അസമിലെ ആദിവാസി ജനതയുടെ കണ്ണീരൊപ്പാന്‍ സർക്കാരിനു കഴിയണം
സാധാരണ ജനങ്ങള്‍ക്ക് സ്വന്തം മണ്ണില്‍ ജീവിക്കാന്‍ കഴിയാത്ത ദുഃസ്‌ഥിതിയാണ് അസമിൽ ഇന്നുള്ളത് .അസമിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്നു പതിനായിരക്കണക്കിന് ആളുകള്‍ എല്ലം ഉപേക്ഷിച്ചു പലായനം തുടരുകയാണ്. സാധാരണ ജനങ്ങള്‍ക്ക് സ്വന്തം മണ്ണില്‍ ജീവിക്കാന്‍ കഴിയാത്ത ദുഃസ്‌ഥിതി രാജ്യത്തിന്റെ പലയിടങ്ങളിലും ഇപ്പോഴും നിലനില്‍ക്കുന്നു. കണ്ണീരും ചോരയും കലര്‍ന്ന അഭയാര്‍ഥി പ്രവാഹങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങളാണു വിഘടനവാദത്തിന്റെ ഇരകളായി സ്വന്തം മണ്ണില്‍നിന്നു പറിച്ചെറിയപ്പെടുന്നത്. ജമ്മു കശ്‌മീരില്‍ അതിര്‍ത്തി കടന്നെത്തുന്ന ഭീകരവാദമാണു ചോരപ്പുഴ ഒഴുക്കുന്നതെങ്കില്‍ അസമില്‍ മണ്ണിന്റെ മക്കള്‍ തന്നെയാണു സ്വന്തം സഹോദരങ്ങള്‍ക്കെതിരേ തോക്കു ചൂണ്ടുന്നത്. ഒട്ടേറെപ്പേരുടെ ജീവനെടുത്ത ബോഡോ തീവ്രവാദത്തിന് ഇനിയും പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല എന്നത് നമ്മുടെ ഭരണാധികാരികളുടെ വീഴ്‌ച തന്നെയാണ്. ഇടയ്‌ക്ക് അല്‍പം പിന്നോട്ടു വലിഞ്ഞിരുന്ന ബോഡോ തീവ്രവാദികള്‍ വീണ്ടും ചോരക്കളി തുടങ്ങിയിരിക്കുകയാണ്. സര്‍ക്കാര്‍ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരിക്കുന്ന നാഷണല്‍ ഡമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് (എസ്) കഴിഞ്ഞ ദിവസം നടത്തിയ കൂട്ടക്കൊലയില്‍ എഴുപതിലേറെ ആദിവാസികളാണു കൊല്ലപ്പെട്ടത്.
അസമില്‍, ബ്രഹ്‌മപുത്ര നദിയുടെ വടക്കന്‍ തീരത്തായി തങ്ങള്‍ക്കു ഭൂരിപക്ഷമുള്ള മേഖല ഉള്‍പ്പെടുത്തി സ്വതന്ത്ര ബോഡോലാന്‍ഡ് രൂപീകരിക്കണമെന്നതാണ് ബോഡോ തീവ്രവാദികളുടെ ആവശ്യം. അരുണാചല്‍ പ്രദേശിന്റെയും ഭൂട്ടാന്റെയും അതിര്‍ത്തിയില്‍ വരുന്ന കൊക്രജാര്‍, ധുബ്രി, നല്‍ബാരി, കാംരൂപ്, ധരാംഗ്, സോണിത്‌പൂര്‍ തുടങ്ങിയ ജില്ലകള്‍ ഉള്‍പ്പെടുത്തിയുള്ള ബോഡോലാന്‍ഡ് ആണ് വിഘടനവാദികളുടെ ലക്ഷ്യം. നിലവില്‍ ബോഡോ ലാന്‍ഡ് ടെറിറ്റോറില്‍ കൗണ്‍സിലിന്റെ കീഴിലാണ് വടക്കന്‍ കിഴക്കന്‍ ഇന്ത്യയുടെ കവാടമായി അറിയപ്പെടുന്ന ഈ മേഖലയിലെ മിക്ക പ്രദേശങ്ങളും. സ്വതന്ത്ര ബോഡോലാന്‍ഡിനായി രംഗത്തുള്ള എന്‍.ഡി.എഫ്.ബി. സുരക്ഷാ ഭടന്‍മാരെയും ബോഡോകള്‍ അല്ലാത്തവരെയും ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങളാണ് നടത്തിയിട്ടുള്ളത്. ആയിരക്കണക്കിന് ആളുകള്‍ മരിച്ചുവീണു. സന്താള്‍, മുണ്ട, ഒറാവോണ്‍ തുടങ്ങിയ വിഭാഗങ്ങളെയാണ് ഇവര്‍ മുഖ്യമായും ലക്ഷ്യമിട്ടിരുന്നത്‌്.
1996 ലെ അസം നിയമസഭാതെരഞ്ഞെടുപ്പ് വേളയില്‍ സംഘടന വ്യാപക ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇത് ആദിവാസി കോബ്ര ഗ്രൂപ്പ് ഫോഴ്‌സ് എന്ന എതിര്‍ തീവ്രവാദസംഘടനയുടെ രൂപീകരണത്തിനും വഴിതെളിച്ചു. ബംഗ്ലാദേശില്‍നിന്നുള്ള അഭയര്‍ഥികള്‍ക്കുനേരെയും എന്‍.ഡി.എഫ്.ബി. അക്രമം അഴിച്ചുവിടാറുണ്ട്. 1990 കളില്‍ എന്‍.ഡി.എഫ്.ബി. ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ത്തിയില്‍ ഒട്ടേറെ ക്യാമ്പുകള്‍ സ്‌ഥാപിച്ചിരുന്നു. എന്നാല്‍, ഭൂട്ടാന്‍ ശക്‌തമായ നടപടികള്‍ സ്വകരിച്ചതോടെ 2005 മേയില്‍ കേന്ദ്ര സര്‍ക്കാരുമായി വെടിനിര്‍ത്തലിനും സംഘടന തയാറായി. സംഘടനയുടെ പിളര്‍പ്പും ഇതിനു കാരണമായി. ഒത്തുതീര്‍പ്പു ചര്‍ച്ചകളെ എതിര്‍ക്കുന്ന വിഭാഗം വീണ്ടും പിളര്‍ന്നു രൂപീകൃതമായ എന്‍.ഡി.എഫ്.ബി.-എസിനാണ് ഇപ്പോള്‍ മേല്‍ക്കെ. ഐ.കെ. സോങ്‌ബിജിത്ത് നയിക്കുന്ന വിഭാഗം അക്രമത്തിന്റെ വഴിയേ തന്നെയാണു മുന്നോട്ടു പോകുന്നത്. അടുത്തിടെ നടന്ന കൂട്ടക്കൊലകള്‍ക്കു പിന്നില്‍ ഇവരാണ്.
ബോഡോ ഭീകരര്‍ക്കെതിരേ ശക്‌തമായ നടപടികളുണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഭീകരതയെ ശക്‌തമായി നേരിടുമ്പോഴും സംഘടനകളെ ചര്‍ച്ചകളുടെയും ജനാധിപത്യത്തിന്റെയും വഴിയിലേക്കു കൊണ്ടു വരാനുള്ള ശ്രമങ്ങളും നടത്തണം. തീരാദുരിതങ്ങളിലേക്കു വലിച്ചെറിയപ്പെടുന്ന ആദിവാസി ജനതയുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാര്‍ എല്ലാ മാര്‍ഗങ്ങളും ആരായണം.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment