വന സംരക്ഷണത്തിന്
ജനങ്ങൾ
അണിനിരക്കണം
കാടുകളോട് ഇത്ര വൈരാഗ്യം ആര്ക്കാണുണ്ടാവുക? ഇത്തരം നീചപ്രവൃത്തികളിലൂടെ കാട് ചുട്ടുചാമ്പലാക്കിയാല് അതില്നിന്നു ആര്ക്കാണ് നേട്ടമുണ്ടാവുക? തീര്ച്ചയായും കര്ഷകജനത കാടിന്റെ ശത്രുവല്ല. കാടിനോട് ശത്രുത പുലര്ത്തിക്കൊണ്ട് കര്ഷകനു ജീവിക്കാന് കഴിയില്ലെന്ന തിരിച്ചറിവ് ഏറ്റവുമധികമുള്ളത് കര്ഷകനുതന്നെയാണ്. മണ്ണിനോടും പ്രകൃതിയോടും കൃഷിയോടും ഹൃദയം ചേര്ത്തുവച്ചവരാണ് കര്ഷകജനത. അവരുടെ ജീവിതത്തിനും കൃഷിയുടെ നിലനില്പ്പിനും വനങ്ങള് വഹിക്കുന്ന പങ്കിനെക്കുറിച്ച് അവരെ പഠിപ്പിച്ചത് ജീവിതം തന്നെയാണ്. കൃഷിയുടെ അവശ്യോപാധിയാണ് വെള്ളം. ആ വെള്ളവും നദികളും തമ്മിലുള്ള ബന്ധമാണ് കര്ഷകരെ കാടുമായി ബന്ധിപ്പിക്കുന്ന കണ്ണി. നദികളെല്ലാം ഉത്ഭവിക്കുന്നത് കാടുകളില് നിന്നാണ്. കേരളത്തിലെ 44 നദികളും ഉറവയെടുക്കുന്നത് പശ്ചിമഘട്ടത്തിലെ വനമേഖലയില് നിന്നാണ്. കാടുകള് നശിച്ചാല് നദികള് മരിക്കുമെന്നും നദികള് മരിച്ചാല് ഭൂമി വരളുമെന്നും ഭൂമി വരണ്ടാല് കൃഷി അന്യംനിന്നുപോകുമെന്നും കൃഷിക്കാര് തലമുറകളായി മനസിലാക്കിയ പാഠമാണ്. ആ വികാരവായ്പോടെയാണ് മണ്ണിന്റെ മക്കളായ കര്ഷകര് പ്രകൃതിയേയും അതിന്റെ ഹൃദയമായ വനങ്ങളേയും സ്നേഹിച്ചുപോന്നത്. ആ കൃഷിക്കാര് വനങ്ങളുടെ ശത്രുവാണെന്നു വരുത്തിതീര്ക്കാനുള്ള ശ്രമങ്ങള് ചില കേന്ദ്രങ്ങള് ബോധപൂര്വം നടത്തുന്നതാണ്. കേരളത്തിലെ വനങ്ങളില് നടക്കുന്ന സംഘടിതമായ തീവയ്പ്പുകളില് അത്തരം ശക്തികള്ക്കുള്ള പങ്ക് അന്വേഷണ വിധേയമാക്കേണ്ടതാണ്.കസ്തൂരിരംഗന് റിപ്പോര്ട്ട് കേരളത്തിന്റെ മലയോര മേഖലയിലാകെ ആശങ്കപടര്ത്തിയതാണ്. ആ ആശങ്കയ്ക്ക് പരിഹാരം ഉണ്ടാവുകതന്നെ വേണം. വനങ്ങളെ സംരക്ഷിക്കാന് നടപടി വേണം. കര്ഷകരും ജനങ്ങളാകെയും അതില് സജീവമായും അണിചേരുമെന്നതാണ് അനുഭവം. മാഫിയാശക്തികളെ ഒറ്റപ്പെടുത്താനുള്ള രാഷ്ട്രീയ ഇച്ഛയും നിര്ണായകമാണ്. വന സംരക്ഷണത്തിന് ജനങ്ങൾ അണിനിരക്കണം
പ്രൊഫ് ജോണ്‍ കുരാക്കാർ

No comments:
Post a Comment