തലമുറകളിലേക്കു പ്രകാശം പരത്തിയ
നീതി സൂര്യൻ ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍
നൂറാം വയസ്സിലും നീതിക്കായി നാട്ടുകാര്‍ക്കൊപ്പം നിന്ന ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ തലമുറകളിലേക്കു പ്രകാശം പരത്തിയ നീതി സൂര്യനായിരുന്നു. വി. ആർ.കൃഷ്ണയ്യരുടെ ജീവിതഗ്രന്ഥത്തിന്റെ അവസാനപുറം ഇനി വിശ്വപ്രപഞ്ചത്തിന്റെ പുസ്തകത്തിൽ നമുക്ക് വായിക്കാം . കൈവച്ച മണ്ഡലങ്ങളിലെല്ലാം വെളിച്ചത്തിന്റെ വേഗതയോടെ മുന്നേറാനും നിർമ്മല ജലത്തിലെ പൂർണചന്ദ്രനെപ്പോലെ തിളങ്ങാനും കൃഷ്ണയ്യരെപ്പോലെ കഴിഞ്ഞ അധികംപേർ ഈ കൊച്ചുകേരളത്തിന്റെ ആധുനിക ചരിത്രത്തിൽ അങ്ങനെ ഉണ്ടായിട്ടില്ല. അദ്ദേഹം ഒരേ സമയം പലതുമായിരുന്നു. കമ്മ്യൂണിസ്റ്റ് ആശയങ്ങളെ മുറുകെപ്പിടിച്ച സാമൂഹ്യമാർഗദർശി, മനുഷ്യ സ്നേഹി ,ധീരനായ സാമൂഹ്യ ശാസ്ത്രജ്ഞൻ, നീതിമാനായ ന്യായാധിപൻ എഴുതിയ വിധിന്യായം ഒട്ടേറെ വിമർശനത്തിനും പ്രശംസയ്ക്കും പാത്രീഭൂതമായിട്ടുണ്ട്. പ്രധാനമന്ത്രിയായി പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യാൻ അനുവദിച്ചെങ്കിലും സഭയിൽ വോട്ട് രേഖപ്പെടുത്താനുള്ള അവകാശം ഇന്ദിരാഗാന്ധിക്ക് കൃഷ്ണയ്യർ നൽകിയില്ല.രാജ്യത്തിന്റെ പെതുതാത്പ്പര്യത്തിന് മുൻതൂക്കം നൽകുകയും വ്യക്തിയുടെ സങ്കുചിതത്വത്തിന്താക്കീത് നൽകുകയും ചെയ്യുകയായിരുന്നു ഒരേസമയം കൃഷ്ണയ്യർ. സാമൂഹ്യ ശാസ്ത്രജ്ഞൻ കൂടിയായിരുന്നതിനാലാണ് കൃഷ്ണയ്യരിലെ ന്യായാധിപന് ഈ വിധി ഇങ്ങനെ എഴുതാൻകഴിഞ്ഞത്. വിചാരണത്തടവുകാരെ ശിക്ഷിക്കപ്പെട്ട തടവുകാർക്കൊപ്പം പാർപ്പിക്കരുതെന്നത് ഉൾപ്പെടെയുള്ള ആ ന്യായാധിപന്റെ ഒട്ടേറെ വിധികൾ ചരിത്രത്തിന്റെ താളുകൾ സുവർണ ലിപികളിൽ വാർന്ന് വീണിട്ടുണ്ട്.അശരണരുടെ സഹായത്തിനു ഉതകുന്ന നിരവധി വിധിന്യായങ്ങൾ അദ്ദേഹത്തിൽ നിന്ന് ഉണ്ടായിട്ടുണ്ട്. മനുഷ്യാവകാശ സംരക്ഷണത്തില്‍ അത്രയേറെ പ്രാധാന്യമാണ് അദ്ദേഹം നല്‍കിയിരിക്കുന്നത് .. നാട്ടില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ അദ്ദേഹം തെളിച്ചുനല്‍കിയ വഴി ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകിടക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മൂര്‍ച്ചയേറിയ വാക്കുകളും ശക്തമായ നിലപാടുകളും നീതിനിഷേധത്തിന്റെ ഇരുളില്‍ വെളിച്ചമായി തെളിയുന്നു. നീതിയുടെ വഴിയില്‍ പ്രായം അദ്ദേഹത്തിന് തടസ്സമായിരുന്നില്ല. ഇന്ത്യ സ്വതന്ത്രയാവും മുന്‍പ് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയ അദ്ദേഹം കേരളത്തിലെ ആദ്യ മന്ത്രിസഭയില്‍ അംഗമായി. പന്നീട് ന്യായാധിപനായി സുപ്രീംകോടതി വരെയെത്തി. അദ്ദേഹത്തിന്റെ സുപ്രധാന വിധികള്‍ ഇംഗ്ലണ്ട് ഉള്‍പ്പെടെ മറ്റ് ജനാധിപത്യ രാജ്യങ്ങളില്‍ വരെ ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ, ഇംഗ്ലണ്ടിലെ പ്രശസ്ത ന്യായാധിപനായ ലോര്‍ഡ് ഡെന്നിങ്ങിനും അമേരിക്കയിലെ ചീഫ് ജസ്റ്റിസായിരുന്ന ഏള് വാറനും ഒപ്പം ഓര്‍ക്കുന്ന പേരായി കൃഷ്ണയ്യരുടേത്. അഭിഭാഷകനോ ജനപ്രതിനിധിയോ ജഡ്ജിയോ ആകട്ടെ, എല്ലായ്പോഴും സാധാരണക്കാര്‍ക്കും നിരാലംബരായ ജനവിഭാഗങ്ങള്‍ക്കുമായി എന്ത് ചെയ്യാനാകും എന്നായിരുന്നു അദ്ദേഹം ആരാഞ്ഞത്. അതിനായി, നിയമനിര്‍മാണത്തിലൂടെയും വിധിന്യായങ്ങളിലൂടെയും മുന്നോട്ടുപോയി. നീതിനിഷേധത്തിനെതിരെ ആ ശബ്ദം എന്നും ഉയര്‍ന്നു.അഭിഭാഷകനായിരുന്ന പിതാവ് രാമയ്യരുടെ വഴിയില്‍ത്തന്നെയാണ് കൃഷ്ണയ്യാരും നടന്നത്. തലശ്ശേരിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യവേ കര്‍ഷകരുടെ അവകാശ സംരക്ഷണത്തിനുവേണ്ടി വ്യവഹാരങ്ങള്‍ നടത്തി. കാര്‍ഷിക മേഖലയെക്കുറിച്ച് അന്ന് നേടിയ അറിവ് പിന്നീട് മന്ത്രിയായപ്പോള്‍ അദ്ദേഹത്തിന് മുതല്‍ക്കൂട്ടായി. കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിലുള്ള കര്‍ഷക പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്കുവേണ്ടി ക്രിമിനല്‍ക്കേസുകള്‍ വാദിച്ചു. 1948ല്‍ അദ്ദേഹത്തിന് ജയിലില്‍ പോകേണ്ടിവന്നു. കമ്യൂണിസ്റ്റുകാര്‍ക്ക് ഒളിച്ചുതാമസിക്കാന്‍ സൗകര്യമൊരുക്കിയെന്ന കാരണം പറഞ്ഞായിരുന്നു അറസ്റ്റ്. തെറ്റിദ്ധാരണമൂലമുള്ളതായിരുന്നു നടപടിയെങ്കിലും രണ്ട് മാസം ജയിലില്‍ കിടക്കേണ്ടിവന്നു. ജയിലില്‍ തടവുകാര്‍ നേരിടുന്ന വിഷമതകള്‍ നേരിട്ടറിഞ്ഞ അദ്ദേഹം മന്ത്രിയെന്ന നിലയിലും ന്യായാധിപനായും തടവുകാരുടെ അവകാശസംരക്ഷണത്തിന് വേണ്ടി ശക്തമായി നിലകൊണ്ടു. 1957ല്‍ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ ജയില്‍, നിയമം, ജലസേചനം, ഊര്‍ജം തുടങ്ങി ഏഴ് വകുപ്പുകള്‍ അദ്ദേഹം കൈയാളി. അവയിലെല്ലാം സമഗ്രമാറ്റങ്ങള്‍ കൊണ്ടുവന്നു. 1968ല്‍ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിക്കപ്പെട്ട അദ്ദേഹം പിന്നീട് സുപ്രീംകോടതിയിലേക്ക് നിയോഗിക്കപ്പെട്ടു. ന്യായാധിപനായതോടെ മികച്ച സാമൂഹിക പ്രവര്‍ത്തകനെ നഷ്ടമാവുമെന്ന് ചിലരെങ്കിലും പേടിച്ചിരുന്നു. എന്നാല്‍, ആ ആശങ്ക അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം തന്റെ പ്രവൃത്തികളിലൂടെ തെളിയിച്ചു. തിഹാര്‍ ജയിലിലെ പീഡനത്തെക്കുറിച്ച് തടവുകാരനായ സുനില്‍ ബത്ര എഴുതിയ കത്ത് ഹര്‍ജിയായി സ്വീകരിച്ചു. പൊതുതാത്പര്യ വ്യവഹാരമേഖലയില്‍ ശക്തമായൊരു ചുവടുവെപ്പായി അത്. ജനക്ഷേമകാര്യങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കാട്ടുന്ന അലംഭാവത്തിനെതിരായ വിധിയായിരുന്നു രത്ലം മുനിസിപ്പാലിറ്റി കേസിലുണ്ടായത്. വിചാരണത്തടവുകാരുടെ ജാമ്യം, കസ്റ്റഡിയിലുള്ള പ്രതിക്ക് നിയമസഹായം തുടങ്ങിയ വിധികള്‍ മനുഷ്യാവകാശ സംരക്ഷണത്തിന്റെ പ്രഖ്യാപനങ്ങളായി. വധശിക്ഷ അപൂര്‍വമായേ നല്‍കാവൂ എന്ന വിധി ലോകശ്രദ്ധ പിടിച്ചുപറ്റി. എത്രതന്നെ ക്രൂരപ്രവൃത്തി ചെയ്തവനായാലും ശരി, അവനെ മനംമാറ്റത്തിലൂടെ നല്ലവനാക്കിയെടുക്കാമെന്ന് ജസ്റ്റിസ് കൃഷ്ണയ്യര്‍ വിശ്വസിച്ചു. അതിനുള്ള ശ്രമങ്ങള്‍ അദ്ദേഹത്തിന്റെ വിധികളിലും പ്രതിഫലിച്ചു. 'ഓപ്പറേഷന് വാല്മീകി' എന്നായിരുന്നു ആ ശ്രമങ്ങളെ അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്. ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് കേസിലെ വിധിന്യായം ജുഡീഷ്യറിയുടെ സ്വതന്ത്രസ്വഭാവം വിളിച്ചോതുന്നതായി. വിരമിച്ച ശേഷം എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും അദ്ദേഹം പോരാട്ടം തുടര്‍ന്നു. നീതിനിര്‍വഹണത്തിന്റെ ഭാവി മുന്നില്‍ക്കണ്ട് സംസ്ഥാന നിയമ കമ്മീഷനിലൂടെ പുതിയ നിയമ ശുപാര്‍ശകള്‍ ഭരണകൂടത്തിന് തയ്യാറാക്കി നല്കി. തനിക്ക് ഇനിയുമേറെ ചെയ്യാനുണ്ടെന്ന് അദ്ദേഹം പറയുമായിരുന്നു.ആധുനിക ഇന്ത്യന്‍ ജൂഡീഷ്യറിയുടെ ശില്പികളിലൊരാള് മാത്രമായിരുന്നില്ല കൃഷ്ണയ്യര്‍.
സമൂഹത്തിന്റെ എല്ലാ മേഖലകളെയും തന്റെ ബൗദ്ധിക ഇടപെടലുകള്ക്കൊണ്ട് ദീപ്തമാക്കിയ വ്യക്തികൂടിയായിരുന്നു കൃഷ്ണയ്യര്‍. നിയമപണ്ഡിതര്‍, രാഷ്ട്രതന്ത്രജ്ഞര്‍, രാഷ്ട്രീയനേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, സാമൂഹിക സാംസ്കാരിക നായകര്‍, ശാസ്ത്രജ്ഞര്‍, സാധാരണക്കാര്‍, കുട്ടികള്‍, വിദ്യാര്‍ഥികള്‍, തടവുകാര്‍ അങ്ങനെ സമൂഹത്തിന്റെ എല്ലാ കോണില്‍നിന്നും ആ ശുഭ്രവിസ്മയത്തിന്റെ വാക്കുകള്‍ക്കു കാതോര്‍ത്തിരുന്നു. നിസ്തുലവും വിപ്ളവകരവുമായ എഴുന്നൂറില്പരം വിധിപ്രസ്താവങ്ങളിലൂടെ സ്വയമൊരു നിയമപുസ്തകമായി മാറിയ മഹാമനീഷിയായിരുന്നു കൃഷ്ണയ്യര്‍. കടുകട്ടിയായ നിയമങ്ങളെ ലളിതമായി വ്യാഖ്യാനിച്ച് സാധാരണക്കാര്‍ക്കുപോലും അദ്ദേഹം പ്രാപ്യമാക്കി. 1948-ല്‍ തലശേരിയില്‍ ഒരുമാസം ജയിലില്‍ക്കിടന്ന സ്വാനുഭവം കുറ്റവാളികള്‍ക്കും മനുഷ്യാവകാശങ്ങളുണ്ടെന്ന പുതിയൊരറിവ് പുറംലോകത്തിനു പകര്ന്നുനല്കാന് അദ്ദേഹത്തെ സഹായിച്ചു.
തടവുകാരുടെ ക്ഷേമത്തിനായുള്ള അദ്ദേഹത്തിന്റെ നിര്‍ണായക വിധികള്‍ ചില വിദേശ രാജ്യങ്ങള്‍ പോലും മാതൃകയാക്കി. നിഷ്പക്ഷതയോടെ നീതിനിഷേധിക്കുന്നവന്റെ പക്ഷം ചേര്‍ന്ന് നിയമത്തിന്റെ ജനാധിപത്യവല്‍ക്കരണം എങ്ങനെ വേണമെന്ന് അദ്ദേഹം കാട്ടിത്തന്നു. സാമൂഹികനീതിയോടും മനുഷ്യാവകാശങ്ങളോടും എന്നും അദ്ദേഹം അടങ്ങാത്ത ആവേശം കാട്ടി. തടവുകാരന്റെ കണ്ണു കുത്തിപ്പൊട്ടിച്ചുവെന്ന വാര്‍ത്ത കേട്ട് പട്ന ജയിലിലേക്ക് ആ ന്യായാധിപന് നേരിട്ടു കയറിച്ചെന്ന സംഭവം പോലുമുണ്ടായി. താന്‍ ഒരു മനുഷ്യജീവിയാണെന്നും മനുഷ്യനെ ബാധിക്കുന്ന ഒന്നും തനിക്കന്യമല്ലെന്നും അദ്ദേഹം എവിടെയും ഉറക്കെപ്പറഞ്ഞിരുന്നു.തടവുകാരന് ബീഡി വലിക്കാനുള്ള സ്വാതന്ത്ര്യത്തിനു പുറമേ, ജയിലില്‍ ചെയ്യുന്ന ജോലിക്കു കൂലി, സ്റ്റേഷനിലെത്തുന്ന പരാതിക്കാരന് ഇരിപ്പിടം, നിര്‍ധനര്‍ക്ക് നിയമസഹായ പദ്ധതി എന്നിവയൊക്കെ അദ്ദേഹത്തിന്റെ വിധിപ്രസ്താവത്തിന്റെ ഫലമായിരുന്നു. നിയമങ്ങള്‍ക്കു മനുഷ്യത്വമുണ്ടാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ എല്ലാക്കാലത്തേയും സുവ്യക്തമായ നിലപാട്.
![](https://scontent-b-dfw.xx.fbcdn.net/hphotos-xap1/v/t1.0-9/10850312_851548714867001_3974822864956344686_n.jpg?oh=010c5a5bb8cde686b91c9cffadecd06b&oe=5519C31B)
1957-ല്‍ ലോകത്താദ്യമായി തെരഞ്ഞെടുപ്പിലൂടെ ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭ ഇ.എം. ശങ്കരന് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ അധികാരമേറ്റപ്പോള്‍ കൃഷ്ണയ്യര്‍ മന്ത്രിയായി. നിയമം, ജയില്‍, ആഭ്യന്തരം, ജലസേചനം എന്നീ വകുപ്പുകളുടെ ചുമതലയായിരുന്നു അദ്ദേഹത്തിന്. വിപ്ളവകരമായ ഭൂപരിഷ്കരണനിയമത്തിന്റെ ഊടുംപാവും നെയ്തത് കൃഷ്ണയ്യരായിരുന്നു.1968-ല്‍ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായ കൃഷ്ണയ്യര്‍ 1973-80 കാലഘട്ടത്തില്‍ സുപ്രീംകോടതി ജഡ്ജിയായിരുന്നു. സുപ്രീംകോടതി ജഡ്ജിയായിരുന്നവേളയില് അദ്ദേഹം പുറപ്പെടുവിച്ച വിധികള്‍ രാജ്യത്തിനകത്തും പുറത്തും അതിന്റെ ജനകീയസ്വഭാവം അടിസ്ഥാനപ്പെടുത്തി ചര്‍ച്ചചെയ്യപ്പെട്ടു. പലവിധികളും മറ്റു കോടതികള്‍ മാതൃകയാക്കി. നാനൂറോളം വിധികളില്‍ അദ്ദേഹം പരമ്പരാഗതവും കാര്‍ക്കശ്യവും നിറഞ്ഞ ജുഡീഷ്യറിയുടെ നിലപാടുകള്‍ മാറ്റിവരച്ചു. സമൂഹത്തില്‍നിന്ന് വേറിട്ടവരാണ് ജഡ്ജിമാരെന്നും അവര്‍ അപ്രാപ്യരാണെന്നുമുള്ള സങ്കല്പം അദ്ദേഹം പൊളിച്ചടുക്കി.2014 നവംബര്‍ 15-നായിരുന്നു ആ ശ്രേഷ്ഠജീവിതം നൂറിന്റെ പടികടന്നത്. സത്യത്തിനും ശരികള്‍ക്കും വേണ്ടി നിലകൊണ്ട ആ ധന്യജീവിതത്തിനു മുന്നില്‍ കാലംപോലും നമിച്ചനിമിഷം. തലമുറകളിലേക്കു പ്രകാശം പരത്തിയ ആ നിര്മലസ്മരണയ്ക്കു മുന്നില്‍ പ്രണാമംഅർപ്പിക്കുന്നു
![](https://fbcdn-sphotos-f-a.akamaihd.net/hphotos-ak-xpa1/v/t1.0-9/10570266_851548841533655_436817808036272591_n.jpg?oh=9a0493f9234a301636e9b83b0ce27b11&oe=54FB5C72&__gda__=1426031951_202c50e12f0f848dae3fd256111b8714)
![](https://scontent-b-dfw.xx.fbcdn.net/hphotos-xpf1/v/t1.0-9/1471810_851548924866980_2610373702155192555_n.jpg?oh=675366cd8b81eef12cdf538203bc72b3&oe=551BD97A)
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment