നീതിരഹിതമായഭരണവര്‍ഗത്തിന്റെ നയസമീപനങ്ങളാണ് മാവോയിസ്‌റ്റുകള്‍ വളരാൻ ഇടയാക്കുന്നത്
.
.
രാഷ്ട്രീയനേതൃത്വത്തിന്റെയും ഭരണവര്ഗത്തിന്റെയും നീതിരഹിതമായ നയസമീപനങ്ങളിലൂടെ പാര്ശ്വവത്കരിക്കപ്പെട്ട ആദിവാസികള്ക്കിടയില് മാവോയിസ്റ്റുകള് എത്രമാത്രം വളര്ന്നുകഴിഞ്ഞുവെന്നേ ഇനി അറിയാനുള്ളൂ. മാനന്തവാടിക്കു സമീപം വെള്ളമുണ്ടയില് ചപ്പ ആദിവാസികോളനിക്കു സമീപമാണ് സേനാംഗങ്ങളും എട്ടോളം മാവോയിസ്റ്റുകളും പരസ്പരം നിറയൊഴിച്ചത്. ഈ കോളനിക്കു രണ്ടു കിലോമീറ്റര് അകലെയുള്ള ഒരു പോലീസുകാരന്റെ വീട് മുമ്പ് മാവോയിസ്റ്റുകള് ആക്രമിച്ചിരുന്നു. ആദിവാസികള് മാവോയിസ്റ്റുകളെയും അവര് തിരിച്ചും പരസ്പരം വിശ്വാസത്തിലെടുത്തു കഴിഞ്ഞോ? ഇന്ത്യയില് എവിടെയും സര്ക്കാരില് നിന്നും കടുത്ത അവഗണന നേരിടുന്ന ആദിവാസികള്ക്കിടയിലാണ് മാവോയിസ്റ്റ് സ്വാധീനം ശക്തമായിട്ടുള്ളതെന്ന് നാം ഓര്ക്കണം.
വികസനം നഗരകേന്ദ്രീകൃതമാണെന്നും ആദിവാസികള് വംശഹത്യ നേരിടുകയാണെന്നും തങ്ങള്ക്കൊപ്പം നിന്നാല് ഈ പ്രശ്നങ്ങള്ക്കെല്ലാം പരിഹാരമുണ്ടാക്കാമെന്നും മാവോയിസ്റ്റുകള് അവരെ വിശ്വസിപ്പിക്കുന്നു. ഭൂമിക്കായിട്ടാണ് കാടിന്റെ മക്കള് സെക്രട്ടേറിയറ്റിനു മുന്നില് നില്പുസമരം നടത്തുന്നത്. ഈ സമരം മാസങ്ങളായി അപരിഹാര്യമായി തുടരുകയാണ്. ആദിവാസികളുടെ ഭൂമി കൈയേറിവരെ ഒഴിപ്പിക്കാന് സര്ക്കാരിന് ആകുന്നില്ല. ആദിവാസി ഊരുകളില് വികസനമില്ല. അവിടേക്കു നല്ല റോഡുകളില്ല. പട്ടിണിയും ശിശുമരണവും പോഷകാഹാരക്കുറവും സര്വവ്യാപിയായിരിക്കുന്നു.ലഹരിക്കടിമകളാകുന്ന ആദിവാസി യുവത്വം ആരോഗ്യം നഷ്ടപ്പെട്ട് നിത്യരോഗികളാകുന്നു. കൃഷിചെയ്ാന് ഭൂമിയയില്ല. ഉള്ളഭൂമിയില് പരമ്പരാഗത കൃഷി രീതികളില്നിന്ന്മാറേണ്ടിവന്നതോടെ ആദിവാസി ഊരുകളില് പട്ടിണി വിരുന്നെത്തി. കോടിക്കണക്കിനു രൂപ ആദിവാസികളുടെ വികസനത്തിനായി ചെലവിട്ടതായി സര്ക്കാര് കണക്കുകളിലുണ്ട്. പക്ഷേ, ആദിവാസികളുടെ ജീവിതം മാത്രം മെച്ചപ്പെട്ടില്ല. പ്രശ്നങ്ങളുടെ ഫലഭൂയിഷ്ഠമായ ഈ മണ്ണില് പടര്ന്നു പന്തലിക്കാന് മാവോയിസ്റ്റുകള്ക്കു കഴിയും.
സമാനമായ ആദിവാസി പ്രശ്നങ്ങള് നേരിടുന്ന സംസ്ഥാനങ്ങളിലൊക്കെ മാവോവാദികള് ശക്തിപ്രാപിച്ചുകഴിഞ്ഞിട്ടുണ്ട്. ഝാര്ഖണ്ട്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ബംഗാള്, ഒഡീഷ എന്നിവിടങ്ങളിലൊക്കെ മാവോയിസ്റ്റ് സ്വാധീനം ശക്തമാണ്. വിമാനങ്ങള്വരെ വീഴ്ത്താനുള്ള ആയുധശേഷി ഇവര് കൈവരിച്ചുകഴിഞ്ഞതായാണു രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. എത്രയോ സുരക്ഷാഭടന്മാരുടെ ജീവനുകള് അവിടങ്ങളിലെ കാടുകളില് കുരുതിക്കൊടുക്കപ്പെട്ടുകഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളില്നിന്ന് ആക്രമണം കേരളത്തിലേക്കു കൂടി വ്യാപിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണോ ചപ്പ ഏറ്റുമുട്ടല് എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
പശ്ചിമഘട്ട മലനിരകളെ കാര്ന്നുതിന്ന് വളരുന്ന ക്വാറിമാഫിയയുടെ പ്രവര്ത്തനം മാവോയിസ്റ്റുകളെയും ആദിവാസികളെയും പ്രകോപിപ്പിക്കുന്നുണ്ട്. കോഴിക്കോട് തൊട്ടില്പ്പാലത്തു ക്വാറിയില് കിടന്ന ജെ.സി.ബി. കത്തിച്ചുകളഞ്ഞതാണ് സമീപകാലത്ത് മാവോയിസ്റ്റുകള് പ്രകോപനപരമായി പ്രതികരിച്ച ആദ്യസംഭവം. ആദിവാസി സമൂഹത്തില് മാത്രമല്ല, പൊതുവിഷയങ്ങളിലും തങ്ങള് ഇടപെടുമെന്ന ശക്തമായ സൂചന നല്കി കൊച്ചിയില് നിറ്റ ജലാറ്റിന് കമ്പനി തല്ലിത്തകര്ക്കുകയും ചെയ്തു. ഇതിനു പിന്നാലെ വയനാട്ടിലെ തിരുനെല്ലിയിലെ റിസോര്ട്ടും അടിച്ചുതകര്ത്തു. ഈ സംഭവങ്ങളിലൊന്നില്പ്പോലും ആരെയും പിടികൂടാന് പോലീസിനു കഴിഞ്ഞിട്ടില്ലെന്നതു ശ്രദ്ധാര്ഹമാണ്.
കേരളത്തില് സായുധപോരാട്ടത്തിനു സജ്ജമാണെന്ന് അന്യസംസ്ഥാനങ്ങളിലെ മാവോയിസ്റ്റുനേതാക്കള് ചില അഭിമുഖങ്ങളില് വ്യക്തമാക്കിയിരുന്നതാണ്. കേരളമണ്ണില് മാവോയിസ്റ്റ് സാന്നിധ്യം പുതിയൊരു ഘട്ടത്തിലേക്കു കടക്കുകയാണെന്നു കരുതേണ്ടിയിരിക്കുന്നു. രാഷ്ട്രീയകക്ഷികളെയും ഭരണവര്ഗത്തെയുംപോലെ കേരളീയ പൊതുസമൂഹവും ആദിവാസിപ്രശ്നങ്ങള് അത്രഗൗരവത്തില് എടുത്തിട്ടില്ല. മാത്രവുമല്ല, മാവോയിസ്റ്റ് ആക്രമണങ്ങളുടെ രൂക്ഷത നാമൊട്ട് അനുഭവിച്ചിട്ടുമില്ല. എന്നാല്, സര്ക്കാരും രാഷ്ട്രീയകക്ഷികളുമൊക്കെച്ചേര്ന്ന് അതിനുള്ള സാഹചര്യം ഒരുക്കിക്കഴിഞ്ഞു. ആശങ്കപ്പെടാനൊന്നുമില്ലെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞാലും മറ്റു സംസ്ഥാനങ്ങളിലെ അനുഭവം വച്ചുനോക്കുമ്പോള് കനത്ത ഭീഷണിതന്നെയാണ് മാവോയിസ്റ്റുകള് ഉയര്ത്തുന്നത്.പാര്ശ്വവത്കരിക്കപ്പെട്ട ജനതയിൽ വളർന്നു വരുന്ന അസ്വസ്ഥത ഇല്ലാതാക്കിയാൽ മാത്രമേ മാവോയിസ്റ്റുകളുടെ വളർച്ച തടയാൻ കഴിയുകയുള്ളൂ .
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment