Pages

Thursday, December 18, 2014

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗണേഷ് കുമാര്‍

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗണേഷ് കുമാര്‍
സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ രംഗത്തെത്തി. അഴിമതിക്കെതിരായ തന്റെ പോരാട്ടം തുടരുമെന്നും പൊതുമരാമത്ത് വകുപ്പിനെതിരായ ആരോപണത്തില്‍ നിന്നും താന്‍ പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ ലോകായുക്തയ്ക്ക് തെളിവ് നല്‍കും. നിയമസഭാ സമിതിക്ക് തെളിവ് നല്‍കാന്‍ മുഖ്യമന്ത്രി അവസരം നല്‍കിയില്ലെന്നും മുഖ്യമന്ത്രിക്ക് ആത്മാര്‍ഥതയില്ലെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു. പൊതുമരാമത്ത് വകുപ്പിലെ അഴിമതിക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വേണ്ടിവന്നാല്‍ പ്രധാനമന്ത്രിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 
മുന്നണി മാറ്റം ആലോചിച്ചില്ല. ഇപ്പോഴും കേരളാ കോണ്‍ഗ്രസ് (ബി) അംഗമാണ്. കഴിഞ്ഞ കാലങ്ങളില്‍ എല്ലാവരും കൂടി തന്നെ വേട്ടയാടുകയായിരുന്നു. തനിക്ക് മരണ ഭയമില്ലെന്നും താന്‍ മുന്നണി വിടുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഒരു പാര്‍ട്ടിയില്‍ അംഗമാണ്. നേതൃത്വവും ചെയര്‍മാനും പാര്‍ട്ടി തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. യു.ഡി.എഫ് ഭരണത്തില്‍ ഒരു വിഭാഗത്തിനും സംതൃപ്തിയില്ല. അഴിമതിക്കെതിരായ പോരാട്ടത്തില്‍ വി.എസ് അച്യുതാനന്ദന്‍ അടക്കം എല്ലാവരും സഹായിച്ചുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് പൊതുമരാമത്ത് വകുപ്പിനെതിരെ അഴിമതിയാരോപണവുമായി ഗണേഷ് കുമാര്‍ രംഗത്തെത്തിയത്. നിയമസഭയിലാണ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസ് കേന്ദ്രീകരിച്ച് അഴിമതി നടക്കുകയാണെന്നും മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ട മൂന്നു പേരാണിതിന് ചുക്കാന്‍പിടിക്കുന്നതെന്നും മുന്‍ മന്ത്രികൂടിയായ ഗണേഷ്‌കുമാര്‍ ആരോപിച്ചത്.
അഴിമതിക്കാരായ ജീവനക്കാരുടെ പേരുകള്‍ അദ്ദേഹം വെളിപ്പെടുത്തി. ഫയലുകള്‍ ഉയര്‍ത്തിക്കാട്ടി ആയിരുന്നു ആരോപണം. അബ്ദുള്‍ റാഷിദ്, അബ്ദുള്‍ റഹീം, നജിമുദീന്‍ എന്നീ ജീവനക്കാരുടെ പേരുകളാണ് ഗണേഷ് സഭയില്‍ വെളിപ്പെടുത്തിയത്. കോടികളുടെ അഴിമതിയാണ് ഇവര്‍ നടത്തുന്നതെന്നും റോഡ് വികസനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസില്‍ എത്തിയപ്പോള്‍ തനിക്ക് അവഹേളനം നേരിടേണ്ടിവന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

പ്രൊഫ്‌ .ജോണ്‍ കുരാക്കാർ 


No comments: