2014 ഫെബ്രുവരി 4 --ഫെയ്സ്ബുക്കിന് പത്താം പിറന്നാൾ
ജനസംഖ്യയുടെ കാര്യമെടുത്താൽ ഫെയ്സ്ബുക്ക് ഇന്ത്യയ്ക്കൊപ്പമെത്താൻ അധികകാലമെടുക്കുകയില്ല. ഇപ്പോൾതന്നെ 75 കോടി ആളുകൾ ഈ സാമൂഹ്യമാദ്ധ്യമം ഉപയോഗിക്കുന്നുണ്ട്. ഭരണകൂടങ്ങൾ തകർത്തെറിയപ്പെടുകയും പുതിയത് ഉണ്ടാവുകയും ചെയ്യുന്പോൾ പലപ്പോഴും ഇടനിലക്കാരനായി നിൽക്കുന്നത് ഫെയ്സ്ബുക്ക് ആണ്. പല സാമൂഹ്യമാറ്റങ്ങൾക്കും ഈ മാദ്ധ്യമം സാക്ഷ്യം വഹിക്കുന്നു, ശരിക്കും ഒരു സാമൂഹ്യ മാദ്ധ്യമം. ഫെയ്സ്ബുക്കിനുമുണ്ട് ഭീഷണികൾ. ചെറുപ്പക്കാർ പ്രത്യേകിച്ച് കൗമാര പ്രായക്കാർ ഫെയ്സ്ബുക്ക് ഉപേക്ഷിച്ച് മറ്റിടങ്ങൾ തേടി പോകുകയാണെന്നാണ് പുതിയ നിരീക്ഷണം. പക്ഷേ അത് വരുമാനത്തെ ബാധിക്കാതെ നോക്കാൻ സുക്കർബർഗിനു കഴിയുന്നുണ്ട്. അംഗങ്ങളുടെ എണ്ണം കൂടുന്പോൾ അത് ബാദ്ധ്യതയായി മാറാതെ വരുമാനമാക്കി മാറ്റുകയാണ് അദ്ദേഹം. അതിനായി പല തന്ത്രങ്ങളും ഈ ഇരുപത്തൊൻപതുകാരൻ പയറ്റി. ഫോട്ടോകൾക്കുവേണ്ടി ഇൻസ്റ്റാഗ്രാമിനെ കൈയടക്കിയത് അങ്ങനെയാണ്. പക്ഷേ സ്നാപ്ചാറ്റിനെ പിടികൂടാനുള്ള ശ്രമം പരാജയപ്പെട്ടു. എങ്ങനെയാണ് യാഹുവിന് സുക്കർബർഗ് വഴങ്ങാതിരുന്നത് അതേ മെയ്വഴക്കത്തോടെ സ്നാപ്ചാറ്റ് ഒഴിഞ്ഞുമാറി. പക്ഷേ സുക്കർബർഗ് അവിടെ മറ്റൊരു തന്ത്രം പയറ്റി. സന്ദേശങ്ങൾ അടിഞ്ഞുകൂടാതെ ഒഴിവാകുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത് ഭാവിയിൽ സ്നാപ്ചാറ്റ് സൃഷ്ടിക്കാവുന്ന ഭീഷണി ഒഴിവാക്കി.
ഇന്നിപ്പോൾ സുക്കർബർഗ് മൊബൈലിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അവിടെയാണ് ഇന്ത്യയുടെ പ്രാധാന്യം കൈവരുന്നത്. ഇന്ത്യയിൽ മൊബൈൽ വഴി ഇന്രർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. അമേരിക്ക കഴിഞ്ഞാൽ മൊബൈലിൽ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവർ ഏറ്റവും കൂടുതൽ ഇന്ത്യയിലായിരിക്കുമെന്നാണ് സൂചന. ഫെയ്സ്ബുക്കിന് എവിടെയായിരിക്കും അന്ത്യം? ഫെയ്സ്ബുക്ക് ഫോണും മറ്റും പരാജയപ്പെട്ടപ്പോൾ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് പുതിയ കണക്കുകൾ പുറത്തുവരികയാണ്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ ഓരോ യൂസറിൽനിന്നും ഫെയ്സ്ബുക്ക് ഉണ്ടാക്കിയ വരുമാനം 25 ശതമാനം വർദ്ധിച്ചു. ഓരോ വിസിറ്റിൽനിന്നും ലഭിക്കുന്ന വരുമാനം 75 ശതമാനവും കൂടി. തീർന്നില്ല, പരസ്യക്കാർക്കുണ്ടാകുന്ന നേട്ടം എന്താണെന്ന് ഡാറ്റലോജിക്സ് എന്ന സ്ഥാപനവുമായി ചേർന്ന് ഫെയ്സ്ബുക്ക് നേരിട്ടു പറയാൻ തുടങ്ങിയിരിക്കുന്നു. ഒരു രൂപ മുടക്കിയാൽ മൂന്നു രൂപയായി അത് ഫെയ്സ്ബുക്കിന് തിരിച്ചുകൊടുക്കാൻ കഴിയുമെന്നാണ് സുക്കർബർഗ് നൽകുന്ന വാക്ക്. ടിവി പരസ്യങ്ങളും പത്രപരസ്യങ്ങളും ഇല്ലാതാകാൻ വലിയ കാലം വേണ്ടെന്ന് ചുരുക്കം. ഒരു പക്ഷേ ഫെയ്സ്ബുക്ക് പോലെ മറ്റൊരു മാദ്ധ്യമം ഉയർന്നുവരാം. പുതിയ സേവനങ്ങളും തന്ത്രങ്ങളും ഉണ്ടായെന്നുവരാം. അതുതന്നെയാണ് സുക്കർബർഗിന്റെയും ഭയം. ലോകജനസംഖ്യയുടെ മൂന്നിലൊന്ന് മാത്രമെ ഇന്റർനെറ്റ് ഉപയോഗിക്കുന്നുള്ളു. ഇനി വരാനിരിക്കുന്നവരുടെ താല്പര്യങ്ങൾ എന്തെന്ന് ആർക്കറിയാം. "C" എന്ന അക്ഷരത്തിൽ തുടങ്ങുന്ന രണ്ടുവാക്കുകളിൽ എല്ലാം ഒതുങ്ങും- CONTENT, CONNECTIVITY.
പ്രൊഫ്. ജോണ് കുരാക്കാർ
No comments:
Post a Comment