Pages

Wednesday, July 29, 2015

തുമ്പയില് വിടര്ന്ന് ഇന്ത്യയില് പടര്ന്ന ഡോ.എ.പി.ജെ. അബ്ദുള് കലാമിൻറെ സ്വപ്നം

തുമ്പയില് വിടര്ന്ന് ഇന്ത്യയില് പടര്ന്ന ഡോ..പി.ജെ. അബ്ദുള് കലാമിൻറെ  സ്വപ്നം
എസ്. രാധാകൃഷ്ണന്


                      ഡോ..പി.ജെ. അബ്ദുള് കലാം ആകാശത്തെ സ്വപ്നം കണ്ടതു പൈലറ്റാനാകാനായിരുന്നു. അതു നടന്നില്ല. പിന്നിട് അദ്ദേഹം  നക്ഷത്രങ്ങളെ സ്വപ്നം കണ്ടു. സ്വപ്നം യാഥാര്ഥ്യമായപ്പോള് അദ്ദേഹം ബഹിരാകാശ ശാസ്ത്രജ്ഞനായി. കലാം എന്നും സ്വപ്നങ്ങളുടെ കൂട്ടുകാരനായിരുന്നു. ഒരു ജനതയെ മുഴുവന് സ്വപ്നം കാണാന് അദ്ദേഹം പഠിപ്പിച്ചു. സ്വപ്നങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഒരു ഉദ്ധരണി ലോകം എന്നുമോര്ക്കും. "നിങ്ങള് ഉറങ്ങുമ്പോള് കാണുന്നതല്ല സ്വപ്നം. നിങ്ങളെ ഉറങ്ങാന് അനുവദിക്കാത്തതാണു സ്വപ്നം".കലാമിന്റെ സ്വപ്നങ്ങള് കേരളത്തില് പിറന്നതാണ്. തുമ്പയില് വിടര്ന്നതാണ്. ശ്രീഹരിക്കോട്ടയില്നിന്നു പറന്നതാണ്. ഡല്ഹിയില് ഇറങ്ങിയതാണ്. ഇന്ത്യ മുഴുവന് വളര്ന്നതാണ്.
കേരളത്തില് കലാം ജീവിച്ചത് ഇന്ത്യന് ബഹിരാകാശ ചരിത്രത്തിന്റെ സുവര്ണ ഘട്ടത്തിലായിരുന്നു. വിക്രം സാരാഭായ്, പ്രഫ. സതീശ് ധവാന്, പ്രഫ. .വി. ചിറ്റ്നിസ്, പ്രഫ.പി.ഡി. ഭവ്സര്, ഡോ.വസന്ത് ഗവാരിക്കര്, പ്രഫ.പിഷാരടി, ഡോ.പി.പി.കാലെ, ഡോ...മുത്തുനായകം, ഡോ.എസ്.സി.ഗുപ്ത, ആര്.അരവാമുദന്. ഇവര് പാകിയ കല്ലുകളിലാണ് ഇന്ത്യന് ബഹിരാകാശ ശാസ്ത്രം വാനോളം ഉയരത്തില് കെട്ടിപ്പടുത്തത്. ഡോ.വിക്രം സാരാഭായി വിളിച്ചപ്പോള് മറുത്തു പറയാനാവാതെ ലോകത്തെ പ്രശസ്ത സ്ഥാപനങ്ങളില്നിന്നു തുമ്പയിലെ കടല്തീരത്തെ ദേവാലയത്തിലെത്തി റോക്കറ്റ് സാങ്കേതികവിദ്യയുടെ ആദ്യകുര്ബാന കൊണ്ടവരായിരുന്നു ഇവര്.
                    1963 നവംബര് 21 നു തുമ്പയിലെ തെങ്ങുകള്ക്കിടയിലൂടെ ഉയര്ന്ന നൈക്ക് അപ്പാച്ചെ റോക്കറ്റ് ആകാശത്തു വര്ണവിസ്മയംതീര്ത്തപ്പോള് ആരും കരുതിയില്ല അതൊരു വിപ്ലവത്തിന്റെ തുടക്കമാകുമെന്ന്. വിപ്ലവസംഘത്തില് കലാമുണ്ടായിരുന്നു. അമേരിക്കന് റോക്കറ്റില് ഫ്രാന്സിന്റെ പേലോഡ് ഘടിപ്പിക്കാന് കഴിയാതെ ശാസ്ത്രജ്ഞര് കുഴങ്ങിയപ്പോള് എന്തു ചെയ്യാന് കഴിയുമെന്നു ഭവ്സറിനോടു സാരാഭായ് ചോദിച്ചു. ഭവ്സര് കലാമിനെ നോക്കി. കലാമും മറ്റൊരു സഹപ്രവര്ത്തകനും കൂടി അവിടെയും ഇവിടെയുമൊക്കെ ഉരച്ച് ഒരു വിധം പേലോഡിനെ റോക്കറ്റില് തള്ളിക്കയറ്റുകയായിരുന്നു.
കലാമിന്റെ സ്വപ്നം എസ്.എല്.വി-3 എന്ന ഉപഗ്രഹവിക്ഷേപണ വാഹനത്തിലേക്കു വളര്ന്നപ്പോള് ഭീഷണികള് പലതായിരുന്നു. ഇന്ത്യ ഉപഗ്രഹവിക്ഷേപണവാഹനം വിജയിപ്പിച്ചെടുത്താല് തങ്ങള്ക്കുണ്ടാകുന്ന ഭീഷണി വന്ശക്തികള് മനസിലാക്കി. പക്ഷേ, കലാം പിന്വാങ്ങിയില്ല. അദ്ദേഹം പ്രോജക്ട് ഡയറക്ടറായ എസ്.എല്.വി-3ന്റെ ആദ്യ വിക്ഷേപണം പരാജയപ്പെട്ടു. ലോകം ഉറ്റുനോക്കിയ വിക്ഷേപണം കഴിഞ്ഞ് അന്നത്തെ .എസ്.ആര്.. ചെയര്മാന് പ്രഫ.സതീശ് ധവാന് നടത്തിയ പത്രസമ്മേളനത്തില് പരാജയത്തിന്റെ ഉത്തരവാദിത്വം മുഴുവന് അദ്ദേഹം ഏറ്റെടുത്തു. അടുത്ത വിക്ഷേപണം വിജയമായപ്പോള് ധവാന് പത്രസമ്മേളനത്തിനു ക്ഷണിച്ചതു കലാമിനെയായിരുന്നു. തന്റെ മുന്ഗാമികള് തനിക്കു നല്കിയ സംരക്ഷണം കലാം പിന്നീട് തന്റെ പിന്ഗാമികള്ക്കു പകര്ന്നുകൊടുത്തു. ഒരിക്കല് തുമ്പയില്വച്ച് ഒരു കീഴുദ്യോഗസ്ഥന് അല്പ്പം നേരത്തെ വീട്ടില് പോകാന് കലാമിനോട് അനുമതി വാങ്ങി. തന്റെ കുട്ടികളെ ഒരു പ്രദര്ശനം കാണിക്കാന് കൊണ്ടുപോകണമെന്ന് പറഞ്ഞപ്പോള് കലാം തടസമായില്ല. പക്ഷേ, ജോലിത്തിരക്കിനിടെ നമ്മുടെ ശാസ്ത്രജ്ഞന് നേരത്തെ പോകാന് മറന്നു. രാത്രി വൈകി കുറ്റബോധത്തോടെ വീട്ടിലെത്തി ഭാര്യയോടു കുട്ടികളെക്കുറിച്ച് അദ്ദേഹം അന്വേഷിച്ചു. നിങ്ങളുടെ ഓഫീസിലെ ഒരു മാനേജര് വന്ന് കുട്ടികളെ എക്സിബിഷന് കാണാന് കൊണ്ടുപോയല്ലോ എന്നു ഭാര്യ പറഞ്ഞപ്പോള് ശാസ്ത്രജ്ഞനു മറിച്ചൊന്നും ചിന്തിക്കേണ്ടിവന്നില്ല. മാനേജര് തന്റെ പ്രിയപ്പെട്ട കലാംസാര് ആണെന്ന് അദ്ദേഹത്തിനു മനസിലായി.
എസ്.എല്.വി-3 വിജയിച്ചതോടെ വന്ശക്തികളുടെ ഭീഷണി യാഥാര്ഥ്യമാവുകയായിരുന്നു. കലാം പതിയെ ഇന്ത്യന് മിസൈല് പദ്ധതിയുടെ പിതാവായി മാറി. അഗ്നിയും ആകാശും പൃഥ്വിയും നാഗുമെല്ലാം ശത്രുക്കളുടെ നെഞ്ചിടിപ്പ് വര്ധിപ്പിച്ചപ്പോള് കലാം സ്വന്തം സഹപ്രവര്ത്തകര്ക്കുമാത്രമല്ല രാജ്യത്തിനകമാനം സുരക്ഷിതത്വബോധം പകര്ന്നുനല്കുകയായിരുന്നു. പിന്നീട് രാഷ്ട്രപതിയാപ്പോള് അദ്ദേഹം രാജ്യം മുഴുവന് ഓടിനടന്ന് വരുംതലമുറയെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റി.
കേരളമായിരുന്നു കലാമിന്റെ വിക്ഷേപണത്തറയെങ്കില് അദ്ദേഹത്തിന്റെ ജിവിതം പരുവപ്പെടുത്തിയത് അതിനുമുമ്പ് രണ്ട് പ്രഗത്ഭരായ മലയാളികളായിരുന്നു. ബംഗളുരുവിലെ എയ്റോനോട്ടിക്കല് ഡിഫന്സ് എസ്റ്റാബ്ലിഷ്മെന്റില് ഹോവര്ക്രാഫ്റ്റ് രൂപകല്പ്പന ചെയ്യാന് നിയോഗിക്കപ്പെട്ട നാലംഗസംഘത്തിന്റെ തലവന് അബ്ദുല് കലാമായിരുന്നു. അന്ന് പ്രതിരോധമന്ത്രി വി.കെ. കൃഷ്ണമേനോന് നേരിട്ട് പ്രോജക്ടില് ഇടപെട്ടിരുന്നു. ഹോവര്ക്രാഫ്റ്റ് പരീക്ഷിക്കുമ്പോഴൊക്കെ അവിടെ സുന്ദരനായ ഒരു താടിക്കാരനെ കാണാമായിരുന്നു. ചിലപ്പോഴൊക്കെ അദ്ദേഹം കലാമിനെക്കുറിച്ച് അന്വേഷിക്കും. ടാറ്റാ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല് റിസര്ച്ചിന്റെ ഡയറക്ടറായിരുന്ന പ്രശസ്ത ശാസ്ത്രജ്ഞന് എം.ജി.കെ. മേനോനായിരുന്നു അത്. ഒരാഴ്ച കഴിഞ്ഞപ്പോള് കലാമിനെ മേനോന് വിളിച്ചു. ഇന്നത്തെ .എസ്.ആര്.ഒയുടെ പൂര്വരൂപമായിരുന്ന ഇന്കോസ്പാറില് ചേരാനുള്ള ക്ഷണമായിരുന്നു. മുംബൈയില് പിന്നീട് നടന്ന ഇന്റര്വ്യൂവിലായിരുന്നു സാരാഭായിയെ കലാം ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നെയുള്ളതു ചരിത്രം.
തുമ്പയില് റോക്കറ്റ് പേലോഡ് തയാറാക്കുന്നതിനിടെ ഒരു അപകടത്തില്നിന്നു കലാമും സഹപ്രവര്ത്തകനായ സുധാകറും കഷ്ടിച്ച് രക്ഷപ്പെട്ട കഥയുണ്ട്. തുമ്പയിലെ ചൂടുള്ള കാലാവസ്ഥയില് സോഡിയം-തെര്മൈറ്റ് മിശ്രിതത്തിലേക്കു സുധാകറിന്റെ ഒരു വിയര്പ്പുതുള്ളി വീണപ്പോഴുണ്ടായ സ്ഫോടനത്തില്നിന്നാണ് ഇരുവരും രക്ഷപ്പെട്ടത്. മുറിയുടെ ജനാലഗ്ലാസ് തല്ലിപ്പൊട്ടിച്ച് കലാമിനെ പുറത്തേക്ക് തള്ളിയശേഷം സുധാകറും ചാടി രക്ഷപ്പെട്ടു. ആദ്യ റോക്കറ്റ് വിക്ഷേപണം വിജയിച്ചപ്പോള് സാരാഭായിതന്നെയായിരുന്നു ഉപഗ്രഹവിക്ഷേപണമെന്ന ആശയം മുന്നോട്ടുവച്ചതും എസ്.എല്.വിയുടെ ചുമതല കലാമിനെ ഏല്പ്പിച്ചതും. അതിനുമുമ്പ് വിമാനങ്ങളിലെ റോക്കറ്റ് അസിസ്റ്റഡ് ടേക്ക് ഓഫ് സിസ്റ്റം (റാറ്റോ) എന്ന സൈനിക പരിപാടിയെക്കുറിച്ച് പഠിക്കാനുള്ള ചുമതല കലാമിനു സാരാഭായ് നല്കിയിരുന്നു. പ്രതിരോധ മേഖലയില് താല്പ്പര്യം തോന്നാന് കലാമിനെ പ്രേരിപ്പിച്ചത് ഒരുപക്ഷേ ഇതായിരിക്കണം. മൂന്നുമാസംകൊണ്ട് കലാം പദ്ധതി പൂര്ത്തിയാക്കി. തുടര്ന്ന് പ്രതിരോധ വകുപ്പ് രൂപീകരിച്ച മിസൈല് പാനലിലേക്ക് കലാം തെരഞ്ഞെടുക്കപ്പെട്ടു. അന്ന് ഇറക്കുമതി ചെയ്തിരുന്ന റാറ്റോ സംവിധാനം മൂന്നിലൊന്ന് ചെലവില് കലാമും കൂട്ടരും സാധിച്ചെടുത്തു. വിജയകഥ പിന്നീട് പല തവണ ആവര്ത്തിക്കപ്പെട്ടു. ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണം അമേരിക്കയുടെ ചെലവിന്റെ പത്തിലൊന്ന് തുകയ്ക്ക് പൂര്ത്തിയായത് ലോകശ്രദ്ധയാകര്ഷിച്ചിരുന്നു.
കോവളത്തെ .ടി.ഡി.സി. ഹോട്ടലില് സാരാഭായി മരിച്ചത് ഇന്നും ദുരൂഹമായി തുടരുകയാണ്. സാരാഭായിയുമായി അവസാനം സംസാരിച്ചവരില് ഒരാള് കലാമായിരുന്നു. 1971 ഡിസംബര് 31നായിരുന്നു അത്. മിസൈല് പാനലായിരുന്നു വിഷയം. താന് തിരുവനന്തപുരത്തു വരുമ്പോള് നേരിട്ടു സംസാരിക്കാമെന്നായിരുന്നു കലാമിനോടു സാരാഭായ് പറഞ്ഞിരുന്നത്. ഡല്ഹിയില്നിന്ന് കലാം തിരുവനന്തപുരത്തെത്തുമ്പോള് അറിഞ്ഞത് ഒരു മണിക്കൂര് മുമ്പ് സാരാഭായി മരിച്ചുവെന്നായിരുന്നു.
ഇന്ത്യയില് കൃത്യമായി സമയപ്പട്ടിക തയാറാക്കി ആധുനിക മാനേജ്മെന്റ് സംവിധാനങ്ങളോടെ പൂര്ത്തിയാക്കിയ ഒരു പദ്ധതിയാണ് കലാം നേതൃത്വം നല്കിയ എസ്.എല്.വി-3. പദ്ധതിയിലേക്ക് 275 പേരെ വേണമെന്നു കലാം ആവശ്യപ്പെട്ടിരുന്നെങ്കിലും കിട്ടിയത് 50 പേരെ. തിരിച്ചടികളെ അതിജീവിക്കാന് പ്രത്യേകം കരുതല് വേണമെന്ന് കലാം സ്വന്തം ടീമിനെ പഠിപ്പിച്ചു. ആദ്യ പരാജയത്തെ അതിജീവിക്കാനുള്ള മനക്കരുത്ത് അവര് നേടിയത് അങ്ങനെയായിരുന്നു. എസ്.എല്.വിക്കാലത്ത് കലാം തന്റെ പ്രിയപ്പെട്ട ബാഡ്മിന്റണ് കളി ഉപേക്ഷിച്ചു. വാരാന്ത്യങ്ങളില്പോലും ജോലി ചെയ്തു. സുഹൃദ്വലയം തുമ്പയില്മാത്രമായി പരിമിതപ്പെടുത്തി.
എസ്.എല്.വിക്കു സമാന്തരമായിതന്നെയായിരുന്നു അന്നു ഡി.ആര്.ഡി.ഒയില് മിസൈല് പദ്ധതി തയാറായത്. എസ്.എല്.വിയുടെ രണ്ടാം വിക്ഷേപണം വിജയമായതിനെത്തുടര്ന്ന് കലാമിനെ 1975 ജനുവരി ഒന്നിനു ഡി.ആര്.ഡി.. പാനലില് ഉള്പ്പെടുത്തിയിരുന്നു. 1979 ഓഗസ്റ്റ് പത്തിന് ആദ്യവിക്ഷേപണം പരാജയപ്പെട്ടപ്പോള് കലാം പ്രോജക്ട് ഡയറക്ടര് സ്ഥാനത്തുനിന്ന് ഒഴിയാന് താല്പ്പര്യം പ്രകടിപ്പിച്ചെങ്കിലും ഡോ. ധവാന് വഴങ്ങിയില്ല. ഏറെ വിമര്ശനം നേരിട്ടെങ്കിലും ആത്മധൈര്യം വിടാതെ പ്രവര്ത്തിച്ച ടീം 1980 ജുലൈ 18ന് വിജയം കണ്ടു. വിമര്ശനങ്ങളെല്ലാം പ്രശംസകളായി വളര്ന്നു. ഒരു മാസം കഴിഞ്ഞ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, കലാമിനെ ഡല്ഹിയിലേക്കു ക്ഷണിച്ചു. ചപ്പലും അനാര്ഭാടവുമായ വേഷവുമായിരുന്നു കലാമിന്. ഇന്ദിരാഗാന്ധി തന്നെ ശകാരിക്കുമോ എന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചപ്പോള് പ്രഫ. ധവാന് പറഞ്ഞത്, കലാം നിങ്ങള് വിജയത്തിന്റെ വേഷമാണ് ധരിച്ചിരിക്കുന്നത്. ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ല എന്നാണ്.

കേരളം വിട്ടെങ്കിലും തന്റെ രണ്ടാംവീട് എന്നായിരുന്നു അദ്ദേഹം സംസ്ഥാനത്തെ വിശേഷിപ്പിച്ചിരുന്നത്. എപ്പോഴൊക്കെ അവസരം കിട്ടുന്നുവോ അപ്പോഴെല്ലാം അദ്ദേഹം കേരളത്തിലെത്തിയിരുന്നു. രാഷ്ട്രപതിയായിരുന്നപ്പോള് അദ്ദേഹം രാജ്ഭവനിലേക്കു ക്ഷണിച്ചിരുന്നതു പഴയ സുഹൃത്തുക്കളെയായിരുന്നു. അവരില് ചെരുപ്പുകുത്തിയും ഹോട്ടല് മുതലാളിയുമെല്ലാമുണ്ടായിരുന്നു. കേരളത്തിലെ തന്റെ സുഹൃദ്വലയം എന്നും നിലനിര്ത്താന് അദ്ദേഹം പ്രത്യേകം താല്പ്പര്യമെടുത്തിരുന്നു

Prof. John Kurakar

No comments: