Pages

Saturday, January 10, 2015

ശ്രിലങ്കൻ പ്രസിഡന്റ്‌ സിരിസേനയെ പിന്തുണച്ചത് ശ്രീലങ്കയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍

ശ്രിലങ്കൻ പ്രസിഡന്റ്‌  സിരിസേനയെ പിന്തുണച്ചത് ശ്രീലങ്കയിലെ ന്യൂനപക്ഷ വിഭാഗങ്ങള്
 രണ്ട് ദശാബ്ദക്കാലം ശ്രീലങ്ക രാഷ്ട്രീയത്തില്‍ കരുത്തനായി നിലകൊണ്ട മഹിന്ദ രാജപക്‌സെയെ വീഴ്ത്താന്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി മൈത്രിപാല സിരിസേനയ്ക്ക് പിന്തുണ നല്‍കിയത് ദ്വീപ് രാഷ്ട്രത്തിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍. തമിഴ് ജനതയുടെയും മുസ്ലിം വിഭാഗക്കാരുടെയും വോട്ടാണ് സിരിസേനയെ പ്രസിഡന്റ് പദവിയിലെത്തിച്ചത്.മൂന്നാം തവണയും പ്രസിഡന്റ് പദവിയിലെത്തുക എളുപ്പമാവില്ലെന്ന് രാജപക്‌സെ നേരത്തേതന്നെ മനസ്സിലാക്കിയിരുന്നു. അടുത്തിടെനടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ നേരിട്ട തിരിച്ചടിയില്‍നിന്നുതന്നെ ജനപിന്തുണ കുറയുന്നുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് രാജപക്‌സെ കാലാവധി അവസാനിക്കാന്‍ രണ്ടുവര്‍ഷം അവശേഷിക്കെ നവംബറില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാല്‍, സ്വന്തം മന്ത്രിസഭയിലെ ആരോഗ്യമന്ത്രി മൈത്രിപാല സിരിസേന അവസാന നിമിഷം രാജിവെച്ച് പ്രതിപക്ഷ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി മത്സരരംഗത്തെത്തി.
പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ വ്യക്തമായ മുന്നേറ്റം നേടാന്‍ സിരിസേനയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിരുന്നു. ജുഡീഷ്യറിയെയും സൈന്യത്തെയും ഉന്നത ഉദ്യോഗസ്ഥരെയും വരുതിയിലാക്കാനുള്ള രാജപക്‌സെയുടെ ശ്രമങ്ങള്‍ സിരിസേന പ്രചാരണ വിഷയമാക്കി. തമിഴ് വംശജര്‍ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ നേരിടുന്ന വിവേചനം, അഴിമതി എന്നിവ അടക്കമുള്ളവ സിരിസേന പ്രചാരണായുധമാക്കി. ചൈന നല്‍കുന്ന സാമ്പത്തിക സഹായം ശ്രീലങ്കയ്ക്ക് അപകടകരമാണെന്ന കാര്യവും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രചാരണത്തില്‍ ഉന്നയിച്ചു. തമിഴ് പുലികളെ നേരിടുന്നതിന്റെ ഭാഗമായി നടത്തിയ മനുഷ്യാവകാശ ധ്വംസനങ്ങളുടെ പേരില്‍ അമേരിക്കയില്‍നിന്ന് വിമര്‍ശം നേരിടേണ്ടിവന്നപ്പോഴാണ് രാജപക്‌സെ ചൈനയുമായി ചങ്ങാത്തം കൂടുകയും വന്‍ സാമ്പത്തികസഹായം അവരില്‍നിന്ന് സ്വീകരിക്കുകയും ചെയ്തത്. ശ്രീലങ്ക കൈവരിച്ച സാമ്പത്തിക മുന്നേറ്റമാണ് രാജപക്‌സെ പ്രചാരണ വിഷയമാക്കിയത്. ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. എന്നാല്‍, രാഷ്ട്രീയ വിഷയങ്ങള്‍ ആയുധമാക്കിയ പ്രതിപക്ഷത്തിന് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വന്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞു. ന്യൂനപക്ഷ മേഖലകളില്‍ രേഖപ്പെടുത്തിയ കനത്ത പോളിങ്ങാണ് ഇതിന്റെ തെളിവ്.


പ്രൊഫ്‌. ജോണ്‍ കുരാക്കാർ

No comments: