ഇന്ത്യ കുത്തക കാത്തു;
കബഡിയില്‍ ഇരട്ടസ്വര്‍ണം
After two gold medal wins today,3rd October,2014, in men's and women's kabaddi, India finish their Asian Games 2014 campaign with 57 medals - 11 gold, 9 silver and 37 bronze.
കളി തീരാന്‍ പത്ത് മിനിറ്റുള്ളപ്പോള്‍ വരെ പിന്നിട്ടുനിന്നശേഷമാണ് പുരുഷന്മാര്‍ നായകന്റെ ചോര വീഴുന്നത് കണ്ട വീരോചിതമായ പോരാട്ടത്തില്‍ കഴിഞ്ഞ തവണത്തെ റണ്ണറപ്പുകള്‍ കൂടിയായ കരുത്തരായ ഇറാനെ രണ്ട് പോയിന്റിന് മറികടന്നത് (27-25). അത്രയേറെ തീ തിന്നാതെയാണ് വനിതകള്‍ ഇറാനെ മറികടന്ന് തുടര്‍ച്ചയായ രണ്ടാം സ്വര്‍ണം മാറിലണിഞ്ഞത് (31-21). അലസമായ റെയ്ഡുകളും റിസ്‌ക്കെടുക്കാന്‍ തയ്യാറാകാത്ത ദുര്‍ബലമായ പ്രതിരോധവും കൊണ്ട്, ആറു വര്‍ഷമായി കാത്ത സ്വര്‍ണം അടിയറവയ്ക്കുമെന്ന ഭീതി പരന്നിടത്തു നിന്നായിരുന്നു ഇന്ത്യന്‍ പുരുഷന്മാരുടെ ഏറെക്കുറെ അവിശ്വസനീയമായ തിരിച്ചുവരവ്. പകുതി സമയത്ത് 13-21 എന്ന സ്‌കോറില്‍ പിറകിലായിരുന്നു ഇന്ത്യ.
തങ്ങളല്ലാതെ ലോക കബഡിയില്‍ മറ്റൊരാളില്ലെന്ന അതിമാത്മവിശ്വാസമാണ് ഇന്ത്യയ്ക്ക് വില്ലനായത്. അലസഗമനക്കാരായിരുന്നു റെയ്ഡര്‍മാര്‍. ഇറാനെ അത്രയൊന്നും ഗൗരവത്തോടെ കാണുന്നില്ലെന്ന മട്ടിലായിരുന്നു എതിര്‍ കോര്‍ട്ടിലേയ്ക്കുള്ള സന്ദര്‍ശനങ്ങള്‍. ഇതിന് തുടക്കം മുതല്‍ തന്നെ കനത്ത വിലയാണ് ഇന്ത്യ നല്‍കേണ്ടിവന്നത്. ഗ്ലാമര്‍ താരങ്ങളായ ഇന്ത്യയെ ശരിക്കും പഠിച്ചുതന്നെയായിരുന്നു ഇറാന്‍ കോര്‍ട്ടിലിറങ്ങിയത്. പോരാത്തതിന് കൈമുതലായി ചെറുപ്പത്തിന്റെ അപാരമായ വേഗവും ചുറുചുറുക്കും. ഇന്ത്യയുടെ പ്രധാന റെയ്ഡര്‍മാരായ അനൂപ് കുമാറും ജസ്‌വീറും പയറ്റിപ്പതിഞ്ഞ പതിവ് തന്ത്രങ്ങളെ തന്നെ ആശ്രയിച്ചപ്പോള്‍ ഇരുപാര്‍ശ്വത്തെയും ഒരുപോലെ ആക്രമിക്കുന്ന ദ്രുതചലനങ്ങളിലൂടെയായിരുന്നു ഇറാനിയന്‍ ആക്രമണം. ഇവരെ തടയുക എന്നത് ഇന്ത്യന്‍ പ്രതിരോധക്കാര്‍ക്ക് അത്ര എളുപ്പമായിരുന്നില്ല. ശീഘ്രചലനങ്ങള്‍ കാരണം അവരുടെ റെയ്ഡര്‍മാരുടെ കാലിലേക്ക്് ഉൗളിയിട്ടിറങ്ങാന്‍ പലപ്പോഴും ഇന്ത്യന്‍ പ്രതിരോധക്കാര്‍ക്ക് കഴിഞ്ഞില്ല. പലപ്പോഴും സെന്റര്‍ ലൈനിനോട് ചേര്‍ന്നാണ് ഇന്ത്യ എതിര്‍ റെയ്ഡര്‍മാരെ പിടികൂടാന്‍ ശ്രമിച്ചത്. ഇതിന് ഒന്നാം പകുതിയില്‍ തന്നെ നല്ല വിലയും നല്‍കി. ഇതുവഴി ആദ്യപകുതി പാതിവഴി പിന്നിടുംമുന്‍പ് തന്നെ മുഴുവന്‍ കളിക്കാരും പുറത്തായി ഇന്ത്യ വിലപ്പെട്ട രണ്ട് ലോണ പോയിന്റ് ഇറാന് സമ്മാനിച്ചു. ഇറാന്റെ പ്രധാന റെയ്ഡര്‍മാരായിരുന്ന മെരാജ് ഷെയ്ഖിനെയും ഹാദി ഒഷ്‌തൊരാക്കിനെയും മുഹമ്മദ് മഗ്‌സൗദ്‌ലുവിനെയും തളയ്ക്കാന്‍ പോന്ന പ്രതിരോധതന്ത്രമൊന്നും ഇന്ത്യയുടെ കൈവശമുണ്ടായിരുന്നില്ല.
എന്നാല്‍, ഫൈനലില്‍ ഇന്ത്യ ഏറ്റവും വലിയ വീഴ്ച വരുത്തിയത് റെയ്ഡുകളിലായിരുന്നു. ഗെയിംസില്‍ ഉടനീളം ഇന്ത്യയ്ക്ക് പോയിന്റുകള്‍ സമ്മാനിച്ച ജസ്‌വീറിന് ഫൈനലില്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇടതു പാര്‍ശ്വത്തിലൂടെ ആക്രമിച്ചുകയറുന്ന ഉയരം കുറഞ്ഞ ജസ്‌വീറിനെ മൂന്ന് തവണയാണ് ഇറാനിയന്‍ പ്രതിരോധക്കാര്‍ കോര്‍ട്ടില്‍ വീഴ്ത്തിയത്. ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ റെയ്്ഡ് നടത്തിയ അനൂപ്കുമാറിനെയും ഇറാന്‍കാര്‍ രണ്ടുവട്ടം കാലില്‍ പിടികൂടി കോര്‍ട്ടില്‍ തളച്ചിട്ടു. മൂന്ന് ഇറാന്‍കാര്‍ മാത്രം കോര്‍ട്ടിലുള്ളപ്പോള്‍ പോലും റെയ്ഡില്‍ മേധാവിത്വം നേടാന്‍ ജസ്‌വീറിനോ അനൂപിനോ കഴിഞ്ഞില്ല. തന്റെ ആറാമത്തെ റെയ്ഡില്‍ ജസ്‌വീര്‍ കുരുക്കിലായത് കോര്‍ട്ടില്‍ ആറ് ഇറാന്‍ താരങ്ങള്‍ മാത്രമുള്ളപ്പോഴാണ്. തന്റെ പത്താമത്തെ റെയ്ഡില്‍ അനൂപിനെ കാലില്‍ തൂക്കിയെടുത്തത് മൂന്ന് ഇറാന്‍കാരാണ്.
എന്നാല്‍, രണ്ടാം പകുതിയില്‍ അപകടം മണത്ത ഇന്ത്യ ഉജ്വലമായി തിരിച്ചുവന്നു. കുറച്ചുകൂടി ജാഗ്രതയോടെ പ്രതിരോധിച്ചു. ആക്രമത്തിന്റെ മൂര്‍ച്ചയും കൂട്ടി. നിരന്തരം റെയ്ഡ് ചെയ്തു തളര്‍ന്നുതുടങ്ങിയ ജസ്‌വീറിനും അനൂപിനും വിശ്രമം നല്‍കി പകരക്കാരായ നിതിനെയും സുര്‍ജീത്ത് സിങ്ങിനെയും റെയ്ഡുകള്‍ക്ക് നിയോഗിച്ചു. ഇരുവര്‍ക്കും പോയിന്റൊന്നും നേടാന്‍ കഴിഞ്ഞില്ലെങ്കിലും അനൂപിനെയും ജസ്‌വീറനെയും പൂട്ടാന്‍ പഠിച്ച ഇറാന്‍കാരുടെ താളം തെറ്റിക്കാന്‍ യുവതാരങ്ങളായ സുര്‍ജീത്തിന്റെയും നിതിന്റെയും വേഗമേറിയ നീക്കങ്ങള്‍ ധാരാളമായിരുന്നു.
ഇതിനിടെ മികച്ച പ്രതിരോധം വഴി ഒരു ലോണ പോയിന്റ് ലഭിച്ചതോടെ ഇന്ത്യയുടെ ആത്മവിശ്വാസം ഇരട്ടിച്ചു. ഈ ആത്മവിശ്വാസത്തില്‍ പതിനൊന്നാം തവണ റെയ്ഡിനിറങ്ങിയ അനൂപ് മനോഹരമായി ഡൈവ് ചെയ്ത് പ്രതിരോധപൂട്ടില്‍ നിന്ന് മുക്തനായാണ് ഇന്ത്യയെ ആദ്യമായി ഇറാന് ഒപ്പമെത്തിച്ചത് (21-21).എന്നാല്‍, ക്യാപ്റ്റനും ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച താരവുമായ രാകേഷിനെ വീഴ്ത്തിക്കൊണ്ട് ഇറാന്‍ ഉജ്വലമായി തന്നെ തിരിച്ചുവന്ന് വീണ്ടും ലീഡ് പിടിച്ചു. ഈ റെയ്ഡിനിടെ എതിര്‍ താരത്തിന്റെ കാല്‍മുട്ടിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചോരയൊലിച്ച് രാകേഷ് പിന്‍വാങ്ങിയതോടെ ഇന്ത്യയുടെ നില വീണ്ടും ഭീഷണിയിലായി.
എന്നാല്‍, ഏറെക്കഴിയാതെ തലയില്‍ മുഴുവന്‍ ബാന്‍ഡേജ് ഇട്ട് രാകേഷും കോര്‍ട്ടില്‍ തിരിച്ചെത്തിയതോടെ ഇന്ത്യ വീര്യം വീണ്ടെടുത്തു. രാകേഷും അജയ് താക്കൂറും ചേര്‍ന്ന് നടത്തിയ ഉജ്വലമായൊരു പ്രതിരോധനീക്കത്തിലൂടെയാണ് ഇന്ത്യ ഒരിക്കല്‍ക്കൂടി ഇറാനൊപ്പമെത്തിയത്. ഹാദി ഒഷ്തരോക്കിനെ ചാടി പിടികൂടി ഇവര്‍ പൂട്ടിയതോടെ സ്‌കോര്‍ 24-24 ആയി. പോയിന്റുകളൊന്നും പിറക്കാതെ ഇരുകൂട്ടരും രണ്ടു നീക്കങ്ങള്‍ വീതം നടത്തിയെങ്കിലും തന്റെ പതിനാലാമത്തെ റെയ്ഡിലൂടെ രാകേഷ് ഇന്ത്യയെ ആദ്യമായി മുന്നിലെത്തിച്ചു. ഈ ലീഡ് ഇന്ത്യ പിന്നീട് വിട്ടുകൊടുത്തില്ല. ഇന്ത്യ ഫോം വീണ്ടെടുത്തതോടെ ഇറാന്‍ ശരിക്കും പതറിപ്പോയി. അവരുടെ റെയ്ഡര്‍മാര്‍ വെറുതെ എതിര്‍ കോര്‍ട്ട് കണ്ടുമടങ്ങുന്ന അവസ്ഥയായി. ഇത് മുതലെടുത്ത് ഇന്ത്യ നിര്‍ണായകഘട്ടത്തില്‍ വിലപ്പെട്ട രണ്ട് ലോണ പോയിന്റ് സ്വന്തമാക്കുകയും ചെയ്തു. കളി തീരാന്‍ രണ്ടു മിനിറ്റ് മാത്രം ശേഷിക്കെ രാകേഷിനെ കോര്‍ട്ടില്‍ പിടിച്ചുകെട്ടി ഇറാന്‍ ലീഡ് ഒരു പോയിന്റാക്കി ചുരുക്കി ശക്തമായ ഒരു തിരിച്ചുവരവ് ശ്രമം നടത്തിയെങ്കിലും അവരുടെ ഏറ്റവും മികവുറ്റ റെയ്ഡറായമെരാജ് ഷെയ്ഖിനെ തന്നെ പിടിച്ചുകെട്ടി ഇന്ത്യ രണ്ട് പോയിന്റ് ലീഡോടെ സ്വര്‍ണത്തില്‍ മുത്തമിട്ടു.
വനിതാ വിഭാഗത്തില്‍ പ്രതിരോധത്തിലൂന്നി കളിച്ചു തുടങ്ങിയ ഇന്ത്യ രണ്ടാം പകുതിയിലാണ് ഇറാനെതിരെ അക്ഷരാര്‍ഥത്തില്‍ ആധിപത്യം സ്ഥാപിച്ചത്. ഒന്നാം പകുതിയില്‍ നാല് പോയിന്റിന്റെ ലീഡായിരന്നുന്നു ഇന്ത്യയ്ക്ക് ഉണ്ടായിരുന്നത്. ഈ പാതിയില്‍ പ്രതിരോധത്തില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍ പോയിന്റുകള്‍ നേടിയത്. പതിമൂന്ന് ഇറാന്‍കാരെ പുറത്താക്കിയ ഇന്ത്യ രണ്ട് ലോണ പോയിന്റും സ്വന്തമാക്കി. രണ്ടാം പകുതിയില്‍ കൂടുതല്‍ റെയ്ഡുകള്‍ നടത്തിയ ഇന്ത്യ ആറ് പോയിന്റിന്റെ ലീഡ് സ്വന്തമാക്കി. പതിനാല് ഇറാന്‍കാരെ കളത്തിന് പുറത്താക്കുകയും നാല് ലോണ പോയിന്റ് സ്വന്തമാക്കുകയും ചെയ്തു.കഴിഞ്ഞ തവണ ഗ്വാങ്ഷുവില്‍ തായ്‌ലന്‍ഡിനെയാണ് ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍ തോല്‍പിച്ചത്. കഴിഞ്ഞ തവണത്തെ വെങ്കല മെഡല്‍ ജേതാക്കളാണ് ഇറാന്‍.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment