'വ്യാപം" തട്ടിപ്പ്: ദുരൂഹമരണം 34 ആയി മദ്ധ്യപ്രദേശ് സർക്കാർ സംശയനിഴലിൽ
മദ്ധ്യപ്രദേശിലെ ബി.ജെ.പി സർക്കാരിനെ സംശയത്തിന്റെ കരിനിഴലിലാക്കുമാറ് വ്യാപം തട്ടിപ്പ് അന്വേഷണവുമായി ബന്ധമുണ്ടായിരുന്ന ഒരാൾ കൂടി ദുരൂഹ സാഹചര്യത്തിൽ ഇന്നലെ മരണമടഞ്ഞു. ജബൽപൂർ മെഡിക്കൽ കോളേജ് ഡീൻ ഡോ. അരുൺശർമ്മയെ ഡൽഹിയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. തട്ടിപ്പിന് പിന്നിലെ കള്ളക്കളികൾ പുറത്തുകൊണ്ടുവരാൻ ശ്രമിച്ച മാദ്ധ്യമ പ്രവർത്തകൻ അക്ഷയ്സിംഗ് ദുരൂഹ സാഹചര്യത്തിൽ ശനിയാഴ്ച മരണമടഞ്ഞതിന് പിന്നാലെയാണ് ഈ സംഭവം. മെഡിക്കൽ പ്രവേശന തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ അന്വേഷണ സംഘത്തിന് ശർമ്മ നൽകിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 34 ആയി ഉയർന്നു.
മെഡിക്കൽ പ്രവേശനവുമായും ഉദ്യോഗനിയമനവുമായും ബന്ധപ്പെട്ട് വർഷങ്ങളായി നടന്നുവരുന്ന തട്ടിപ്പ് കഴിഞ്ഞ വർഷം വെളിച്ചത്ത് വന്നതോടെയാണ് ദുരൂഹമരണങ്ങൾ ശ്രദ്ധ ആകർഷിക്കാൻ തുടങ്ങിയത്. ഈ വർഷം ഇതുവരെ ഏഴ് പേരാണ് മരണമടഞ്ഞത്. തട്ടിപ്പുമായി ഗവർണർ രാം നരേഷ് യാദവിനും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഉറ്റബന്ധുക്കൾക്കും ബന്ധമുണ്ടെന്ന ആരോപണം നിലനിൽക്കുകയാണ്. ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞവരിൽ ഗവർണറുടെ മകൻ ശൈലേഷ് യാദവും ഉൾപ്പെടുന്നു.
കൊലപാതകമാണെന്ന് തോന്നില്ലെങ്കിലും പ്രഥമദൃഷ്ട്യാതന്നെ അസ്വാഭാവികമാണ് പല മരണങ്ങളും. ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ പരിശോധനാ സംഘത്തോടൊപ്പം അഗർത്തലയിലേക്ക് പോകേണ്ടിയിരുന്ന 64 കാരനായ അരുൺ ശർമ്മ ശനിയാഴ്ചയാണ് ഡൽഹിയിൽ എത്തിയത്. ജബൽപൂർ മെഡിക്കൽ കോളേജിൽ ഡോ. ഡി.കെ. സകല്ലെയ്ക്ക് പകരം രണ്ട് മാസം മുമ്പ് ഡീനായി ചുമതലയേറ്റ അദ്ദേഹത്തിന് കടുത്ത അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ല. ഡോ. സകല്ലെ ഒരു വർഷം മുമ്പ് മരണമടഞ്ഞത് അതിവിചിത്രമായ സാഹചര്യത്തിൽ പൊള്ളലേറ്റാണ്. തട്ടിപ്പിലൂടെ നിരവധി വിദ്യാർത്ഥികൾ പ്രവേശനം നേടിയ മെഡിക്കൽ കോളേജുകളിൽ ഒന്നാണ് ജബൽപൂരിലേത്.
'ഇന്ത്യ ടുഡേ" ചാനലിലെ അക്ഷയ്സിംഗിന്റെ അകാല അന്ത്യം ഏറെ ദുരൂഹമാണ്. ഉജ്ജയിനിയിൽ ട്രെയിനിടിച്ച് മരിച്ചനിലയിൽ കാണപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിയായ നമ്രത ദാമറിന്റെ ബന്ധുക്കളിൽ നിന്ന് വിവരം ശേഖരിക്കാൻ പോയ 35 കാരനായ അക്ഷയ്സിംഗിനെ വായിൽ നിന്ന് നുരയും പതയും വന്ന് ഛർദ്ദിച്ച് അവശനായ നിലയിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പൂർണ ആരോഗ്യവാനായിരുന്നു അദ്ദേഹം.
അന്വേഷണം യഥാർത്ഥ കുറ്റവാളിയിൽ എത്താതിരിക്കാനുള്ള ഏതോ 'സർവശക്തന്റെ" ഇടപെടൽ സൂചിപ്പിക്കുന്നതാണ് പല ദുരൂഹ മരണങ്ങളുടെയും സ്വഭാവം. തട്ടിപ്പിൽ ഇടനിലക്കാരായിരുന്ന 10 പേരാണ് 2010 ജൂണിന് ശേഷം റോഡപകടങ്ങളിൽ മരണമടഞ്ഞത്. മറ്റ് മൂന്ന് ഇടനിലക്കാർ ആത്മഹത്യ ചെയ്തെന്നും രണ്ട് ഇടനിലക്കാർ മദ്യപിച്ച് മരിച്ചെന്നുമാണ് പൊലീസ് ഭാഷ്യം. തട്ടിപ്പിനെക്കുറിച്ച് വെളിപ്പെടുത്താൻ തുനിഞ്ഞ തരുൺ മച്ചാർ, ലളിത് ഗൊലാറിയ, നമ്രത ദാമർ എന്നീ മെഡിക്കൽ വിദ്യാർത്ഥികൾക്കും 'അപകടമരണം" സംഭവിച്ചു. രാജേന്ദ്രസിംഗ് എന്ന മെഡിക്കൽ വിദ്യാർത്ഥി 'ആത്മഹത്യ" ചെയ്തു.വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് മുറവിളി കൂട്ടുകയാണ്. എന്നാൽ, ഈ ആവശ്യം തള്ളിക്കളഞ്ഞിരിക്കുകയാണ് ബി.ജെ.പി ഭരണകൂടം
Prof. John Kurakar
No comments:
Post a Comment