Pages

Friday, May 9, 2014

ആറു മണിക്കൂറിനുള്ളില്‍ പേവിഷബാധ കണ്ടെത്താം; ഹൈടെക് ലാബ് വരുന്നു


ആറു മണിക്കൂറിനുള്ളില്‍ പേവിഷബാധ കണ്ടെത്താം; ഹൈടെക് ലാബ് വരുന്നു
                    നായ്ക്കളിലെ പേവിഷബാധ ആറു മണിക്കുറിനുള്ളില്‍ സ്ഥീരികരിക്കുന്നതിനുള്ള സൗകര്യങ്ങളുമായി മൃഗസംരക്ഷണ വകുപ്പിന്റെ ലാബ് പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുന്നു. കണ്ണൂര്‍, തിരുവല്ല, പാലക്കാട്, തൃശ്ശൂര്‍ എന്നിവിടങ്ങളിലാണ് പുതിയ ലാബ് വരുന്നത്. സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പേവിഷബാധ മണിക്കുറുകള്‍ക്കുള്ളില്‍ കണ്ടെത്താനുള്ള സജ്ജീകരണങ്ങളുമായി മൃഗസംരക്ഷണ വകുപ്പ് രംഗത്തിറങ്ങിയിരിക്കുന്നത്. കടിക്കുന്ന നായ്ക്കളെ ലാബില്‍ എത്തിച്ചാല്‍ പേവിഷത്തിന് കാരണമാകുന്ന വൈറസിന്റെ ജീന്‍ പരിശോധിച്ച് രോഗം ഉടന്‍തന്നെ സ്ഥീരികരിക്കാന്‍ സാധിക്കും. പോളിമറൈസ് ചെയിന്‍ റിയാക്ഷന്‍ എന്നാണ് ഈ രീതി അറിയപ്പെടുന്നത്.സാധാരണ നിലയില്‍ നായ്ക്കള്‍ അസ്വാഭാവികമായി ചാകുമ്പോള്‍ മാത്രമാണ് പരിശോധന നടത്തി പേവിഷബാധയാണെന്ന് സ്ഥിരീകരിച്ചിരുന്നത്. ഇതിനുള്ള ലാബുകള്‍ സംസ്ഥാനത്ത് തിരുവനന്തപുരത്തും കൊല്ലത്തും മാത്രമാണ് ഉണ്ടായിരുന്നത്. പരിശോധനാഫലം അറിയുന്നതിന് മൂന്നുനാല് ദിവസത്തെ കാലതാമസമെടുത്തിരുന്നു. കൂടാതെ വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും നായ കടിക്കുമ്പോള്‍ അവയെ തിരുവനന്തപുരത്തും കൊല്ലത്തും എത്തിച്ച് പരിശോധിക്കുക എന്നത് ദുഷ്‌കരമായിരുന്നു. ഇതിന് പരിഹാരമാകും പുതിയ ലാബുകള്‍. എത്രയുംപെട്ടെന്ന് നായ്ക്കളില്‍ രോഗം കണ്ടെത്തി കടിയേറ്റവര്‍ക്ക് ഉടനടി ചികിത്സ നടത്താന്‍ സാധിക്കും എന്നതാണ് ഈ സംവിധാനത്തിന്റെ മെച്ചം. മൂന്നുമാസത്തിനുള്ളില്‍ ലാബുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. 
                                                 പ്രൊഫ്‌. ജോണ്‍ കുരാക്കാർ 
                                                                


No comments: