Pages

Friday, May 16, 2014

കേരളത്തിൽ യു.ഡി.എഫിന് മേല്‍ക്കൈ

കേരളത്തി യു.ഡി.എഫിന് മേല്ക്കൈ

 കേരളത്തിന്റെ വിധിയെഴുത്തില്‍ മേല്‍ക്കൈ യു.ഡി.എഫിന്. 12 സീറ്റ് യു.ഡി.എഫ് നേടിയപ്പോള്‍ എട്ടിടത്ത് മാത്രമാണ് ഇടത് സ്ഥാനാര്‍ഥികള്‍ വിജയം കണ്ടത്. 2009 ല്‍ 16 സീറ്റുണ്ടായിരുന്ന യു.ഡി.എഫിന് ഇത്തവണ കോണ്‍ഗ്രസ് മത്സരിച്ച കണ്ണൂരും, ഇടുക്കിയും, ചാലക്കുടിയും, തൃശൂരുമാണ് നഷ്ടമായത്. എല്‍.ഡി.എഫില്‍ സി.പി.എമ്മിന് ഏഴ് സീറ്റ് കിട്ടി. ചാലക്കുടിയിലും ഇടുക്കിയിലും ഇടത് സ്വതന്ത്രന്മാരായ ഇന്നസെന്റും ജോയ്‌സ് ജോര്‍ജ് അട്ടിമറി വിജയം നേടി. അതേസമയം പഴയസഹയാത്രികരായ ആര്‍.എസ്.പി മുന്നണി മാറുകയും കൊല്ലം സീറ്റ് എന്‍.കെ പ്രേമചന്ദ്രന്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തത് സി.പി.എമ്മിന് കനത്ത തിരിച്ചടിയായി. ഫോട്ടോഫിനിഷിലാണ് തിരുവനന്തപുരത്ത് ശശി തരൂര്‍ കടന്നുകൂടിയത്. അതും അവസാന നിമിഷം. വോട്ടെണ്ണലിന്റെ ഭൂരിപക്ഷം ഘട്ടങ്ങളിലും രാജഗോപാലിനായിരുന്നു ലീഡ്. ബെന്നറ്റ് ഏബ്രഹാം തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ഇടതുകേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കി.

തൃശൂര് തോല്‍വി ഒഴിവാക്കാന്‍ ചാക്കോ ചാലക്കുടിയിലെത്തിയപ്പോള്‍ ഇന്നസെന്റിന് അവിടെ ലോട്ടറിയടിച്ചു. ചാലക്കുടിയില്‍ നിന്ന് മാറി ഗത്യന്തരമില്ലാതെ തൃശൂരില്‍ അങ്കത്തിനിറങ്ങിയ ധനപാലന്‍ അവിടെ സി.എന്‍ ജയദേവനോട് തോല്‍വി ഏറ്റുവാങ്ങി. ഈ രണ്ട് സീറ്റുകളിലെ തോല്‍വി കോണ്‍ഗ്രസില്‍ വരും ദിവസങ്ങളില്‍ പൊട്ടിത്തെറിക്ക് വഴിതെളിച്ചേക്കാം. കസ്തൂരിരംഗന്‍ ആളിക്കത്തിയ ഇടുക്കിയില്‍ കോണ്‍ഗ്രസിനുണ്ടായത് നാണംകെട്ട തോല്‍വി. ബിഷപ്പും ഇടുക്കി രൂപതയും എതിരായതോടെ പി.ടി തോമസിനെ മാറ്റിനിര്‍ത്തി യുവനേതാവ് ഡീന്‍ കുര്യാക്കോസിനെ രംഗത്തിറക്കിയിട്ടും പച്ചതൊട്ടില്ല. ഹൈറേഞ്ചില്‍ കോണ്‍ഗ്രസ് പിന്നിലായപ്പോള്‍ കേരള കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ ലോറേഞ്ച് മണ്ഡലങ്ങളായ തൊടുപുഴയിലും, കോതമംഗലത്തും പ്രതീക്ഷിച്ച ഭൂരിപക്ഷം ഡീനിന് കിട്ടാതിരുന്നത് കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് തര്‍ക്കത്തിലേക്ക് എത്തിക്കുമെന്ന് ഉറപ്പാണ്.
സോളാറും സരിതയും ശാലുമേനോനും ഒന്നും ഏശിയില്ല. മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും ആലപ്പുഴയില്‍ കെ.സി വേണുഗോപാലും മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ചുകയറി. ആറ്റിങ്ങല്‍ അതിന്റെ ഇടത് ആഭിമുഖ്യം വീണ്ടും പ്രകടിപ്പിച്ചപ്പോള്‍ സി.പി.എമ്മിന്റെ എ സമ്പത്തിന് ലഭിച്ചത് 70,000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ്. ആറന്മുള വിഷയവും, പി.സി ജോര്‍ജിന്റെ എതിരായ നിലപാടും തിരിച്ചടിയാകുമെന്ന് കരുതിയെങ്കില്‍ അതിനെയെല്ലാം കവച്ചുവെക്കുന്ന തിളക്കമാര്‍ന്ന വിജയമാണ് പത്തനംതിട്ടയില്‍ ആന്റോ ആന്റണി കൈവരിച്ചത്. ഇവിടെ ഏറ്റവും ശ്രദ്ധേയമായത് ബി.ജെ.പിയുടെ എന്‍.ടി രമേശിന്റെ പ്രകടനാണ്. 1,40000 ത്തോളം വോട്ടുകളാണ് ബി.ജെ.പി ഇവിടെ നേടിയത്. ആറന്മുള വികാരം ഫിലിപ്പോസ് തോമസിന് ഗുണം ചെയ്യുമെന്ന് എല്‍ ഡി എഫ് പ്രതീക്ഷിച്ചിരുന്നെങ്കില്‍ ആ വോട്ടുകളില്‍ ഗണ്യമായ പങ്കും ബി.ജെ.പിക്കാണ് കിട്ടിയത്. പത്തനംതിട്ടയില്‍ 16538 വോട്ട് നോട്ടയില്‍ വീണു.എറണാകുളത്ത് ക്രിസ്റ്റി ഫെര്‍ണാണ്ടസിലൂടെ നടത്തിയ പരീക്ഷണം തിരിച്ചടിയായെന്ന് ഒരു വിഭാഗം സി.പി.എം നേതാക്കളെങ്കിലും അടക്കം പറഞ്ഞത് ശരിവെക്കുന്നതായി അവിടെ കെ.വി തോമസിന്റെ ഭൂരിപക്ഷം. കഴിഞ്ഞ തവണ കഷ്ടിച്ച് 10,000 വോട്ടിന് ജയിച്ച കെ.വി തോമസ് ഇത്തവണ ഭൂരിപക്ഷം എട്ടിരട്ടിയാക്കി വര്‍ധിപ്പിച്ചു.

ആലത്തൂര്‍ രണ്ടാം തവണയും സി.പി.എമ്മിലെ പി.കെ ബിജുവിനെ തുണച്ചു. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ഇരട്ടിയാക്കിയാണ് ബിജു ജയിച്ചത്. ചിറ്റൂര്‍-തത്തമംഗലം നഗരസഭ അധ്യക്ഷയായ കെ.എ ഷീബയിലൂടെ കോണ്‍ഗ്രസ് ഒരു അട്ടിമറി പ്രതീക്ഷിച്ച മണ്ഡലമായിരുന്നുചിറ്റൂര്‍ . ചിറ്റൂര്‍ മണ്ഡലത്തിലെ രണ്ട് പഞ്ചായത്തില്‍ നോട്ട വോട്ടിനായുള്ള ആഹ്വാനം ഇവിടെ ഷീബയ്ക്ക് തിരിച്ചടിയായി. നോട്ടയില്‍ ഇവിടെ വീണത് 21417 വോട്ടാണ്.പാലക്കാട്ട് കഴിഞ്ഞ തവണ കഷ്ടിച്ച് കടന്നുകൂടിയ സി.പി.എമ്മിലെ എം.ബി രാജേഷ് ഇത്തവണ എം.പി വീരേന്ദ്രകുമാറിനെതിരെ ജയിച്ചത് ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്.

ലീഗ് കോട്ടകളായ മലപ്പുറവും, പൊന്നാനിയും പതിവ് തെറ്റിച്ചില്ല. ഇതില്‍ ഇ അഹമ്മദ് നേടിയത് രണ്ട് ലക്ഷത്തോളം വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷമാണ്. അതേസമയം പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ തവണ 82,000 വോട്ടിന് ജയിച്ച ഇ.ടിക്ക് ഇത്തവണ ലഭിച്ചത് കാല്‍ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ്. കോണ്‍ഗ്രസ് വിമതനായ വി അബ്ദുറഹ്മാന്‍ ഇവിടെ ഇടത് സ്ഥാനാര്‍ഥിയായത് കോണ്‍ഗ്രസ് വോട്ടുകളില്‍ ചോര്‍ച്ചയ്ക്കിടയാക്കിയെന്ന് വ്യക്തം.

കോഴിക്കോട്ട് എം.കെ രാഘവന് നേടിയ വിജയത്തിന് തിളക്കമേറെയാണ്. സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായ എം വിജയരാഘവനെയാണ് രാഘവന്‍ തോല്‍പിച്ചത്. കേരളത്തില്‍ കാസര്‍കോട് കഴിഞ്ഞാല്‍ സി.പി.എമ്മിന് നിര്‍ണായക മേധാവിത്വമുള്ള മണ്ഡലത്തിലാണ് രാഘവന്‍ രണ്ടാം തവണയും ജയിച്ചത്. കഴിഞ്ഞതവണ മുഹമ്മദ് റിയാസിലൂടെ സി.പി.എം സീറ്റ് കളഞ്ഞുകുളിച്ചെങ്കില്‍ ഇത്തവണ രാഘവന് എം.പിയെന്ന പ്രകടനവും വ്യക്തിപരമായി കിട്ടിയ വോട്ടുമാണ് ഗുണം ചെയ്തത്. ആപ്പും, എസ്.ഡി.പി.ഐയും ഇവിടെ പതിനായിരത്തിലധികം വോട്ട് നേടി.
 വയനാട്ടില്‍ എം.ഐ.ഷാനവാസിനെതിരായ വികാരം പക്ഷേ ഒരു അട്ടിമറിയിലെത്തിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. കഴിഞ്ഞ തവണ ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷമുണ്ടായിരുന്നപ്പോള്‍ കെ.മുരളീധരനും ഒരു ലക്ഷം വോട്ട് കിട്ടിയിരുന്നു. അങ്ങനെ കഴിഞ്ഞ തവണ രണ്ടരലക്ഷം വോട്ടിന്റെ ലീഡുണ്ടായിരുന്ന സ്ഥാനത്ത് നിന്ന് വന്‍വോട്ട് ചോര്‍ച്ചയ്‌ക്കൊടുവില്‍ വെറും 20,000 വോട്ടിനാണ് ഷാനവാസാണ് കടന്നുകൂടിയത്.

                                                       പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: