Pages

Monday, July 6, 2015

സപ്തതിയുടെ നിറവിലെത്തിയ ശാരദ മലയാള സിനിമയില്‍ അമ്പതാംവര്‍ഷത്തില്‍

സപ്തതിയുടെ നിറവിലെത്തിയ ശാരദ മലയാള സിനിമയില്അമ്പതാംവര്ഷത്തില്


കേരളത്തിലെ എല്ലാ വീടുകളിലും ഒന്നിലധികം ശാരദമാരുണ്ടായിരുന്നു. കുടുംബമൂല്യങ്ങളില്‍ മുറുകെപ്പിടിച്ച് ആരുംകാണാതെ കരയുന്നവള്‍, അല്ലെങ്കില്‍ കരച്ചില്‍ ഒതുക്കി ചിരിക്കുന്നവര്‍. കുടുംബിനികള്‍ അങ്ങനെവേണമെന്നായിരുന്നു അക്കാലത്തെ ന്യായം. മലയാളിസ്ത്രീകള്‍ ശാലീനതയ്ക്ക് മുന്‍ മാതൃകയാക്കിയതും അവരെയായിരുന്നു. മലയാളി അകത്തളങ്ങളിലെ കണ്ണുനീരും തേങ്ങലുമാണ് ആന്ധ്രക്കാരി സരസ്വതീദേവി എന്ന ശാരദ വെള്ളിത്തിരയില്‍ പതിന്മടങ്ങ് ശക്തിയോടെ പ്രതിഫലിപ്പിച്ചത്.സപ്തതിയുടെ നിറവിലെത്തിയ ശാരദ മലയാളസിനിമയില്‍ അമ്പതുവര്‍ഷം തികച്ചു. റാഹേല്‍ എന്ന തിരനാമത്തോടെ കുഞ്ചാക്കോയുടെ ഇണപ്രാവുകളിലൂടെയാണ് (1965) മലയാളത്തില്‍ അരങ്ങേറിയത്. ദേശീയപുരസ്കാരം നേടിക്കൊടുത്ത തുലാഭാരം (1968) അഭിനയജീവിതത്തിലെ വഴിത്തിരിവായി. "തെലുങ്കില്‍ അഭിനയിക്കാനറിയാത്ത നടിയെന്ന് ആക്ഷേപിച്ചവര്‍ക്ക് സ്നേഹത്തോടെ എന്നെ സ്വീകരിക്കാന്‍ വഴിതുറന്നത് തുലാഭാരമാണ്. എന്നെ ഞാനാക്കിയത് മലയാളസിനിമയാണ്. മലയാളികുടുംബങ്ങളിലെ അംഗമാകാന്‍ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം. ഇന്നും കേരളത്തില്‍ ഞാന്‍ എവിടെ എത്തിയാലും വലിയൊരു സദസ്സ് എന്നെ വരവേല്‍ക്കുന്നു. കൂടുതലും സ്ത്രീകള്‍. മലയാളിയല്ലാത്ത എന്നെ മലയാളത്തിന്റെ വളര്‍ത്തുപുത്രിയാക്കി, ദുഃഖവേഷങ്ങള്‍ ചെയ്തതുകൊണ്ടാണ് ദുഃഖപുത്രിയെന്ന പേര് വീണെങ്കിലും ഞാന്‍ മലയാളത്തിന്റെ സന്തോഷപുത്രിയാണ്'- ശാരദ പറഞ്ഞു.
ദുഃഖവും ദുരിതവും അഭിനയിക്കാന്‍ ശാരദയ്ക്ക് ബാല്യകാലത്തേക്ക് ഒന്ന് തിരിഞ്ഞുനോക്കിയാല്‍മാത്രംമതി. അതുകൊണ്ടായിരിക്കാം അവരുടെ തേങ്ങലുകള്‍ സ്വന്തം വീട്ടിന്റെ നിലവിളിയായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടത്. 1945 ജൂണ്‍ 25ന് ആന്ധ്രപ്രദേശിലെ തെന്നാലിയില്‍ ജനം. അച്ഛന്‍ വെങ്കിടേശ്വരറാവുവും അമ്മ സത്യവതീദേവിയും നെയ്ത്തുകാരായിരുന്നു. പട്ടിണിമാറ്റാന്‍ നിവൃത്തിയില്ലാത്തതിനാല്‍ അവര്‍ മകളെ സ്കൂളിലയച്ചില്ല. പകരം ഗുരുകുലസമ്പ്രദായത്തില്‍ നൃത്തം പഠിച്ചു. പഠനവും ഒപ്പം ഗുരുവിന്റെ വീട്ടുജോലിയും. പത്താംവയസ്സില്‍ നാടകത്തില്‍ അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ നടിക്ക് സംഭാഷണം എഴുതിയെടുക്കാന്‍ അറിയില്ല. കാരണം, എഴുതാനും വായിക്കാനും അറിയില്ല. അതൊടെ സ്കൂളില്‍ പോകാന്‍ തുടങ്ങി. അതും നീണ്ടത് അഞ്ചുവര്‍ഷംമാത്രം.

ഇന്ത്യന്‍ പീപ്പിള്‍ തിയറ്റര്‍ അസോസിയേഷന്റെ (ഇപ്റ്റ) "അണ്ണ ചെല്ലാവു' എന്ന ഹിറ്റ് നാടകത്തിലൂടെയാണ് നടിയെ പിന്നീട് ലോകം അറിയുന്നത്. ഇതിനകം അവര്‍ അഭ്രപാളിയില്‍ കാഴചവച്ചത് മുന്നൂറ്റമ്പതോളം സിനിമകള്‍. ഏറ്റവും ഒടുവില്‍ ശ്രീകുമാരന്‍തമ്പിയുടെ "അമ്മയ്ക്കൊരു താരാട്ടി'ല്‍ (2015) മധുവിന്റ നയികയായി. നീണ്ട ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ ഭരതന്റെ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം ശാരദയിലെ ഇരുത്തംവന്ന അഭിനേത്രിയെ കാട്ടിത്തന്നു. തുലാഭാരം (എ വിന്‍സന്റ്), സ്വയംവരം (അടൂര്‍), തെലുങ്ക് ചിത്രം നിമജ്ജനം (ബി എസ് നാരായണ) എന്നിവ ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. തെന്നാലി ലോക്സഭാമണ്ഡലത്തില്‍നിന്ന് 1996ല്‍ തെലുങ്കുദേശം പാര്‍ടി ടിക്കറ്റില്‍ എംപിയായി. തെലുങ്ക് സംവിധായകന്‍ ചലവുമായുള്ള വിവാഹം കഴിഞ്ഞെങ്കിലും ബന്ധം അധികനാള്‍ നീണ്ടില്ല. ഇവര്‍ക്ക് മക്കളില്ല. ഇപ്പോള്‍ താമസം ചെന്നൈയില്‍.

Prof. John Kurakar

No comments: