വാഹനാപകടത്തിൽ പെടുന്നവരോട്
കരുണ കാണിക്കണം
കഴിഞ്ഞ ശനിയാഴ്ച രാത്രി കണ്ണൂരിലെ ഇരിട്ടിയില്‍ അപകടത്തില്‍പ്പെട്ട യുവാവ് രക്തം വാര്‍ന്ന് റോഡില്‍ മരിച്ചത് തെരുവിലെ മനുഷ്യത്വമില്ലായ്മയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ആശുപത്രിയിലെത്തിക്കാന്‍ വൈകിയതോടെയാണ് യുവാവ് മരണത്തിനു കീഴടങ്ങിയത്. ഇതുപോലെ ഓരോ ദുരന്തം ഉണ്ടാകുമ്പോഴും അത് വര്‍ത്തകളില്‍ നിറയുന്നു, അവ ആ ജീവനൊപ്പം എരിഞ്ഞടങ്ങുകയും ചെയ്യും. അപകട സ്ഥലത്തുണ്ടായിരുന്നിട്ടും സഹായഹസ്തം നീട്ടാത്തവരെ ഭര്‍ത്സിച്ച് വായനക്കാര്‍ അമര്ഷംകൊള്ളും. അതോടെ ആ ദുരന്തം വിസ്മൃതിയിലാവുകയും ചെയ്ും.യ
അപകടത്തില്‍പ്പെടുന്നവരെ സഹായിക്കാനുള്ള വിമുഖത ജനങ്ങളില്‍ സൃഷ്ടിച്ചെടുത്തതിന്റെ മുഖ്യഉത്തരവാദി നമ്മുടെ നിയമ സംവിധാനമാണ്. മറ്റൊന്ന് ആശുപത്രികളിലെത്തിക്കുന്നവര് നേരിടുന്ന ദുരനുഭവങ്ങളും. രക്ഷകരെ കേസില്‍ സാക്ഷികളാക്കാനുള്ള പോലീസിന്റെ ശുഷ്കാന്തി ഒന്നു വേറെയാണ്. സ്റ്റേഷനിലേക്ക് വിളിപ്പിച്ചു നടത്തിക്കും. സാക്ഷിപ്പട്ടികയില്‍ പെടുത്തിയാല്‍ ചിലപ്പോള്‍ കോടതി കയറേണ്ടിയും വരും. തന്റെ ദൗത്യം ആശുപത്രിയില്‍ എത്തിച്ചതോടെ അവസാനിച്ചു എന്നു കരുതാന്‍ മനസുവരാത്തവര് ഇതെല്ലാം സഹിക്കും. ഇത്തരം അനുഭവങ്ങള്‍ കണ്ടും കേട്ടും അറിഞ്ഞവര്‍ അപകടത്തിലെ ഇരകളെ നിസഹായതയോടെ നോക്കി കടന്നുപോകും.
ഈ ദുരവസ്ഥയ്ക്ക് അറുതിയുണ്ടാക്കാന്‍ ബോധവല്‍ക്കരണം അടക്കമുള്ള പരിപാടികളുമായി പോലീസ് മുന്നോട്ടു വന്നിട്ടും സ്ഥിതി മാറിയില്ല. ഇക്കാര്യത്തിലെന്നല്ല, ഒരു കാര്യത്തിലും പോലീസിനെ പൊതുജനം വിശ്വാസത്തിലെടുക്കില്ലെന്നതു തന്നെയാണ് അതിനു കാരണം. ജനമൈത്രിയുടെ മേലങ്കിയണിഞ്ഞ പോലീസില്‍ നിന്നും അനുഭവം പൊതുവെ വ്യത്യസ്തമാകാറില്ല. ഈ പങ്കപ്പാട് മാറുമെന്ന മിഥ്യാ ധാരണ ആരും പുലര്‍ത്തുന്നുമില്ല. ഇതിനിടയിലാണ് അപകടത്തിലെത്തിയവരെ ആശുപത്രിയിലെത്തിച്ചാല്‍ ചെലവ് പോലീസ് വഹിക്കുമെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നത്. ലക്ഷക്കണക്കിനാളുകള്‍ ഈ നിര്‍ദേശം ലൈക്ക് ചെയ്യുകയും ചെയ്തു. മന്ത്രിയുടെ ഉദ്ദേശശുദ്ധിയെ സ്വാഗതം ചെയ്യുമ്പോഴും ഒരു കാര്യം പറയാതെ വയ്യ.
അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ പ്രതിഫലം പ്രതീക്ഷിച്ചിട്ടല്ല ആ സദ്കൃത്യം നിര്‍വഹിക്കുന്നത്. മറ്റൊന്ന് ആശുപത്രി ചെലവിനായി സ്ഥലം പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ മുന്നില്‍ ചെല്ലണമെന്നാണ് നിര്‍ദേശം. സത്യത്തില്‍ പരുക്കുപറ്റിയവരെ രക്ഷിക്കാന്‍ രണ്ടും കല്പിച്ച് രംഗത്തിറങ്ങുന്നവര്ക്കു പാരിതോഷികം എത്തിച്ചു കൊടുക്കുകയാണ് വേണ്ടത്. അതല്ലേ മാന്യത? അല്ലാതെ നക്കാപ്പിച്ച വാങ്ങിക്കാന്‍ അവര്‍ക്ക് പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങേണ്ടിവരുന്നത് അവരോട് കാട്ടുന്ന അവഹേളനമല്ലേ? ചുരുക്കിപ്പറഞ്ഞാല്‍, അപകടത്തില്‍പ്പെടുന്നയാളെ ആശുപത്രിയിലെത്തിക്കുന്നതിലും വലിയ പൊല്ലാപ്പാകും ഇതെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകില്ല.
ജീവന് രക്ഷിക്കുന്നവര്‍ അതു ചെയ്യുന്നത് പ്രതിഫലം മോഹിച്ചല്ല എന്നു വ്യക്തമാണ്. അത്ര ഇടുങ്ങിയ മനസുള്ളവര്‍ ആരെയും രക്ഷിക്കാന്‍ മുന്നോട്ടു വരില്ല. വകുപ്പ് മന്ത്രിക്ക് പക്ഷേ ഒരു കാര്യം ചെയ്യാം. രക്ഷകരാകുന്നവരെ പൊല്ലാപ്പുകളില്‍ പെടുത്താതിരിക്കാന്‍ പോലീസിനോട് നിര്‍ദേശിക്കാം. അവരെ തെല്ലും ബുദ്ധിമുട്ടിക്കില്ലെന്ന് ഉറപ്പുനല്‍കിയാല്‍ പോര, അതു നടപ്പാക്കി കാണിച്ചുകൊടുക്കണം. അതുപോലെ വാട്സ് ആപ്പിലും ഫേസ് ബുക്കിലും കയറ്റിവിടാന്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ കൈയെത്തുംദൂരെ പിടയുന്ന പ്രാണനെ രക്ഷിക്കാനുള്ള എളിയ ശ്രമമെങ്കിലും പൊതുസമൂഹവും കാട്ടുക.സേവനം ചെയ്യാനുള്ള അവസരം നഷ്ടമാക്കരുത് . ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞാൽ അതിലും വലിയ പുണ്യം മറ്റ് എന്തുണ്ട് ?
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment