Pages

Thursday, October 9, 2014

വെള്ള കെട്ടിലൊരു പള്ളികൂടം

വെള്ള കെട്ടിലൊരു പള്ളികൂടം 
കൊല്ലം പട്ടണത്തിലെ സ്കൂ പരിസരം
 കണ്ട് പട്ടാളക്കാ ഞെട്ടി
പലസ്ഥലത്തും പോയിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു സര്‍ക്കാര്‍ സ്‌കൂള്‍ കണ്ടിട്ടില്ലെന്ന് സൈനികര്‍. വെള്ളക്കെട്ടും അതില്‍ ഒഴുകിയെത്തിയ മാലിന്യവും കാരണം സ്‌കൂള്‍ മുറ്റത്ത് കാലുകുത്താന്‍ വയ്യ. പോരാത്തതിന് ദുര്‍ഗന്ധവും. സ്‌കൂളിലെ മുറ്റം നിറഞ്ഞുകിടക്കുന്ന അഴുക്കുവെള്ളം കണ്ട് കടപ്പാക്കടയ്ക്കടുത്ത് ഉളിയക്കോവില്‍ ടി.കെ.ഡി.എം. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയ പട്ടാളക്കാരും ഞെട്ടി. കൊല്ലത്ത് നാളെ (ശനിയാഴ്ച )ആരംഭിക്കുന്ന കരസേനാ റിക്രൂട്ട്‌മെന്റ് റാലി നടത്താന്‍ എത്തിയ സെനികര്‍ക്ക് താമസസ്ഥലം ഒരുക്കിയിരിക്കുന്നത് ഒട്ടും അടിസ്ഥാനസൗകര്യമില്ലാത്ത ഈ സ്‌കൂളില്‍.വെള്ളക്കെട്ട് മാറ്റാന്‍ സ്‌കൂള്‍ അധികൃതര്‍ കാലങ്ങളായി മുട്ടാത്ത വാതിലുകളില്ല. ഒന്നും ഫലം കണ്ടില്ലെന്നുമാത്രം. സ്‌കൂള്‍ മുറ്റത്ത് കാലുകുത്താനാവാതെ സര്‍ക്കസുകാരെപ്പോലെ ക്ലാസ് മുറികളില്‍ കയറുന്ന 450 വിദ്യാര്‍ഥികളും അധ്യാപകഅനധ്യാപക ജീവനക്കാരും തീരെ സൗകര്യമില്ലാതെ കഷ്ടപ്പെടുമ്പോഴാണ് ഇവര്‍ക്കിടയിലേക്ക് നൂറോളം പട്ടാളക്കാര്‍ ബുധനാഴ്ചമുതല്‍ താമസിക്കാന്‍ വന്നത്. സൈനികര്‍ക്ക് ഇത്തരം സ്ഥലവാസം ആദ്യ അനുഭവം അല്ലെങ്കിലും കേരളത്തിലെ ഒരു നഗരനടുവിലുള്ള സര്‍ക്കാര്‍ സ്‌കൂളിലെ ഇക്കാഴ്ച ഞെട്ടിക്കുന്നതാെണന്ന് അവര്‍ പറയുന്നു.
ഹൈസ്‌കൂള്‍ ക്ലാസ് മുതല്‍ ഹയര്‍ സെക്കന്‍ഡറിയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടും പ്രത്യേക പരിചരണം വേണ്ട 15 കുട്ടികളുടെ ക്ലാസും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. റോഡില്‍നിന്ന് സ്‌കൂള്‍ കവാടം കടക്കുമ്പോള്‍ത്തന്നെ വെള്ളക്കെട്ടാണ്. മുറ്റത്തുകൂടി നടന്ന് ക്‌ളാസുകളില്‍ കയറാനാവില്ല. സൈനികര്‍ താമസിക്കുന്ന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കെട്ടിടത്തിന് പിന്നിലുള്ള ടോയ്‌ലറ്റ് ബ്ലോക്കിലേക്ക് പോകാന്‍ വെള്ളക്കെട്ടില്‍ അങ്ങിങ്ങ് നിരത്തിയ പാറകള്‍ ചാടിക്കടക്കണം. ഈ കെട്ടിടത്തിന്റെ പരിസരമാകെ ദുര്‍ഗന്ധമാണ്.ചെറിയൊരു മഴ പെയ്താല്‍ത്തന്നെ സ്‌കൂള്‍ വളപ്പ് മുഴുവന്‍ വെള്ളം കയറും. ഓടകള്‍ നിറഞ്ഞൊഴുകി മാലിന്യവും ചേരുന്നതോടെ കുട്ടികളുടെ കാര്യം കഷ്ടത്തിലാകും. മഴ മാറിയാലും നാലഞ്ചുദിവസത്തേക്ക് വെള്ളക്കെട്ട് ഒഴിയില്ല. ചിതറിക്കിടക്കുന്ന ആറോളം കെട്ടിടങ്ങളില്‍ ഒന്നിലും വെള്ളത്തില്‍ ചവിട്ടാതെ കയറാനാവില്ല. മുറ്റത്തെ പുല്ലും അതില്‍ അടിഞ്ഞുകിടക്കുന്ന മാലിന്യവും രോഗഭീഷണി ഉയര്‍ത്തുകയാണ്. ജനപ്രതിനിധികളടക്കമുള്ളവര്‍ക്ക് ഇതെല്ലാം അറിയാമെങ്കിലും ഇപ്പശരിയാക്കാമെന്ന് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. 95 ശതമാനം വിജയം നേടുന്ന സര്‍ക്കാര്‍ സ്‌കൂളിന്റെ ഗതികേടാണിത്. ഡെങ്കിപ്പനി നിരവധി പേരുടെ ജീവനെടുത്ത സ്ഥലമല്ലേ കൊല്ലം ജില്ല എന്നായിരുന്നു ഇവിടത്തെ അവസ്ഥ കണ്ട് സൈനികര്‍ പങ്കുവച്ച ആശങ്ക.
വൊക്കേഷണല്‍ വിഭാഗം ക്ലാസുകള്‍ പ്രധാന കെട്ടിടത്തിലേക്ക് മാറ്റിയാണ് സൈനികര്‍ക്ക് താമസത്തിനുള്ള ഇടം തയ്യാറാക്കിയത്. ഓപ്പണ്‍ സ്‌റ്റേജിലാണ് അവര്‍ ഭക്ഷണമൊരുക്കുന്നതും വിളമ്പുന്നതും. സൈനികര്‍ ക്ലാസില്‍ നിരന്നുകിടക്കും. വെള്ളക്കെട്ടും അതിലെ മാലിന്യവും ദുര്‍ഗന്ധവുമാണ് അവരുടെയും സ്‌കൂളിന്റെയും പ്രധാന പ്രശ്‌നം. എം.എല്‍.എ., എം.പി. എന്നിവരുടെയും സുനാമിയുടെയുമൊക്കെ പേരില്‍ കെട്ടിടങ്ങള്‍ ഇവിടെ പണിതിട്ടുണ്ട്. എന്നാല്‍ കുഴിഞ്ഞുകിടക്കുന്ന മൈതാനത്തെ വെള്ളം ഒഴുക്കിക്കളയാന്‍ മാത്രം നടപടികളില്ല. 20 വരെയാണ് സൈനികര്‍ക്ക് ഇവിടെ താമസത്തിന് അനുമതിയുള്ളത്. കരസേനാ റിക്രൂട്ട്‌മെന്റ് റാലി നടക്കുന്ന ആശ്രാമം മൈതാനത്തിന് തൊട്ടടുത്തായതിനാലാണ് ഈ സ്‌കൂള്‍ താമസത്തിന് പരിഗണിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് സൈനികരില്‍ ഏറെയും.

                                       പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: