ചരിത്രം കുറിച്ച് ഇന്ത്യയ്ക്ക്
റിലേ സ്വര്‍ണം
ഹോക്കിയില്‍ പുരുഷന്മാര്‍ വമ്പു കാട്ടി പൊന്നണിയിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇഞ്ചിയോണിലെ നീലട്രാക്കിനെ ഇന്ത്യന്‍ പെണ്‍പ്പറവകളും പൊന്നണിച്ചു. വനിതകളുടെ 400 മീറ്റര്‍ റിലേയില്‍ ഗെയിംസ് റെക്കോഡ് തിരുത്തിക്കുറിച്ച് പറന്നുകൊണ്ടാണ് ടിന്റു ലൂക്കയും കൂട്ടരും സ്വര്‍ണം നേടിയത്. 3:28.68 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ടിന്റു ലൂക്കയും പ്രിയങ്ക പവാറും മന്‍ദീപ് കൗറും എം.ആര്‍. പൂവമ്മയും നാലു വര്‍ഷം മുന്‍പ് ഗ്വാങ്ഷുവില്‍ ഇന്ത്യന്‍ ടീം തന്നെ കുറിച്ച റെക്കോഡാണ് പഴങ്കഥയാക്കിയത്. അന്ന് 3.29.02 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് റെക്കോഡിട്ട ടീമിലെ അംഗമായിരുന്നു മന്‍ദീപ് കൗര്‍. തുടര്‍ച്ചയായ രണ്ട് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും റെക്കോഡും കുറിക്കുകയെന്ന അപൂര്‍വ ബഹുമതിയും മന്‍ദീപിന് സ്വന്തമായി. ടിന്റുവിന്റെയും പ്രിയങ്ക പവാറിന്റെയും ആദ്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമാണിത്.
കഴിഞ്ഞ ദിവസം 800 മീറ്ററില്‍ തലനാരിഴയ്ക്ക് നഷ്ടപ്പെട്ട സ്വര്‍ണം നഷ്ടപ്പെട്ടതിന്റെ സങ്കടം തീര്‍ക്കാന്‍ ഉറച്ചിറങ്ങിയ ടിന്റുവിന്റെ കുതിപ്പാണ് ഇന്ത്യയെ സ്വര്‍ണമണിയിച്ചത്. പ്രിയങ്ക ഓടിയ ആദ്യ ലാപ്പില്‍ ഇന്ത്യ ജപ്പാന് പിറകിലായിരുന്നു. എന്നാല്‍, പ്രിയങ്കയില്‍ നിന്ന് ബാറ്റണ്‍ ഏറ്റുവാങ്ങിയ ടിന്റു കാലില്‍ അത്ഭുതവേഗം ആവാഹിച്ച് പറന്ന് 200 മീറ്ററോടെ തന്നെ ജപ്പാന്റെ രണ്ടാം ലാപ്പുകാരി നനാകൊ മത്‌സുമൊട്ടോയെ മറികടന്നു. ടിന്റുവില്‍ നിന്ന് ബാറ്റണ്‍ കൈമാറിക്കിട്ടിയ മന്‍ദീപ് കൗറിന് ജപ്പാന്റെ കാന ഇചികാവയില്‍ നിന്ന് കനത്ത വെല്ലുവിളിയാണ് നേരിടേണ്ടിവന്നത്. എന്നാല്‍, അനുഭവസമ്പത്തിന്റെ കരുത്തില്‍ കുതിച്ച മന്‍ദീപ് ബാറ്റന്‍ ലീഡോടെ തന്നെ അവസാന ലാപ്പുകാരി പൂവമ്മയ്ക്ക് ഏല്‍പിച്ചു. പൂവമ്മയുടെ ഉജ്വലമായ സ്പ്രിന്റിങ് ശേഷിയെ മറികടക്കാന്‍ ജപ്പാന്റെ അവസാന ലാപ്പുകാരി അസാമി ചിബയ്ക്ക് കഴിഞ്ഞതേയില്ല. 25 മീറ്ററിലേറെ ദൂരത്തിന്റെ വ്യത്യാസത്തില്‍ പൂവമ്മയുടെ ഗോള്‍ഡന്‍ ഫിനിഷ്. 20 സെക്കന്‍ഡ് കഴിഞ്ഞാണ് അസാമി ടേപ്പ് തൊട്ടത്. സമയം: 3:30.80 സെക്കന്‍ഡ്. 3.32.02
സെക്കന്‍ഡില്‍ ചൈന വെങ്കലമണിഞ്ഞു.
ഏഷ്യന്‍ ഗെയിംസ്: ഹോക്കിയില്‍ 16 വര്‍ഷത്തിന് ശേഷം ഇന്ത്യക്ക് സ്വര്ണം; റിലേയിലും സ്വര്ണം
ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണം. പാക്കിസ്‌താന 4-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വര്‍ണ മെഡല്‍ നേടിയത്. 1998ന് ശേഷം ഇത് ആദ്യമായാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ നേടുന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ മലയാളി താരം ശ്രീജേഷിന്റെ മികവിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. കളി തുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ പാക്കിസ്‌താന്‍ ആദ്യ ഗോള്‍ നേടി. പാക്കിസ്‌താന് വേണ്ടി മുഹമ്മദ് റിസ്വാനാണ് ഗോള്‍ നേടിയത്.
എന്നാല്‍ ഏറെ വൈകാതെ ഇന്ത്യ മറുപടി ഗോള്‍ നേടി. കൊദ്‌ജിത്ത് സിങ്ങാണ് ഇന്ത്യക്ക് വേണ്ടി ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. ഇതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടില്‍ പാക്കിസ്‌താന്റെ മൂന്ന് ഗോള്‍ ശ്രമങ്ങള്‍ മലയാളി താരം ശ്രീജേഷ് സമര്‍ത്ഥമായി തടഞ്ഞിട്ടതാണ് ഇന്ത്യക്ക് വിജയം കൊണ്ടുവന്നത്. ഇന്ത്യയും പാക്കിസ്‌താനും ഏഷ്യാഡ് ഹോക്കിയില്‍ ഏറ്റുമുട്ടിയ ഭൂരിപക്ഷം മത്സരങ്ങളിലും പാക്കിസ്‌താനായിരുന്നു വിജയം. അതുകൊണ്ടു തന്നെ ഏറെ വര്‍ഷങ്ങള്‍ കാത്തിരുന്ന് ഇന്ത്യ നേടിയ ഏഷ്യാഡ് ഹോക്കി സ്വര്‍ണം ഇരട്ടി മധുരമായി.
ഹോക്കിയിലെ സുവര്‍ണ്ണ നേട്ടത്തിന് പിന്നാലെ വനിതകളുടെ റിലേയിലും ഇന്ത്യ സ്വര്‍ണം നേടി. 4*400 മീറ്റര്‍ റിലേയില്‍ മലയാളി താരം ടിന്റു ലൂക്ക ഉള്‍പ്പെട്ട ടീമാണ് സ്വര്‍ണം നേടിയത്. ഗെയിംസ് റിക്കാര്‍ഡോടെയാണ് ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണം നേടിയത്. ടിന്റു ലൂക്ക നേടിയ നിര്‍ണ്ണായക ലീഡാണ് ഇന്ത്യയെ സ്വര്‍ണ നേട്ടത്തിലേക്ക് നയിച്ചത്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment