Pages

Friday, March 14, 2014

നിയമം ആർക്കുംകയ്യിലെടുക്കാൻ അവകാശമില്ലാ

നിയമം കയ്യിലെടുക്കാൻ 
 ർക്കുംഅവകാശമില്ലാ

കണ്ണൂരിലെ ഹോട്ടലിൽ വച്ച് എ.പി. അബ്ദുള്ളക്കുട്ടിയെ കൈയേറ്റം ചെയ്ത സംഭവം കുറെ കടന്നു പോയി . രാഷ്ട്രീയകക്ഷികളുടെ യുവജനവിഭാഗങ്ങൾക്കിടയിൽ പടർന്നുപിടിച്ചിട്ടുള്ള അസഹിഷ്ണുതയ്ക്കും ദിശാബോധമില്ലായ്മയ്ക്കും നല്ല  ഉദാഹരണമാണിത് . . പൊലീസും കോടതിയും കൈകാര്യം ചെയ്യേണ്ട ഒരു വിഷയംഇത്തരത്തിൽ  കൈകാര്യം ചെയതത് നിയമത്തിന്റെ  നേരെയുള്ള  വെല്ലുവിളിയാണ് .

സോളാർ കേസിലെ നായികയായ യുവതി അബ്ദുള്ളക്കുട്ടി എം.എൽ.എയ്ക്കെതിരെ പൊലീസിൽ മാനഭംഗക്കേസ് നൽകി എന്നത് യാഥാർത്ഥ്യമാണ്. പരാതി രജിസ്റ്റർ ചെയ്ത പൊലീസിന്റെ പണിയാണ് അതിൽ പറയുന്ന കാര്യങ്ങളുടെ നിജസ്ഥിതി കണ്ടുപിടിക്കൽ. പരാതി ഔപചാരികമായി സമർപ്പിച്ചിട്ട് ഏതാനും ദിവസങ്ങളേയായുള്ളൂ. ആരോപണവിധേയനായ വ്യക്തിക്ക് പരാതിയിൽ പറയുന്ന കാര്യങ്ങൾ നിഷേധിക്കാനും ശരിയല്ലെന്നു സ്ഥാപിക്കാനും നിയമപരമായി സർവ അവകാശങ്ങളുമുണ്ട്. കേസിൽ അന്വേഷണം നടത്തി വാദിയിൽ നിന്നും പ്രതിയിൽ നിന്നും സാക്ഷികളിൽ നിന്നും മൊഴി എടുത്ത് കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിക്കാനുള്ള അവകാശം പൊലീസിനാണ്. കോടതി വിചാരണ നടത്തിവേണം കുറ്റക്കാരനാണോ അല്ലയോ എന്നു തീരുമാനിക്കാൻ. കുറ്റം തെളിയിക്കപ്പെട്ടാൽ ശിക്ഷ വിധിക്കേണ്ടതും കോടതി തന്നെയാണ്. യുവ രാഷ്ട്രീയപ്രവർത്തകരുടെ നടപടി അങ്ങേയറ്റം അപലപനീയമെന്നുമാത്രമല്ല, നിയമവാഴ്ചയോടുള്ള വെല്ലുവിളികൂടിയാണ്. അബ്ദുള്ളക്കുട്ടിക്കെതിരെ കേസെടുത്തിട്ടുള്ളത് തിരുവനന്തപുരം മ്യൂസിയം പൊലീസാണെന്നും അന്വേഷണവും അറസ്റ്റുമൊക്കെ അവരുടെ അധികാരപരിധിയിൽപ്പെട്ട കാര്യമാണെന്നും കണ്ണൂർ പൊലീസിന് ഇതിൽ റോളൊന്നുമില്ലെന്നും മനസിലാക്കാനുള്ള സാമാന്യബുദ്ധിപോലും ഹോട്ടലിൽ സംഘർഷം സൃഷ്ടിക്കാൻ എത്തിയ യുവപ്രവർത്തകർക്കില്ലാതെപോയി. അബ്ദുള്ളക്കുട്ടിയുടെ രക്ഷയ്ക്കെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായി ഏറ്റുമുട്ടലുണ്ടായി. ജനപ്രതിനിധിയെ കൈയേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്തുകൊണ്ടുപോയ പൊലീസിനെ തടയാൻ വനിതാ പ്രവർത്തകരും ഉണ്ടായിരുന്നു. പൊലീസിന് ബലപ്രയോഗവും നടത്തേണ്ടിവന്നു. സംഘർഷത്തിൽ പരിക്കേറ്റ് ഏതാനുംപേർ ആശുപത്രിയിലുമായി.വിവിധ രാഷ്ട്രീയ പാർട്ടികളിൽ പെട്ട പലരും  ഇത്തരത്തിലുള്ള  കേസുകളിൽ  ഇതിനുമുൻപും അകപെട്ടിട്ടുണ്ട് . അവരെയൊക്കെ ഇത്തരത്തിൽ കൈകാര്യം ചെയ്തിട്ടുണ്ടോ ?അബ്ദുള്ളക്കുട്ടി തെറ്റുകാരനാണെങ്കിൽ അതു കണ്ടുപിടിക്കാൻ പൊലീസും ശിക്ഷിക്കാൻ കോടതിയുമുണ്ട്. അന്വേഷണത്തിൽ കള്ളക്കളി നടക്കുന്നു എന്ന് ആക്ഷേപമുള്ളവർക്ക് അതിനെതിരെ കോടതിയിൽ പോയി ശരിയായ അന്വേഷണത്തിന് ഉത്തരവുകൾ നേടാം. നിയമത്തിന്റെ വഴികളും സാദ്ധ്യതകളും ഇത്തരത്തിൽ അനന്തമായി തുറന്നു കിടക്കുമ്പോൾ കഴുത്തിൽ കുത്തിപ്പിടിച്ച് എം.എൽ.എ പദം രാജിവയ്പിച്ചുകളയാമെന്ന് കരുതുന്നവർ ഏത് യുഗത്തിലാണ് ജീവിക്കുന്നത്?  ധാർമികതക്കും സദാചാരത്തിനും  പ്രാധാന്യം കൽപ്പിക്കുന്ന രാഷ്ട്രീയകാർ  എല്ലാ പാർട്ടികളിലും ധാരാളം ഉണ്ടാകട്ടെ?

                                     പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: