അവയവദാനവും സ്ത്രീകളും
സംസ്ഥാനത്ത് ബന്ധുക്കള്‍ക്ക് അവയവങ്ങള്‍ ദാനം ചെയ്യുന്നവരില്‍ മുക്കാല്‍ പങ്കും സ്ത്രീകളാണെന്ന് ഇതുസംബന്ധിച്ചുള്ള പഠനം വ്യക്തമാക്കുന്നു. എന്നാല്‍, അവയവം സ്വീകരിക്കുന്നവരില്‍ മുക്കാല്‍ പങ്കിലധികംവരും പുരുഷന്മാര്‍. മക്കള്‍ക്കായി അവയവം നല്‍കിയവരില്‍ 53 ശതമാനവും സ്ത്രീകളാണ്. അടുത്ത ബന്ധുക്കള്‍ക്കായി അവയവം ദാനംചെയ്യാന്‍ തയ്യാറായത് 25 ശതമാനം പുരുഷന്മാര്‍ മാത്രം. ഇവിടെ നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥിതിതന്നെയാണ് ഈ പ്രവണതയ്ക്ക് മുഖ്യകാരണം. അതനുസരിച്ച്, പുരുഷനാണ് കുടുംബനാഥന്‍. കുടുംബം നടത്തിക്കൊണ്ടുപോകാന്‍ ചുമതലപ്പെട്ടവരായതിനാല്‍ അവയവദാനം തങ്ങള്‍ കൈകാര്യം ചെയ്യേണ്ടതല്ലെന്ന തോന്നല്‍ അവര്‍ക്കുണ്ടായെന്നുവരാം. അതേസമയം, അവയവദാനത്തിന്റെ വരുംവരായ്കകളെക്കുറിച്ച് പേടിയില്ലാത്തതുകൊണ്ടല്ല മറിച്ച്, സാഹചര്യങ്ങള്‍ അവയവദാനത്തിന് സ്ത്രീകളെ നിര്‍ബദ്ധരാക്കുകയാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. സാമൂഹിക വ്യവസ്ഥിതിയുള്‍പ്പെടെയുള്ള ഏത് കാരണത്താലായാലും സ്ത്രീകള്‍ ഇക്കാര്യത്തില്‍ സമ്മര്‍ദത്തിനോ ചൂഷണത്തിനോ ഇരയായിക്കൂടാ.
രണ്ട് വൃക്കകളിലൊന്ന് അല്ലെങ്കില്‍ കരളിന്റെ ഒരു ഭാഗം പകുത്തുനല്‍കിയാലും മനുഷ്യന് ജീവിക്കാനാവും എന്ന് ഇതിനകം നടന്ന അവയവദാനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വൃക്ക ദാനംചെയ്തശേഷവും തിരക്കിട്ട ജോലിയും ജീവിതചര്യകളും തുടര്‍ന്നുകൊണ്ട് വൈദികരും വ്യവസായിയുമെല്ലാം ഇക്കാര്യത്തില്‍ മാതൃകയായി നമുക്കിടയിലുണ്ട്. സ്ത്രീകളുടെ ഉയര്‍ന്ന സാമൂഹിക പ്രബുദ്ധതയുടെയും വിശാല മനസ്‌കതയുടെയും ഫലമായാണ് അവയവദാനത്തിന്റെ കാര്യത്തില്‍ സ്ത്രീപുരുഷ അനുപാതത്തില്‍ ഇത്രയേറെ അന്തരം കാണുന്നതെങ്കില്‍ അതില്‍ ആശങ്കയുണ്ടാകേണ്ടതില്ല. എന്നാല്‍, സ്ത്രീയുടെ സന്മനസ്സിനെ ചൂഷണംചെയ്യുന്ന നിലപാടാണ് സമൂഹം കൈക്കൊള്ളുന്നതെന്ന സൂചനയാണ് ആശങ്കയുണര്‍ത്തുന്നത്. അവയവദാനത്തെയോ അതിന്റെ ഗുണത്തെയോ അശ്രദ്ധമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെയോ കുറിച്ച് തികഞ്ഞ ബോധ്യത്തോടെയല്ല സ്ത്രീകളില്‍ പലരും അവയവദാനത്തിന് തയ്യാറാകുന്നതെന്നാണ് വസ്തുതകള്‍ വ്യക്തമാക്കുന്നത്. അത്തരം കാര്യങ്ങള്‍ അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിച്ചതായും കാണുന്നില്ല. മക്കള്‍ക്ക്, ഭര്‍ത്താവിന് അല്ലെങ്കില്‍ സഹോദരന് അവയവം മാറ്റിവെക്കേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയാല്‍ അവരുടെ രക്ഷയ്‌ക്കെത്തേണ്ടത് തന്റെ ചുമതലയാണെന്ന് സ്ത്രീകള്‍, പൊതുേവ, കരുതുന്നു. അനുതാപം, സഹജീവി സ്‌നേഹം എന്നിവയാണ് സ്ത്രീകളെ ഇതിന് പ്രേരിപ്പിക്കുന്നതെന്ന് മനശ്ശാസ്ത്രപരമായ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. സന്മനസ്സ് കാണിക്കുന്നതിന്റെ പേരില്‍ മാത്രം സ്ത്രീകള്‍ ചൂഷണംചെയ്യപ്പെടരുത്. അവയവം സ്വീകരിച്ച ആളിനെന്നപോലെത്തന്നെ ശ്രദ്ധയും പരിചരണവും, ദാനംചെയ്ത ആള്‍ക്കും ലഭിക്കേണ്ടതുണ്ട്. എന്നാല്‍, മിക്കപ്പോഴും അവയവം സ്വീകരിച്ച വ്യക്തിയെ പരിപാലിക്കേണ്ട ചുമതല ദാതാവായ വീട്ടുകാരിതന്നെ ഏറ്റെടുക്കുകയാണ് പതിവ്. അവയവദാനത്തിനുശേഷം അണുബാധ തടയാനും ആരോഗ്യപരിപാലനത്തിനും സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് സ്ത്രീകള്‍ക്കെല്ലാം അറിവുണ്ടായെന്ന് വരില്ല. അറിവുണ്ടെങ്കില്‍പ്പോലും അവ പാലിച്ച് വിശ്രമിക്കാനുള്ള സാഹചര്യം പലര്‍ക്കും വീട്ടിലുണ്ടാവുകയുമില്ല. അത് അവരെ കടുത്ത ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. ഈ സ്ഥിതി വിശേഷത്തിന് പരിഹാരമുണ്ടാകണം. അവയവദാനസന്ദേശം സമൂഹത്തിലെത്തിക്കാന്‍ ഡോക്ടര്‍മാരും സന്നദ്ധസംഘടനകളും ഉള്‍പ്പെടെ ഒട്ടേേെറപ്പരുടെ കൂട്ടായ പ്രവര്‍ത്തനം ഇന്ന് നടക്കുന്നുണ്ട്. തികച്ചും അഭിനന്ദനാര്‍ഹമായ കാര്യമാണിത്. അടുത്തകാലത്തായി അവയവമാറ്റ ശസ്ത്രക്രിയ ആവശ്യമായവരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. ദാതാവിനായി കാത്തിരിക്കുന്ന രോഗികളുടെ കാര്യത്തിനാണ് അവയവദാന സന്ദേശം പ്രചരിപ്പിക്കുന്നവര്‍ ഊന്നല്‍ നല്‍കുന്നത്. അതോടൊപ്പം, ദാതാവിന് ലഭിക്കേണ്ട ശുശ്രൂഷ, പരിചരണം, വിശ്രമം തുടങ്ങിയവയെക്കുറിച്ചും ബോധവത്കരണം ആവശ്യമാണ്.
No comments:
Post a Comment