സെന്‍സസ് പ്രകാരം സംസ്ഥാനത്തെ നായകളുടെ എണ്ണം 9,23,359 ആണ്. തെരുവുനായകള്‍ 2,68,994. തെരുവുനായകള്‍ ഏറ്റവുംകൂടുതല്‍ കൊല്ലം (49,582), തൃശൂര്‍ (32,833), തിരുവനന്തപുരം (31,749), പാലക്കാട് (26,772) ജില്ലകളിലാണ്- ഇത് സര്‍ക്കാര്‍ കണക്ക്. യാഥാര്‍ഥ്യം ഏറെ ഭീദിതമായിരിക്കും. നായകളുടെ വംശവര്‍ധന ആശങ്കയുളവാക്കുന്നതാണ്. ഒരു ആണ്‍പട്ടിയും പെണ്‍പട്ടിയും ഇണചേര്‍ന്നുണ്ടാകുന്ന സന്തതികളും അവയുടെ പരമ്പരകളും ചേര്‍ന്ന് ആറുവര്‍ഷം കൊണ്ട് 66,088 ആയി പെരുകുന്നു.
തെരുവുനായകള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരമായിട്ടില്ല. വളര്‍ത്തുനായ ഉള്‍പ്പെടെയുള്ള നായകളെ (70 ശതമാനമെങ്കിലും) ചുരുങ്ങിയ സമയപരിധിക്കുള്ളില്‍ പ്രതിരോധകുത്തിവയ്പിനു വിധേയമാക്കണം (1980-90 കാലഘട്ടങ്ങളില്‍ മൃഗസംരക്ഷണവകുപ്പ് ക്യാമ്പുകള്‍ സംഘടിപ്പിച്ച് പ്രതിരോധകുത്തിവയ്പ് നടത്തിയിരുന്നു. ഇന്ത്യയില്‍ ആദ്യമായി ഹ്യൂമന്‍ ഡിപ്ലോഡ് സെല്‍ വാക്സിന്‍ പ്രതിരോധത്തിനായി കുത്തിവയ്ച്ചത് കേരളത്തിലെ വെറ്ററിനറി ഡോക്ടര്‍മാര്‍ക്കായിരുന്നു). മൃഗസംരക്ഷണം സംബന്ധിച്ച പുതിയ ചട്ടമനുസരിച്ച് തെരുവുനായകളെ പിടികൂടി കൊല്ലാനാകില്ല. പകരം നിര്‍ദേശിക്കുന്ന അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം അപര്യാപ്തവും അപ്രായോഗികവുമാണ്. സാമൂഹ്യക്ഷേമ സഹമന്ത്രിയായിരിക്കെ മനേകാഗാന്ധി നല്‍കിയ നിര്‍ദേശമാണ് പട്ടി പിടിത്തത്തെ തടഞ്ഞതും തെരുവുനായകള്‍ക്ക് സര്‍വസ്വാതന്ത്ര്യം അനുവദിച്ചതും. മനുഷ്യനോ തെരുവുനായക്കോ ആര്‍ക്കാണ് സംരക്ഷണം വേണ്ടതെന്ന പ്രശ്നം ഇപ്പോഴും കോടതിയെ അലട്ടുകയാണ്. ദന്തഗോപുരങ്ങളിലിരുന്ന് നിര്‍ദേശം പുറപ്പെടുവിച്ചവര്‍ക്കും അതു ശിരസ്സാവഹിക്കുന്ന ഭരണാധികാരികള്‍ക്കും തെരുവുനായയെ ഭയക്കേണ്ട. ജീവിക്കാനായി തെരുവിലിറങ്ങുന്നവരും സ്കൂള്‍ കുട്ടികളുമെല്ലാം തെരുവുനായകളുടെ ഭീഷണിയിലാണ്. തെരുവുനായകളുടെ വന്ധ്യംകരണം ചെലവേറിയതും അപ്രായോഗികവുമാണ്. തെരുവുനായകളെ പിടിച്ച് (അതിനും പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളുണ്ട്.) വിരയിളക്കി വന്ധ്യംകരിച്ച്, മുറിവുണക്കി, പ്രതിരോധകുത്തിവയ്പു നല്‍കി, അടയാളമിട്ട് തിരിച്ച് പിടിച്ചസ്ഥലത്തുതന്നെ തുറന്നുവിടുന്നതാണ് എബിസി പരിപാടി. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും, തിരിച്ചെത്തുമ്പോള്‍ തങ്ങളുടെ പഴയതാവളം കൈയടക്കിയ ശുനകന്മാരുടെ ആക്രമണങ്ങളും വലിയ കടിപിടിയിലാണ് അവസാനിക്കുക. പരിമിതമായ തോതിലേ ഇത്തരം ശസ്ത്രക്രിയ ചെയ്യാന്‍ കഴിയൂ; ചെലവുമേറും.പേപ്പട്ടികളെ കണ്ടെത്തി കൊല്ലാന്‍ നിലവില്‍ വകുപ്പുള്ള കാര്യം അടുത്തിടെ മനുഷ്യാവകാശ കമീഷന്‍ ചൂണ്ടിക്കാട്ടി. ഇതും അപ്രായോഗികമല്ലേ? പൂച്ചയ്ക്കാരു മണികെട്ടും? സംശയാതീതമായി പേവിഷബാധയാണെന്ന് രണ്ടില്‍ കുറയാത്ത വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘം സ്ഥിരീകരിച്ചാലേ ദയാവധംപോലും സാധ്യമാകൂ. അല്ലെങ്കില്‍ തെരുവുനായകള്‍ക്ക് താവളമുണ്ടാക്കി ഡോക്ടര്‍മാരും മറ്റു ജീവനക്കാരും കാവല്‍നില്‍ക്കണം. ഇതൊക്കെ പ്രായോഗികമാണോ? ഇനി അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാമില്‍ വന്ധ്യംകരിച്ച നായ കടിക്കില്ലെന്നു പറയാനാകുമോ? പ്രതിരോധകുത്തിവയ്പ് എടുത്തിട്ടുണ്ടെന്നുപറഞ്ഞ് ഇവയുടെ കടിയേറ്റാല്‍ മനുഷ്യന് കുത്തിവയ്പ് എടുക്കാതിരിക്കാനാകില്ല. മൂന്നുവര്‍ഷം തുടര്‍ച്ചയായി ഗുണമേന്മയുള്ള വാക്സിന്‍ ഉപയോഗിച്ചു കുത്തിവയ്പ് എടുത്ത നായയെ മാത്രമേ "പ്രൊട്ടക്ടഡ്' ആയി കണക്കാക്കാനാകൂ എന്ന് ലോകാരോഗ്യസംഘടന പറയുന്നു. ഇത് വീട്ടില്‍ വളര്‍ത്തുന്ന നായകള്‍ക്കും ബാധകമാണ്. ശരിയായ സംരക്ഷണവും പ്രതിരോധകുത്തിവയ്പും കൊടുത്തുവളര്‍ത്തുന്ന നായകളെ 10 ദിവസം നിരീക്ഷിക്കാം.
ഇതിനുള്ളില്‍ നായ ചത്തില്ലെങ്കില്‍ കുത്തിവയ്പ് വേണ്ട.അലംഭാവം കാട്ടാതെ അല്‍പ്പമൊന്നു ശ്രദ്ധിച്ചാല്‍ പ്രതിരോധചികിത്സയിലൂടെ പൂര്‍ണമായും ഭേദമാക്കാവുന്ന ജന്തുജന്യരോഗമാണ് റാബീസ്. പക്ഷേ, ഇതേക്കുറിച്ചുള്ള അജ്ഞതയും അന്ധവിശ്വാസങ്ങളുമാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്. നായ കടിയേറ്റ ഭാഗം പച്ചവെള്ളത്തില്‍ സോപ്പ് ഉപയോഗിച്ച് 15 മിനിറ്റെങ്കിലും കഴുകി വെടിപ്പാക്കി അല്‍പ്പം പൊവിഡോണ്‍ അയഡിന്‍ ലായനി (ബീറ്റാഡിന്‍) പുരട്ടി അടുത്തുള്ള ആശുപത്രിയിലെത്തി കുത്തിവയ്പ് എടുപ്പിക്കുക. ഇപ്പോള്‍ റിയാക്ഷന്‍ കുറഞ്ഞ ആധുനിക ടിഷ്യു കള്‍ച്ചര്‍ വാക്സിനുകളാണ് ഉപയോഗിക്കുന്നത്. കടിയുടെ തീവ്രതയനുസരിച്ച് ചിലപ്പോള്‍ ഇമ്യൂണോ ഗ്ലാബുലിന്‍ കൂടി കുത്തിവയ്ക്കുന്നു. 2009മുതല്‍ മേല്‍ചര്‍മത്തിനു കീഴെ കുത്തിവയ്ക്കുന്ന ഐഡിആര്‍വി രീതി നമ്മുടെ സംസ്ഥാനത്തും നിലവില്‍വന്നു. സാമ്പത്തികമെച്ചം, കാര്യക്ഷമത, അനായാസം, പെട്ടെന്നു പ്രതിരോധശേഷി, നൈതികം എന്നിവ ഈ രീതിയെ സ്വീകാര്യമാക്കി. 2009ല്‍ അന്നത്തെ ആരോഗ്യമന്ത്രി പി കെ ശ്രീമതി പദ്ധതി ഉദ്ഘാടനംചെയ്യുമ്പോള്‍ സ്വപ്നംകണ്ടത് 2015ല്‍ പേ വിമുക്തമായ കേരളത്തെയായിരുന്നു. ഒട്ടേറെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കും പരിശീലനപരിപാടികള്‍ക്കുംശേഷമാണ് പുതിയ രീതി ജനങ്ങള്‍ക്ക് സ്വീകാര്യമായത്. വാക്സിന്റെ ചെലവ് നാലിലൊന്നായി ചുരുങ്ങി.
പേ വിമുക്തമായ കേരളമെന്ന സ്വപ്നത്തിന് പരിമിതികളും കടമ്പകളും ഏറെയാണ്. രണ്ടേമുക്കാല്‍ ലക്ഷത്തിനടുത്തുവരുന്ന തെരുവുനായകള്‍ പ്രധാന പ്രശ്നംതന്നെ. എല്ലാ തെരുവുനായകളും പേപ്പട്ടികളല്ല എന്നതു വസ്തുതയാണെങ്കിലും നായ കടിച്ചാല്‍ കുത്തിവയ്പ് എടുക്കണമെന്നതില്‍ തര്‍ക്കമില്ല. പേവിഷമരണം തടയുന്നതിന് ഉദ്ദേശിച്ച് 2008ല്‍ എട്ട് ഇന്ത്യന്‍ നഗരത്തില്‍ ഉണ്ടാക്കിയതുപോലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ സ്ഥാപനം സംസ്ഥാനത്ത് സ്ഥാപിക്കുക. പേവിഷബാധയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിങ്, സര്‍വയലന്‍സ്, ഡാറ്റ എന്നിവ കുറ്റമറ്റതാക്കുക. ശക്തമായ ബോധവല്‍ക്കരണപരിപാടികള്‍ നടപ്പാക്കുക. പൊതുജനാരോഗ്യം, മൃഗസംരക്ഷണം, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവ ഇതിനു മുന്‍കൈയെടുക്കണം. സ്കൂള്‍ പാഠ്യപദ്ധതിയില്‍ പേവിഷനിര്‍മാര്‍ജനവും പേവിഷപരിചരണവും ഉള്‍പ്പെടുത്തണം.
തെരുവുനായകളില്‍നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിനും തദ്ദേശസ്ഥാപനങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്. അതിന് പേവിഷനിയന്ത്രണം ജനകീയ സംരംഭമാകണം. വീട്ടില്‍ വളര്‍ത്തുന്ന നായകള്‍ക്കുള്ള നിര്‍ബന്ധ ലൈസന്‍സിങ് കര്‍ക്കശമാക്കണം. ചുറ്റുവേലിയോ മതില്‍ക്കെട്ടോ ഇല്ലാത്ത വീടുകളില്‍ നായയെ കെട്ടിയിട്ടുവളര്‍ത്തണം. സമയാസമയം നായക്ക് പ്രതിരോധകുത്തിവയ്പ് നല്‍കി സംരക്ഷിക്കണം. പ്രതിരോധകുത്തിവയ്പ് എടുത്തതിനുള്ള സര്‍ട്ടിഫിക്കറ്റ് വീട്ടില്‍ സൂക്ഷിക്കണം. വെറ്ററിനറി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ മൃഗങ്ങളുമായി അടുത്തിടപഴകുന്നവര്‍, ഇറച്ചിവെട്ടുകാര്‍ എന്നിവര്‍ നിര്‍ബന്ധമായും പ്രതിരോധകുത്തിവയ്പ് എടുക്കണം. നായകളുടെ സംഖ്യ അധികരിച്ച സംസ്ഥാനമെന്നനിലയില്‍ പേവിഷബാധ വരാതിരിക്കാന്‍ എല്ലാവരും വാക്സിനേഷന്‍ എടുക്കുന്നത് അഭികാമ്യമാകും. സംസ്ഥാനത്ത് മനുഷ്യനും മൃഗങ്ങള്‍ക്കും പേവിഷ പ്രതിരോധത്തിനാവശ്യമായ വാക്സിന്‍ ഉല്‍പ്പാദിപ്പിക്കുന്നില്ല. അതിനാല്‍ പലപ്പോഴും ആവശ്യമായ വാക്സിന്‍ ലഭ്യമാകുന്നില്ല. ആന്റിറാബിക് സിറത്തിനും പൊള്ളുന്ന വില.

പേപ്പട്ടി കടിച്ച് മനുഷ്യന്‍ മരിക്കാതിരിക്കാന്‍ സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും ഏതറ്റംവരെ പോകാനും തയ്യാറാകണം. കാലാനുസൃതമായി നിയമങ്ങള്‍ പൊളിച്ചെഴുതണം. തെരുവുനായകളെ കൊല്ലാന്‍ പാടില്ലെന്ന വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകണം. അല്ലെങ്കില്‍ എല്ലാ തെരുവുനായകള്‍ക്കും പ്രതിരോധ കുത്തിവയ്പിന് തയ്യാറാകണം. നായശല്യത്തില്‍ മറ്റു വന്‍കിട നഗരങ്ങള്‍ക്കൊപ്പമല്ലെങ്കിലും കേരളത്തിലെ പല സ്ഥലങ്ങളിലും പ്രശ്നം രൂക്ഷമാണ്.

No comments: