Pages

Wednesday, December 24, 2014

മദ്യനയത്തില്‍ മാറ്റം വരുത്തുന്നത് സമൂഹത്തിന്റെ സുരക്ഷയെ ബാധിക്കുമെന്ന് ദയാബായി

മദ്യനയത്തില്‍ മാറ്റം വരുത്തുന്നത് സമൂഹത്തിന്റെ സുരക്ഷയെ ബാധിക്കുമെന്ന് ദയാബായി

സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ച മദ്യനയത്തിന് മാറ്റം വരുത്തുന്നത് സമൂഹസുരക്ഷയെ സാരമായി ബാധിക്കുമെന്ന് സാമൂഹികപ്രവര്‍ത്തക ദയാബായി. സ്ത്രീസുരക്ഷാസമിതി സംഘടിപ്പിച്ച സ്ത്രീസുരക്ഷാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.കേരളത്തിലെ എല്ലാ ആഘോഷങ്ങള്‍ക്കും മദ്യപാനമാണ് മുന്നില്‍. മദ്യ ലഭ്യതയില്‍ കുറവ് വന്നതോടെ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങളും കുറഞ്ഞിരുന്നു. സ്ത്രീസുരക്ഷ സ്ത്രീകള്‍ക്ക് മാത്രമല്ല, സമൂഹത്തെയാകെ സുരക്ഷിതമാക്കാനാണ്. എന്നാല്‍ സാക്ഷരതയിലും സംസ്‌കാരത്തിലും മുന്നിലാണെന്ന് പറയുമ്പോഴും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ കേരളത്തില്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. സമൂഹത്തിന് ബാധിച്ച മാരകമായ അസുഖമാണിതിന് പിന്നില്‍. ഓരോ വ്യക്തിയുടെയും മാനസികമായ വളര്‍ച്ചയില്ലായ്മയാണ് അതിന് കാരണം-ദയാബായി പറഞ്ഞു.

സ്ത്രീകള്‍ ദിശാബോധമുള്ളവര്‍ ആയിരിക്കണം. എങ്കിലേ നേട്ടങ്ങള്‍ കൈവ
രിക്കാനാവൂ. അടിച്ചമര്‍ത്തപ്പെട്ടവരെ സ്വതന്ത്രരാക്കാന്‍ ബൈബിളില്‍ പറഞ്ഞത് മനസ്സിലാക്കിയാണ് തന്റെ ജീവിതം മറ്റുള്ളവര്‍ക്കുവേണ്ടി ആഘോഷിക്കാനായി തിരഞ്ഞെടുത്തതെന്നും പകയില്ലാതെ ആര്‍ക്കും ആരെയും പേടിക്കാതെ ജീവിക്കാനാകുന്ന സമത്വസുന്ദരമായ ലോകമാണ് തന്റെ ലക്ഷ്യമെന്നും ദയാബായി പറഞ്ഞു.കേരളത്തിലെ പ്രകൃതി നശിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം തകര്‍ന്നതിന്റെ അവസ്ഥയാണിവിടെ കാണുന്നതെന്നും അവര്‍ പറഞ്ഞു. എന്റെയും ലോകം, എന്റെയും കടമ എന്ന വിചാരം സമൂഹത്തെപ്പറ്റി എല്ലാവര്‍ക്കുമുണ്ടായാല്‍ സ്ത്രീസുരക്ഷയെക്കുറിച്ച് ചര്‍ച്ചപോലും വേണ്ടിവരില്ല. നമുക്ക് ചുറ്റുമുള്ള സംഭവങ്ങള്‍ നമ്മെയും വേദനിപ്പിച്ചാലേ നമുക്കും ഊര്‍ജമുണ്ടാകൂവെന്നും ആ ഊര്‍ജത്തില്‍നിന്നേ പ്രതികരിക്കാനുള്ള ശക്തി ലഭിക്കൂവെന്നും ദയാബായി ചൂണ്ടിക്കാട്ടി.

മതം, ജാതി തുടങ്ങിയ മതില്‍ക്കെട്ടുകള്‍ തകര്‍ത്ത് ബന്ധങ്ങളുടെ മൂല്യങ്ങളെക്കുറിച്ച് എല്ലാവരും ബോധവാന്മാരാകണം. കുട്ടികള്‍ക്കുപോലും സാമൂഹികമായ പല മൂല്യങ്ങളും നല്‍കാന്‍ ആര്‍ക്കും കഴിയുന്നില്ല. സ്‌കൂളിലേക്ക് കുട്ടികളെ ടൈയും ഷൂസുമണിയിച്ച് അയയ്ക്കുമ്പോള്‍ത്തന്നെ അവരുടെ മാനുഷികമൂല്യങ്ങളെ കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്. കൂട്ടുകുടുംബമായിരുന്നപ്പോള്‍ പരസ്​പരം സഹായിച്ചും സഹകരിച്ചുമാണെല്ലാവരും ജീവിച്ചിരുന്നതെന്നും ഇന്ന് അച്ഛനെയും അമ്മയെയും പോലും വലിച്ചെറിയാന്‍ കാരണം മലയാളിയുടെ മൂല്യത്തകര്‍ച്ചയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.പബ്ലിക് ലൈബ്രറിയില്‍ നടന്ന സമ്മേളനത്തില്‍ കേരളശബ്ദം എം.ഡി. ഡോ. ബി.എ.രാജാകൃഷ്ണന്‍, എസ്!.എന്‍.വനിതാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷേര്‍ളി പി.ആനന്ദ്, സ്ത്രീ സുരക്ഷാ സമിതി സംസ്ഥാന പ്രസിഡന്റ് ഡോ. വിന്‍സന്റ് മാളിയേക്കല്‍, സംസ്ഥാന സെക്രട്ടറി മിനി കെ.ഫിലിപ്പ്, എ.ജയിംസ്, അഡ്വ. എന്‍.അശോകന്‍, ഷൈല കെ.ജോണ്‍ എന്നിവരും സംസാരിച്ചു.

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: