മദന്‍
മോഹന്‍ മാളവ്യ
രമ്യ ഹരികുമാര്‍
അഹിംസ മാര്‍ഗ്ഗങ്ങളിലൂടെ ബ്രിട്ടീഷുകാര്‍ക്കെതിരെ
സമരം ചെയ്യാനുളള ആഹ്വാനവുമായി ഗാന്ധിജി നേതൃത്വം നല്‍കിയ നിസ്സഹകരണപ്രസ്ഥാനത്തിലെ
സജീവപ്രവര്‍ത്തകനായിരുന്നു മദന്‍ മോഹന്‍ മാളവ്യ. 1886 ല്‍ കല്‍ക്കട്ടയില്‍ നടന്ന രണ്ടാം കോണ്‍ഗ്രസ് സമ്മേളനത്തില്‍
നടത്തിയ പ്രസംഗത്തോടെയാണ് മദന്‍ മോഹന്‍ മാളവ്യയെ രാജ്യം ശ്രദ്ധിക്കാന്‍
തുടങ്ങുന്നത്. തുടര്‍ന്ന് ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി കോണ്‍ഗ്രസിന്റെ
മുന്നില്‍ നിന്നുകൊണ്ട് തന്നെ അദ്ദേഹം പ്രവര്‍ത്തിച്ചു. നാലു തവണ ഇന്ത്യന്‍
നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡന്റായി അദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുണ്ട്.
ഖിലാഫത്ത് പ്രസ്ഥാനത്തിലെ കോണ്‍ഗ്രസിന്റെ സഹകരണത്തെ എതിര്‍ത്തിരുന്ന മാളവ്യ
ഇന്ത്യാവിഭജനത്തേയും വളരെ ശക്തമായി എതിര്‍ത്തു.
ലാലാ ലജ്പത്‌റായിക്കും ജവഹര്‍ലാല്‍ നെഹ്‌റുവിനുമൊപ്പവും സൈമണ്‍കമ്മീഷന്‍ പ്രക്ഷോഭത്തിലും അദ്ദേഹം നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. 1930 ല്‍ നടന്ന ആദ്യ വട്ടമേശ സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത് മാളവ്യ ആയിരുന്നു. ആനിബസന്റിനൊപ്പം ചേര്‍ന്ന് സ്‌കൗട്ട് പ്രസ്ഥാനം രൂപീകരിക്കുന്നതിനും അദ്ദേഹം നേതൃത്വം നല്‍കി. 'സത്യമേവ ജയതേ' എന്ന മുദ്രാവാക്യത്തിന് പ്രസിദ്ധി നേടിക്കൊടുത്തത് മാളവ്യ ആയിരുന്നു.സ്വാതന്ത്ര്യസമരസേനാനി മാത്രമായിരുന്നില്ല മദന്‍ മോഹന്‍ മാളവ്യ. നല്ലൊരു വിദ്യാഭ്യാസപ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം. ലോകപ്രശസ്തമായ ബനാറസ് ഹിന്ദു സര്‍വകലാശാല വാരണാസിയില്‍ 1916 ല്‍ സ്ഥാപിച്ചത് മാളവ്യയായിരുന്നു. യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറായി 1919-1938 കാലത്ത് അദ്ദേഹം സേവനമനുഷ്ഠിച്ചു.
മികച്ച പത്രപ്രവര്‍ത്തകനും കൂടിയായിരുന്നു മാളവ്യ. അദ്ദേഹം ആരംഭിച്ച 'ദി ലീഡര്‍' എന്ന പത്രം ജനമനസ്സുകളില്‍ ഏറെ സ്വാധീനം ചെലുത്തിയ പത്രങ്ങളിലൊന്നായിരുന്നു. ദീര്‍ഘകാലം ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ചെയര്‍മാന്‍ പദവിയും ഇദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഹിന്ദി പതിപ്പിറക്കുന്നത് ഇദ്ദേഹം ചെയര്‍മാനായിരുന്ന കാലത്താണ്.
ഉത്തര്‍പ്രദേശിലെ ഒരു യഥാസ്ഥിതിക ബ്രാഹ്മണ കുടുബത്തിലായിരുന്നു മാളവ്യയുടെ ജനനം. ഹിന്ദുമതത്തിന്റെ സനാതനവിശ്വാസങ്ങളില്‍ ഉറച്ച വിശ്വാസമുണ്ടായിരുന്ന അദ്ദേഹം ജാതിവ്യവസ്ഥകളെ നിശിതമായി വിമര്‍ശിച്ചിരുന്നു. അയിത്താചാരം ഇല്ലാതാക്കുന്നതിനു വേണ്ടിയും എല്ലാവര്‍ക്കും ക്ഷേത്രപ്രവേശനം നടപ്പിലാക്കുന്നതിനു വേണ്ടിയും ശബ്ദമുയര്‍ത്തിയിരുന്നു. ഹിന്ദുമതത്തിനു വേണ്ടി ഹിന്ദുമഹാസഭയില്‍ പ്രവര്‍ത്തിച്ചിരുന്ന മാളവ്യ പക്ഷേ ഒരിക്കലും വര്‍ഗീയവാദി ആയിരുന്നില്ല. മുസ്ലീങ്ങള്‍ക്കു വേണ്ടി പ്രത്യേകം നിയോജമണ്ഡലങ്ങള്‍ സൃഷ്ടിക്കുന്നതിനെ ആദ്ദേഹം എതിര്‍ത്തു.അലഹാബാദ് യൂണിവേഴ്്‌സിറ്റിയില്‍ നിന്നും മെട്രിക്കുലേഷനും കല്‍ക്കട്ട യൂണിവേഴ്‌സിറ്റിയില്‍ നിന്നും സംസ്‌കൃത ബിരുദവും നേടിയ മാളവ്യ, അലഹബാദ് സ്‌കൂളിലെ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് അലഹാബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദമെടുക്കുകയും കുറച്ചു കാലം അഭിഭാഷകനായി പ്രവര്‍ത്തിക്കുകയും ചെയ്തു. പക്ഷേ ഒരു അഭിഭാഷകനെന്ന നിലയില്‍ നേടിയെടുക്കാവുന്ന വരുമാനത്തെയെല്ലാം ത്യജിച്ച് സ്വാതന്ത്ര്യസമരമുഖത്തേക്കിറങ്ങാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.
മദന്‍ മോഹന്‍ മാളവ്യയോടുള്ള ആദരസൂചകമായി 1961 ല്‍ രാജ്യം അദ്ദേഹത്തിന്റെ ചിത്രം ആലേഖനം ചെയ്ത പോസ്‌റ്റേജ് സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. 1861 ഡിസംബര്‍ 25ന് ബിജ്രനാഥിന്റേയും മൂനാദേവിയുടേയും മകനായി ജനിച്ച മാളവ്യയുടെ 150 ാം പിറന്നാള്‍ 2011 ല്‍ രാജ്യം അതിവിപുലമായാണ് ആഘോഷിച്ചത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന്റെ തലേവര്‍ഷം, 1946 ലാണ് മാളവ്യ അന്തരിച്ചത്
പ്രൊഫ് .ജോണ്‍ കുരാക്കാർ
No comments:
Post a Comment