Pages

Saturday, December 27, 2014

കാല്‍ലക്ഷം ക്രിസ്മസ് പാപ്പാമാര്‍ അണിനിരക്കുന്ന ക്രിസ്തുമസ് കരോൾ

കാല്ലക്ഷം ക്രിസ്മസ് പാപ്പാമാര് അണിനിരക്കുന്ന ക്രിസ്തുമസ് കരോൾ

               ഗിന്നസ് ബുക്കില്‍ ഇടംതേടി ചരിത്രത്തിലെ ഏറ്റവും വലിയ ക്രിസ്‌മസ്‌ കരോളിനു തൃശൂരില്‍ അരങ്ങൊരുങ്ങി. അതിരൂപതയും പൗരാവലിയും സംഘടിപ്പിക്കുന്ന ലാര്‍ജസ്‌റ്റ്‌ ഗാതറിങ്‌ ഓഫ്‌ സാന്താക്ലോസ്‌ എന്ന പരിപാടിയുടെ ഭാഗമായി കാല്‍ലക്ഷം സാന്താക്ലോസുമാര്‍ നഗരത്തില്‍ അണിനിരക്കും.ഇന്ന്‌ ഉച്ചയ്‌ക്ക്‌ ഒന്നിന്‌ ശക്‌തന്‍നഗറില്‍ സജ്‌ജീകരിക്കുന്ന 40 കവാടങ്ങളിലായി അണിനിരക്കുന്ന പാപ്പമാരെ ഇലക്‌ട്രോണിക്‌ സംവിധാനത്തിലൂടെ എണ്ണിത്തിട്ടപ്പെടുത്തിയശേഷം വൈകിട്ട്‌ നാലിനു പ്രഖ്യാപനം നടത്തും. കലക്‌ടര്‍ എം.എസ്‌. ജയ, മേയര്‍ രാജന്‍ ജെ.പല്ലന്‍ എന്നിവരുടെ സാന്നിധ്യത്തിലാകും പ്രഖ്യാപനം.
               വൈകിട്ട്‌ നാലരയോടെ ബോണ്‍നത്താലെയുടെ ഫ്‌ളാഗ്‌ ഓഫ്‌ നടത്തും. കരോള്‍ സ്വരാജ്‌റൗണ്ട്‌ ചുറ്റി ഹൈറോഡിലൂടെ ശക്‌തന്‍ നഗറിലേക്കു തിരിച്ചെത്തും. രണ്ടായിരത്തോളം കുഞ്ഞുമാലാഖമാര്‍ പുത്തന്‍പള്ളി കേന്ദ്രീകരിച്ചശേഷം കോര്‍പറേഷന്‍ ഓഫീസിനു മുന്‍വശം ബോണ്‍നത്താലെയില്‍ അണിചേരും.അഞ്ചുലക്ഷം പേര്‍ പരിപാടികള്‍ കാണാനെത്തുമെന്നാണു പ്രതീക്ഷ. ഗിന്നസ്ബുക്കില്‍ ഇടം പിടിക്കുക എന്ന ലക്ഷ്യത്തിലാണ് പരിപാടി നടത്തുന്നത്. 13,000 ക്രിസ്മസ് പാപ്പാമാര്‍ നിരന്ന വടക്കന്‍ അയര്‍ലന്‍ഡിനാണ് ഏറ്റവും വലിയ ക്രിസ്മസ് ആഘോഷത്തിന്റെ നിലവിലെ റെക്കോഡ്. ഇത് തകര്‍ക്കുകയാണ് ലക്ഷ്യം.

വൈകിട്ട്‌ ഏഴിന്‌ സമാപനസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും. ഗിന്നസ്‌ബുക്ക്‌ റെക്കോഡ്‌ അധികൃതര്‍ നഗരത്തിലെത്തിയിട്ടുണ്ട്. ബോണ്‍ നത്താലെയോടനുബന്ധിച്ച്‌ ഭവനരഹിതര്‍ക്കു വീടു വച്ചുനല്‍കുന്നതുള്‍പ്പെടെ അഞ്ചുകോടിയിലധികം രൂപയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും നടത്തുമെന്ന്‌ ആര്‍ച്‌ ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, എം.പി. വിന്‍സന്റ്‌ എം.എല്‍.എ, ജോസി ചാണ്ടി, ജനറല്‍ കണ്‍വീനര്‍ ഡേവിസ്‌ പുത്തൂര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: