Pages

Wednesday, June 11, 2014

കേരള സർക്കാർ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ നാട്ടിൽ ജലക്ഷാമവും വരൾച്ചയും ഉണ്ടാകും

കേരള ർക്കാർ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ  നാട്ടി  ജലക്ഷാമവും വരൾച്ചയും ഉണ്ടാകും
                കേരളത്തെ വലിയ പ്രതിസന്ധിയിലേക്കു തള്ളിവിടുന്ന നദീസംയോജന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോഴും സംസ്‌ഥാന സര്‍ക്കാര്‍ മൗനംപാലിക്കുന്നതു സ്വന്തം ജനതയോടു കാണിക്കുന്ന നീതികേടാണ്‌. പമ്പ, അച്ചന്‍കോവില്‍ നദികളിലെ ജലം തമിഴ്‌നാട്ടിലെ വൈപ്പാറിലേക്കു തിരിച്ചുവിടാന്‍ ലക്ഷ്യമിടുന്ന പദ്ധതി നടപ്പായാല്‍ അതു സംസ്‌ഥാനത്തിന്റെ താല്‌പര്യങ്ങള്‍ ബലികഴിക്കുന്നതിനു തുല്യമാകും. വലിയൊരു ഭൂപ്രദേശത്തെയും ജനലക്ഷങ്ങളെയും കടുത്ത വരള്‍ച്ചയിലേക്കും ജലക്ഷാമത്തിലേക്കും തള്ളിവിടുന്നതാണു പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ ലിങ്ക്‌ പദ്ധതി. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ സംസ്‌ഥാനസര്‍ക്കാരിനു കഴിയണം. നദീ സംയോജന പദ്ധതിക്കു നരേന്ദ്രമോഡി സര്‍ക്കാര്‍ വലിയ പ്രാധാന്യം കൊടുക്കുന്നു എന്നു വ്യക്‌തമായ സാഹചര്യത്തില്‍ കേരളം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. എങ്ങനെയും പദ്ധതി നടപ്പാക്കാനായി തമിഴ്‌നാട്‌ രംഗത്തുണ്ട്‌ എന്നതു മറക്കാതിരിക്കുക. പമ്പയിലെയും അച്ചന്‍കോവിലിലെയും ജലം സ്വീകരിക്കാനായി തമിഴ്‌നാട്‌ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ മുന്നൊരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്‌. 2001 ല്‍തന്നെ കേരളാ അതിര്‍ത്തിയോടു ചേര്‍ന്ന മേക്കരയില്‍ അണക്കെട്ടു പണിത്‌ അവര്‍ കാത്തിരിക്കുകയാണ്‌. നദീജലക്കരാറുകളിലെ മുന്‍കാല അബദ്ധങ്ങളുടെ തിക്‌തഫലം അനുഭവിക്കുന്ന കേരളത്തിനുമേല്‍ മറ്റൊരു ഇടിത്തീയായി പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ ലിങ്ക്‌ പദ്ധതി വീഴരുത്‌.
                            എ.ബി. വാജ്‌പേയി സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായിരുന്നു രാജ്യത്തെ വിവിധ നദികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നദീസംയോജനം. ജലസമൃദ്ധമായ മേഖലകളില്‍നിന്നു ജലക്ഷാമം അനുഭവപ്പെടുന്ന മേഖലകളിലേക്കു വെള്ളമെത്തിക്കുക. മുപ്പതോളം നദീബന്ധന പദ്ധതികള്‍ 1999-2004 ലെ വാജ്‌പേയി സര്‍ക്കാര്‍ ആവിഷ്‌കരിച്ചെങ്കിലും പിന്നീടു വന്ന യു.പി.എ. സര്‍ക്കാര്‍ അതുമായി മുന്നോട്ടുപോയില്ല. അന്നത്തെ പദ്ധതികളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു പമ്പ-അച്ചന്‍കോവില്‍- വൈപ്പാര്‍ സംയോജനം. കേള്‍ക്കുമ്പോള്‍ ഗംഭീരമെന്നു തോന്നാമെങ്കിലും നദീസംയോജന പദ്ധതിയില്‍ ഒട്ടേറെ അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നതായാണു പരിസ്‌ഥി പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്‌. രാജ്യത്തിനു താങ്ങാനാകാത്ത ചെലവും പരിസ്‌ഥിതി പ്രശ്‌നങ്ങളും അവര്‍ ചൂണ്ടിക്കാട്ടുന്നു. സങ്കീര്‍ണമായ വിഷയം തന്നെയാണു നദീസംയോജനം. ബന്ധപ്പെട്ട സംസ്‌ഥാനങ്ങളുടെ സമ്മതമില്ലാതെ പദ്ധതിയുമായു മുന്നോട്ടുപോകുന്നത്‌ ദോഷം ചെയ്യും. സംസ്‌ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കും അതു കാരണമാകും.
എന്തായാലും പമ്പ-അച്ചന്‍കോവില്‍ വൈപ്പാര്‍ ലിങ്ക്‌ പദ്ധതി കേരളത്തെ സംബന്ധിച്ചിടത്തോളം ആത്മഹ്യത്യാപരമാണ്‌. പമ്പയിലും അച്ചന്‍കോവിലാറ്റിലുമായി 3124 ദശലക്ഷം ഘനമീറ്റര്‍ ജലം അധികമുണ്ടെന്ന നാഷണല്‍ വാട്ടര്‍ ഡവലപ്‌മെന്റ്‌ അഥോറിട്ടിയുടെ കണക്കിന്റെ അടിസ്‌ഥാനത്തിലാണു പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്‌. അധികജലത്തിന്റെ 20 ശതമാനം തമിഴ്‌നാട്ടിലെ വൈപ്പാറിലേക്ക്‌ ഒഴുക്കാമത്രേ. എന്നാല്‍, പമ്പയിലും അച്ചന്‍കോവിലിലും അധികജലം ഇല്ലെന്നാണ്‌ ഇതു സംബന്ധിച്ചു നടത്തിയ മറ്റു പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌. കോഴിക്കോട്‌ ആസ്‌ഥാനമായുള്ള സെന്റര്‍ഫോര്‍ വാട്ടര്‍ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡവലപ്‌മെന്റിന്റെ പഠനം അനുസരിച്ച്‌ എ.ഡി. 2050 ആകുമ്പോഴേക്കും പമ്പയില്‍ 3,537 ദശലക്ഷം ഘനമീറ്റര്‍ ജലവും അച്ചന്‍കോവിലില്‍ 459 ദശലക്ഷം ഘനമീറ്റര്‍ ജലവും കുറവുണ്ടാകും. ഇപ്പോള്‍തന്നെ ഇരുനദികളുടെയും തീരത്തുള്ള പ്രദേശങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കുള്ള ജലം നദികളില്‍ ഇല്ലെന്നാണു കണക്ക്‌. അതേസമയം, ഇക്കാര്യത്തില്‍ വ്യക്‌തമായ പഠനം നടത്താന്‍ സംസ്‌ഥാന സര്‍ക്കാരിന്‌ ഇതുവരെ കഴിഞ്ഞിട്ടില്ല.പമ്പാനദിയില്‍നിന്നും അച്ചന്‍കോവിലാറ്റില്‍നിന്നും വെള്ളം തമിഴ്‌നാട്ടിലേക്ക്‌ ഒഴുക്കിയാല്‍ മധ്യതിരുവിതാംകൂറും കുട്ടനാടും വരള്‍ച്ചയുടെയും ജലക്ഷാമത്തിന്റെയും പിടിയിലമരും. ജൈവവൈവിധ്യത്താല്‍ സമ്പന്നമായ വേമ്പനാട്‌ കായലിന്റെ തണ്ണീര്‍ത്തടവും ഉണങ്ങിവരളും. പദ്ധതി നടപ്പാക്കണമെങ്കില്‍ കേരളത്തില്‍ മൂന്നു ഡാമുകള്‍ നിര്‍മിക്കേണ്ടി വരും. ഇതുമൂലം ആയിരക്കണക്കിനു ഹെക്‌ടര്‍ വനഭൂമി വെള്ളത്തിലാവുമെന്നാണു കണക്ക്‌. ജലസമൃദ്ധമായ നാടെന്ന പേരുണ്ടെങ്കിലും ജലദൗര്‍ലഭ്യത്തിലേക്കാണു കേരളം നീങ്ങുന്നതെന്നു പഠനങ്ങള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ നമ്മുടെ നദികളിലെ, നമുക്കവകാശപ്പെട്ട ജലം വിട്ടുകൊടുക്കുന്നത്‌ ഗുരുതരപ്രത്യാഘാതങ്ങള്‍ക്കു വഴിതെളിക്കും .

                                                  പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: