ഇനി മോഡി യുഗം
എല്‍.കെ. അദ്വാനിയെയും മുരളീ മനോഹര്‍ ജോഷിയെയും പോലുള്ള അതികായരുടെ എതിര്‍പ്പിനെ മറികടക്കാന്‍ മോഡികാട്ടിയ ഉറച്ച നടപടികള്‍ ശരിയായിരുന്നുവെന്ന് പാര്‍ട്ടിക്ക് തോന്നിപ്പിക്കാന്‍ പോന്നതായി തെരഞ്ഞെടുപ്പ് ഫലം. ഇനി കുറേക്കാലത്തേക്കെങ്കിലും ബി.ജെ.പിയിലെ എതിര്‍സ്വരം കേള്‍ക്കാത്ത നേതാവായിരിക്കും നരേന്ദ്ര മോഡി. മുപ്പതു വര്‍ഷത്തിനു ശേഷം ഒരു പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ലോക്‌സഭയില്‍ ഭൂരിപക്ഷം നേടാന്‍ കഴിയുന്നത് തന്റെ നേതൃത്വത്തിലാണെന്നത് മോഡിക്കു നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ബി.ജെ.പി. കഴിഞ്ഞാല്‍ എന്‍.ഡി,എയിലെ ഏറ്റവും വലിയ കക്ഷി 20 സീറ്റ് പോലും നേടാത്ത ടി.ഡി.പിയാണെന്നുള്ളത് ബി.ജെ.പിയുടെയും മോഡിയുടെയും കരുത്ത് തെളിയിക്കുന്നു. ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിലും ഭരണം ഒറ്റയ്ക്കായേക്കുകയുമില്ല.
വാദ്‌നഗറിലായിരുന്നു മോഡിയുടെ വിദ്യാഭ്യാസത്തിനു തുടക്കം. ശരാശരി വിദ്യാര്‍ഥി മാത്രമായിരുന്ന മോഡി പക്ഷേ, അന്നേ പ്രസംഗത്തിലും മറ്റും മിടുക്കനായിരുന്നു. ബാലനായ മോഡിയോട് വാചകമടിച്ച് ആരും ജയിച്ച ചരിത്രമില്ലായിരുന്നു. ഇക്കാലത്ത് പിതാവിന്റെ ചായക്കടയില്‍ സഹായിക്കാനും പോയിരുന്നു മോഡി.13ാം വയസിലാണ്, 42 വര്‍ഷത്തിനു ശേഷം 2014ല്‍ വിവാദമായ ശൈശവ വിവാഹത്തിന് നരേന്ദ്രമോഡി നിര്‍ബന്ധിതനാകുന്നത്. സമുദായത്തിലെ ആചാരമനുസരിച്ച് 13-ാം വയസില്‍ യശോദാ ബെന്‍ ചിമന്‍ലാലുമായുള്ള വിവാഹം നിശ്ചയിച്ചു. 18-ാം വയസിലായിരുന്നു വിവാഹം. എന്നാല്‍, ആര്‍.എസ്.എസിന്റെ ആശയങ്ങളില്‍ അതിനകം ആകൃഷ്ടനായിരുന്ന മോഡി യശോദയുമായി ഒന്നിച്ചു താമസിക്കാന്‍ തയാറായില്ല.
പിന്നീട് രണ്ടുവര്‍ഷത്തേക്ക് മോഡിയെ പറ്റി ഒന്നും കേള്‍ക്കാനില്ലായിരുന്നു. അദ്ദേഹം ഹിമാലയത്തില്‍ യാത്രയിലായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. തിരിച്ചെത്തിയ മോഡി പിന്നീട് ആര്‍.എസ്.എസ്. പ്രചാരകനായി. തുടര്‍ന്ന് എ.ബി.വി.പിയുടെ ഗുജറാത്തിലെ നേതൃത്വം ഏറ്റെടുത്തു. പിന്നീട് അദ്ദേഹം ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ഡിസ്റ്റന്‍സ് പഠനത്തിലൂടെ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി.അടിയന്തിരാവസ്ഥക്കാലത്താണ് മോഡി തന്റെ തന്ത്രങ്ങളുടെ ആദ്യ പ്രകടനം നടത്തുന്നത്. സര്‍ക്കാരിനെതിരേ ഒളിയിടത്തില്‍ നിന്നുള്ള പ്രചാരണപ്രവര്‍ത്തനങ്ങളില്‍ മുന്നിലായിരുന്നു മോഡി. 1985-ല്‍ ആര്‍.എസ്.എസ് അദ്ദേഹത്തെ ബി.ജെ.പി.യിലേക്ക് നിര്‍ദേശിച്ചു. ശങ്കര്‍ സിംഗ് വഗേലയും കേശുഭായി പട്ടേലും രണ്ടു ധ്രുവങ്ങളില്‍ നിന്ന് ബി.ജെ.പിയെ നയിക്കവെയായിരുന്നു മോഡിയുടെ അരങ്ങേറ്റം. അക്കാലത്ത് മുരളീ മനോഹര്‍ ജോഷിയുടെ കന്യാകുമാരി-ശ്രീനഗര്‍ ഏകതാ യാത്രയുടെ മുഖ്യസംഘാടകനായി നരേന്ദ്രമോഡി. യാത്രയുടെ വിജയം ദേശീയ നേതാക്കളുടെ ശ്രദ്ധ മോഡിയില്‍ പതിയാനിടയാക്കി. അന്നു താന്‍ സഹായിച്ച അതേ മുരളീ മനോഹര്‍ ജോഷിയെയാണ് പ്രധാനമന്ത്രി പദത്തിലേക്കുള്ള യാത്രയ്ക്കിടെ മോഡി ഇത്തവണ ഒതുക്കിയതെന്നത് ചരിത്രത്തിലെ വൈചിത്ര്യം.തുടര്‍ന്ന് പാര്‍ട്ടി നേതൃത്വം നരേന്ദ്ര മോഡിയെ ഗുജറാത്തിലെ സംഘടനാ സെക്രട്ടറിയാക്കി. മോഡിയുടെ തന്ത്രങ്ങള്‍ വിജയം കണ്ടതിന്റെ ഫലമായിരുന്നു 1995ലെ ഗുജറാത്തിലെ ബി.ജെ.പിയുടെ ജയം. 1996ലെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ തോറ്റ ശങ്കര്‍ സിംഗ് വഗേല പാര്‍ട്ടി വിട്ടു പോയതാണ് മോഡിയെ ഗുജറാത്തിലെ താരമാക്കിയത്. 1998ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും മോഡി സുത്രധാരനായി. ഫലം ബി.ജെ.പിക്കു മികച്ച വിജയം.
കേശുഭായി പട്ടേലിന്റെ ആരോഗ്യം ക്ഷയിച്ചതും ഭുജിലെ ഭൂമികുലുക്കത്തെ തുടര്‍ന്നുള്ള അവസ്ഥ നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതുമായിരുന്നു മോഡിയുടെ തലവര തെളിയിച്ചത്. ഗുജറാത്തില്‍ പുതിയ നേതാവ് വേണമെന്ന് പാര്‍ട്ടി നേതൃത്വത്തിനു തോന്നി. പട്ടേലിനെതിരേ പാര്‍ട്ടി നേതൃത്വത്തില്‍ രഹസ്യ വിവരങ്ങള്‍ നല്‍കിക്കൊണ്ടിരുന്ന നരേന്ദ്ര മോഡിയെ അല്ലാതെ മറ്റൊരാളെ പരീക്ഷിക്കാന്‍ പാര്‍ട്ടി തയാറായിരുന്നില്ല. പട്ടേലിനെ അപമാനിതനാക്കി ഇറക്കി വിടരുതെന്നായിരുന്നു അദ്വാനിയുടെ ആഗ്രഹം. അദ്ദേഹത്തിനു കീഴില്‍ ഉപമുഖ്യമന്ത്രിയാകാമോ എന്ന് അദ്വാനി ചോദിച്ചത് തള്ളിക്കളയാന്‍ മോഡിക്ക് ഒരു നിമിഷം പോലും വേണ്ടിവന്നില്ല. 'ഗുജറാത്ത് പൂര്‍ണമായി കിട്ടിയാല്‍ സ്വീകരിക്കാം' എന്നായിരുന്നു മറുപടി. അങ്ങനെ 2001 ഒക്‌ടോബര്‍ ഏഴിന് നരേന്ദ്ര മോഡി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി.
2002 ഡിസംബറില്‍ തെരഞ്ഞെടുപ്പിനെ നേരിടേണ്ട സംസ്ഥാനമായിരുന്നു ഗുജറാത്ത്. തനിക്കനുകൂലമായി തരംഗമുണ്ടാകണമെങ്കില്‍ അതിനു തക്ക വികാരവും കാരണവും ഉണ്ടാകണമെന്ന് ബുദ്ധിമാനായ മോഡിയെ ആരും പറഞ്ഞ്മനസിലാക്കേണ്ടിയിരുന്നില്ല. ഗോധ്രയില്‍ ട്രെയിനിന് തീ പിടിച്ച് 60 കര്‍സേവകര്‍ മരിച്ചതും ഈ സംഭവത്തിനു പിന്നില്‍ മുസ്ലിംകളാണെന്ന ആരോപണമുയര്‍ന്നതോടെ ഗുജറാത്തില്‍ മുസ്ലിംകള്‍ക്കെതിരേ കലാപം പൊട്ടിപ്പുറപ്പെട്ടതും തെരഞ്ഞെടുപ്പ് വര്‍ഷമായ 2002 ഫെബ്രുവരിയിലായിരുന്നു. 2000 പേരോളം കൊല്ലപ്പെടുകയും പതിനായിരക്കണക്കിനാളുകള്‍ക്ക് ഗുരുതരമായി പരിക്കേല്ക്കുകയും ചെയത ആ സംഭവത്തിന്റെ കരി പുരണ്ടത് മോഡിയുടെ കൈയുകളിലാണെന്ന് ആരോപണമുണ്ടായിട്ടും മോഡി കൂലുങ്ങിയില്ല. മാത്രമല്ല, അതിന്റെ പേരില്‍ ക്ഷമ പറയാനില്ലെന്ന് ഈ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മോഡി തുറന്നടിക്കുകയും ചെയ്തിരുന്നു.തനിക്കെതിരേ ഇന്ത്യയിലെമ്പാടും പ്രതിഷേധമുയരവേ നരേന്ദ്രമോഡി 2002 ജൂലൈ 19ന് രാജി വച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മോഡിയുടെ മുസ്ലിം വിരുദ്ധ പ്രസംഗങ്ങള്‍ കുപ്രസിദ്ധമായിരുന്നു. തെരഞ്ഞെടുപ്പില്‍ 182ല്‍ 127 സീറ്റ് നേടി മോഡി വീണ്ടും അധികാരത്തിലെത്തി.തുടര്‍ന്ന് 2007ലും 2012ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ മോദിക്ക് തിരിഞ്ഞു നോക്കേണ്ടിവന്നില്ല. തുടര്‍ച്ചയായ വിജയങ്ങള്‍ മോഡിയെ ബി.ജെ.പിയിലെ എതിരില്ലാത്ത നായകനാക്കി.
2009ലെ ബി.ജെപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോഡി നിര്‍ണായക ഘടകമായിരുന്നു. 2012 ജൂണ്‍ പത്തിനു മോഡിയെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തത് ബി.ജെ.പിയില്‍ ചെറിയതോതിലുള്ള പടലപ്പിണക്കത്തിനിടയാക്കി. ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് എല്‍.കെ. അദ്വാനി പാര്‍ട്ടി സ്ഥാനങ്ങളെല്ലാം രാജിവച്ചെങ്കിലും അദ്വാനിയുടെ പ്രതിഷേധത്തിനെ വകവയ്ക്കാന്‍ ആളുണ്ടായില്ല. അദ്ദേഹത്തിന് അടുത്ത ദിവസം തന്നെ തീരുമാനം പിന്‍വലിക്കേണ്ടി വന്നു. തുടന്ന് ഈ തെരഞ്ഞെടുപ്പ് വിജയം വരെ അദ്വാനി പലതരത്തില്‍ മോഡികെതിരേ നിലപാടെടുത്തെങ്കിലും അന്തിമ വിജയം എന്നും നരേന്ദ്ര മോഡിക്കായിരുന്നു.കഴിഞ്ഞ സെപ്റ്റംബറില്‍ നരേന്ദ്രം മോഡിയെ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ അദ്ദേഹം പാര്‍ട്ടിയിലെ മുടിചൂടാ മന്നനായി. പിന്നീടെല്ലാം മോഡിയുടെ വഴിയേ നടന്നു. ഇപ്പോള്‍ ഇന്ത്യയും.
പ്രൊഫ്..ജോണ്‍ കുരാക്കാർ
No comments:
Post a Comment