Pages

Tuesday, December 23, 2014

പത്തിവിടര്‍ത്തിയ മൂര്‍ഖന്‍ വാവാ സുരേഷിനു മുന്നില്‍ കീഴടങ്ങി

പത്തിവിടര്ത്തിയ മൂര്ഖന്
വാവാ സുരേഷിനു മുന്നില്കീഴടങ്ങി

mangalam malayalam online newspaperനാട്ടുകാര്‍ക്കു മുന്നില്‍ ഉശിരോടെനിന്ന മൂര്‍ഖന്‍ ഒുടുവില്‍ വാവാ സുരേഷിനു മുന്നില്‍ പത്തിതാഴ്‌ത്തി. മങ്ങാരം തെക്കേടത്ത്‌ ഗോപാല കൃഷ്‌ണപിള്ളയുടെ വീട്ടുമുറ്റത്തെത്തിയ മൂര്‍ഖന്‍ പാമ്പാണ്‌ ആദ്യം വീട്ടുകാര്‍ക്കുമുന്നില്‍ പത്തിവിടര്‍ത്തി പരിഭ്രാന്തി സൃഷ്‌ടിച്ചു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും പത്തിവിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖനെ കണ്ട്‌ തെല്ലൊന്നമ്പരന്നു. ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3.30 നായിരുന്നു സംഭവം. വീട്ടുമുറ്റത്ത്‌ മുര്‍ഖനെ കണ്ടതോടെ വീട്ടുകാര്‍ ബഹളം വെച്ചെങ്കിലും പാമ്പ്‌ മുറ്റത്തുനിന്നും പോകാന്‍ തയാറായില്ല.
ഓടിക്കാന്‍ ശ്രമിച്ചതോടെ പാമ്പ്‌ പത്തിവിടര്‍ത്തി. അപ്പോഴാണ്‌ വെറും പാമ്പല്ല സാക്ഷാല്‍ മുര്‍ഖന്‍ തന്നെയാണ്‌ വീടിന്‌ മുന്നിലെത്തിയതെന്ന കാര്യം വീട്ടുകാര്‍ തിരിച്ചറിഞ്ഞത്‌. വീട്ടുകാര്‍ വീണ്ടും ഓടിക്കാന്‍ ശ്രമിച്ചതോടെ മുറ്റത്തിന്‌ സമീപം മതിലിനോട്‌ ചേര്‍ന്ന്‌ കൂട്ടിയിട്ടിരുന്ന പഴയ ടൈല്‍സിനുള്ളിലേക്ക്‌ പാമ്പ്‌ ഇഴഞ്ഞു. പുറത്തിറക്കാന്‍ പല പണികളും നോക്കിയെങ്കിലും നടന്നില്ല. ഒടുവില്‍ നാട്ടുകാരെത്തി പാമ്പിനെ പിടിക്കാന്‍ ഒരുങ്ങി. ഇടയ്‌ക്ക്‌ ടൈല്‍സിന്‌ പുറത്തേക്ക്‌ മൂര്‍ഖന്‍ പത്തിവിടര്‍ത്തി. ഓടിക്കാന്‍ കഴിയില്ലെന്ന്‌ വ്യക്‌തമായതോടെ നാട്ടുകാര്‍ വിവരം വനം വകുപ്പിനെ അറിയിച്ചു.
കോന്നിയില്‍ നിന്നും വനംവകുപ്പ്‌ ജീവനക്കാര്‍ എത്തിയെങ്കിലും പാമ്പ്‌ കീഴടങ്ങാന്‍ തയാറായില്ല. തുടര്‍ന്നാണ്‌ വാവാ സുരേഷിനെ വിവരം അറിയിച്ചത്‌. വാവാ സുരേഷ്‌ രാത്രി 10.30 ന്‌ സ്‌ഥലത്തെത്തി. അപ്പോഴേക്കും മങ്ങാരം തെക്കേടത്ത്‌ ഗോപാലകൃഷ്‌ണപിള്ളയുടെ വീട്ടുമുറ്റം നാട്ടുകാരെ കൊണ്ട്‌ നിറഞ്ഞിരുന്നു. സുരേഷെത്തിയ വിവരം അറിഞ്ഞ്‌ കൂടുതല്‍ ആളുകള്‍ സ്‌ഥലത്തെത്തി. മൊബൈല്‍ കാമറയുമായി യുവാക്കള്‍ ചുറ്റും കൂടി. പാമ്പ്‌ ഒളിച്ചിരിക്കുന്ന സ്‌ഥലം നാട്ടുകാര്‍ കാണിച്ചുകൊടുത്തതോടെ ടൈല്‍സ്‌ നീക്കി നിമിഷങ്ങള്‍ക്കുള്ളില്‍ വാവാ സുരേഷ്‌ മൂര്‍ഖനെ കൈപ്പിടിയില്‍ ഒതുക്കി.

തുടര്‍ന്ന്‌ പാമ്പിനെ ജനത്തിനുനേരെ ഉയര്‍ത്തികാട്ടി. ആദ്യം പത്തിവിടര്‍ത്തിയ പാമ്പ്‌ സുരേഷിന്റെ കൈയില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. മൂര്‍ഖന്‍ കീഴടങ്ങിയതോടെ ഹര്‍ഷാരവം മുഴക്കി നാട്ടുകാര്‍ ആഹ്‌ളാദം പ്രകടിപ്പിച്ചു. പിടികൂടിയ ആണ്‍ മൂര്‍ഖന്‌ നാല്‌ വയസ്‌ പ്രായമുണ്ട്‌. പാമ്പിനെ പിന്നീട്‌ വനംവകുപ്പിന്‌ കൈമാറി.

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: