ലോക സമാധാനത്തിന്റെ പ്രാവുകളെ
പറത്തിയവലിയ ഇടയന് ആദരാഞ്ജലികള്
പറത്തിയവലിയ ഇടയന് ആദരാഞ്ജലികള്
സ്നേഹത്തിന്റെ പ്രതീകവും ലോകസമാധാനത്തിനു വേണ്ടി അക്ഷീണം പ്രയത്നിക്കുകയും ചെയ്ത ആഗോള സിറിയന് ഓര്ത്തഡോക്സ് സഭയുടെ പരമാധ്യശാന്ത സൗമ്യ ഭാവങ്ങളോടെ ക്രിസ്തീയ ചൈതന്യം തിളങ്ങിനിന്ന ആ മുഖം ഇനി വിശ്വാസികള്ക്ക് പ്രാര്ത്ഥനാനിരതമായ ഓര്മ്മമാത്രം. മലങ്കരയില് വരണമെന്ന് കാലം ചെയ്ുന്നയതിന് രണ്ടുദിവസം മുമ്പു പോലും അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഭാരതത്തിന്റെ ആത്മീയത എന്നും അദ്ദേഹം ഉള്ക്കൊള്ളുകയും ആദരിക്കുകയും ചെയ്തിരുന്നു. നമ്മുടെ ആതിഥ്യ മര്യാദ ഹൃദയത്തിന്റെ അഗാധതയില് അദ്ദേഹം സൂക്ഷിച്ചിരുന്നു. വലിയ ഇടയന്റെ വിടവാങ്ങല് മലങ്കരയിലെ ക്രൈസ്തവ വിശ്വാസികള്ക്ക് പകരം വയ്ക്കാനാകാത്ത കനത്ത നഷ്ടമാണ്. നാലു തവണ അദ്ദേഹം ഇന്ത്യയില് സന്ദര്ശനം നടത്തിയത് എടുത്തു പറയേണ്ട കാര്യമാണ്.
1931
ഏപ്രില് 21ന് ഇറാഖില് ഈവാസ് എന്ന ഉന്നതകുടുംബത്തിലായിരുന്നു ജനനം. സെന് ഹരീബ് എന്നായിരുന്നു പൂര്വാശ്രമത്തിലെ പേര്. പതിമൂന്നാം വയസില് വൈദിക വിദ്യാഭ്യാസത്തിനു ചേര്ന്നു. പഠനകാലത്ത് സാഖാ എന്ന നാമം സ്വീകരിച്ചു. 1957-ല് പരിശുദ്ധ യാക്കോബ് തൃതീയന് പാത്രിയര്ക്കീസ് ബാവയില് നിന്നു വൈദിക പട്ടം സ്വീകരിച്ചു. 1963-ല് മൊസൂള് ഭദ്രാസനത്തിനായി മോര് സേവേറിയോസ് എന്ന നാമത്തില് മെത്രാപ്പോലീത്തയായി. മൊസൂളില് മാര്ത്തോമ്മ ശ്ലീഹായുടെ ദേവാലയ ഭിത്തിയില്നിന്ന് മോര് തോമാശ്ലീഹായുടെ തിരുശേഷിപ്പ് കണ്ടെത്തിയതാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്.
1964-ല് പരിശുദ്ധ യാക്കോബ് തൃതീയന് പാത്രിയര്ക്കീസ് ബാവയോടൊപ്പം മലങ്കരയില് സന്ദര്ശനം നടത്തി. 1980 ജൂലൈ 11നാണ് അദ്ദേഹത്തിന്റെ ജീവിതത്തില് നിര്ണായകമായ വഴിത്തിരിവുണ്ടായത്. പരിശുദ്ധ യാക്കോബ് തൃതീയന് പാത്രിയര്ക്കീസ് ബാവയുടെ പിന്ഗാമിയായിരുന്ന ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയന് കാതോലിക്ക ബാവയുടെ അധ്യക്ഷതയില് കൂടിയ ആകമാന സുന്നഹദോസ് പാത്രിയര്ക്കാ സ്ഥാനത്തേക്കു തെരഞ്ഞെടുത്തു. അതേ വര്ഷം സെപ്റ്റംബര് 14-നായിരുന്നു സ്ഥാനാരോഹണം നടന്നത്. ഒരു കാതോലിക്ക ബാവയേയും മലങ്കരയ്ക്കായി 22 മെത്രാപ്പോലീത്തമാര് ഉള്പ്പെടെ 51 മെത്രാപ്പോലീത്തമാരേയും അദ്ദേഹം വാഴിച്ചു.
ഒരിക്കല് പോലും ഒരു രാഷ്ട്രത്തിന്റെയും ആഭ്യന്തര-രാഷ്ട്രീയ കാര്യങ്ങളില് അദ്ദേഹം കൈ കടത്തിയിട്ടില്ല. ഭാരതത്തിലെ സഭാ വിശ്വാസികളില് ഉടലെടുത്ത വിയോജിപ്പുകള് ഇല്ലാതാക്കാന് അദ്ദേഹം ആത്മാര്ത്ഥമായ ശ്രമങ്ങള് നടത്തിയിരുന്നു. അതുകൊണ്ട് തന്നെ എല്ലാ സഭകള്ക്കും ഇടയില് അദ്ദേഹത്തിന് വലിയ സ്വീകാര്യത ലഭിച്ചു. ഭാരതം സന്ദര്ശിച്ച ഓരോ തവണയും സഭാ ഐക്യത്തിന് വേണ്ടിയുള്ള ശ്രമങ്ങള് അദ്ദേഹം തുടര്ന്നിരുന്നു.
1984-ല് വത്തിക്കാനില് മാര്പാപ്പയെ സന്ദര്ശിച്ച വേളയില് യാക്കോബായ-കത്തോലിക്ക സഭകളിലെ അംഗങ്ങള്ക്ക് അടിയന്തര സ്വഭാവമുള്ള മൂന്നു കൂദാശകള് അവരവര്ക്ക് ദേവാലയങ്ങള് ഇല്ലാത്ത സ്ഥലങ്ങളില് സ്വീകരിക്കുന്നതിനുള്ള ഉടമ്പടി ഒപ്പുവച്ചതു ശ്രദ്ധേയമായി. യാക്കോബായ-കത്തോലിക്ക വിശ്വാസികള് തമ്മിലുള്ള വിവാഹത്തിനുള്ള അംഗീകാരം നല്കിയതും സഭാ ചരിത്രത്തിലെ സുപ്രധാന ഏടുകളിലൊന്നാണ്. അടുത്തിടെ സിറിയയിലുണ്ടായ രാഷ്ട്രീയ സംഘര്ഷങ്ങള്ക്കിടെ സമാധാന ദൂതുമായി അദ്ദേഹം നിലകൊണ്ടത് വിശ്വാസികള്ക്കിടയില് മാത്രമല്ല രാഷ്ട്രീയ നേതൃത്വങ്ങള്ക്കിടയില് പോലും വലിയ മതിപ്പ് സൃഷ്ടിക്കാനിടയായ സംഭവമായിരുന്നു. സിറിയയില് ജീവകാരുണ്യ പ്രവര്ത്തനങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ ഊന്നല്. സിറിയന് പ്രശ്നം സമാധാനപരമായി പരിഹരിക്കണമെന്നും അഭയാര്ത്ഥികള്ക്ക് ആശ്രയം നല്കണമെന്നും അദ്ദേഹം മെത്രാപ്പോലീത്തമാര്ക്ക് നിര്ദേശം നല്കി. ആഴ്ചയില് നാലുതവണ ഡയാലിസിസിന് വിധേയനായിരുന്നപ്പോഴാണ് അദ്ദേഹം സിറിയന് പ്രശ്നത്തില് സമാധാനത്തിന്റെ പ്രാവുകളെ പറത്തിയത്. വിടപറഞ്ഞെങ്കിലും അദ്ദേഹം കൊളുത്തിവച്ച ആത്മീയപ്രകാശം ഒരിക്കലും കെടില്ലെന്ന പ്രത്യാശയോടെ വലിയ ഇടയന് ആദരാഞ്ജലികള് അര്പ്പിക്കുന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment