Pages

Saturday, March 8, 2014

ക്ഷേമപെൻഷന് എല്ലാ മാസവും കൃത്യമായി നൽകണം

ക്ഷേമപെൻഷന് എല്ലാ  മാസവും കൃത്യമായി  ൽകണം
                ഭാരതത്തിൽ കോടീശ്വരന്മാർ  ധാരാളം ഉണ്ടെങ്കിലും  പട്ടിണി പാവങ്ങൾ കുറവല്ല .  രാജ്യം സാമ്പത്തികവളര്‍ച്ചയുടെ പാതയിലാണെന്ന്‌ അഭിമാനിക്കുമ്പോഴും ക്ഷേമപെന്‍ഷനുകളെ ആശ്രയിച്ചു ജീവിക്കുന്ന ആയിരക്കണക്കിന്‌ ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്‌ . യാഥാര്‍ഥ്യമാണ്‌. അര്‍ഹരായ കൂടുതല്‍പേരെ ക്ഷേമപെന്‍ഷനുകളുടെ പരിധിയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു എന്നതു കേരളത്തിന്റെ നേട്ടങ്ങളിലൊന്നു തന്നെയാണ്‌. എന്നാല്‍, നിലവിലെ പെന്‍ഷന്‍ വിതരണം ഗുണഭോക്‌താക്കള്‍ക്ക്‌ ആശ്വാസം പകരുന്ന രീതിയിലല്ല എന്നു പറയേണ്ടിയിരിക്കുന്നു. ക്ഷേമപെന്‍ഷനുകളെ ആശ്രയിക്കുന്നവരില്‍ ഭൂരിപക്ഷത്തിനും അതു നിത്യജീവിതത്തിനുള്ള മാര്‍ഗമാണ്‌. അതിനാല്‍തന്നെ എല്ലാ മാസവും കൃത്യമായി പെന്‍ഷന്‍ തുക അര്‍ഹരുടെ കൈകളിലെത്തിക്കാന്‍ നടപടി വേണം.തദ്ദേശസ്‌ഥാപനങ്ങള്‍ വഴി, മാസങ്ങള്‍ കൂടുമ്പോഴോ വര്‍ഷത്തിലൊരിക്കലോ പെന്‍ഷന്‍ വിതരണം ചെയ്യുന്നതാണു നിലവിലുള്ള രീതി. വാര്‍ധക്യകാല പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ തുടങ്ങിയുള്ള പെന്‍ഷനുകള്‍ വിതരണം ചെയ്‌തിട്ട്‌ എട്ടു മാസത്തോളമായി. പെന്‍ഷന്‍ തുക കാത്തിരിക്കുന്ന പാവപ്പെട്ടവരുടെ നിസഹായാവസ്‌ഥ സര്‍ക്കാര്‍ കാണാതിരിക്കരുത്‌. ചെറിയ തുകയാണെങ്കിലും അത്‌ എല്ലാ മാസവും ലഭിക്കുകയെന്നതാണു പെന്‍ഷന്‍ വാങ്ങുന്നവരുടെ ആവശ്യവും ആഗ്രഹവും. ഓര്‍ക്കാപ്പുറത്ത്‌ ഒന്നിച്ചൊരു തുക കിട്ടുന്നതിനേക്കാള്‍ തങ്ങള്‍ക്കു ഗുണകരം അതാണെന്ന്‌ അവര്‍തന്നെ പറയുന്നു.
വാര്‍ധക്യകാല പെന്‍ഷന്‍, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, വിധവ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, 50 വയസിനു മുകളിലുള്ള അവിവാഹിത സ്‌ത്രീകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവയാണ്‌ സംസ്‌ഥാനത്തെ പ്രധാനക്ഷേമ പെന്‍ഷനുകള്‍. ഇതിനു പുറമേ വിവിധ തൊഴില്‍മേഖലകളുമായി ബന്ധപ്പെട്ട പെന്‍ഷനുകളുമുണ്ട്‌. സംസ്‌ഥാനത്ത്‌ ഏകദേശം 36 ലക്ഷം പേര്‍ വിവിധതരത്തിലുള്ള ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നുണ്ടെന്നാണു കണക്ക്‌. നിസാരമായ തുകയാണ്‌ ഈ ഇനത്തില്‍ ഓരോരുത്തര്‍ക്കും ലഭിക്കുന്നതെങ്കിലും ഒട്ടേറെപേര്‍ക്ക്‌ അത്‌ ആശ്വാസമാണ്‌.ക്ഷേമപെന്‍ഷന്‍ വിതരണം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപടികള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിച്ചിരുന്നു. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ നേതൃത്വത്തില്‍ ഇതിനായി സേവന എന്ന പേരില്‍ സോഫ്‌റ്റ്‌വേര്‍ വികസിപ്പിച്ച്‌ തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങള്‍ക്കു നല്‍കിയിട്ടുമുണ്ട്‌. അടുത്തിടെ യു.ഡി.എഫ്‌. സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ തുകകള്‍ വര്‍ധിപ്പിക്കുകയും ചെയ്‌തു. ഇതൊക്കെ സ്വാഗതാര്‍ഹമാണെങ്കിലും പണം കൃത്യമായി നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ കോടികള്‍ ചെലവഴിച്ചുള്ള ഈ സാമൂഹികക്ഷേമസംരംഭത്തിന്റെ പൂര്‍ണപ്രയോജനം ലഭിക്കില്ല.

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ വിതരണം ചെയ്യുന്നതുപോലെ ക്ഷേമപെന്‍ഷനുകളും എല്ലാ മാസവും നല്‍കുകയാണു വേണ്ടത്‌. ക്ഷേമപെന്‍ഷനുള്ള തുക അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ അമാന്തം കാട്ടാന്‍ പാടില്ല. ക്ഷേമപെന്‍ഷനെ അവസാന ഇനമായി മാറ്റിവയ്‌ക്കുന്ന രീതിയും അഭികാമ്യമല്ല. ക്ഷേമപെന്‍ഷനും അവകാശം തന്നെയാണെന്ന ബോധ്യം സമൂഹത്തിനും സര്‍ക്കാരിനുമുണ്ടാകണം.

                                               പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: