Pages

Wednesday, June 11, 2014

കേരളത്തിലെ ജല സ്രോതസ്സുകൾ കാത്തു സൂക്ഷിക്കണം

കേരളത്തിലെ ജല സ്രോതസ്സുക 
കാത്തു സൂക്ഷിക്കണം
                  ഇടവപ്പാതി കഴിഞ്ഞു. കാലവര്‍ഷം മടിച്ചുമടിച്ച് എത്തി. ഇതിനിടെ പതിവുള്ള ഒരാചാരംപോലെ ലോക പരിസ്ഥിതിദിനത്തിലെ മരംനടലും ബോധവത്കരണപ്രവര്‍ത്തനങ്ങളും കടന്നുപോയി. സംസ്ഥാനത്തിന്റെ നിലനില്പിനുതന്നെ അത്യാവശ്യമായ ജലസംരക്ഷണത്തിന്റെ കാര്യം നമ്മള്‍ മറന്നുവോ? നദീസംരക്ഷണത്തിന്റെ കാര്യത്തില്‍ സര്‍ക്കാരും സമൂഹവും വേണ്ടത്ര മുന്‍കൈയെടുക്കുന്നുണ്ടോ? ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം കിട്ടാനിടയില്ല. ചില നല്ലനീക്കങ്ങള്‍ ഉണ്ടാവുന്നുണ്ടെന്നത് ശരിതന്നെ. എന്നാല്‍, അത് വിജയത്തിലെത്തിക്കാനുള്ള ഇച്ഛാശക്തി എവിടെയും കാണാനില്ല.കിഴക്കോട്ടൊഴുകുന്ന മൂന്നെണ്ണവും പടിഞ്ഞാറോട്ടൊഴുകുന്ന 41 എണ്ണവും ഉള്‍പ്പെടെ 44 നദികളും അവയുടെ ജലസമൃദ്ധിയുമാണ് കേരളത്തെ ഹരിതാഭയാര്‍ന്ന ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റിയത്. എന്നാല്‍, ഇപ്പോള്‍ പുഴകളുടെ സ്ഥിതിയെന്താണെന്ന് പ്രത്യേകിച്ച് വിശദീകരിക്കേണ്ടതില്ല. അവയെല്ലാം മണലെടുക്കാനുള്ള സ്ഥലങ്ങളും മാലിന്യം നിക്ഷേപിക്കാനുള്ള കുപ്പത്തൊട്ടികളുമായി മാറിക്കഴിഞ്ഞു. സംസ്ഥാനത്തെ ഏററവും വിസ്തൃതമായ ശാസ്താംകോട്ട ശുദ്ധജലതടാകംപോലും ഭീഷണി നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൈയേറ്റവും മാലിന്യനിക്ഷേപവും രണ്ട് കിലോമീററര്‍ ദൂരെയുള്ള കല്ലടയാറിലെ മണലൂറ്റലും തുടര്‍ന്നാല്‍ 3.73 ചതുരശ്രകിലോമീററര്‍ വരുന്ന ഈ ജലനിധി ഒരോര്‍മയായിത്തീരാന്‍ ഇനി അധികനാള്‍ കാത്തിരിക്കേണ്ടിവരില്ല. നദികളെയും നദീതടങ്ങളെയും കേന്ദ്രീകരിച്ചാണ് പ്രാചീനസംസ്‌കാരങ്ങളത്രയും വളര്‍ന്നത്. കേരളത്തിന്റെ കൃഷിയും ജീവിതവും പുഴകളെയും ജലാശയങ്ങളെയും ആസ്​പദമാക്കിയാണ് നിലനിന്നിരുന്നതുതന്നെ.
                   ഇന്ന് നമ്മള്‍ പുഴകളെയും ജലാശയങ്ങളെയും കുറിച്ച് ഓര്‍ക്കുന്നതുപോലും വരള്‍ച്ചക്കാലത്ത് മാത്രമാണ്. കഴിഞ്ഞ രണ്ട് വേനലിലും കേരളം വരള്‍ച്ചയുടെ കെടുതികള്‍ അനുഭവിച്ചു. അതിനെ പ്രതിരോധിക്കാന്‍ കുളങ്ങള്‍, കിണറുകള്‍ എന്നിവ നന്നാക്കാനും പുഴകള്‍ വൃത്തിയാക്കാനും പദ്ധതികള്‍ തയ്യാറാക്കി. ഒഴിഞ്ഞ സ്വകാര്യപറമ്പുകളിലും പൊതുസ്ഥലങ്ങളിലും മഴക്കുഴികള്‍ തീര്‍ക്കാനുള്ള ശ്രമങ്ങളും തുടങ്ങി. എന്നാല്‍, മഴ പെയ്തുതുടങ്ങിയതോടെ പദ്ധതികളെല്ലാം ഒലിച്ചുപോയി. പിന്നീട് ഒരു മഴക്കാലവും ഒരു വേനലും കടന്നുപോയെങ്കിലും ഒന്നും നടന്നില്ല. ഇത്തരത്തിലാണ് നമ്മുടെ ജലസാക്ഷരതാ പ്രവര്‍ത്തനങ്ങളും വരള്‍ച്ചാപ്രതിരോധപദ്ധതികളും. ഒന്നിനും തുടര്‍ച്ചയില്ല, തുടങ്ങിവെച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്ന് നമ്മള്‍ക്ക് താത്പര്യവുമില്ല. ഭാരതപ്പുഴ, പെരിയാര്‍, പമ്പ കേരളത്തിന്റെ സംസ്‌കാരവാഹികളായ ഈ നദികളുടെ സംരക്ഷണത്തിനായി പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍ എങ്ങുമെത്തിയിട്ടില്ലെന്നതാണ് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം. ഇവയുമായി ബന്ധപ്പെട്ട നൂറുകണക്കിന് ചെറുപുഴകളും കൈത്തോടുകളും സംസ്ഥാനത്തുണ്ട്. ഇവയെല്ലാം മഴപെയ്താല്‍ വെള്ളം കുത്തിയൊലിച്ചുപോകാനുള്ള വെറും അഴുക്കുചാലുകളായി രൂപാന്തരം പ്രാപിച്ചുകഴിഞ്ഞു. അറവുമാലിന്യവും വ്യവസായശാലയിലെ മാരകമായ വിഷവസ്തുക്കളും ആസ്​പത്രിയിലെ വിസര്‍ജ്യങ്ങളുമെല്ലാം പേറുന്ന ദുര്‍ഗന്ധവാഹിനികളായി മരണം കാത്തുകിടക്കുകയാണ് ഇവയെല്ലാം. മഴ പെയ്തുതുടങ്ങുന്നതോടെ നാടുമുഴുവന്‍ വെള്ളക്കെട്ടില്‍ അകപ്പെടുന്നു. മഴ തീരുന്നതോടെ വെള്ളം തോടുകളിലൂടെ കുത്തിയൊഴുകിത്തീരും. മണല്‍വാരല്‍മൂലം വരണ്ടുപോയ തോടുകളുടെയും പുഴകളുടെയും സ്വാഭാവിക ജലസംഭരണശേഷി നഷ്ടപ്പെട്ടതിനാല്‍ വെള്ളം അവിടെ കിനിഞ്ഞിറങ്ങില്ല. ഏറെ കൊട്ടിഘോഷിക്കപ്പെട്ട മഴവെള്ളസംഭരണികളാകട്ടെ, പലതും പേരിലൊതുങ്ങി. നാനൂറും നാനൂറ്റമ്പതും അടി താഴ്ത്തിയാലും കുഴല്‍ക്കിണറുകളില്‍ വെള്ളം കിട്ടാതായി. മഴവെള്ളം സംഭരിക്കുന്നതില്‍ വന്ന കുറവിന്റെ ഫലമാണിതെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം.
കടുത്ത വേനലില്‍ പുഴയിലെ കുളി ഒരുകാലത്ത് മലയാളിയുടെ ഒരു സുഖസ്വപ്നമായിരുന്നു. ഇന്നൊന്ന് കുളിക്കാനൊരുങ്ങിയാല്‍ മാറാരോഗംവരെ സമ്മാനമായി ലഭിക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. കുളിക്കാന്‍ പുഴയും കുളവും ഉപയോഗിക്കുന്ന പതിവ് സാധാരണക്കാരും ഒഴിവാക്കിയതോടെ പായലും മാലിന്യവും നിറഞ്ഞ ഇത്തരം ജലസ്രോതസ്സുകള്‍ മണ്ണിടിഞ്ഞ് തൂര്‍ന്ന് ഉപയോഗശൂന്യമാവുകയാണ്. അങ്ങനെ അവ എളുപ്പത്തില്‍ മാലിന്യം തള്ളാനുള്ള കേന്ദ്രങ്ങളാവുന്നു. പരിസ്ഥിതിദിനത്തില്‍ മരത്തൈകള്‍ വെക്കുന്നതില്‍ നമ്മള്‍ കാണിക്കുന്ന താത്പര്യവും ഉത്സാഹവും ജലസ്രോതസ്സുകളുടെ കാര്യത്തിലും ഉണ്ടായാലേ കേരളത്തിന്റെ പച്ചപ്പ് മായാതെ നില്‍ക്കൂ. അതിനുള്ള മഹദ്പദ്ധതിക്കാവട്ടെ ഇനിയുള്ള നമ്മുടെ പരിശ്രമങ്ങള്‍. ഒരു ദിനത്തിലൊതുങ്ങാത്ത, വര്‍ഷംമുഴുവന്‍ നീളുന്ന ജനകീയ കര്‍മപദ്ധതികള്‍ സന്നദ്ധസംഘടനകളുടെ സജീവപങ്കാളിത്തത്തോടെ നടപ്പാക്കാന്‍ സര്‍ക്കാര്‍ നേതൃത്വം നല്‍കണം. ജലസ്രോതസ്സുകളുടെ മലിനീകരണം, ജലോപഭോഗത്തിലെ അതിഭീമമായ വര്‍ധന, ദുരുപയോഗം എന്നിവക്കെതിരെ കരുതിയിരിക്കാന്‍ സമൂഹത്തെ ബോധവത്കരിക്കാന്‍ കഴിയണം. ജലദാരിദ്ര്യം നമ്മുടെ വീട്ടുമുറ്റത്തെത്തിക്കഴിഞ്ഞു എന്ന യാഥാര്‍ഥ്യം മനസ്സിലാക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും ഈ മഴക്കാലത്തെങ്കിലും നമ്മള്‍ മറക്കരുത്.

                                            പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: