കണ്ണു ചികിത്സയ്ക്കെത്തിയ
വീട്ടമ്മ കാലൊടിഞ്ഞ് ആശുപത്രിയിലായി
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടിയെത്തിയ വീട്ടമ്മ മുപ്പതടി ആഴമുള്ള മാന്‍ഹോളില്‍ വീണു കാലൊടിഞ്ഞു. കോട്ടയം കലക്‌ടറേറ്റിനു സമീപം കീഴുകുന്ന് ആറ്റുമാലിയില്‍ തോമസിന്റെ ഭാര്യ കുഞ്ഞമ്മയ്(63)ക്കാണു പരുക്കേറ്റത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണു സംഭവം.രാവിലെ ഭര്‍ത്താവിനൊപ്പം നേത്രരോഗവിഭാഗം ഒ.പിയില്‍ ഡോക്‌ടറെ കണ്ടു മടങ്ങുമ്പോഴാണ് അപകടം. യൂറോളജി ഒ.പിയുടെ എതിര്‍വശത്തു തുറന്നുകിടന്ന മുറി ശൗചാലയമാണെന്നു കരുതി ഉള്ളിലേക്കു കയറിയതാണു കുഞ്ഞമ്മ. കക്കൂസ് മാലിന്യത്തിന്റേതടക്കമുള്ള പൈപ്പുകള്‍ കടന്നുപോകുന്ന മാന്‍ഹോളായിരുന്നു ഇത്. കുഞ്ഞമ്മയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടാണു തോമസ് ഓടിയെത്തിയെത്തിയത്.
തോമസ് ബഹളം വച്ചതോടെ ആശുപത്രി ജീവനക്കാരനായ സുബ്രഹ്‌മണ്യന്‍, എയ്‌ഡ് പോസ്‌റ്റ് ജീവനക്കാരായ ജോബി, അനീഷ് എന്നിവര്‍ സമീപത്തേയ്‌ക്ക് ഓടിയെത്തി. കാലൊടിഞ്ഞ നിലയില്‍ താഴെ ബോധരഹിതയായി കിടക്കുന്ന കുഞ്ഞമ്മയെയാണ് പരിശോധനയില്‍ കണ്ടെത്തിയത്. മാലിന്യം നിറഞ്ഞ കുഴിയിലിറങ്ങിയ സുബ്രഹ്‌മണ്യന്‍ ഉടന്‍ തന്നെ കുഞ്ഞമ്മയെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു. പരിശോധനയില്‍ ഇടതുകാലിന് ഒടിവുള്ളതായി കണ്ടെത്തി. വീഴ്‌ചയില്‍ മാന്‍ഹോളിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിച്ച് ദേഹാമസകലം ചതവുമുണ്ട്.
മാന്‍ഹോളില്‍ നിറയെ പൈപ്പുകളായതിനാലാണു ഗുരുതര പരുക്കേല്‍ക്കാതിരുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കാനൊരുങ്ങുകയാണു കുഞ്ഞമ്മയുടെ ബന്ധുക്കള്‍. അപകടം ആശുപത്രിയില്‍ സംഭവിച്ചതായതിനാല്‍ ചികിത്സാ ചെലവുകള്‍ വഹിക്കുമെന്നു സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ് പറഞ്ഞു. മാന്‍ഹോളിലേക്കുള്ള വാതില്‍ തുറന്നിട്ടതാണ് അപകടത്തിനു കാരണമായതെന്ന് ആക്ഷേപമുണ്ട്. അതേസമയം, ആശുപത്രി അധികൃതരുടെ നിലപാടിനെതിരേ വ്യാപക പ്രതിഷേധമുണ്ട്. കുഞ്ഞമ്മ വീണയുടന്‍, രക്ഷിക്കാന്‍ ശ്രമിക്കാതെ മുറി പൂട്ടാനാണ് അധികൃതര്‍ തിടുക്കത്തില്‍ ശ്രമിച്ചതെന്നും ആരോപണമുണ്ട്.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment