പോള്‍ റമ്പാച്ചന്‍
ഇനി വക്കീല്‍ വേഷത്തിലും
തോമസ് പോള്‍ റമ്പാച്ചന് ഒരു കറുത്ത കുപ്പായം കൂടിയായി. ഏലൂര്‍ മാര്‍ ഗ്രിഗോറിയസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയായ അദ്ദേഹം ഹൈക്കോടതിയില്‍ അഭിഭാഷകനായി ഇന്നലെ എന്‍റോള്‍ ചെയ്‌തു.റമ്പാന്റെ കുപ്പായത്തിനു മുകളില്‍ അഭിഭാഷക കുപ്പായം അണിഞ്ഞാണ് അദ്ദേഹം എത്തിയത്. അഭിഭാഷകനായി എന്‍റോള്‍ ചെയ്‌തു പുറത്തിറങ്ങിയ അദ്ദേഹം ആദ്യ വക്കാലത്തുതന്നെ ഒപ്പിട്ടു. ചെങ്ങന്നൂര്‍ സ്വദേശി മാത്യുവിന്റെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് കേസില്‍ പണം നല്‍കാത്ത ഇന്‍ഷുറന്‍സ് കമ്പനിക്കെതിരേ വാദിക്കാനുള്ള വക്കാലത്തിലാണ് അദ്ദേഹം ആദ്യമായി ഒപ്പിട്ടത്.ഓര്‍ത്തഡോക്‌സ് സഭാ വികാരിയായ അദ്ദേഹം അങ്കമാലി ഭദ്രാസനത്തിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഒമ്പതു വര്‍ഷമായി സന്യാസപ്പട്ടം സ്വീകരിച്ചു ദൈവദാസനായി കഴിയുന്ന ഇദ്ദേഹം ഇപ്പോള്‍ ചര്‍ച്ച് മാനേജ്‌മെന്റില്‍ പിഎച്ച്.ഡി. ചെയ്യുന്നുണ്ട്. കോട്ടയം പഴയ സെമിനാരിയില്‍നിന്നു വൈദികപട്ടം സ്വീകരിച്ച അദ്ദേഹം കര്‍ണാടകത്തിലെ മാണ്ഡ്യാ പി.ഇ.സി. ലോ കോളജില്‍നിന്നാണ് എല്‍എല്‍.ബി. പഠനം പൂര്‍ത്തിയാക്കിയത്. സഭയുടെ കേസുകളില്‍ ഇടപെടുമെന്നും കോടതിക്കു പുറത്ത് അതു രമ്യമായി പരിഹരിക്കുന്നതിനാണു താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു.
കോതമംഗലം മാറാച്ചേരില്‍ കുടുംബാംഗമായ റമ്പാച്ചന്‍ വിദ്യാഭ്യാസകാലത്ത് എം.ജി യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായിരുന്നു. കോതമംഗലം എം.എ. കോളജിലായിരുന്നു ബിരുദ പഠനം. എം.എസ്.ഡബ്ല്യു, എം.ഫില്‍. ബിരുദധാരികൂടിയാണ് ഈ വക്കീലച്ചന്‍. എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ആബൂന പൗലോസ് പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ സെക്രട്ടറിയായി ഒരു വര്‍ഷം പ്രവര്‍ത്തിച്ചിരുന്നു. എത്യോപ്യയില്‍ സഭയുടെ കീഴിയുള്ള സെമിനാരിയില്‍ അധ്യാപകനായിരിക്കെ ആയിരുന്നു അത്. ഭദ്രാസനത്തിന്റെ കീഴിലുള്ള വനിതാസമാജമായ നവജ്യോതിയുടെ കേന്ദ്രവൈദിക ട്രസ്‌റ്റികൂടിയാണ്
അദ്ദേഹമിപ്പോള്‍.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment