Pages

Wednesday, October 8, 2014

ആണിനും പെണ്ണിനും വേണ്ടത്‌ ഒരേ നിയമപുസ്‌തകം

ആണിനും പെണ്ണിനും വേണ്ടത്

ഒരേ നിയമപുസ്തകം

കെ.കെ.രമ

                     നവോത്ഥാന നന്മകളില്‍നിന്ന്‌ പുനരുത്ഥാന ജീര്‍ണതകളിലേക്ക്‌ കേരളത്തിന്റെ പൊതുബോധം തിരിച്ചുനടക്കാന്‍ തുടങ്ങിയിട്ട്‌ ദശകങ്ങളായിരിക്കുന്നു. പോയ തലമുറ പൊരുതിത്തെളിച്ച വിളക്കുകള്‍ ഒന്നൊന്നായി ഊതിക്കെടുത്താനുള്ള തിരക്കിലാണ്‌ കേരളം. ഇരമ്പിക്കയറിയെത്തുന്ന പ്രതിലോമചിന്തകള്‍ക്ക്‌ മുന്നില്‍ പ്രതിരോധമൊരുക്കാന്‍ മനുഷ്യത്വത്തിന്റെയും ജനാധിപത്യത്തിന്റെയും നവോത്ഥാനത്തിന്റെയും കൊടിയഴിച്ചിട്ടില്ലാത്തവര്‍ സാഹസപ്പെട്ടുകൊണ്ടിരിക്കെ കൂടെയുണ്ടാവുമെന്ന്‌ നാം പ്രതീക്ഷിക്കുന്ന ചിലരെങ്കിലും വാക്കുകള്‍ കൊണ്ടെങ്കിലും അറിഞ്ഞോ അറിയാതെയോ എതിര്‍പക്ഷം ചേരുമ്പോഴുണ്ടാകുന്ന വേദനയും രോഷവും തീര്‍ച്ചയായും ചെറുതല്ല.മലയാളത്തിന്റെ പ്രിയഗായകന്‍ കെ.ജെ. യേശുദാസ്‌ കഴിഞ്ഞ ദിവസം സ്‌ത്രീകളുടെ വസ്‌ത്രധാരണത്തെ കുറിച്ചു നടത്തിയ പരാമര്‍ശം തന്നെയാണ്‌ പ്രതിപാദ്യം. ഗാന്ധി ജയന്തി ദിനത്തില്‍ തിരുവനന്തപുരത്തെ സംഗീത കോളജില്‍ സംഘടിപ്പിച്ച ശുചിത്വ കേരളം സുന്ദര കേരളം പരിപാടിയുടെ ഉദ്‌ഘാടന വേദിയാണ്‌ യേശുദാസിന്റെ സ്‌ത്രീവിരുദ്ധ പരാമര്‍ശങ്ങളാല്‍ നിറംകെട്ടുപോയത്‌. സ്‌ത്രീകള്‍ ജീന്‍സ്‌ ധരിച്ച്‌ മറ്റുള്ളവരെ വിഷമിപ്പിക്കരുതെന്നും ജീന്‍സ്‌ ധരിക്കുമ്പോള്‍ അതിനുമപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നുമെന്നും തന്റെ ഉദ്‌ഘാടന പ്രഭാഷണത്തില്‍ കൃത്യമായും പറഞ്ഞുവെച്ച യേശുദാസ്‌, ആകര്‍ഷണം നല്‍കി വേണ്ടാതീനം ചെയ്യിപ്പിക്കാന്‍ ശ്രമിക്കരുതെന്നു കൂടി തന്റെ പ്രസംഗത്തില്‍ സ്‌ത്രീകള്‍ക്ക്‌ മുന്നറിയിപ്പ്‌നല്‍കുകയും ചെയ്‌തു. തീര്‍ച്ചയായും കേരളീയ നവോത്ഥാനം ഏത്‌ മഹാഗര്‍ത്തത്തിന്‌ മുന്നിലെ അപായമുനമ്പിലാണ്‌ ചെന്നെത്തി നില്‍ക്കുന്നതെന്നതിന്റെ ഏറ്റവും ഉച്ചത്തിലുള്ള പ്രഖ്യാപനം തന്നെയാണ്‌ യേശുദാസിന്റെ ആ പ്രസംഗം.
                         എല്ലാ തലമുറകളിലെയും മലയാളികള്‍ പണ്‌ഡിത,പാമര, ധനിക, ദരിദ്ര ഭേദമെന്യേ ഹൃത്തിലേറ്റിയ മഹാഗായകനാണ്‌ യേശുദാസ്‌. ഓരോ മലയാളിയുടേയും എക്കാലത്തേയും അഹങ്കാരമെന്നു തന്നെ അദ്ദേഹത്തെ വിശേഷിപ്പിച്ചാലും തെറ്റാവില്ല. സമാനതകളില്ലാത്ത ആ സ്‌നേഹാംഗീകാരം തീര്‍ച്ചയായും അദ്ദേഹത്തിന്റെ കാലാതിവര്‍ത്തിയായ സ്വരമാധുരിക്ക്‌ മാത്രമുള്ളതായിരുന്നില്ല. മറിച്ച്‌ മനുഷ്യത്വത്തെ കേന്ദ്രസ്‌ഥാനത്ത്‌ പ്രതിഷ്‌ഠിച്ച്‌ പൊതുമണ്‌ഡലത്തില്‍ ഏറെക്കാലമായി അദ്ദേഹം സ്വീകരിച്ചുപോരുന്ന നിലപാടുകള്‍ക്ക്‌ കൂടിയുള്ളതായിരുന്നു.
ആ ജനകീയ സ്‌നേഹമാണ്‌ യേശുദാസ്‌ ഗാന്ധിദിനത്തിലെ തന്റെ സംസാരമധ്യേ മറന്നുപോയതെന്ന്‌ കേരളത്തിന്റെ സ്‌ത്രീപക്ഷത്തിന്‌ ഖേദത്തോടെ ഓര്‍മ്മിപ്പിക്കേണ്ടി വരുന്നു. എല്ലാ ഭേദചിന്തകള്‍ക്കുമെതിരേ നാടിനെ പാടി പ്രചോദിപ്പിച്ചവര്‍ തന്നെ ഈ ആധുനിക കാലത്ത്‌ ലിംഗഭേദത്തിന്റെ ക്രൂരതകള്‍ സൗകര്യപൂര്‍വം വിസ്‌മരിക്കുകയാണ്‌. പെണ്ണിനെ ഒരുടല്‍ മാത്രമായി ഒരുക്കിയൊതുക്കിയെടുക്കുന്ന ആണ്‍ന്യായങ്ങളുടെ അംബാസഡറായി യേശുദാസിനെ പോലൊരാള്‍ ഒരു പൊതുവേദിയില്‍ വന്നുനില്‍ക്കുമ്പോള്‍ കേരളീയ പൊതുബോധം എത്രമേല്‍ സ്‌ത്രീവിരുദ്ധമായി കഴിഞ്ഞിരിക്കുന്നുവെന്നതിന്‌ മറ്റെന്ത്‌ തെളിവ്‌ വേണം?!
                         പുരുഷന്റെ ബഹുവിധ സ്വകാര്യ സ്വത്തുക്കളില്‍ ഒന്നുമാത്രമായി പെണ്ണിനെ സ്‌ഥാപിച്ചെടുത്ത ഇരുണ്ട കാലം മുതല്‍ അവളുടെ അവകാശധികാര അതിര്‍ത്തികള്‍ നിര്‍ണയിച്ചുകൊണ്ടിരിക്കുന്നത്‌ അവനാണ്‌. അവന്റെ ഇഷ്‌ടങ്ങളാണ്‌ അവളുടെയും ഇഷ്‌ടങ്ങളെന്ന്‌ നിശ്‌ചയിച്ചുറപ്പിച്ചതും അവന്‍ തന്നെയാണ്‌. ഭാര്യയെ പണയപ്പെടുത്തി ചൂതാടിയ മഹാഭാരതം മുതല്‍ പെണ്ണുടലുകളെ പര്‍ദ്ദയില്‍ മൂടിയും സദാചാരചങ്ങലകളില്‍ ബന്ധിച്ചും അടക്കിവാണ ബഹുവിധ സെമിറ്റിക്‌ മതശാസനകള്‍ വരെ എല്ലാം സ്‌ത്രീക്കുമേല്‍ പുരുഷനുള്ള സര്‍വാധിപത്യത്തെ തന്നെയാണ്‌ ഉറപ്പിച്ചുകൊടുത്തത്‌.
                        ആ ഇരുണ്ട കാലത്തില്‍നിന്ന്‌ പൊതുവില്‍ മനുഷ്യന്‍ ഏറെ മുന്നേറിയിട്ടുണ്ട്‌. പലവിധ ചൂഷണങ്ങളെ അവന്‍ സംഘബലത്താല്‍ മുട്ടുകുത്തിച്ചിട്ടുണ്ട്‌. പലവിധ വിവേചനങ്ങളെ മനുഷ്യസമൂഹം എതിരിട്ടു തോല്‍പ്പിച്ചിട്ടുണ്ട്‌. അടിമവ്യവസ്‌ഥയേയും ഫ്യൂഡല്‍ അധികാരങ്ങളേയും കോളനിവാഴ്‌ചയേയും അവസാനിപ്പിച്ചു മനുഷ്യന്‍ ജനാധിപത്യത്തിലേക്കു മുന്നേറിയിട്ടുണ്ട്‌. എന്നാല്‍ ആ മുന്നേറ്റങ്ങളോട്‌ നമ്മുടെ ചുറ്റുപാടുകളിലെ സ്‌ത്രീപദവിക്ക്‌ ലഭ്യമായ ഔന്നത്യം കൂടി താരതമ്യം ചെയ്യുമ്പോള്‍ മാത്രമേ നമുക്ക്‌ മനുഷ്യസാമൂഹ്യവികാസത്തിന്റെ ചരിത്രത്തെ സത്യത്തോടെ കുറിക്കാനാവൂ. ബഹുവിധ സാമൂഹ്യ സൂചികകളില്‍ മേല്‍ത്തട്ടിലെത്തിയെന്ന്‌ അഭിമാനിക്കുന്ന കേരളത്തില്‍ പോലും സ്‌ത്രീപദവിയെ സംബന്ധിക്കുന്ന അന്വേഷണങ്ങളുടെ സത്യസന്ധമായ ഫലമെന്തായിരിക്കുമെന്ന്‌ നമ്മിലേക്ക്‌ തന്നെ തിരിഞ്ഞുനോക്കി നമുക്ക്‌ തന്നെ നിര്‍ണയിക്കാവുന്നതേയുള്ളൂ. തീര്‍ച്ചയായും കേരളം പോലെ ഒരു ആധുനിക ജനാധിപത്യ സമൂഹത്തിന്‌ അഭിമാനകരമാവില്ല ആ ആത്മപരിശോധനയുടെ ഫലം.സ്‌ത്രീ ഒട്ടും മുന്നേറിയില്ലെന്നല്ല., വിദ്യാഭ്യാസത്തിന്റേയും തൊഴിലിന്റേയും മറ്റ്‌ കഴിവുകളുടേയും മേഖലയില്‍ പുരുഷനെ മറികടക്കുന്ന ശേഷി തെളിയിച്ച്‌ മുന്നേറിക്കൊണ്ടിരിക്കുന്നുണ്ട്‌ സ്‌ത്രീകള്‍. അവസരങ്ങളില്‍ നിന്ന്‌ പുരുഷാധിപത്യം കൃത്യമായ ഉദ്ദേശലക്ഷ്യങ്ങളോടെ മാറ്റിനിര്‍ത്തിയതു കൊണ്ടാണ്‌ തങ്ങള്‍ പിന്തള്ളപ്പെട്ടതെന്ന്‌ അവസരം ലഭ്യമായപ്പോള്‍ ആയിരം തവണ തെളിയിച്ചു കഴിഞ്ഞിട്ടുമുണ്ട്‌ സ്‌ത്രീകള്‍.എന്നാല്‍ ജനസംഖ്യയില്‍ പാതിയോളമോ അതിലേറെയോ വരുന്ന സ്‌ത്രീസമൂഹത്തെ സ്വാതന്ത്ര്യത്തിന്റേയും ജനാധിപത്യത്തിന്റേയും മേഖലകളില്‍ മനുഷ്യസമൂഹം പൊതുവായി കൈവരിച്ച നേട്ടങ്ങളുടെ പാതിവഴിയില്‍ പോലും എത്താനനുവദിച്ചില്ലെന്ന വസ്‌തുത ഇപ്പോഴും നിലനില്‍ക്കുകയാണ്‌. സ്വന്തമായി തീരുമാനങ്ങളെടുക്കാനും സ്വന്തം ഇഷ്‌ടത്തിനനുസരിച്ച്‌ സ്വച്‌ഛമായി ജീവിക്കാനുമെല്ലാം നമ്മുടെ പുരുഷകേന്ദ്രിതസമൂഹം അവള്‍ക്ക്‌ നല്‍കിയിട്ടുള്ള സ്വാതന്ത്ര്യത്തിന്റെ അളവെത്രയാണ്‌? പരിഷ്‌കൃതമെന്നും പ്രബുദ്ധമെന്നുമെല്ലാം പുകള്‍പെറ്റ നമ്മുടെ കേരളീയ ജീവിതത്തില്‍ പോലും പുരുഷനനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ എത്ര ശതമാനം വരും നാം സ്‌ത്രീക്ക്‌ അനുവദിച്ചിരിക്കുന്ന സ്വാതന്ത്ര്യം?!
                         യേശുദാസിന്റെ പ്രസ്‌താവന തീര്‍ച്ചയായും ഈ ചോദ്യത്തോടും അതിന്റെഉത്തരത്തോടും ചേര്‍ത്തുവായിക്കേണ്ടതുണ്ട്‌. അവളുടെ ഇഷ്‌ടങ്ങള്‍ ഇപ്പോഴും അവന്റേതു തന്നെയാണെന്നാണ്‌ യേശുദാസ്‌ പറയാതെ പറഞ്ഞുകഴിഞ്ഞിരിക്കുന്നത്‌. ഒരു സ്വതന്ത്ര വ്യക്‌തി എന്ന നിലയില്‍ തനിക്ക്‌ സൗകര്യപ്രദമായ വേഷം ധരിക്കാനുള്ള സ്‌ത്രീയുടെ സ്വാതന്ത്ര്യമാണ്‌ ഇവിടെ വെല്ലുവിളിക്കപ്പെടുന്നത്‌. ആണിന്റെ കാഴ്‌ചകള്‍ക്കപ്പുറത്ത്‌ അവള്‍ക്ക്‌ വേറിട്ടൊരു അസ്‌തിത്വമില്ലെന്ന ഇപ്പോഴും പരസ്യമായി പറയാവുന്ന ഒരു ദേശമായി കേരളം നില്‍ക്കുന്നു എന്നത്‌ എന്തായാലും നമ്മെ സംബന്ധിച്ച്‌ അഭിമാനകരമല്ല.വേഷത്തിലൂടെ ഇര തന്നെ ആക്രമിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന വേട്ടക്കാരന്റെ പരിഹാസ്യമായ പരിദേവനം കേട്ട്‌ നെഞ്ച്‌ വിങ്ങുന്നവരുടെ എണ്ണം നമുക്കുചുറ്റും ലജ്‌ജാകരമാംവിധം പെരുകുകയാണ്‌. എത്ര ജനാധിപത്യവിരുദ്ധമായ വാദമാണത്‌?! എത്രത്തോളം അപമാനകരമായ വക്കാലത്താണത്‌?! പെണ്‍കുട്ടികള്‍ ജീന്‍സ്‌ ധരിച്ചാല്‍ അത്‌ അവളെ ആക്രമിക്കാനും പീഡിപ്പിക്കാനും ആണിനുള്ള അനുമതിയാണെന്ന്‌ പറയുന്നവര്‍ ആരായാലും അവര്‍ക്ക്‌ ജനാധിപത്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും ബാലപാഠങ്ങളറിയില്ലെന്ന്‌ നമുക്ക്‌ ഉറപ്പിച്ചു പറയേണ്ടി വരും. പുരുഷന്മാരിലെ വന്യജീവികളെ പേടിച്ച്‌ സ്‌ത്രീകള്‍ സ്വന്തം ശരീരം അനാകര്‍ഷകമായി പൊതിഞ്ഞു സൂക്ഷിക്കണമെന്ന തിട്ടൂരങ്ങള്‍ ആധുനിക ജനാധിപത്യ സമൂഹത്തിനു അംഗീകരിക്കാനാവില്ല. പേപ്പട്ടിയെ പേടിച്ച്‌ നാട്ടുകാരെ കൂട്ടിലിടണമെന്ന്‌ പറയുന്നതുപോലെ അപഹാസ്യമായ വാദമാണത്‌.
                        പുതിയ കാലത്ത്‌ ഉയര്‍ന്നുവരുന്ന നിരവധി സ്‌ത്രീ പീഡന പരാതികളെ ഇത്തരം വാദമുഖങ്ങളുയര്‍ത്തിയാണ്‌ നമ്മുടെ പുരുഷനിര്‍മ്മിത പൊതുബോധം നേരിട്ടുകൊണ്ടിരിക്കുന്നത്‌. അവളുടെ ഉടുപ്പിന്റേയും നടപ്പിന്റേയും പോരായ്‌മകളിലേക്ക്‌ വിരല്‍ചൂണ്ടി ഏത്‌ കടന്നാക്രമണത്തിനും എളുപ്പം ന്യായം ചമയ്‌ക്കാവുന്ന വിധം നമ്മുടെ സാമൂഹ്യബോധനിലവാരം ഏറെ താഴോട്ടുപോയിരിക്കുന്നു. പീഡനം അതേറ്റ സ്‌ത്രീയുടെ കുറ്റമായി അവതരിപ്പിക്കാനുള്ള വ്യഗ്രത സ്‌ത്രീകള്‍ക്കിടയില്‍ പോലും വ്യാപകമാണെന്ന്‌ കാണാം. പുരുഷന്‍ അവന്റെ താല്‍പ്പര്യാര്‍ത്ഥം നിര്‍മ്മിച്ച പൊതുബോധത്തിന്റെ സ്വാധീനശക്‌തിയാണത്‌ വെളിവാക്കുന്നത്‌. സ്‌ത്രീയുടെ വേഷത്തിലും ചാരിത്ര്യത്തിലുമെല്ലാം പുരുഷസമൂഹം പുലര്‍ത്തുന്ന കാര്‍ക്കശ്യം എന്തേ ആണിന്‌ ബാധകമാവാത്തത്‌ എന്ന ചോദ്യം ലളിതവും നിസാരവും എന്നാല്‍ നാളിന്നോളം ആണധികാരികള്‍ കൃത്യമായി ഉത്തരം പറഞ്ഞിട്ടില്ലാത്തതുമാണ്‌. അവിടെ തന്നെയാണ്‌ ഈ പ്രശ്‌നങ്ങളുടെയെല്ലാം മര്‍മ്മം നിലകൊള്ളുന്നത്‌. ആണിന്റെ വേഷപ്രലോഭനങ്ങളില്‍ പ്രകോപിതയായി എവിടെയെങ്കിലും ഏതെങ്കിലും പെണ്ണ്‌ പുരുഷനുമേല്‍ ലൈംഗീകാതിക്രമം നടത്തിയതായി നാം കേട്ടിട്ടില്ല. സദാചാര പുസ്‌തകങ്ങള്‍ക്കൊപ്പിച്ച്‌ ആപാദചൂഢം പൊതിഞ്ഞു നടക്കുന്നതു കൊണ്ടല്ല പുരുഷനെ സ്‌ത്രീ പീഡിപ്പിക്കാത്തതെന്ന്‌ അറിയാത്തവരുമല്ല നാം. അപ്പോള്‍ പ്രശ്‌നം സ്‌ത്രീയുടെ വേഷമല്ല, മറിച്ച്‌ പുരുഷന്‍ സ്‌ത്രീക്ക്‌ മേല്‍ പുലര്‍ത്തുന്ന നീതിരഹിതമായ അധികാരത്തിന്റേതാണെന്ന്‌ വ്യക്‌തമാവുകയാണ്‌.ആ ദുഷിച്ച ആണധികാര വ്യവസ്‌ഥ തന്നെയാണ്‌ ചോദ്യം ചെയ്യപ്പെടേണ്ടത്‌. ബഹുവിധ നിക്ഷിപ്‌ത ലക്ഷ്യങ്ങളോടെ പുരുഷന്‍ കാത്തുവെയ്‌ക്കുന്ന ആണധികാരകോയ്‌മയുടെ സൗകര്യപ്രദമായ നടത്തിപ്പിനും നിലനില്‍പ്പിനും വേണ്ടി അവന്‍ ആവിഷ്‌കരിച്ചെടുത്ത മൂല്യ പദ്ധതികളാണ്‌ ഏറെ നൂറ്റാണ്ടുകളിലൂടെ അവന്റെ നല്ല പാതിയെ കൊണ്ട്‌ അടിമത്തത്തിന്റെ നുകം പേറിച്ചു കൊണ്ടിരിക്കുന്നതെന്ന യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയുക തന്നെയാണ്‌ പ്രധാനം. ഉടുപ്പായാലും നടപ്പായാലും ആണിനും പെണ്ണിനും ഒരു നിയമപുസ്‌തകം തന്നെയായിരിക്കണം ബാധകമാവേണ്ടത്‌.
                          ആണിനും പെണ്ണിനും തുല്യാധികാരങ്ങളോടെ, പരസ്‌പര സ്‌നേഹബഹുമാനങ്ങളോടെ ജീവിക്കാവുന്ന സാമൂഹ്യക്രമത്തിലൂടെ മാത്രമേ കടന്നാക്രമണങ്ങള്‍ക്ക്‌ കടിഞ്ഞാണിടാനാവൂ. പെണ്ണിനെ പൊതിഞ്ഞു വെക്കലല്ല, മറിച്ച്‌ ആണിനെ ജനാധിപത്യ ജീവിത ബോധത്തിന്റെ ബാലവാടികളില്‍ ചേര്‍ത്ത്‌ പഠിപ്പിക്കുക എന്നതിനാവണം ഒരു ആധുനിക സമൂഹത്തിന്റെ മുന്‍ഗണന.

അതിനുവേണ്ടിയുള്ള സമരമുഖങ്ങള്‍ സ്‌ത്രീകള്‍ സ്വതന്ത്രമായും ജനാധിപത്യ പ്രസ്‌ഥാനങ്ങളോട്‌ ചേര്‍ന്നും വളര്‍ത്തിക്കൊണ്ടുവരിക തന്നെ വേണം. ആ നവോത്ഥാനമുന്നേറ്റങ്ങളെ പ്രചോദിപ്പിക്കാനുള്ള പടപ്പാട്ടുകളാണ്‌ യേശുദാസിനെ പോലുള്ള കലാകാരന്‍മാരില്‍ നിന്ന്‌ നാട്‌ ആഗ്രഹിക്കുന്നത്‌.

                                        പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: