മറഞ്ഞുപോയ കര്മസാക്ഷി: സുകുമാര്‍ അഴീക്കോട് വിടപറഞ്ഞിട്ട് ഇന്ന് രണ്ടുവര്‍ഷം
വി. ദത്തന്
പക്ഷേ, അഴീക്കോട് എന്ന കര്‍മസാക്ഷി എല്ലാം നിരീക്ഷിക്കുക മാത്രമല്ല പ്രതികരിക്കുകയും ചെയ്യുമായിരുന്നു. കേരളത്തിന്റെ, ഭാരതത്തിന്റെ സാമൂഹിക നഭസില്‍ ജ്വലിച്ചുനിന്ന ആ കര്‍മസാക്ഷി മറഞ്ഞിട്ട് ഇന്നേക്കു രണ്ടുവര്‍ഷം തികയുന്നു. ഈ കൊല്ലങ്ങള്‍ക്കിടയില്‍ അഴീക്കോട് ഉണ്ടായിരുന്നെങ്കില്‍... എന്നു പറയാത്ത ദിവസങ്ങള്‍ മലയാളികളുടെ ജീവിതത്തില്‍ എത്രയുണ്ടെന്ന് ഓര്‍ത്താലറിയാം അദ്ദേഹം നമുക്ക് ആരായിരുന്നെന്ന്.
സമ്പൂര്‍ണ ജ്‌ഞാനത്തിന്റെ മഹാഗുരു, വാഗ്‌ദേവതയുടെ വീരഭടന്‍, കെടാത്ത ജ്വാല, വാക്കിന്റെ കനല്‍, അക്ഷരങ്ങളുടെ തമ്പുരാന്‍, പ്രഭാഷക ചക്രവര്‍ത്തി, സാഗരഗര്‍ജനം, പ്രഭാഷണത്തിന്റെ പെരുന്തച്ചന്‍, നിരൂപക കേസരി, സാമൂഹിക വിമര്‍ശകന്‍, ടോട്ടല്‍ ക്രിട്ടിക് തുടങ്ങിയ വിശേഷണങ്ങള്‍ ചാര്‍ത്തിയാണു മാധ്യമങ്ങള്‍ അദ്ദേഹത്തിന് അന്ത്യയാത്രാമൊഴിയോതിയത്. ഈ പദാവലികള്‍ എല്ലാം ചേര്‍ത്താലും അഴീക്കോടിന്റെ സമഗ്ര വ്യക്‌തിത്വം പ്രതിഫലിപ്പിക്കാന്‍ അപര്യാപ്‌തമാണ്.
അഴിമതിക്കും അനീതിക്കും മറ്റു സാമൂഹിക തിന്മകള്‍ക്കും സാഹിത്യത്തിലെ ദുഷ്‌പ്രവണതകള്‍ക്കുമെതിരേ ഇത്ര അര്‍ഥവത്തായും ഫലവത്തായും പ്രതികരിച്ച ഒരു മഹാമനീഷി കേരളത്തില്‍ ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല. എഴുത്തും പ്രസംഗവും പ്രവൃത്തിയുമെല്ലാം അതിനായി അദ്ദേഹം വിനിയോഗിച്ചു. വലിപ്പച്ചെറുപ്പമോ സ്‌ഥാനവ്യത്യാസമോ വിഷയ സങ്കീര്‍ണതയോ അനീതിയെ എതിര്‍ക്കുന്നതില്‍ അദ്ദേഹം പരിഗണിച്ചില്ല.
സല്‍മാന്‍ റുഷ്‌ദിക്കുനേരെ ആയത്തൊള്ളാഖൊമൈനി മരണവാറണ്ടു പുറപ്പെടുവിച്ചതിനെതിരേ ആയാലും പ്ലാച്ചിമടയിലെ ജലചൂഷണത്തിനെതിരേ ആയാലും സൈലന്റ്‌വാലി പദ്ധതിക്കെതിരേആയാലുംപാവപ്പെട്ടവരെ കുടിയൊഴിപ്പിക്കുന്നതിനെതിരേ ആയാലും ഒരേആത്മാര്‍ഥതയോടും ആവേശത്തോടും അഴീക്കോട് പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്‌തു. സ്‌നേഹ സൗഹൃദങ്ങളോ വ്യക്‌തിബന്ധങ്ങളോ അനീതിയോടെതിരിടുന്നതില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല.
ഉണരുവിന്‍, അഖിലേശനെ സ്‌മരിപ്പിന്‍, ക്ഷണമെഴുന്നേല്‍പിന്‍ അനീതിയോടെതിര്‍പിന്‍ എന്ന വാഗ്‌ഭടാനന്ദ ഗുരുദേവന്റെ ഉദ്‌ബോധനമാണു ചെറുപ്പംമുതല്‍ അഴീക്കോട് കേട്ടുതുടങ്ങിയത്. മുതിര്‍ന്നതിനുശേഷം ഗാന്ധിജി ചെലുത്തിയ സ്വാധീനവും കൂടിയായപ്പോള്‍ അന്യായങ്ങള്‍ക്കെതിരേ പടനയിക്കുകയെന്നതു തന്റെ ചുമതലയായി അദ്ദേഹം കരുതി. അതിനുവേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ സന്നദ്ധനായി.
എതിരാളികള്‍ പോലും അദ്ദേഹത്തിന്റെ വാക്കുകള്‍ക്കു കാതോര്‍ത്തു. ഭരണകൂടങ്ങള്‍ അദ്ദേഹത്തെ ഭയപ്പെട്ടു. ജോസഫ് മുണ്ടശേരി അന്തരിച്ചപ്പോള്‍, അദ്ദേഹം മന്ത്രിയായി കൈകാര്യം ചെയ്‌ത വകുപ്പുകള്‍ക്കുമാത്രമാണ് അന്നത്തെ സര്‍ക്കാര്‍ അവധികൊടുത്തത്. ഈ നടപടിയെ ആദ്യത്തെ ലോക മലയാള സമ്മേളനവേദിയില്‍ അതിനിശിതമായി അഴീക്കോട് വിമര്‍ശിച്ചു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിരന്നിരുന്ന വേദിയില്‍ നിന്നുകൊണ്ടാണു സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ ആക്രമിച്ചത്. പരിഹാസവും രോഷവും അമര്‍ഷവും അലയടിച്ച ആ പ്രഭാഷണത്തിനു പ്രയോജനമുണ്ടായി. കേശവദേവും തകഴിയും മരിച്ചപ്പോള്‍ കേരളമൊട്ടാകെ അവധികൊടുത്തുകൊണ്ടാണു പിന്നീടുവന്ന ഭരണാധികാരികള്‍ പ്രായശ്‌ചിത്തം ചെയ്‌തത്.
കെ. ബാലകൃഷ്‌ണന്റെ 'കൗമുദി'യില്‍ ഡോ. എസ്.കെ. നായര്‍ ആരംഭിച്ച 'ആത്മവഞ്ചകരായ എഴുത്തുകാര്‍' എന്ന ലേഖന പരമ്പരയില്‍ ഒന്നാമത്തെ ഇര സുകുമാര്‍ അഴീക്കോടായിരുന്നു. തന്നെ ആക്ഷേപിച്ചുകൊണ്ടുള്ള ആ ലേഖനത്തിനു പലായധ്വം, പലായധ്വം എന്ന തലക്കെട്ടില്‍ അഴീക്കോട് മറുപടി എഴുതിയതോടെ ഡോ. എസ്.കെയുടെ ലേഖന പരമ്പരയുടെ അന്ത്യമായി. ഖണ്ഡന വിമര്‍ശനത്തിന്റെ എക്കാലത്തെയും മൂര്‍ച്ചയേറിയ ലേഖനമായി അഴീക്കോടിന്റെ ആ ഉപന്യാസം സാഹിത്യ ചരിത്രത്തില്‍ സ്‌ഥാനംപിടിച്ചു. എസ്.കെ. നായരുടെ ലേഖനമാകട്ടെ ആരും ഓര്‍ക്കുന്നതുപോലുമില്ല.
ഗാന്ധിജിയിലും കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങളിലും ആകൃഷ്‌ടനായി പൊതുരംഗത്തെത്തിയ അഴീക്കോട്, പില്‍ക്കാലത്തു കോണ്‍ഗ്രസിന്റെ (കോണ്‍ഗ്രസ് നേതാക്കളുടെ എന്നു പറയുന്നതാകും ശരി) ഏറ്റവും വലിയ വിമര്‍ശകനായി. ഒരുകാലത്തു കമ്യൂണിസ്‌റ്റ്‌കാരോട് എതിര്‍പ്പു പ്രകടിപ്പിച്ചിരുന്ന അദ്ദേഹം അവസാനകാലത്തു മാര്‍ക്‌സിസത്തിന്റെ ആരാധകനായി പരിണമിച്ചു. അഴീക്കോടിന്റെ വിമര്‍ശകര്‍ ഇതിനെ അവസരവാദമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയുണ്ടായി. കോണ്‍ഗ്രസിനോടു വിടപറഞ്ഞതിനുശേഷം മറ്റൊരു രാഷ്‌ട്രീയ സംഘടനയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടില്ല. ഏതെങ്കിലും സംഘടനയില്‍ സജീവമായിട്ടുണ്ടെങ്കില്‍ അതു നവഭാരത വേദിയിലാണ്. കുറെനാള്‍ അദ്ദേഹം അതിന്റെ പ്രസിഡന്റുമായിരുന്നു. വേദിയാകട്ടെ സാമൂഹിക തിന്മകള്‍ക്കെതിരേ പ്രതികരിക്കുന്ന സ്വതന്ത്രസംഘടനയുമായിരുന്നു. 1984- ല്‍ രൂപംകൊണ്ട വേദി ആദ്യം സംഘടിപ്പിച്ച പൊതുപരിപാടി നിയമസഭാ മലിനീകരണത്തിനെതിരേ സെക്രട്ടേറിയറ്റിനുമുന്നിലെ ഉപവാസമായിരുന്നു. നിയമസഭയില്‍ അംഗങ്ങള്‍ സഭ്യതവിട്ടു പെരുമാറുന്നതിനെയാണു നിയമസഭാ മലിനീകരണം എന്നതുകൊണ്ട് ഉദ്ദേശിച്ചിരുന്നത്. അഴീക്കോട് മുന്‍നിന്ന് അനുഷ്‌ഠിച്ച ഉപവാസ സമരം കുറിക്കുകൊണ്ടു. പിന്നീട് വളരെക്കാലത്തേക്കു നിയമസഭയ്‌ക്കകത്തു വഷളത്തം കാട്ടാന്‍ അംഗങ്ങള്‍ മുതിര്‍ന്നിരുന്നില്ല.
അപ്രിയസത്യം വിളിച്ചുപറഞ്ഞതിന്റെ പേരില്‍ രണ്ടു വലിയ മലയാള ദിനപത്രങ്ങള്‍ അഴീക്കോടിനു വിലക്കേര്‍പ്പെടുത്തുകയുണ്ടായി. പത്രധര്‍മത്തിനു നിരക്കാത്ത ചില പ്രവണതകള്‍ ഈ രണ്ടു പത്രങ്ങളും പ്രകടിപ്പിച്ചപ്പോള്‍ അതിനെതിരേ പ്രസംഗിച്ചതിനാണ് അദ്ദേഹത്തെ തമസ്‌കരിച്ചത്. അഴീക്കോടിനെ അവഗണിച്ച് അധികനാള്‍ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നു പത്രാധിപന്‍മാര്‍ക്കു താമസിയാതെ ബോധ്യമായി. അതിനാല്‍ അവര്‍ തന്നെ മുന്‍കൈയെടുത്തു തമസ്‌കരിക്കല്‍ അവസാനിപ്പിച്ചു. പാപ്പിനിശേരി പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തിനു മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിക്കാര്‍ തീയിട്ടപ്പോഴും വിദ്യാര്‍ഥികളുടെ മുന്നിലിട്ട് അധ്യാപകനെ വെട്ടിക്കൊന്നപ്പോഴും യാതൊരു മയവുമില്ലാതെ മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിയെ അദ്ദേഹം വിമര്‍ശിച്ചു. മറ്റുപല വമ്പന്‍ സാഹിത്യകാരന്മാരും ബുദ്ധിജീവികളും അധ്യാപക വധത്തെയും പ്രാണിഹിംസയെയും ന്യായീകരിക്കുകയാണ് അന്നു ചെയ്‌തത്.
തിലകനെതിരേ താരസംഘടനയായ അമ്മ ശിക്ഷണ നടപടി കൈക്കൊണ്ടപ്പോള്‍ എതിര്‍പ്പുമായി ആദ്യം രംഗത്തുവന്ന സിനിമാക്കാരനല്ലാത്ത പ്രമുഖന്‍ അഴീക്കോടായിരുന്നു. അതുവരെ വെറും തിലകന്‍-സൂപ്പര്‍സ്‌റ്റാര്‍-അമ്മ പോരുമാത്രമായി കരുതി ഉദാസീനമായിരുന്ന പൊതുസമൂഹം ജാഗ്രതപൂണ്ടത് അദ്ദേഹത്തിന്റെ ഇടപെടലോടെയാണ്. മലയാള സിനിമയിലെ താരാധിപത്യത്തിനെതിരേയുള്ള അര്‍ഥവത്തായ സംവാദമായി അതു വളര്‍ന്നു. തിലകനെ നിലംപരിശാക്കി സിനിമയില്‍നിന്നു നിഷ്‌കാസിതനാക്കാനുള്ള സംഘടിതശ്രമം പരാജയപ്പെട്ടു. അഴീക്കോട് അന്നു പറഞ്ഞതെല്ലാം ശരിയാണെന്നു സിനിമാ രംഗത്തുള്ളവര്‍തന്നെ ഇപ്പോള്‍ നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
ക്രൈസ്‌തവ പുരോഹിതരില്‍ ഭൂരിഭാഗവും മദ്യം ഉപയോഗിക്കുന്നവരാണെന്ന് ഒരിക്കല്‍ അഴീക്കോട് പ്രസംഗിക്കുകയുണ്ടായി. അന്നു രണ്ടു വൈദികര്‍ വേദിയിലും നിരവധി പുരോഹിതര്‍ സദസിലും ഉണ്ടായിരുന്ന ഒരു മദ്യവര്‍ജന സമ്മേളനത്തില്‍ സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇങ്ങനെ സൂചിപ്പിച്ചത്. അദ്ദേഹത്തിനുശേഷം പ്രസംഗിച്ച പുരോഹിതരോ സദസിലിരുന്ന വൈദികരോ ആ യോഗത്തില്‍ യാതൊരെതിര്‍ശബ്‌ദവും പുറപ്പെടുവിച്ചില്ല. പക്ഷേ, അടുത്ത ദിവസം മുതല്‍ പല സഭകളിലുംപെട്ട വൈദികര്‍ അഴീക്കോടിനുനേരെ ചാടിവീഴാന്‍ തുടങ്ങി. അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും കൂടുതല്‍ വൈദികര്‍ അദ്ദേഹത്തെ അനുകൂലിക്കുകയും ചെയ്‌തതോടെ എതിര്‍പ്പുകാര്‍ പിന്‍വാങ്ങി.
അനീതിക്കും അഴിമതിക്കുമെതിരേ സിംഹഗര്‍ജനം നടത്തിയ അദ്ദേഹം ശയ്യാവലംബിയായപ്പോള്‍ എല്ലാവരോടും പൊറുക്കുന്ന മനോഭാവത്തിലായി. രോഗവിവരം അന്വേഷിച്ചെത്തുന്നവരുടെയെല്ലാം കരംഗ്രഹിച്ചും വേദന കടിച്ചമര്‍ത്തി തമാശപൊട്ടിച്ചും ആള്‍ക്കൂട്ടത്തിന്റെ നടുവിലെന്നപോലെ പെരുമാറി. അത്യാസന്ന നിലയിലായിരുന്നപ്പോഴും സന്ദര്‍ശകരെ വിലക്കാന്‍ ആരെയും അദ്ദേഹം അനുവദിച്ചില്ല. തന്നെ എതിര്‍ത്തവരെയും അപമാനിച്ചവരെയും ചതിക്കാന്‍ ശ്രമിച്ചവരെയും എല്ലാം സ്‌നേഹത്തോടെ സ്വീകരിച്ചു. അദ്ദേഹത്തിന്റെ മഹാമനസ്‌കത മുതലെടുത്ത് അദ്ദേഹത്തെ തേജോവധം ചെയ്യാനും ചിലര്‍ തുനിഞ്ഞു.ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങിടാത്ത പൊന്‍ പേനയും തളരാത്ത നാവുമായി കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ തിളങ്ങിനിന്ന ആ കര്‍മസാക്ഷി മാഞ്ഞെങ്കിലും അദ്ദേഹം പ്രസരിപ്പിച്ച നിസ്‌തുലമായ പ്രതികരണവീര്യം ഉള്‍ക്കൊള്ളാന്‍ കെല്‍പും മനസുമുള്ള ഒരു തലമുറ വളര്‍ന്നുവരുമെന്നു പ്രത്യാശിക്കാം.
No comments:
Post a Comment