Pages

Friday, February 14, 2014

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാജിവെച്ചു

ഡല്‍ഹി മുഖ്യമന്ത്രി
അരവിന്ദ് കെജ്‌രിവാള്‍ രാജിവെച്ചു

                                      അഴിമതി തടയുന്നതിനുള്ള ജനലോക്പാല്‍ ബില്‍ നിയമസഭയില്‍അവതരിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ നീക്കം പരാജയപ്പെട്ടതിനുപിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാജിവെച്ചു. ബില്‍ അവതരിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് കെജ്‌രിവാള്‍ നേരത്തെ പ്രസ്താവിച്ചിരുന്നു. ആംആദ്മിയുടെ മന്ത്രിമാര്‍ എല്ലാവരും രാജികത്ത് നല്കിയതായാണ് സൂചന. 49 ദിവസത്തെ സംഭവബഹുലമായ ഭരണത്തിനുശേഷമാണ് രാജി. 
അശാസ്ത്രീയമായ ഗ്യാസ് വിലയെ ചൊല്ലി മുകേഷ് അംബാനിക്കെതിരായി കേസ് എടുത്തതുകൊണ്ടാണ് ജന്‍ലോക്പാല്‍ബില്‍ അവതരിപ്പിക്കുന്നതിനെതിരായി കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്തതെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ജനങ്ങളോടുള്ള തങ്ങളുടെ ഏറ്റവും വലിയ വാഗ്ദാനമായിരുന്നു ജന്‍ലോക്പാല്‍ ബില്ലെന്നും അദ്ദേഹം രാജിക്ക് മുമ്പായി പ്രവര്‍ത്തകരോട് പറഞ്ഞു. പൊതുവേദിയില്‍ വെച്ച് രാജിക്കത്ത് പ്രവര്‍ത്തകരെ കാണിച്ചശേഷമാണ് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. 

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ബില്‍ സഭയുടെ മേശപ്പുറത്ത് വച്ചുവെങ്കിലും ബില്‍ അവതരണം സ്പീക്കര്‍ എം എസ് ധീര്‍ തള്ളുകയായിരുന്നു. 27 നെതിരെ 42 വോട്ടുകള്‍ക്കാണ് ബില്ലിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചത്. കോണ്‍ഗ്രസും ബി ജെ പിയും ബില്‍ അവതരണത്തിനെതിരെ വോട്ടുചെയ്തു.ലഫ്. ഗവര്‍ണര്‍ നജീബ് ജങ്ങിന്റെ നിര്‍ദ്ദേശം അവഗണിച്ച് ബില്‍ അവതരിപ്പിക്കാനാണ് ആം ആദ്മി സര്‍ക്കാര്‍ ശ്രമിച്ചത്. കോണ്‍ഗ്രസ് , ബി ജെ പി അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനിടെ ആയിരുന്നു നീക്കം.
വെള്ളിയാഴ്ച സഭചേര്‍ന്നയുടന്‍ ബില്‍ തിടുക്കത്തില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ്, ബി ജെ പി അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാനടപടികള്‍ നിര്‍ത്തിവച്ചു. നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ശരിയായ മാര്‍ഗത്തിലൂടെ ബില്‍ അവതരിപ്പിക്കണമെന്നാണ് ഇരുപാര്‍ട്ടികളും ആവശ്യപ്പെട്ടത്.ഒരു തവണ നിര്‍ത്തിവച്ചശേഷം സഭ വീണ്ടും ചേര്‍ന്നപ്പോഴും പ്രതിപക്ഷം ബഹളം തുടര്‍ന്നു. ലഫ്. ഗവര്‍ണറുടെ കത്ത് സ്പീക്കര്‍ സഭയില്‍ വായിച്ചു. തുടര്‍ന്ന് കത്ത് വോട്ടിനിടണമെന്ന് ബി ജെ പിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു. എന്നാല്‍ ബില്‍ അവതരിപ്പിക്കരുതെന്ന് ലഫ്. ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ പറഞ്ഞു. കത്ത് വോട്ടിനിടണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ബഹളത്തിനിടെ കെജ് രിവാള്‍ ബില്‍ സഭയുടെ മേശപ്പുറത്ത് വച്ചത്. വോട്ടെടുപ്പും ചര്‍ച്ചയും പിന്നീട് നടത്തുമെന്ന് കെജ് രിവാള്‍ പറഞ്ഞു. പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറെ വളയാന്‍ ശ്രമിച്ചുവെങ്കിലും അദ്ദേഹം ചേംബറിലേക്ക് പോയി.ജനലോക്പാല്‍ ബില്‍ , നഗരസ്വരാജ് ബില്‍ എന്നിവ അവതരിപ്പിക്കാനാണ് പ്രത്യേക നിയമസഭാസമ്മേളനം വിളിച്ചുചേര്‍ത്തത്. കഴിഞ്ഞ ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ  ഇന്ത്യയെ ഞെട്ടിച്ചുകൊ
ണ്ടാണ് ആം ആദ്മി പാർട്ടി  ഡൽഹി നിയമസഭയിൽ വിപ്ലവകരമായ വിജയം നേടിയെടുത്തത്.  അതുവരെ തിരഞ്ഞെടുപ്പിൽ കാണാത്ത തരത്തിലുള്ള മാറ്റങ്ങളാണ് എ.എ.പി കൊണ്ടുവന്നത്. സ്ഥാനാർത്ഥി നിർണയത്തിന് അപേക്ഷ ക്ഷണിക്കുക,​ സ്ഥാനാർത്ഥികളുടെ പശ്ചാത്തലം പരശോധിക്കുക എന്നു തുടങ്ങി ഫണ്ടു പിരിവിൽ വരെ ആ നൂതന പ്രവണതകൾ അലയടിച്ചു.  എല്ലാം സുതാര്യമായിരിക്കും എന്നതായിരുന്നു ഇതിന്റെ സത്ത. എന്നിട്ടും ആരോപണങ്ങൾ പാർട്ടിയെ പിടിച്ചുകുലുക്കി.

കേവലം ഒരു വർഷം മാത്രം രാഷ്ട്രീയ പ്രവർത്തന പരിചയം ഉള്ള ഒരു പാർട്ടി വൻനേട്ടം കൈവരിച്ചപ്പോൾ കിടുങ്ങിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന മഹാ പ്രസ്ഥാനമായിരുന്നു. കോൺഗ്രസും ബിജെപിയും അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ മാറി ചിന്തിക്കാൻ ഈ വിജയം കാരണമായി. അതുതന്നെയാണ് തങ്ങൾ ആഗ്രഹിച്ചതെന്ന് എ.എ.പി പറ‌ഞ്ഞിരുന്നത്.
ഡൽഹിയിലെ എഴുപതംഗ ഡൽഹി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തുടർന്ന് 31 സീറ്റ് ലഭിച്ച ബി.ജെ.പി.യെ സർക്കാരുണ്ടാക്കാൻ ലഫ്. ഗവർണർ ക്ഷണിക്കുകയായിരുന്നു. പക്ഷേ അവർ തയാറായില്ല. തുടർന്ന്  എട്ടുസീറ്റുള്ള കോൺഗ്രസ്സിന്റെയും മറ്റ് രണ്ട് അംഗങ്ങളുടെയും പുറത്ത് നിന്നുള്ള പിന്തുണയോടെ 28 സീറ്റുള്ള എ.എ.പി. അധികാരത്തിൽ വന്നു.  ഡിസംബർ 29 നു രാംലീല മൈതാനിയിൽ വെച്ചായിരുന്ന  സത്യപ്രതിജ്ഞ.

                                           പ്രൊഫ്‌. ജോണ്‍ കുരാക്കാർ                                   

No comments: