Pages

Wednesday, May 6, 2015

MARTHOMA AMPHI THEATER IN ARATUPUZHA

പമ്പാ തീരത്ത്വിസ്മയ കാഴ്ചയായി
 ക്രിസ്തു ശില്പ്പം
mangalam malayalam online newspaper                ആധ്യാത്മികതയുടെ ഓളപ്പരപ്പുകള്‍ നിറഞ്ഞ പമ്പാ തീരത്തെ ക്രിസ്‌തു ശില്‌പംവിസ്‌മയ കാഴ്‌ചയാകുന്നു. മാര്‍ത്തോമ്മ സഭ ചെങ്ങന്നൂര്‍ മാവേലിക്കര ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ആറാട്ടുപുഴയിലാണ്‌ ക്രിസ്‌തുവിന്റെ 25 അടി ഉയരമുള്ള സുന്ദര ശില്‌പം. ശില്‌പസമുച്ചയത്തോട്‌ ചേര്‍ന്ന്‌ ആയിരം പേര്‍ക്ക്‌ ഇരിക്കാവുന്ന ആംഫി തിയേറ്ററും തീരം എന്ന്‌ പേരിട്ടിരിക്കുന്ന ഇവിടെ ഒരുക്കിയിട്ടുണ്ട്‌. ഭദ്രാസന അധ്യക്ഷന്‍ ഡോ. സഖറിയാസ്‌ മാര്‍ തേയോഫിലോസ്‌ സഫ്രഗന്‍ മെത്രാപ്പൊലീത്തയുടെ ആശയത്തില്‍ പ്രമുഖ ശില്‌പി ബാലു എന്ന ബാലകൃഷ്‌ണന്‍ ആചാരിയാണ്‌ ശില്‌പം രൂപകല്‌പന ചെയ്‌തത്‌.
                        വിമോചകനായ യേശു എന്നതാണ്‌ കടല്‍ പശ്‌ചാത്തലമാക്കി ചെയ്‌തിട്ടുള്ള ശില്‌പത്തിന്റെ ഇതിവൃത്തം. കടലിലൂടെ യാത്ര ചെയ്യുകയായിരുന്ന ശിഷ്യര്‍ ആകാശത്ത്‌ കാറും കോളും കണ്ട്‌ ഭയപ്പെട്ടു. കടലിന്‍മേല്‍ നടന്നുവന്ന യേശു അവരെ ധൈര്യപ്പെടുത്തി. വെള്ളത്തിന്‌ മുകളിലൂടെ നടക്കുന്ന യേശുവിനെ കണ്ട്‌ ശിഷ്യനായ പത്രോസ്‌ പെട്ടെന്ന്‌ വെള്ളത്തിലേക്ക്‌ ചാടി. പക്ഷേ, പത്രോസ്‌ വെള്ളത്തില്‍ മുങ്ങിത്താണു. രക്ഷിക്കണേ എന്ന്‌ നിലവിളിച്ച്‌ കൈനീട്ടുന്ന പത്രോസും പത്രോസിനെ രക്ഷിക്കാന്‍ ഇരു കൈകളും നീട്ടി മുന്നോട്ടായുന്ന യേശുവുമാണ്‌ ശില്‌പത്തിന്റെ കേന്ദ്രബിന്ദു.
                       വ്യത്യസ്‌ത ഭാവങ്ങള്‍ പ്രകടിപ്പിച്ച്‌ പത്രോസിന്‌ പിന്നില്‍ വള്ളത്തില്‍ നില്‍ക്കുന്ന നാല്‌ ശിഷ്യരും ശില്‌പത്തിന്‌ മനോഹാരിത പകരുന്നു. മനുഷ്യന്റെ ജീവിത പ്രശ്‌നങ്ങളാണ്‌ ഓളവും തിരയും നിറഞ്ഞ കടല്‍. ഇവിടെ ആശ്വാസ ദായകനായി എല്ലാത്തിനും മീതെ ക്രിസ്‌തു എന്നതാണ്‌ ഇവിടെ പ്രതിഫലിക്കുന്ന ആശയമെന്ന്‌ ശില്‌പത്തിന്‌ ആശയം പകര്‍ന്ന ഡോ. സഖറിയാസ്‌ മാര്‍ തേയോഫിലോസ്‌ സഫ്രഗന്‍ മെത്രാപ്പൊലീത്തയും ശില്‌പി ബാലുവും പറഞ്ഞു. ഒട്ടേറെ പ്രമുഖരുടെ ശില്‌പങ്ങള്‍ തയാറാക്കിയിട്ടുള്ള തന്റെ ജീവിതത്തിലെ വ്യത്യസ്‌ത അനുഭവമാണ്‌ ഈ ശില്‌പത്തിന്റെ നിര്‍മാണമെന്ന്‌ ബാലു പറഞ്ഞു.
                      20 ലക്ഷം രൂപ ചെലവില്‍ സിമിന്റില്‍ തീര്‍ത്ത ശില്‌പം പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷമെടുത്തു. ആംഫി തീയേറ്ററില്‍ രണ്ട്‌ സംഗീത നിശകള്‍ നടന്നു. മത സംവാദങ്ങള്‍, ക്യാമ്പുകള്‍ തുടങ്ങിയവ നടത്താനുള്ള ക്രമീകരണങ്ങള്‍ ചെയ്‌തുവരുന്നു. ശില്‌പ സമുച്ചയത്തോട്‌ ചേര്‍ന്നുള്ള മൂന്നര ഏക്കര്‍ സ്‌ഥലത്ത്‌ പ്രവര്‍ത്തിക്കുന്ന തരംഗം മിഷന്‍ ആക്‌ഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ 35 ഇന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി ഭദ്രസന അധ്യക്ഷന്‍ ഡോ. സഖറിയാസ്‌ മാര്‍ തെയോഫിലോസ്‌ സഫ്രഗന്‍ മെത്രാപ്പൊലീത്ത പറഞ്ഞു.
മരണാസനരായ ആളുകളെ ശുശ്രൂഷിക്കുന്ന തരംഗം എന്ന പേരിലുള്ള പെയ്‌ന്‍ ആന്റ്‌ പാലിയേറ്റീവ്‌ കെയര്‍ സെന്റര്‍, തണല്‍ എന്ന പേരില്‍ കൗണ്‍സിലിംഗ്‌ സെന്റര്‍, 1500 കാന്‍സര്‍ രോഗികളുടെ കുടുംബങ്ങളെ സഹായിക്കുന്ന കരുതല്‍, എക്‌സലന്റ്‌ കോച്ചിംഗ്‌ സെന്റര്‍, എട്ടാം ക്ലാസിന്‌ മുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക്‌ വേണ്ടിയുള്ള ബോധന, വിധവകള്‍, വിഭാര്യര്‍, വയോജനങ്ങള്‍ എന്നിവരെ സഹായിക്കുന്ന മീവ തുടങ്ങിയവയാണ്‌ പ്രധാന പദ്ധതികള്‍.
ഉന്നത വിദ്യാഭ്യാസം തേടുന്നവര്‍ക്കായി 25000 മുതല്‍ ഒരു ലക്ഷം വരെ പലിശരഹിത വായ്‌പ നല്‍കുന്നുണ്ട്‌. അന്യസംസ്‌ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി സംഗമം എന്ന പരിപാടിയും കാന്‍സര്‍ രോഗികളുടെ ചികിത്സക്കും ശുശ്രൂഷക്കുമായി 25 ലക്ഷം രൂപ പ്രതിവര്‍ഷം ചെലവഴിക്കുന്ന പദ്ധതിയും നടപ്പിലാക്കിവരുന്നു.

                                   Prof. John Kurakar


No comments: