അഴിമതി ഗ്രസിച്ച ഇന്ത്യ
രമേശ്
ചെന്നിത്തല
ഇന്ന്
അന്താരാഷ്ട്ര അഴിമതിവിരുദ്ധദിനം. അഴിമതിയുടെ കാര്യത്തില്‍ ലോകരാഷ്ട്രങ്ങളില്‍
85-ാം സ്ഥാനവും ഏഷ്യന്‍ രാജ്യങ്ങളില്‍ ആറാം സ്ഥാനവുമാണ് ഇന്ത്യക്കുള്ളത്.
എന്താണ് അഴിമതിയെന്ന ചോദ്യത്തിന് സാങ്കേതികമായ ഉത്തരങ്ങള്‍ തേടുന്നതിന് പകരം, അത് എങ്ങനെ നമ്മുടെ സാമൂഹികരാഷ്ട്രീയഭരണ മേഖലകളെ നിര്‍ജീവമാക്കുകയും അവയുടെ സുതാര്യമായ ചട്ടക്കൂടിനെ തകര്‍ക്കുകയും ചെയ്യുന്നുവെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. അപ്പോള്‍ മാത്രമേ ഈ ആഗോളദുരന്തത്തിന്റെ വ്യാപ്തി ദൃശ്യമാവുകയുള്ളൂ. പണത്തിനോ മറ്റ് സ്വകാര്യ നേട്ടങ്ങള്‍ക്കോവേണ്ടി അധികാരത്തെയും അധികാര സ്ഥാനങ്ങളെയും ദുര്‍വിനിയോഗം ചെയ്യുന്നതിനെയാണ് അഴിമതിയെന്ന് ഒറ്റവാചകത്തില്‍ വിവക്ഷിക്കുന്നത്. എന്നാല്‍, ഈ വിവക്ഷകള്‍ക്കപ്പുറമുള്ള വലിയ മാനങ്ങള്‍ ഇതിനുണ്ട്. സാധാരണ ജനങ്ങള്‍ക്ക് രാഷ്ട്രീയഔദ്യോഗിക സംവിധാനങ്ങളിലുള്ള വിശ്വാസം പൂര്‍ണമായി നഷ്ടപ്പെടുന്ന സ്ഥിതിവിശേഷം സംജാതമാവുക എന്നതാണ് ഇതിന്റെ ദുരന്തഫലങ്ങളിലൊന്ന്. ഒരു ജനാധിപത്യരാഷ്ട്രത്തില്‍ ജനങ്ങള്‍ക്കായി, ജനങ്ങള്‍ സൃഷ്ടിച്ച ഭരണഘടനയെ അടിസ്ഥാനമാക്കി നിയമങ്ങള്‍ നിര്‍മിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന പരിതസ്ഥിതിയില്‍ ജനങ്ങള്‍ക്ക് നിയമസംവിധാനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടാല്‍ പരിപൂര്‍ണ അരാജകത്വമായിരിക്കും ഫലം. അപ്പോള്‍ രാഷ്ട്രീയ സംവിധാനങ്ങള്‍ക്കുപകരം അരാഷ്ട്രീയമായ ബദല്‍ മാര്‍ഗങ്ങളില്‍ ജനങ്ങള്‍ വിശ്വാസമര്‍പ്പിക്കുകയും അത് നമ്മുടെ രാജ്യത്തിന്റെ ഉന്നതമായ ജനാധിപത്യമൂല്യങ്ങളെ തകര്‍ക്കുകയും സംഘര്‍ഷഭരിതമായ സാമൂഹികാന്തരീക്ഷം ഉളവാക്കുകയും ചെയ്യും.
അതിശക്തമായ നടപടികളിലൂടെയും ദൃഢനിശ്ചയത്തോടെയുമുള്ള പ്രവര്‍ത്തന പരിപാടികളിലൂടെയും മാത്രമേ അഴിമതിയെന്ന മഹാരോഗത്തെ സമസ്തമേഖലയില്‍നിന്നും നിര്‍മാര്‍ജനംചെയ്യാന്‍ സാധിക്കുകയുള്ളൂ. മുകള്‍ത്തട്ടിലും താഴേത്തട്ടിലുമുള്ള ബോധവത്കരണ യജ്ഞങ്ങള്‍, പൊതുജന പങ്കാളിത്തത്തോടെയുള്ള, പ്രത്യേകിച്ച് യുവാക്കളെ സജീവമായി പങ്കെടുപ്പിച്ചുകൊണ്ടുള്ള അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, വകുപ്പുതലങ്ങളിലുള്ള ഏകോപന പ്രവര്‍ത്തനങ്ങള്‍, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍, ഇത്തരം സംവിധാനങ്ങളെ ബാഹ്യ ഇടപെടലുകളില്‍നിന്ന് മുക്തമാക്കി സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷം സംജാതമാക്കുക തുടങ്ങിയ നടപടികളെല്ലാം അഴിമതിയെ മുളയിലേ നുള്ളുന്നതിന് അത്യന്താപേക്ഷിതമാണ്.
ഇന്ന്, ആഗോള അഴിമതിവിരുദ്ധദിനത്തില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പോലീസ് സ്റ്റേഷനുകള്‍, സ്‌കൂള്‍കോേളജുകള്‍ എന്നിവിടങ്ങളില്‍ അഴിമതിവിരുദ്ധപ്രതിജ്ഞ എടുക്കുകയും സെമിനാറുകള്‍ സംഘടിപ്പിക്കുകയും ചെയ്യും. ഈ വിഷയത്തില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ ആവശ്യമായ സഹായം നല്‍കും.
അഴിമതിക്കെതിരെ സുതാര്യവും ശക്തവുമായ നടപടി സ്വീകരിച്ചാല്‍ മാത്രമേ ജനങ്ങള്‍ക്ക് ഭരണക്രമത്തില്‍ വിശ്വാസമുണ്ടാവുകയുള്ളൂ. ഇത്തരം നടപടികളുമായി സംസ്ഥാന ആഭ്യന്തര വിജിലന്‍സ് വകുപ്പുകള്‍ മുന്നോട്ടുപോവുകതന്നെ ചെയ്യും. ഈ വകുപ്പുകളുടെ മന്ത്രിയെന്നനിലയില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പ്രവര്‍ത്തനങ്ങളില്‍ യാതൊരു ഇടപെടലും ഞാന്‍ നടത്തുകയോ ബാഹ്യമായ മറ്റെന്തെങ്കിലും ഇടപെടലുകള്‍ അനുവദിക്കുകയോ ചെയ്തിട്ടില്ലെന്ന് എനിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും. അഴിമതിയുടെ തോഴന്‍മാരായിരിക്കുന്നവര്‍ എത്ര ഉന്നതരായാലും അവര്‍ക്കെതിരെ മുഖംനോക്കാതെയുള്ള നിയമനടപടി ഉണ്ടാകുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കാനും ഞാന്‍ ആഗ്രഹിക്കുന്നു. അഴിമതി തടയുന്നതിന് സര്‍ക്കാറിന്റെ കണ്ണും കാതുമായി പ്രവര്‍ത്തിക്കേണ്ട വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സുവര്‍ണജൂബിലി വര്‍ഷത്തിന്റെ നിറവിലാണ്. സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലുമുള്ള അഴിമതി നിയന്ത്രിക്കാനും ഇല്ലായ്മചെയ്യാനും ഏകോപിതമായ പ്രവര്‍ത്തനത്തിന്റെ പ്രസക്തി കൂടുതല്‍ വര്‍ധിച്ചുവരികയുമാണ്.
അഴിമതി ഫലപ്രദമായി ചെറുക്കാന്‍ നിലവിലുള്ള നിയമങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കണം. അഴിമതിക്കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ വരുന്ന കാലതാമസം പലപ്പോഴും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് രക്ഷപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ വകുപ്പുതലത്തില്‍ അന്വേഷിക്കേണ്ട പരാതികള്‍ അതത് വകുപ്പിലെ വിജിലന്‍സ് സെല്ലില്‍ത്തന്നെ അന്വേഷിച്ച് നടപടിയെടുക്കാനും വിജിലന്‍സ് അന്വേഷിക്കേണ്ട പരാതികള്‍മാത്രം ആന്റി കറപ്ഷന്‍സ് ബ്യൂറോയില്‍ അന്വേഷിച്ചാല്‍ മതിയെന്നുമുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരാതികള്‍ ഫലപ്രദമായി തീര്‍പ്പാക്കാനുള്ള മാര്‍ഗമെന്ന നിലയിലാണ് ഈ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കൂട്ടിലടച്ച തത്തയായി മാറാന്‍ സര്‍ക്കാര്‍ അനുവദിക്കുകയില്ല. വിജിലന്‍സില്‍ നിന്ന് സര്‍ക്കാര്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നതുകൊണ്ടാണ് കാര്യക്ഷമതയും വിശ്വാസ്യതയുമുള്ള ഉദ്യോഗസ്ഥരെ നോക്കി ആ വകുപ്പില്‍ നിയമിക്കുന്നത്. മാത്രമല്ല, അഴിമതിക്കെതിരായുള്ള പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പരിപൂര്‍ണ സംരക്ഷണം നല്‍കുകയും ചെയ്യും. അഴിമതിക്കെതിരായ പോരാട്ടത്തിന് ശക്തമായ നിയമങ്ങള്‍ നമുക്കുണ്ട്. ലോക്പാല്‍ലോകായുക്ത ആക്ട് 2013, ദ പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ ആക്ട്1988, കേരള ലോകായുക്ത ആക്ട്1999 തുടങ്ങിയവയിലെ ശക്തമായ നിയമങ്ങളുടെ ഫലപ്രദമായ ഉപയോഗം അഴിമതിയെ തടഞ്ഞുനിര്‍ത്താന്‍ വലിയൊരളവോളം സഹായിക്കുന്നുണ്ട്. 'അഴിമതി ഒരു ക്രിമിനല്‍ കുറ്റമാണ്. മറ്റ് കുറ്റകൃത്യങ്ങളെക്കാള്‍ വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതാണിത്. പൗരന്‍മാര്‍ക്ക് തങ്ങളുടെ രാജ്യത്തിന്റെ ജനാധിപത്യ ചട്ടക്കൂടിനോട് വിരക്തിയും രോഷവും ഉളവാക്കാനുതകുന്ന തരത്തിലുള്ള പ്രവൃത്തിയാണ് അഴിമതി. സാധാരണ സര്‍ക്കാര്‍ ഓഫീസുകളിലെ നൂറുരൂപയുടെയോ ഇരുന്നൂറ് രൂപയുടെയോ അഴിമതി മുതല്‍ ആയിരക്കണക്കിന് കോടി രൂപയുടെ വന്‍ അഴിമതികള്‍(big tickets corruption)വരെയുള്ളവ തുടച്ചുനീക്കപ്പെടണം. നൂറ് രൂപയായാലും നൂറുകോടി രൂപയായാലും അഴിമതിയിലൂടെ പണം സമ്പാദിക്കുന്നത് സാമൂഹിക വിരുദ്ധവും ജനാധിപത്യവിരുദ്ധവും ദേശവിരുദ്ധവുമാണെന്ന ബോധം എല്ലാവരിലും ഉണ്ടാകണം. അതിലേക്കുള്ള ആദ്യ ചുവടുവെപ്പാകണം ഇന്നെടുക്കുന്ന അഴിമതിവിരുദ്ധ പ്രതിജ്ഞ. അതിലെ ആദ്യത്തെ വാചകം ഓര്‍മിപ്പിക്കുന്നതുപോലെ, നമ്മുടെ എല്ലാ പ്രവൃത്തിയിലും സത്യസന്ധതയും സുതാര്യതയും കാത്തുസൂക്ഷിക്കുന്നതിന് അനവരതം പ്രയത്‌നിക്കാന്‍ നമുക്ക് കഴിയട്ടെയെന്ന് ഹൃദയംഗമമായി ആശംസിക്കുന്നു.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment