കുഷ്ടരോഗത്തിന് എതിരെ സംസ്ഥാന ആരോഗ്യവകുപ്പ് അതീവശ്രദ്ധ പുലർത്തണം
കേരളത്തിന്റെ വടക്കന് ജില്ലകളില് കുഷ്ഠരോഗം വീണ്ടും പടരുന്നതായി അറിയാൻ കഴിയുന്നു . സംസ്ഥാന ആരോഗ്യവകുപ്പ് അതീവ ഗൗരവമായി ഇതിനെ കാണുകതന്നെ വേണം. അധികൃതരുടെതന്നെ കണക്കുപ്രകാരം തൃശൂരില് 113, പാലക്കാട്ട് 163, മലപ്പുറത്ത് 107, കണ്ണൂരില്57, കോഴിക്കോട് 93 എന്നീ ക്രമത്തില് രോഗികളുണ്ടെന്നാണ് വ്യക്തമാകുന്നത്. പക്ഷേ, യഥാര്ഥ കണക്കില് രോഗികളുടെ എണ്ണം ഇതിലും വളരെ കൂടുതലാണെന്നതാണ് സത്യം. അന്യസംസ്ഥാന തൊഴിലാളികളിലും ആദിവാസികളിലുമാണ് പുതിയതായി രോഗം കണ്ടുവരുന്നത്. രോഗലക്ഷണമുള്ളവരെ യഥാസമയം കണ്ടെത്താനോ ആവശ്യമായ ചികിത്സ നല്കാനോ സാധിക്കുന്നില്ല എന്നതാണ് ആദിവാസികളില് രോഗം പടരാന് കാരണമാകുന്നത്. മലപ്പുറത്തും വയനാട്ടിലും കുട്ടികളിലും രോഗം ബാധിച്ചിട്ടുള്ളതായാണ് വ്യക്തമാകുന്നത്. ഇവിടെ പതിനേഴു കുട്ടികള് രോഗബാധിതരാണത്രേ.
2005ല് ഇന്ത്യയില്നിന്ന് കുഷ്ഠരോഗം നിര്മാര്ജനം ചെയ്തു എന്നവകാശപ്പെടുന്ന സമയത്ത് പതിനായിരത്തില് ഒരാള്ക്ക് എന്നതിലും താഴെയായിരുന്നു കുഷ്ഠരോഗികളുടെ എണ്ണം, പക്ഷേ, ഇപ്പോഴത് പതിനായിരത്തില് 10.35 പേര്ക്ക് എന്ന തോതിലേക്ക് ഉയര്ന്നിരിക്കുന്നു എന്നത് കുഷ്ഠരോഗം വ്യാപകമായി തിരിച്ചുവരുന്നു എന്നതിന്റെ സൂചനയാണ്. ലോകത്താകെ പുതുതായി രോഗം കണ്ടെത്തിയവരില് 54 ശതമാനവും ഇന്ത്യയിലാണെന്ന ലോകാരോഗ്യ സംഘടനയുടെ കണക്കും കടുത്ത ആശങ്കയുണര്ത്തുന്നതാണ്. 2011-12ല് 1.27 ലക്ഷം പുതിയ രോഗികള് രാജ്യത്തുള്ളതായി കണ്ടെത്തിയിരുന്നു. ഇതില് 12305 പേര് കുട്ടികളാണെന്നും കണക്കുകള് പറയുന്നു.
രോഗം നിര്മാര്ജനം ചെയ്യപ്പെട്ടു എന്ന വിശ്വാസത്തില് 2005 മുതല് കുഷ്ഠരോഗത്തിനെതിരേയുള്ള പ്രവര്ത്തനത്തില്നിന്നു രാജ്യം പിന്നോട്ടുപോയതാണ് ഈ തിരിച്ചുവരവിനു കാരണമെന്നാണ് ഈ രംഗത്തു പ്രവര്ത്തിക്കുന്ന വിദഗ്ധര് പറയുന്നത്. അതുവരെ സജീവമായി ഈ രോഗത്തിനെതിരേ പ്രവര്ത്തിച്ചിരുന്ന ഭൂരിഭാഗം വരുന്ന ആരോഗ്യപ്രവര്ത്തകരെയും മറ്റു മേഖലകളിലേക്കു തിരിച്ചുവിടുകയും ചെയ്തു. കുഷ്ഠരോഗത്തെ സാധാരണ ഡോക്ടര്മാര് ചികിത്സിപ്പിക്കുന്ന അവസ്ഥയുണ്ടായി. ബോധവത്കരണ പ്രവര്ത്തനങ്ങള് നടത്താനും രോഗികളെ കണ്ടെത്തി മരുന്നും ഉപദേശങ്ങളും നല്കി അവരെ രോഗത്തിന്റെ പിടിയില്നിന്നു മോചിപ്പിക്കാനുമുള്ള നടപടികളില്നിന്നും ബന്ധപ്പെട്ടവര് പിന്നാക്കംപോയി. അതിന്റെ ഫലമാകട്ടെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമൊക്കെ പുതിയ രോഗികള് ഉണ്ടായിക്കൊണ്ടിരിക്കുന്നു.ഉത്തര്പ്രദേശിലാണ് ഏറ്റവും കൂടുതല് രോഗികളുള്ളത്, 24627 പേര്. മഹാരാഷ്ട്ര രണ്ടാംസ്ഥാനത്ത്- 17892 രോഗികള്. ബീഹാര് മൂന്നാംസ്ഥാനത്ത്- 17801 പേര്. ഈ കണക്ക് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി പാര്ലമെന്റില് അവതരിപ്പിച്ച കണക്കാണിത്. പക്ഷേ, യഥാര്ഥ കണക്കുകള് ഇതിലുമേറെയാകാന് തന്നെയാണു സാധ്യത.
ഇങ്ങനെയൊരവസ്ഥ രോഗവ്യാപനത്തിലൂടെ കൂടുതല് ജനങ്ങളിലേക്കെത്താതിരിക്കാന് ഏറ്റവും ഉചിതമായ നടപടി സ്വീകരിക്കുക എന്നത് സര്ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ബാധ്യതയാണ്. പുതുതായി രോഗം പ്രത്യക്ഷപ്പെടുന്ന മേഖലകളിലും നിലവില് രോഗികളുള്ള സ്ഥലത്തും അതീവശ്രദ്ധയോടെയുള്ള പ്രവര്ത്തനങ്ങളുണ്ടാകണം. രോഗികളുടെ മാനസികാവസ്ഥയും ശാരീരികാവസ്ഥയും രോഗാവസ്ഥയുമൊക്കെ നന്നായി മനസിലാക്കി ചികിത്സിക്കാനും ഉപദേശങ്ങള് നല്കാനും മരുന്നുകള് മുടങ്ങാതെ കഴിപ്പിക്കാനുമുള്ള സമര്പ്പിതരായ ഡോക്ടര്മാരുടെയും ശുശ്രൂഷകരുടെയും സേവനം പ്രയോജനപ്പെടുത്തണം. രോഗലക്ഷണമറിയുമ്പോള്തന്നെ ആവശ്യമായ വിദഗ്ധ ചികിത്സ നല്കാന് ആരോഗ്യപ്രവര്ത്തകരുടെഅന്വേഷണാത്മകമായ സേവനം ഉണ്ടാകണം. ഇതിനായി സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും സഹകരണം ഉറപ്പുവരുത്തണം. ഭേദമായാലും ഭേദമാകാത്ത ഈ രോഗം ഉണ്ടാക്കുന്ന അവസ്ഥ ഏറെ ദയനീയമാണ്. ഇന്ത്യയിലാകെ കുഷ്ഠരോഗികള് വസിക്കുന്ന 700 കേന്ദ്രങ്ങളുണ്ട്. രണ്ടുലക്ഷത്തോളം മനുഷ്യര് ഈ രോഗം ബാധിച്ചതിന്റെ പേരില് സമൂഹത്തില്നിന്നകന്ന് 'വെറുക്കപ്പെട്ടവരാ'യി കഴിയുന്നു എന്നോര്ക്കണം.നിർമ്മാർജനം ചെയ്തുവെന്ന് നാം അവകാശപെടുന്ന പല രോഗങ്ങളും ഇന്നും വ്യാപകമായികൊണ്ടിരിക്കുന്നു എന്ന വസ്തുത ആരോഗ്യ വകുപ്പ് അതീവ ഗൌരവമായി കാണണം .
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment