മധുരം പകരും ഓർമ്മകൾ
![]() |
| ഓമനത്തമുള്ള അന്നക്കുട്ടിയെന്ന ബാലിക വലിയബാവയുടെ 'മിഠായിമോളാ'ണ്. ബാവ മിഠായിമോളുടെ അപ്പച്ചനും. എല്ലാ ദിവസവും സന്ധ്യാനമസ്‌കാരം കഴിയുമ്പോള്‍ ബാവ മിഠായിമോള്‍ക്കായി ഒരുപിടി ഫോറിന്‍ മിഠായി കരുതിവച്ചിട്ടുണ്ടാവും. അവിടെ ആധ്യാത്മികാചാര്യനും എല്‍.പി.സ്‌കൂള്‍ കുട്ടിയെന്നുമുള്ള അകലം ഇല്ലാതാകും. എട്ടരവയസ്സുകാരിക്കും 93 കാരനും ഒരേ വേവ്‌ലെങ്ത്. ദേവലോകം കാതോലിക്കേറ്റ് അരമനയ്ക്കു തൊട്ടടുത്തുള്ള കളത്തില്‍ സജി-റീനി ദമ്പതിമാരുടെ മകളാണ് അന്നക്കുട്ടിയെന്ന മിടുക്കിക്കുട്ടി. രണ്ടരവയസ്സുള്ളപ്പോള്‍ അരമനചാപ്പലില്‍ പ്രാര്ഥനയ്ക്കെത്തിയതുമുത അതേക്കുറിച്ച്, ആഷ്‌നയെന്ന് സ്‌കൂളില്‍ പേരുള്ള മിഠായിമേള്‍തന്നെ പറയുന്നു. അപ്പച്ചന്‍ എന്നു വിളിച്ചോളാന്‍ പറഞ്ഞത് എല്‍ദോസച്ചനാണ്. ഡ്രസ്സൊക്കെ കണ്ടപ്പോള്‍ തിരുമേനിയാണെന്നു മനസ്സിലായി. അതിനാല്‍ താടിയുണ്ടെങ്കിലും പേടിയായില്ല. കുറച്ചധികം കുട്ടികളോടൊപ്പമാണ് മിഠായിമോള്‍ എത്തുന്നതെങ്കില്‍ അപ്പച്ചന്‍ എല്ലാവര്‍ക്കും ഓരോ മിഠായി നല്‍കും; മിഠായിമോള്‍ക്ക് കൈനിറയെയും. അപ്പച്ചന് എന്നെയും എനിക്ക് അപ്പച്ചനെയും വലിയ ഇഷ്ടമായിരുന്നു. പാവമായിരുന്നു എന്റെ അപ്പച്ചന്‍. ഗിരിദീപം സെന്‍ട്രല്‍ സ്‌കൂളിലെ മൂന്നാംക്ലാസ്സുകാരിക്ക് വലിയബാവയെ ഓര്‍ക്കുമ്പോള്‍ നൂറുനാവാണ്. ബാവയെക്കുറിച്ച് ടി.വി.യില്‍ വാര്‍ത്ത കണ്ടപ്പോള്‍ കുട്ടിക്ക് കാര്യം മനസ്സിലായില്ല. കാലംചെയ്തു എന്ന വാക്കാണ് കുഴപ്പമായത്. ബാവ മരിച്ചുപോയെന്ന് അധ്യാപികകൂടിയായ അമ്മ വിവരിച്ചതോടെ സങ്കടമായി. മിഠായിമധുരം ഓര്‍മയാവുന്നത് വിഷമമായി. പാട്ടും ഡാന്‍സും പഠിക്കുന്ന മിഠായിമോളെക്കൊണ്ട് പാട്ടുപാടിക്കുന്നതൊക്കെ ഓര്‍ത്തു; ഇനി ദേവലോകത്ത് അപ്പച്ചനില്ലെന്നും. ചൊവ്വാഴ്ച ബാവയുടെ കബറടക്കശുശ്രൂഷയില്‍ മുഴുവന്‍ സമയവും കുടുംബാംഗങ്ങളോടൊത്ത് മിഠായിമോള്‍ പങ്കെടുത്തു. ഉരുകിത്തീരുന്ന മെഴുകുതിരികള്‍ക്കപ്പുറം അപ്പച്ചനെ കണ്ടപ്പോള്‍ വിതുമ്പലായി. നവതിയാഘോഷത്തിന് കേക്കുമുറിച്ച് ആദ്യം നല്‍കിയത് മിഠായിമോള്‍ക്കാണ്. കുര്‍ബാന കഴിഞ്ഞ് ഞായറാഴ്ച ബാവയുടെ അടുത്തെത്തുമ്പോള്‍ ആപ്പിളും മുന്തിരിയും ഈന്തപ്പഴവും നല്‍കുമായിരുന്നു. എപ്പോഴെങ്കിലും മോളെ ദൂരെക്കണ്ടാല്‍ കണ്ണുകൊണ്ട് അടുത്തേക്കു വിളിക്കും. ഇനി ഇതെല്ലാം കുഞ്ഞുമനസ്സിലെ നോവുന്ന ഓര്‍മ. വൈകീട്ട് പത്തനാപുരം ദയറയിലും മിഠായിമോളും ചേട്ടന്‍ ആഷിക്കും അച്ഛനമ്മമാരും പോയി. അമ്മയ്ക്ക് ലീവില്ലാത്തതിനാല്‍ ബുധനാഴ്ച പോകാനാവില്ലാത്തതിനാലാണത്. കെട്ടിപ്പിടിച്ച് ഉമ്മകൊടുത്തുകൊണ്ട് അപ്പച്ചന്‍ പറയാറുള്ള വാക്കുകള്‍ ഇനി മിഠായിമോള്‍ക്കൊപ്പം: 'സ്‌കൂളിലും സണ്‍ഡേസ്‌കൂളിലും നന്നായി പഠിക്കണം, മിടുക്കിയാവണം, നല്ലകുട്ടിയായിരിക്കണം'. |
Wednesday, May 28, 2014
മധുരം പകരും ഓർമ്മകൾ
Subscribe to:
Post Comments (Atom)

No comments:
Post a Comment